Tuesday 05 January 2021 03:25 PM IST : By Dr. Mitra Satheesh

തോടരുടെ ഗർഭിണി കല്യാണം

thoda1

നീലഗിരിയിലെ തനത് ആദിവാസികളിൽ പ്രധാനികളാണ് തോടരും ഇരുളരും കോട്ടരും ബഡിഗാസും കുറുമ്പരും. ഇവരിൽ വംശീയമായും ആചാരാനുഷ്ഠാനപരമായും ഏറെ വ്യത്യസ്തത പുലർത്തുന്ന ആദിവാസി സമൂഹമാണ് തോടർ. തോട ഭാഷയ്ക്ക് ദ്രാവിഡിയൻ ഭാഷകളുമായി സാമ്യം ഉണ്ടെങ്കിലും ചില ചരിത്രകാരന്മാർ തോട വിഭാഗത്തെ അലക്സാണ്ടർ ചക്രവർത്തിയുടെ പിന്തുടർച്ചക്കാരായി പറയുന്നു. ഊട്ടിയിൽ ബിസിനസുള്ള ഒരു സുഹൃത്ത് വഴി തോട വിവാഹം കാണാൻ ക്ഷണം കിട്ടിയപ്പോൾ രണ്ടുവട്ടം ആലോചിക്കാൻ നിന്നില്ല..

തോടരുടെ ഗ്രാമത്തെ മന്ദ് എന്നാണ് വിളിക്കുന്നത്. വിവാഹദിവസം രാവിലെ 10 മണിയോടെ പകലിക്കോട് മന്ദിൽ എത്തി. അവിടെ കൂടിയിരിക്കുന്ന ആളുകളെല്ലാവരും അവരുടെ പരമ്പരാഗത വേഷമായ പുത്തുകുളി എന്ന ഷാൾ പൊതിഞ്ഞിട്ടുണ്ട്. തോട സ്ത്രീകൾ തങ്ങളുടെ മുടി പല ഭാഗങ്ങളായി പിരിച്ച് പ്രത്യേക രീതിയിലാണ് മെടഞ്ഞിട്ടിരിക്കുന്നു. കല്യാണ പെണ്ണിനെ കണ്ടപ്പോൾ ശരിക്കും പകച്ചു പോയി. ഒരു ഗർഭിണിയെയാണ് കല്യാണ പെണ്ണെന്നു പറഞ്ഞു പരിചയപ്പെടുത്തിയത്. മുഖത്തെ ആശ്ചര്യം കണ്ടതുകൊണ്ടാകണം കൂടെ വന്നവർ ആചാരം വിശദീകരിച്ചു. ‘പെണ്ണിനെ ചെറുക്കന്റെ വീട്ടിൽ കൊണ്ടുപോകുന്ന ചടങ്ങിന് ആഘോഷമൊന്നുമില്ല. പെണ്ണ് ചെറുക്കന്റെ വീട്ടിൽ പോയി വിളക്ക് കത്തിച്ചു വയ്ക്കുന്നതാണ് കല്യാണം. അതിനു ശേഷം അവർക്ക് ഒന്നിച്ചു ജീവിക്കാം. ഗർഭിണിയായ ശേഷം ഏഴാം മാസത്തിലാണ് ബന്ധുക്കളെ എല്ലാം വിളിച്ചു കല്യാണം ആഘോഷത്തോടെ നടത്തുക!!!

ഏഴാം മാസത്തിലെ ‘ഗർഭിണി കല്യാണം’ നടക്കുന്ന താഴ്‌വരയിലേക്കു ഞങ്ങളെ കൂട്ടി. അവിടെ ഒരു ഞാവൽ മരം ബലൂണും വർണ്ണക്കടലാസും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഏതാനും പുരുഷന്മാർ കൂടി നിന്ന് മരത്തിൽ ഒരു പൊത്തുണ്ടാക്കുന്നു. ഈ പൊത്തിൽ വിളക്ക് കത്തിച്ചു വെച്ചാണ് പോലും വിവാഹ ചടങ്ങ് ആരംഭിക്കുക. അവർ പൊത്തുണ്ടാക്കുന്ന സമയത്തു ചെറിയ ചെറിയ കൂട്ടങ്ങളായി തോട സ്ത്രീകളും പുരുഷന്മാരും വന്നു പുൽമേട്ടിൽ നിരന്നിരുന്നു. ചെറുക്കന്റെ 'അമ്മ വിളക്ക് കത്തിച്ചു പൊത്തിൽ വെച്ചു . കല്യാണ ചടങ്ങു കഴിയുന്നത് വരെ ഈ വിളക്ക് അണയരുത്. അത് കൊണ്ട് കാറ്റ് പിടിക്കാതിരിക്കാൻ പൊത്തിനു ചുറ്റും ഇലയോടു കൂടിയുള്ള കമ്പുകൾ വച്ചിട്ടുണ്ട്.

കല്യാണ പെണ്ണായ നിരോഷ സിന്നും, കല്യാണ ചെറുക്കനായ കാശ്മുടി കുട്ടനും ഒരുമിച്ചു കുന്നിറങ്ങി വന്നു. അതിനു ശേഷം അവിടെ കൂടിയിരുന്നവരിൽ പ്രായം ചെന്ന നൂറോളം പേരെ ഓരോരുത്തരെയായി നമസ്‌ക്കരിച്ചു. നൂറു പ്രാവിശ്യം കുമ്പിടേണ്ടി വന്ന ഗർഭിണിയുടെ അവസ്ഥ...! തോടകൾ അനുഗ്രഹിക്കുന്നതും പ്രത്യേക രീതിയിലാണ്. നമ്മൾ കൈകൊണ്ടു അനുഗ്രഹിക്കുമ്പോൾ അവർ കാൽപ്പാദം നെറുകയിൽ തൊട്ടാണ് അനുഗ്രഹിക്കുന്നത്. ഈ സമയത്താണ് കല്യാണ സമ്മാനം കൊടുക്കുക. അടുത്ത ബന്ധുക്കൾ മോതിരം നൽകുകയും, അകന്ന ബന്ധുക്കൾ പണം നൽകുകയും ചെയ്യും.

നിരോഷയെ മരത്തിന്റെ വിളക്കിനു മുന്നിൽ ഇരുത്തിയ ശേഷം കാശ്മുടി കുട്ടൻ കുറച്ചു ബന്ധുക്കളെ കൂട്ടി കാട്ടിലേക്ക് പോയി. കാട്ടിലെ ഒരു മരത്തിന്റെ കമ്പ് വച്ച് അമ്പും വില്ലും ഉണ്ടാക്കി ഗർഭിണിക്ക് സമ്മാനിക്കുന്ന ചടങ്ങുണ്ട്. കാശ്മുടി കുട്ടൻ പോയതോടെ, പുരുഷന്മാർ ചേർന്ന് വട്ടത്തിൽ നിന്ന് താളത്തിനൊത്ത് നൃത്തം വച്ച് തുടങ്ങി. ചെറുപ്പക്കാരും വൃദ്ധരുമെല്ലാം എല്ലാം ഈ നൃത്തത്തിൽ പങ്കാളികൾ ആയി. മുതിർന്നവരുടെ കൈയ്യിൽ ഒരു ചൂരൽ വടി ഉണ്ടായിരുന്നു. പ്രത്യേക ഈണത്തിൽ ആൺ വീട്ടുക്കാർ പെണ്ണിനെ ഈ ഗ്രാമത്തിലേക്കു തന്നതിന് നന്ദി പറയുമ്പോൾ, പെൺവീട്ടുകാർ അതേ ഈണത്തിൽ നന്ദി ഏറ്റു വാങ്ങുന്നതായും പാടി. കുറച്ചു കഴിഞ്ഞപ്പോൾ സ്ത്രീകളും ഇതു പോലെ വട്ടമായി ചുവടു വയ്ക്കാൻ തുടങ്ങി. വിശാലമായ പുൽമേട്ടിൽ തോട പുരുഷൻമാരുടെയും സ്ത്രീകളും പാട്ടും നൃത്തവുമായി ആഘോഷതിമർപ്പിലേക്ക്...

കാശ്മുടി കുട്ടൻ അമ്പും വില്ലുമായി കാട്ടിൽ നിന്നും തിരികെ എത്തി. തന്റെ പ്രിയതമയ്ക്ക് അമ്പും വില്ലും സമ്മാനിച്ചു. പണ്ട് കാലത്തു തോടരുടെ ഇടയിൽ ബഹുഭർതൃത്വം നിലനിന്നിരുന്നു. ആ കാലത്തു ഗർഭിണി ഭർത്താക്കന്മാരിൽ ഒരാളെ കുഞ്ഞിന്റെ പിതൃത്വത്തിനു തിരഞ്ഞെടുക്കും. ആ ഉത്തരവാദിത്വം ഏറ്റെടുത്ത ആൾ കുഞ്ഞിനെ സംരക്ഷിക്കും എന്നുള്ള ഉറപ്പായിരുന്നു പോലും ഈ അമ്പുവില്ലും നൽകുന്നതിന് പിന്നിലെ കഥ. നിരോഷ അമ്പും വില്ലും വിളക്കിനു മുന്നിൽ വച്ചു. കാശ്മുടി കുട്ടന്റെ കൈയിൽ നിരോഷയുടെ സഹോദരൻ തേനൊഴിച്ചു കൊടുത്തു. കാശ്മുടി അത് നിരോഷയുടെ വായിലേക്ക് ഒഴിച്ചു. തിരിച്ചു നിരോഷയും അതുപോലെ ചെയ്തു. ശേഷം ഇരുവരും പരസ്പരം മുല്ലമാല അണിയിച്ചതോടെ കല്യാണം കഴിഞ്ഞു.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India