Friday 15 November 2019 04:15 PM IST : By സ്വന്തം ലേഖകൻ

ഇന്ത്യയിലെ മുബൈയിൽ നിന്ന് ലണ്ടനിലേക്ക് ‘ട്രെയിൻ’ മാർഗം യാത്ര പോകാമോ?

IMG_20191114_115747

ഈ ചോദ്യത്തെ ഒന്നു മറിച്ച് ആലോചിച്ച് നോക്കിക്കേ? യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ മാർഗം സഞ്ചരിക്കാമോ. തീർച്ചയായും സഞ്ചരിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഡോ. ജോൺ സ്റ്റബ്സ് എന്ന യാത്രികൻ. 2005 ലാണ് അദ്ദേഹം യുകെയിലെ ഡെർബിയിൽ നിന്ന് മുബൈയിലേക്ക് ട്രെയിൻ മാർഗം 25 ദിവസം നീണ്ടു നിന്ന യാത്ര നടത്തുന്നത്. അദ്ദേഹത്തിന്റെ യാത്ര പ്ലാനിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മുബൈയിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിൻ മാർഗം യാത്ര പോകാമെന്ന് പറയുകയാണ് ഗുവാഹട്ടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥി സൗഹിത്യ സെൻ.

എങ്ങനെ എന്ന് നോക്കാം;

1 . മുംബൈ നിന്ന് ഡൽഹിയിലേക്ക് – മുബൈയിൽ നിന്നാണ് യാത്ര പ്ലാൻ തുടങ്ങുന്നത്. മുബൈയിൽ നിന്ന് ഡൽഹിയിലേക്ക് എപ്പോഴും ട്രെയിൻ സർവീസ് നിലവിലുണ്ട്. ഉദ്ദേശം, 1360 കി.മീ ദൂരം, 14 – 28 മണിക്കൂറാണ് യാത്രാസമയം.

2 . ഡൽഹിയിൽ നിന്ന് ലാഹോറിലേക്ക് – ഡൽഹി അല്ലെങ്കിൽ അത്താരി എന്നീ സ്ഥലങ്ങളെയും പാകിസ്ഥാനിലെ ലാഹോറിനെയും ബന്ധിപ്പിച്ച് ആഴ്ചയിൽ രണ്ടു ദിവസം (ചൊവ്വ, വെള്ളി ) ഓടുന്ന ട്രെയിനാണ് സംഝോത എക്സ്പ്രസ് (Samjhauta Express) . ഉദ്ദേശം 16 മണിക്കൂറാണ് എത്തിച്ചേരാൻ എടുക്കുന്ന സമയം.

3 . ലാഹോറിൽ നിന്ന് ക്വെറ്റ (Quetta)യിലേക്ക് – പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വൊറ്റ. ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനാണ് അക്ബർ എക്സ്പ്രസ് (Akbar Express). എല്ലാ ദിവസവും സർവീസുണ്ട്. 24 മണിക്കൂറും 30 മിനിറ്റുമാണ് യാത്രാസമയം.

4 . ക്വൊറ്റയിൽ നിന്ന് ഇറാനിയൻ സിറ്റിയായ സഹേദാനിലേക്ക് (Zahedan) – ബലൂചിസ്ഥാനിന് തൊട്ടടുത്തുള്ള ഇറാനിന്റെ ഭാഗമായ പ്രവിശ്യയാണ് സഹേദാൻ. ക്വൊറ്റയിൽ നിന്ന് സഹേദാനിലേക്കെത്താൻ സഹേദാൻ മിക്സഡ് പാസഞ്ചർ ട്രെയിൻ ആശ്രയിക്കേണ്ടി വരും. രണ്ടു രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ മാസത്തിൽ രണ്ടു തവണ മാത്രമേ ഓടുന്നുള്ളൂ. ഒന്നാം തീയതിയും 15 –ാം തീയതിയും. 33 മണിക്കൂറാണ് യാത്രാസമയം. ഉദേശം 732 കിലോമീറ്റർ.

5 . സഹേദാനിൽ നിന്ന് ഇറാൻ തലസ്ഥാനമായ തെഹ്റാനിലേക്ക് (Tehran) – ഈ രണ്ട് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാസഞ്ചർ‌ ട്രെയിൻ ഉണ്ട്. യാത്രാസമയം ഉദ്ദേശം 24 മണിക്കൂർ, ദൂരം, 1500 കിലോമീറ്റർ.

6 . തെഹ്റാനില്‍ നിന്ന് തുർക്കിയിലെ ആങ്കറ (Ankara)യിലേക്ക് - ഈ യാത്രയ്ക്ക് ട്രാൻസ് ഏഷ്യ എക്സ്പ്രസ് ട്രെയിൻ ആശ്രയിക്കാം. മൂന്ന് ഭാഗമായി തിരിച്ചാണ് ഈ യാത്ര. 1) തെഹ്റാനിൽ നിന്ന് തുർക്കിയിലെ വാൻ പയെർ േസ്റ്റഷനിലേക്ക് എത്തുക 2) വാൻ തടാകം കടക്കാൻ കപ്പൽ/ ബോട്ട് സംവിധാനം ഉപയോഗിച്ചേ മതിയാകൂ. 3) തടാകം കടന്നാൽ ആങ്കറയിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഉണ്ട്. ഉദ്ദേശം 920 കിലോമീറ്റർ ദൂരം.

7 . ആങ്കറ നിന്ന് ഇസ്താംബൂളിലേക്ക് (Istanbul) - ഏറ്റവും സ്പീഡ് കൂടിയ ട്രെയിൻ സർവീസാണ് ഈ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. 533 കിലോമീറ്റർ ദൂരം, അഞ്ച് മണിക്കൂറാണ് യാത്രാസമയം.

8 . ഇസ്താംബൂൾ നിന്ന് ലണ്ടനിലേക്ക് – 5 ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തി വേണം ഇനി മുന്നോട്ടുള്ള യാത്ര. 

. ഇസ്താംബൂൾ – ബുച്ചെറസ്റ്റ് (റൊമാനിയ)

. ബുച്ചെറസ്റ്റ് – ബുഡാപെസ്റ്റ് (ഹംഗറി)

. ബുഡാപെസ്റ്റ് – മ്യൂണിച്ച് (ജർമനി)

. മ്യൂണിച്ച് – പാരിസ് (ഫ്രാൻസ്)

. പാരിസ് – ലണ്ടൻ

കടപ്പാട്: quora.com

Tags:
  • Manorama Traveller