Saturday 15 December 2018 05:21 PM IST

കടലിന്റെ അടിത്തട്ടിൽ കയറിൽ പിടിച്ച് കുറച്ച് ദൂരം! ഭാര്യക്ക് ഇതിലും മികച്ച പിറന്നാൾ സമ്മാനം സ്വപ്നങ്ങളിൽ മാത്രം

Akhila Sreedhar

Sub Editor

tr

‘എന്താണ് അവൾക്ക് പിറന്നാൾ സമ്മാനമായി കൊടുക്കുക? പസഫിക് സമുദ്രം ചുറ്റിക്കറങ്ങാൻ തുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിടുന്നു. ഞങ്ങളുടെ കപ്പൽ വനവാറ്റു നിന്ന് പോർട്‌വിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അറ്റമില്ലാത്ത കടലിലേക്ക് കണ്ണുനട്ടിരിക്കുമ്പോഴും ചിന്ത അവളെ കുറിച്ചുതന്നെ. ഈ യാത്രയിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവം കൂടിയായിരിക്കണം കൊടുക്കുന്ന സമ്മാനം എന്നുറപ്പിച്ചിരുന്നു. ടൂർ പാക്കേജിലെ ആക്്ടിവിറ്റി ലിസ്റ്റില്‍ കണ്ണുടക്കിയത് അപ്പോഴാണ്. ഓഷ്യൻ വോക്ക്. കടലിന്റെ അടിത്തട്ടിൽ ഘടിപ്പിച്ചിട്ടുള്ള കയറിൽ പിടിച്ച് കുറച്ച് ദൂരം നടക്കണം, ഇതാണ് ആക്ടിവിറ്റി.

IMG_7890

സംഭവം കളറാകും, പക്ഷേ രണ്ടു പ്രശ്നങ്ങളാണ് മുന്നിലുള്ളത്. ഒന്ന് രണ്ടാൾക്കും നീന്തൽ വലിയ പിടിയില്ല. രണ്ട്, ഞങ്ങളുടെ മൂന്ന് വയസ്സുള്ള മകൾ ഇസബെല്ലയെ കപ്പലിലെ ഡെ കെയറിൽ ഏൽപ്പിച്ചിട്ട് വേണം ഈ സാഹസത്തിന് മുതിരാൻ. എന്തെങ്കിലും സംഭവിച്ചാൽ...! വേണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചു. രണ്ടും കൽപിച്ച് പ്രിയപത്നി റീറ്റയോട് സംഗതി അവതരിപ്പിച്ചു. അസ്തമയചുവപ്പ് പടരുന്ന സായാഹ്നത്തിൽ അവൾ എന്നെ ചേർത്ത് പിടിച്ചുപറഞ്ഞു, ഇങ്ങനെ ഒരവസരം ഇനി കിട്ടില്ല. വരൂ...നമുക്ക് ഓഷ്യൻ വോക്ക് ചെയ്യാം. ഒന്നും സംഭവിക്കില്ല. ഇതുവരെ എനിക്ക് നൽകിയ പിറന്നാൾ സമ്മാനങ്ങളിൽ ഏറ്റവും മൂല്യമുള്ളത് ഈ അനുഭവമായിരിക്കും. അവളുടെ കണ്ണിലെ ആവേശത്തിന്റെ തിളക്കം എന്നിലേക്കും പടർന്നു...’ പസഫിക് സമുദ്രത്തിലെ ദ്വീപുകളിലൂടെ ഭാര്യയെയും മൂന്നുവയസ്സുള്ള മകളെയും കൂട്ടി പത്ത് ദിവസം യാത്ര ചെയ്ത മറക്കാനാവാത്ത അനുഭവങ്ങൾ മനോരമ ട്രാവലറുമായി പങ്കുവയ്ക്കുകയാണ് കൊച്ചിസ്വദേശി പ്രവീൺ വിൻസെന്റ്.

കടൽക്കാഴ്ചകളിലേക്ക് കടക്കും മുൻപേ

IMG_7916

‘ന്യൂസീലൻഡിലെ ഓക്‌ലാൻഡിലാണ് ഞാ നും ഭാര്യ റീറ്റയും ജോലി ചെയ്യുന്നത്. കിട്ടുന്ന ഇടവേളകളിലെല്ലാം യാത്ര പോകും. അങ്ങനെ ന്യൂസീലൻഡ് ഏതാണ്ട് മുഴുവൻ കണ്ടു തീർന്നപ്പോഴാണ് പസഫിക് ക്രൂയിസ് ട്രിപ്പിനെ കുറിച്ച് അറിയുന്നത്. യാത്ര കരയിലൊതുക്കാതെ വെള്ളത്തിലേക്കും വ്യാപിപ്പിക്കാമല്ലോ എന്ന ചെറിയ കൗതുകത്തിന്റെ പുറത്താണ് പസഫിക് ദ്വീപുകളിലേക്കുള്ള യാത്ര കപ്പലിൽ പോകാം എന്ന് തീരുമാനിച്ചത്. പത്ത് ദിവസമാണ് യാത്രയുടെ സമയം. പിന്നിടുന്നത് ന്യൂകാലിഡോനിയയിലെ ചെറിയ ദ്വീപുകളായ നോമിയ, ലീഫോ, മാരി എന്നിവയും വനവാറ്റുവിലെ പോർട്‌വിലയുമാണ്. ഓക്‌ലൻഡിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. സീ സിക്ക്നെസ്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതറിഞ്ഞുകൊണ്ട് ഭാര്യയെയും മകളെയും യാത്രയിൽ എങ്ങനെ കൂടെകൂട്ടും! റീറ്റ തന്ന ധൈര്യമാണ് പസഫിക് ദ്വീപുകളിലേക്കുള്ള യാത്രയുടെ ശക്തി.

ഓക്‌ലൻഡ് തുറമുഖത്ത് നിന്ന് രണ്ട് ദിവസത്തെ കപ്പൽ യാത്രയുണ്ട് നോമിയയിലേക്ക്. ന്യൂകാലിഡോനിയയുടെ തലസ്ഥാനമാണ് നോമിയ ദ്വീപ്. ആഡംബരക്കപ്പലിലെ യാത്ര ശരിക്കും വേറിട്ടൊരു അനുഭവം തന്നെയായിരുന്നു. യാത്രയ്ക്കു മുൻപ് വിമാനത്താവളത്തിലേതിന് സമാനമായ കസ്റ്റംസ് ക്ലിയറൻസ് ഉണ്ട്. കയ്യിലുള്ള ലഗേജുകളെല്ലാം അവിടെ ഏൽപ്പിക്കാം, അവ കൃത്യമായി നമുക്ക് അനുവദിച്ചിട്ടുള്ള ബെഡ് റൂമിൽ എത്തും. കപ്പലിനുള്ളിൽ നമ്മുടെ ബെ‍ഡ് റൂം ഉൾപ്പെടുന്ന ഭാഗം കൈകാര്യം ചെയ്യാൻ ഒരു ഗൈഡ് ഉണ്ട്. ഇങ്ങനെ കപ്പലിന്റെ ഓരോ ഭാഗത്തും യാത്രക്കാരുടെ ആവശ്യങ്ങൾ ചെയ്തു കൊടുക്കാൻ ഗൈഡുകളെ നിർത്തിയിട്ടുണ്ട്. കയ്യിൽ പണം കരുതേണ്ടതില്ല. പകരം നമുക്ക് ഒരു ഷിപ്പ് കാർഡ് നൽകും. ആ കാർഡിലേക്ക് നമ്മുടെ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നു. ഈ യാത്രയിലെ മുഴുവൻ ചെലവിനും ഷിപ്പ് കാർഡ് ഉപയോഗിക്കാം. കൂടാതെ ഓരോ ദ്വീപിലെയും കസ്റ്റംസ് ക്ലിയറൻസ് തിരിച്ചറിയൽ രേഖ, റൂം കീ തുടങ്ങിയവയായും ഉപയോഗിക്കുന്നത് ഈ ഷിപ്പ് കാർഡ് തന്നെ. യാത്രയുടെ അവസാന ദിവസം അത്രനാൾ ചെലവായ തുക ഒരുമിച്ച് അടച്ചാൽ മതി. ചുരുക്കിപ്പറഞ്ഞാല്‍ മണിലെസ് ട്രാവലാണ് പസഫിക് ക്രൂയിസ് ട്രിപ്പ്. കുട്ടികളെ നോക്കുന്ന ഡെ കെയർ സെന്റർ കപ്പലിനുള്ളിലുണ്ട്. ബെഡ് റൂമുകൾ, റസ്റ്ററന്റുകൾ, ഷോപ്പുകൾ, സ്വിമ്മിങ് പൂൾ തുടങ്ങിയവ കപ്പലിന്റെ പല തട്ടുകളിലായി ക്രമീകരിച്ചിരിക്കുന്നു. ഉച്ചയ്ക്കാണ് സെയിലിങ് ആരംഭിക്കുന്നത്. വെൽകം പാർട്ടിയാണ് ആദ്യം. കപ്പലിന്റെ ഏറ്റവും മുകളിലെ ഡെക്കിൽ ഫാമിലി ഫ്രണ്ട്‌ലി ആയ രീതിയിലാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്. വിവിധ കാർട്ടൂൺ വേഷധാരികളായ ആളുകളുമായി കുട്ടികൾ പെട്ടെന്ന് കൂട്ടുകൂടും. ഓരോ ദിവസവും വിവിധ തീമിൽ ഉള്ള പാർട്ടിയാണ്. ബ്ലാക്ക് ഡ്രസ്സാണ് ആദ്യത്തെ ദിവസത്തെ തീം. എല്ലാവരും കറുപ്പ് വസ്ത്രം ധരിച്ച് പാർട്ടിക്കെത്തി. പാട്ടും ഡാൻസും എല്ലാം കൂടി ആഘോഷത്തോടെയാണ് ആദ്യത്തെ ദ്വീപായ നോമിയയിലേക്കുള്ള യാത്ര.

Port Vila

കടലിനുള്ളിലെ പച്ചത്തുരുത്തുകൾ

എന്നോ അടർന്ന് പോയി കടലിലെത്തിപ്പെട്ട ‘ഒരു കഷ്ണം കര’ പോലെ മുന്നിൽ നോമിയ ദ്വീപ്. ആദ്യകാഴ്ച ആകാശം തൊട്ട് ഉയർന്നു നിൽക്കുന്ന അമേഡെ ലൈറ്റ് ഹൗസാണ്(Amedee Light House). തുറമുഖത്തേക്ക് കപ്പൽ അടുത്തു. പരമ്പരാഗത വേഷമണിഞ്ഞ് ആട്ടവും പാട്ടുമായി ഞങ്ങളെ സ്വീകരിക്കാനായി എത്തിയ നോമിയ നിവാസികൾ. ആ ആവേശം ഞങ്ങളിലേക്കും പടർന്നു. എല്ലാ സൗകര്യങ്ങളോടും കൂടിയ നഗരത്തോടുപമിക്കാവുന്ന ദ്വീപാണ് നോമിയ. കടലിനോട് ചേർന്ന് പുല്ല് േമഞ്ഞ ചെറിയ ഹട്ടുകൾ കാണാം. ബീച്ചിനോടു ചേർന്ന് തന്നെ കുറേ സുവനീർ ഷോപ്പുകൾ. ഏഴ് മണിക്കൂറാണ് നോമിയയിൽ ചെലവിടാനുള്ള സമയം. ദ്വീപ് ചുറ്റിക്കാണാൻ വിവിധ പാക്കേജുകളുണ്ട്. സൈക്കിളിങ് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ബസ്, ടാക്സി തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിൽ റോഡ് ട്രിപ്പ് പോകാം. ഇസബെല്ല കൂടെയുള്ളതിനാൽ ബസിലെ സിറ്റി ടൂർ ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്. ധാരാളം കെട്ടിടങ്ങളും കസിനോയും ബീച്ച് റസ്റ്ററന്റുകളും സ്കൂളുകളും എല്ലാമുള്ള നോമിയ ദ്വീപ്, ന്യൂകാലിഡോണിയയുടെ തലയെടുപ്പുള്ള തലസ്ഥാനം തന്നെയാണ്. ഫ്രഞ്ച് ആണ് ഇവിടത്തെ ഭാഷ. ഇംഗ്ലിഷ് അറിയുന്നവർ വളരെ വിരളം. മതിവരുവോളം കടലിൽ കളിച്ച്, നോമിയയെ മനസ്സിൽ ആവാഹിച്ച് അടുത്ത ദ്വീപ് ലക്ഷ്യമാക്കി കപ്പൽ നീങ്ങി.

Depositphotos_135680278_original

ലീഫോ ദ്വീപിലെത്തുന്നത് യാത്രയുടെ നാലാമത്തെ ദിവസമാണ്. ഹാർബർ ഇല്ലാത്തതിനാൽ കപ്പൽ ദ്വീപിലേക്ക് അടുക്കില്ല. ചെറിയ ബോട്ടുകളിലാണ് ഞങ്ങൾ ദ്വീപിലേക്കെത്തുന്നത്. നോമിയ ദ്വീപിന്റെ അത്ര വലുതല്ലാത്ത, എന്നാൽ അതിനേക്കാൾ വൃത്തിയുള്ള ദ്വീപാണ് ലീഫോ. നീലനിറത്തിലുള്ള ബീച്ചുകളാണ് ലീഫോ ദ്വീപിനെ കൂടുതൽ സുന്ദരിയാക്കുന്നത്. തെങ്ങിൻതോപ്പുകളും മരങ്ങളും വെള്ളമണലും നീലക്കടലും...വർണനാതീതമായ അനുഭവമാണ് ലീഫോ കാഴ്ചകൾ.ലീഫോയുടെ തനതു ഭക്ഷണം ലഭിക്കുന്ന കടകൾ ബീച്ചിനോട് ചേർന്ന് പലയിടത്തായി കാണാം. ഭക്ഷണം മാത്രമല്ല, ലോഫൂവിലെ സംസ്കാരത്തെ സഞ്ചാരികൾക്ക് മനസ്സിലാക്കുന്ന കലാരൂപങ്ങളും പലയിടത്തായി അരങ്ങേറുന്നുണ്ട്. കൃഷിയും മീൻപിടുത്തവുമാണ് ഇവിടത്തുകാരുടെ പ്രധാന വരുമാനമാർഗം.

ന്യൂകാലിഡോനിയയുടെ ഭാഗമായ മാരി ദ്വീപാണ് പാക്കേജിൽ മാറ്റി നിർത്തിയ ഇടം. യാത്രയുടെ അവസാനഭാഗത്താണ് ഇവിടേക്ക് പോകുന്നത്. ലീഫോ ദ്വീപിൽ നിന്ന് കപ്പൽ വനവാറ്റുവിലേക്കാണ് തിരിച്ചത്. ന്യൂകാലിഡോനിയയുടെ ഭാഗമായ ദ്വീപല്ല വനവാറ്റു. അതിൽ നിന്ന് മാറി ഒറ്റപ്പെട്ടു കിടക്കുന്ന പ്രവിശ്യയാണ്.

Lifou-shutterstock_206983975

നൈറ്റ് പാർട്ടി, സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന വിവിധ ആക്ടിവിറ്റികൾ, കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ഗെയിം ഏരിയ എന്നിവയാൽ സജീവമാണ് കപ്പൽ.

വനവാറ്റുവിലേക്കുള്ള യാത്രയും പിറന്നാൾ രാവും

IMG_7958

യാത്ര അഞ്ച് ദിവസം പിന്നിടുകയാണ്. വനവാറ്റുവിലെ പോർട്‌വിലയിലേക്കാണ് കപ്പൽ നീങ്ങിക്കൊണ്ടിരിക്കുന്നത്. മറ്റൊരു രാജ്യമാണ് വനവാറ്റു. ന്യൂകാലിഡോനിയ ദ്വീപുകൾ ഫ്രഞ്ച് കോളനിയാണ്. എന്നാൽ, വനവാറ്റു ഫ്രഞ്ച് അധീനതയിലല്ല. ഇന്ത്യക്കാരെയും ചൈനക്കാരെയും കണ്ടാൽ വേറിട്ട് നിൽക്കില്ലേ, അതുപോലെ ന്യൂകാലിഡോനി യയിലെയും വനവാറ്റുവിലെയും ആളുകളുടെ രൂപത്തിൽ പോലും നല്ല വ്യത്യാസമുണ്ട്. രണ്ട് പർവതങ്ങൾക്കിടയിലൂടെയാണ് കപ്പൽ പോർട്‌വിലയിലേക്ക് നീങ്ങുന്നത്. പോർട്‌വിലയാണ് വനവാറ്റുവിന്റെ തലസ്ഥാനം. ആ യാത്രയ്ക്കിടയിലായിരുന്നു റീറ്റയുടെ പിറന്നാൾ. കപ്പലിലുള്ള എല്ലാ യാത്രക്കാരും ഒത്തുചേർന്ന് സർപ്രെസ്സ് ആയി പിറന്നാൾ ആഘോഷമൊരുക്കി. എന്താണ് പ്രിയപ്പെട്ടവൾക്ക് പിറന്നാൾ സമ്മാനമായി നൽകുക. മനസ്സാകെ അസ്വസ്ഥമാണ്. അപ്പോഴാണ് പസഫിക് ഓഷ്യൻ വാക്കിനെ കുറിച്ച് കേൾക്കുന്നത്. വനവാറ്റുവിലെ സാധാരണക്കാരുമായി ചേർന്ന് കപ്പലിലുള്ളവർ നടത്തുന്ന വിവിധ സാഹസിക ആക്ടിവിറ്റികളുടെ പാക്കേജുണ്ട്. നിശ്ചിത തുക നൽകി താൽപര്യമുള്ള സഞ്ചാരികൾക്ക് ആക്ടിവിറ്റി ചെയ്യാം. അടിയിൽ ഘടിപ്പിച്ചിട്ടുള്ള കയറിൽ പിടിച്ച് ഒരു നിശ്ചിത ദൂരം കടലിനടിത്തട്ടിലൂടെ നടക്കാം, ഇതാണ് ഓഷ്യൻ വാക്ക്. കേട്ടപ്പോൾ ത്രില്ലായെങ്കിലും സംഭവം വളരെ സാഹസികത നിറഞ്ഞതാണ്. വേണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചു. ഇസബെല്ലയെ കപ്പലിലെ ഡേ കെയറിൽ ഏൽപ്പിച്ചിട്ട് വേണം ഓഷ്യൻ വാക്കിനിറങ്ങിപ്പുറപ്പെടാൻ. എന്തെങ്കിലും സംഭവിച്ചാൽ!!!

എന്നാൽ, ഈ കാര്യമറിഞ്ഞപ്പോൾ റീറ്റ ആവേശഭരിതയായി. അവളുടെ ധൈര്യത്തിന്റെ പുറത്ത് ഞങ്ങൾ ഓഷ്യൻ വാക്കിനിറങ്ങി. സ്കൂബാ ഡൈവിന്റേതിന് സമാനമായ ക്രമീകരണങ്ങൾ, കൂടെ രണ്ട് ഗൈഡ് നമ്മളോടൊപ്പം കടലിൽ ഇറങ്ങും.

പോർ‌ട്‌വിലയിൽ നിന്ന് ചെറിയ ബോട്ടുകളിൽ അവിടത്തെ ഗ്രാമവാസികളായ ഗൈഡുകളോടൊപ്പം ഞങ്ങൾ യാത്ര തിരിച്ചു. ആഴമുള്ള ഒരു ഭാഗത്തെത്തിയപ്പോൾ ബോട്ട് നിർത്തി. ബോട്ടിൽ നിന്ന് കടലിനടിയിലേക്ക് താഴ്ന്നിറങ്ങിയ പടികളിൽ ചവിട്ടി ഞങ്ങൾ ആഴങ്ങളിലേക്കിറങ്ങി. ഏറ്റവും അടിത്തട്ടിലെ മണലിൽ ചവിട്ടി കയറിൽ പിടിച്ച് കുറേ ദൂരം നടന്നു. പിടിച്ച് അവൾ പറഞ്ഞു, ഈ പിറന്നാൾ സമ്മാനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരിക്കും.കപ്പലിലെ ആളുകളുമായി ഇസബെല്ല നല്ല അടുപ്പം സ്ഥാപിച്ച് കഴിഞ്ഞു. ഡേ കെയറും കുട്ടിക്കൂട്ടത്തിനായുള്ള കളിയിടങ്ങളും ഉള്ളതിനാൽ കുഞ്ഞിനെ കൂട്ടിയുള്ള യാത്ര ബുദ്ധിമുട്ടായില്ല.

Mare shutterstock_748573816 copy

മാരി വിളിക്കുന്നു, കണ്ട് മടങ്ങാം

വനവാറ്റുവിൽ നിന്ന് തിരിച്ച് ന്യൂകാലിഡോനിയയുടെ ഭാഗമായ മാരി ദ്വീപിലേക്കാണ് പോകുന്നത്. യാത്ര ഏഴ് ദിവസം പിന്നിട്ടിരിക്കുന്നു. അധികമാരും ചെന്നെത്തിയിട്ടില്ലാത്ത കൂട്ടത്തിലെ ഏറ്റവും മനോഹരമായ ദ്വീപാണ് മാരി. നാടൻ ഭക്ഷണം, സാംസ്കാരിക കലാരൂപങ്ങൾ എന്നിവയാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന ഘടകം. നീലയ്ക്കിത്രയും നീലയോ എന്നു തോന്നിക്കും പോലെ മനോഹരമായ കടൽ. കടലിലിറങ്ങി അതാസ്വദിക്കുന്ന സഞ്ചാരികളെ കാണുമ്പോൾ തോന്നും, അവർ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലാണ് ഇപ്പോൾ എന്ന്. കാര്യം ശരിയാണ്. മാരി ഒരു സ്വപ്നഭൂമിയാണ്. നീണ്ടുകിടക്കുന്ന കടലോരങ്ങളാണ് എങ്ങും. നടന്ന് നടന്ന് എത്ര ദൂരം പിന്നിട്ടിട്ടും എങ്ങും എത്താത്ത പോലെ. കുടുംബത്തോടൊപ്പമാണ് പസഫിക് ക്രൂയിസ് യാത്ര ആസ്വദിക്കേണ്ടത്. ഒരിക്കലെങ്കിലും പസഫിക് ദ്വീപുകളിലേക്ക് യാത്ര തിരിക്കണം. കാരണം ഈ യാത്രയുടെ അത്രയും സന്തോഷം തോന്നുന്ന നിമിഷം ജീവിതത്തിൽ വേറെയുണ്ടാകുമെന്ന് തോന്നുന്നില്ല. അവസാന നിമിഷം കപ്പലിന്റെ ഏറ്റവും മുകളിലെ ഡെക്കിൽ പാട്ടും ഡാൻസുമായി പാർട്ടി അരങ്ങേറുകയാണ്. ഈ യാത്രയിലൂടെ എന്ത് നേടി എന്നു ചോദിച്ചാൽ, ഇസബെല്ല ഹാപ്പിയാണ്. ഒപ്പം ഞങ്ങളും. അവധിക്കാലങ്ങൾ ഇനിയും കടന്നുവരട്ടെ... വേറിട്ട യാത്രാമോഹങ്ങളുമായി ഞങ്ങൾ കാത്തിരിക്കുകയാണ്.