Thursday 12 April 2018 05:13 PM IST : By സ്വന്തം ലേഖകൻ

ഒറ്റയ്‌ക്കും കൂട്ടായും യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

travel-tips456

യാത്രകൾ എന്ന് പറയുമ്പോൾ എല്ലാവരും ചിന്തിക്കുക വിനോദയാത്രകളെ കുറിച്ചായിരിക്കും. എന്നാൽ ജോലി ആവശ്യത്തിനും ബിസിനസ് ആവശ്യത്തിനുമെല്ലാം ധാരാളമായി യാത്ര ചെയ്യുന്നവരാണ് നമ്മൾ. പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള യാത്രകളാണെങ്കിൽ കൂടുതൽ മുൻകരുതലുകൾ എടുക്കണം. അതുപോലെ കുട്ടികൾ കൂടെയുണ്ടെങ്കിലും. പുരുഷന്മാരായാലും സ്ത്രീകളായാലും പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്;

∙ പോകാനുള്ള സ്ഥലം തീരുമാനിച്ചുകഴിഞ്ഞാൽ അവിടെയെത്തിയ ശേഷമുള്ള യാത്രകളും താമസവും എങ്ങനെയെന്നു കൂടി ഉറപ്പാക്കണം. ഇതിനായി ടൂറിസ്റ്റ് വെബ്സൈറ്റുകളോ ട്രാവൽ ഏജൻസികളെയോ സമീപിക്കാം.

∙ പോകാനുദ്ദേശിക്കുന്ന സ്ഥലത്തിനടുത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ അവരുടെ ഫോൺനമ്പര്‍, അ‍ഡ്രസ് എന്നിവ കൂടെക്കരുതണം.

∙ പതിവായി കഴിക്കുന്ന മരുന്നുകൾ കൂടാതെ മറ്റ് അത്യാവശ്യ മരുന്നുകളും നിങ്ങളുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തിയ ഹെൽത്ത് കാർഡും കരുതണം.

∙ ചെറിയ യാത്രയാണെങ്കിൽ ലഘുഭക്ഷണവും വെള്ളവും കൂടെ കരുതുക. ശുചിത്വമില്ലാത്ത ഇടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഇങ്ങനെ ഒഴിവാക്കാം.

∙ യാത്രയിൽ അധികം ആഭരണങ്ങൾ അണിയേണ്ട. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുമെന്നു മാത്രമല്ല, മോഷണത്തെയും ഭയക്കേണ്ടി വരും.

∙ കൂടുതൽ പണവും കൈയിൽ കരുതരുത്. എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, ട്രാവലേഴ്സ് ചെക്ക് പോലുള്ളവ പ്രയോജനപ്പെടുത്താം.

∙ കുട്ടികൾ കൂട്ടം തെറ്റിപ്പോകാതെ നോക്കണം. തീരെ ചെറിയ കുട്ടികളുടെ പോക്കറ്റിൽ മേൽവിലാസമെഴുതിയ കുറിപ്പ് ഇട്ടുകൊടുക്കാൻ മറക്കരുത്.