Monday 29 March 2021 02:52 PM IST : By സ്വന്തം ലേഖകൻ

ശ്രീനഗറിൽ വർണപ്പൂക്കളം ഒരുങ്ങി, ടുലിപ് പുഷ്പോദ്യാനം തുറന്നു

tulip1

വസന്തത്തിൽ വിരിയുന്ന ഏറ്റവും മനോഹര പുഷ്പം എന്നു വിശേഷിപ്പിക്കുന്ന ടുലിപ് പൂക്കൾക്ക് ഇന്ത്യയിൽ ഒരൊറ്റ ഉദ്യാനമേയുള്ളു. കശ്മീരിലെ ശ്രീനഗറിലുള്ള ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ. വസന്തത്തെ വർണമേളയാക്കി മാറ്റുന്ന ടുലിപ് പുഷ്പോത്സവം ഇക്കഴിഞ്ഞ മാർച്ച് 25 ന് ആരംഭിച്ചു. കശ്മീർ ടൂറിസത്തിനു പുതുജീവൻ പകർന്ന് ആളുകൾ അവിടേക്ക് എത്തുന്നു. ലോകനിലവാരത്തിലുള്ള ശ്രീനഗർ ടുലിപ് പുഷ്പോത്സവം മുൻപൊരു യാത്രയിൽ കണ്ടത് ഓർത്തെടുക്കുകയാണ് സഞ്ചാരിയായ ഡോ. രാജൻ ചുങ്കത്ത്.

മഞ്ഞണിഞ്ഞ ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ ശിക്കാരവള്ളങ്ങൾ ആലസ്യത്തിലാണ്ടുകിടക്കുന്ന ദാൽ തടാകത്തിന്റെ ചിത്രം ശ്രീനഗർ എന്നു കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടിയെത്തും. അതിൽനിന്ന് ഏറെ വ്യത്യസ്തമായ, പലനിറങ്ങളിലുള്ള വർണനാടകൾ വിരിച്ചിട്ടിരിക്കുന്നതുപോലെ പൂവിട്ടുനിൽക്കുന്ന ടുലിപ് ഉദ്യാനത്തിന്റെ കാഴ്ച ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാകും. പ്രത്യേകിച്ചും പൂക്കളങ്ങളുടെ വർണവൈവിധ്യമൊരുക്കുന്ന മലയാളിക്ക്.

പാക്കേജുകളിൽപ്പെടാത്ത ടുലിപ്

ശ്രീനഗർ കാഴ്ചകളുടെ പതിവ് ചിട്ടവട്ടങ്ങളിൽ പ്ലാൻ ചെയ്ത ഒരു പാക്കേജ് ടൂറിലാണ് ഞങ്ങൾ അവിടെ ചെന്നിറങ്ങിയത്. ടുലിപ് ഉദ്യാനം ശ്രീനഗറിലെ കാഴ്ചകളിൽ ഉൾപ്പെട്ടിരുന്നില്ല. കാരണം ടുലിപ് പുഷ്പോത്സവത്തിന്റെ സമയം മുൻകൂട്ടി പ്രവചിക്കാനാകില്ല, അതിനാൽ മാസങ്ങൾക്കു മുമ്പ് തയ്യാറാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തുക ബുദ്ധിമുട്ടാണ്. ശൈത്യകാലം അവസാനിക്കുമ്പോഴേ ടുലിപ്പുകൾ കൂട്ടത്തോടെ പൂവിടാറുള്ളു. പൂ വിടർന്നാൽ ഒരു മാസത്തിൽ താഴെ മാത്രമെ അതിന് ആയുസ്സുള്ളു. ആ സമയത്തോടടുപ്പിച്ച് മൂന്നാഴ്ചക്കാലം ഈ ഉദ്യാനത്തിൽ ടുലിപ് പുഷ്പോത്സവമായി കൊണ്ടാടും. 2018ൽ അത് മാർച്ച് 24 മുതൽ ഏപ്രിൽ 15 വരെയായിരുന്നു. ‌ ശ്രീനഗറിലെത്തിയപ്പോഴേക്കും രണ്ടാഴ്ച മുൻപ് തുടങ്ങിയ പുഷ്പോത്സവത്തെപ്പറ്റി കേട്ടിരുന്നു.

tulip2

ടുലിപ് പുഷ്പങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പ് ഇന്ത്യയിൽ എത്തിച്ചേർന്നവയാണ്. യൂറേഷ്യയാണ് ഇവയുടെ ജന്മനാട് എന്നു കരുതുന്നു. മുഗൾ സാമ്രാജ്യസ്ഥാപകനായ ബാബർ അഫ്ഗാനിസ്ഥാനിൽനിന്നും മുന്തിരിവള്ളികൾക്കൊപ്പം ടുലിപ് വിത്തുകളും ഇവിടേക്ക് ഇറക്കുമതി ചെയ്തതായി ചരിത്രമുണ്ട്. പൂക്കൾക്ക് പേർഷ്യൻ തലപ്പാവുകളോടുള്ള സാമ്യം കാരണം തലപ്പാവ് എന്നർത്ഥമുള്ള ടോലിബനെന്ന (toliban) പേർഷ്യൻ വാക്കിൽനിന്നാണ് ടുലിപ് എന്ന പദം ഉണ്ടായതത്രെ. സസ്യശാസ്ത്രപ്രകാരം ലില്ലിയേസി എന്ന സസ്യകുടുംബത്തിലെ ടുലിപ വർഗത്തിൽ പെട്ടതാണ് ടുലിപ്പുകൾ എന്ന ഉദ്യാനസസ്യം. ഒരു ചെടിയിൽ 30–50 സെ.മീ. വലിപ്പമുള്ള ഒമ്പതുപൂക്കൾ വരെ ഉണ്ടാകാറുണ്ട്. തണ്ടുകളിൽ ശാഖകളുണ്ടാകാറില്ല, നീണ്ടു വീതികുറഞ്ഞ ഇലകൾക്ക് നീല കലർന്ന കടും പച്ച നിറമാണ്. ടുലിപ് സസ്യങ്ങളുടെ വൈവിധ്യം ആരെയും അമ്പരപ്പിക്കുന്നതാണ്. നാലു ജനുസ്സുകളിലായി എഴുപത്തിയഞ്ചോളം ടുലിപ്പുകളുണ്ട്. ടുലിപ് പൂക്കളാകട്ടെ, ലോകത്താകമാനം മൂവായിരത്തിലധികം വ്യത്യസ്ത ഇനങ്ങളുള്ളതായി കണക്കാക്കുന്നു.

ഹിമാലയതാഴ്‌വരയിലെ ടുലിപ് ഉദ്യാനം

ശ്രീനഗറിൽ ചെന്നിറങ്ങിയപ്പോൾ മഴയൊഴിഞ്ഞ, നല്ല തെളിഞ്ഞ കാലാവസ്ഥ. പ്രോഗ്രാമനുസരിച്ച് അന്ന് മറ്റു പരിപാടികളൊന്നും ഇല്ല. ഹോട്ടലിലെത്തി ചെക്ക് ഇൻ ചെയ്യുക മാത്രം. അങ്ങനെയാണ് ടുലിപ് പുഷ്പമേള കാണാം എന്നു നിശ്ചയിക്കുന്നത്. ടൂർ മാനേജരുടെ സന്മനസ്സും കൃത്യമായ ഇടപെടലും കാരണം ഹോട്ടൽ മുറിയിലേക്കു പോകും മുൻപു തന്നെ ടുലിപ് പുഷ്പമേള കാണാം എന്നു തീരുമാനിച്ചു.

tulip3

ശ്രീനഗറിൽ സബാർവൻ മലനിരകളുടെ താഴ്‌വരയിൽ, ദാൽ തടാകത്തിന് അഭിമുഖമായാണ് ടുലിപ് പുഷ്പോദ്യാനം സ്ഥിതി െചയ്യുന്നത്. ഇന്ത്യയിലെ ഏക ടുലിപ് പൂന്തോട്ടമാണ് ഇത്, ഏഷ്യയിലെ ഏറ്റവും വലുതും. മോഡൽ ഫ്ളോറികൾച്ചറൽ സെന്റർ എന്നറിയപ്പെട്ടിരുന്ന ഇത് 2007 മുതൽ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ എന്നറിയപ്പെടുന്നു. 30 ഹെക്ടർ വിസ്താരമുള്ള ഉദ്യാനത്തിൽ തട്ടു തിരിച്ചാണ് ടുലിപ് കൃഷി. അൻപതിലേറെ ഇനങ്ങളിൽപ്പെട്ട 1.5 ദശലക്ഷം ടുലിപ് ചെടികൾ ഇവിടെയുണ്ട്. കൂടാതെ ഇന്ത്യയിൽ സാധാരണ കാണാത്ത ഡാഫോഡിൽസ്, ഹയാസിന്തസ്, റനുൻകുലസ് തുടങ്ങിയവയും ഇവിടെ കാണാം.

നിറച്ചാർത്തിലലിയുന്ന ഉദ്യാനം

വസന്തത്തിൽ വിരിയുന്ന ഏറ്റവും മനോഹരമായ പുഷ്പം എന്നാണ് ടുലിപ്പിനെ വിളിക്കാറുള്ളത്. ഞങ്ങൾക്കിവിടെ ചുവപ്പ്, വെള്ള, മഞ്ഞ, റോസ്, പർപ്പിൾ എന്നീ നിറങ്ങളിലുള്ള പൂക്കളാണ് കാണാനായത്. നീലപ്പൂക്കൾ അപൂർവ്വമാണ്. ചുവന്ന ടുലിപ് പ്രേമത്തിന്റെ അടയാളമാകുമ്പോൾ പർപ്പിൾ രാജകീയതയെ സൂചിപ്പിക്കുന്നു. മഞ്ഞ സന്തോഷത്തിന്റെയും വെള്ള പരിശുദ്ധിയുടെയും അടയാളമാണ്.

tulip4

ഒരേനിറത്തിലുള്ള പൂക്കൾ ഒരേസമയത്ത് വരിയൊപ്പിച്ച് വിരിഞ്ഞുനിൽക്കുന്നതാണ് ടുലിപ്പിന്റെ മനോഹാരിത. ദൂരക്കാഴ്ചയിൽ ഇത് ഒട്ടേറെ റിബണുകൾ വലിച്ചുകെട്ടിയതുപോലെ തോന്നും.

ഉദ്യാനമൊരുക്കുമ്പോൾത്തന്നെ പൂവിടുമ്പോൾ കിട്ടാവുന്ന എഫക്ടിനെ മനസ്സിൽക്കണ്ട്, ഒരേ ഇനത്തിലും നിറത്തിലുള്ളമുള്ളവയെ ക്രമീകരിച്ചാണ് നടുന്നത്. സെപ്തംബർ മുതൽ ഡിസംബർവരെയാണ് ടുലിപ് കിഴങ്ങുകൾ പാകി മുളപ്പിക്കുന്നത്. വളർച്ചയ്ക്ക് നല്ല നീർവാർച്ചയുള്ള മണ്ണും വെയിലും ആവശ്യമാണ്. 10–15 സെ. മീ. ആഴത്തിലും 10–23 സെ. മീ. അകലത്തിലുമാണ് ചെടി നടുന്നത്. മഞ്ഞുകാലത്ത് പുതയിട്ടുകൊടുക്കാറുണ്ട്. ശൈത്യകാലത്തിനുശേഷം ഏപ്രിൽ–മെയ് മാസത്തിലാണ് പൂവിടുന്നത്. പൂ വിരിഞ്ഞുകൊഴിഞ്ഞാൽ ചെടിയും ക്രമേണ ഉണങ്ങി നശിക്കും. എന്നാൽ മണ്ണിനടിയിലെ കാണ്ഡം അവിടെ അവശേഷിക്കുകയും അടുത്ത സീസണിലേക്ക് മുളച്ച് പൂവിടാൻ ബാക്കിയാവുകയും ചെയ്യും.

ടുലിപ് ഉദ്യാനത്തിൽ സന്ദർശനം നടത്താൻ പറ്റിയ സമയമായിരുന്നു ആ സായാഹ്നം. എങ്കിലും എന്തുകൊണ്ടോ സന്ദർശകർ തീർത്തും കുറവായിരുന്നു അപ്പോൾ. കാലാവസ്ഥയുടെയും അന്തരീക്ഷത്തിന്റെയും അനുകൂലഭാവം യാത്രയുടെ ക്ഷീണമൊന്നും തോന്നിപ്പിച്ചില്ലെന്നു പറയാം. മനസ്സു നിറയ്ക്കുന്ന ഈ വർണവിസ്മയത്തെ ഓടിനടന്നു ക്യാമറയിൽ പകർത്താനായിരുന്നു തിടുക്കം.

ശ്രീനഗറിൽ കാലുകുത്തിയപ്പോൾത്തന്നെ ധൃതിയിൽ ടുലിപ് പൂന്തോട്ടം കാണാൻ പോയതിന്റെ ഗുണം ഞങ്ങൾക്കു മനസ്സിലായത് യാത്രാവസാനത്തിലാണ്. കാരണം പിറ്റേദിവസം മുതൽ ഞങ്ങൾ ശ്രീനഗർ വിടുന്ന അന്നുവരെ അവിടെ മഴയായിരുന്നു. യാത്രയിലെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്കിടയിൽ സമയം കണ്ടെത്തിയാൽപ്പോലും ടുലിപ് കാഴ്ചകൾ ശാന്തമായും സ്വസ്ഥമായും ആസ്വദിക്കാനാകാത്ത അന്തരീക്ഷമായിരുന്നു അത്. ചിത്രങ്ങളെടുക്കുന്ന കാര്യം പറയുകയും വേണ്ട.

tulip5

നമ്മുടേതല്ലെങ്കിലും നമ്മുടേതാകുന്ന ടുലിപ്

നമ്മുടേതല്ലെങ്കിലും നമുക്കേറെ പരിചിതമാണ് ടുലിപ് പുഷ്പങ്ങൾ. വർണവൈവിധ്യത്തോടൊപ്പം കലയിലും സാഹിത്യത്തിലും ഈ പൂവ് നേടിയ അസാധാരണമായ സ്ഥാനമായിരിക്കും അതിനു കാരണം. ടുലിപ് പുഷ്പങ്ങൾ വർണാഭമായതിനു കാരണം ഒരു വൈറസ് ബാധയാണത്രെ! 17–ാം നൂറ്റാണ്ടിൽ ഹോളണ്ടിൽ പടർന്നുപിടിച്ച ’ടുലിപ് മാനിയ’ എന്ന വൈറസ് രോഗമാണ് പിൽക്കാലത്ത് ഇവയിൽ ഇത്രയധികം വർണവൈവിധ്യം തീർത്തത്. അക്കാലത്തുതന്നെയാണ് ടുലിപുകൾ അന്യനാടുകളിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്തതും. ടുലിപ് പൂവിന്റെ വലിയ വിപണനകേന്ദ്രമാണ് ഹോളണ്ട്. അവരുടെ നല്ലകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1637 നെയും ’ടുലിപ് മാനിയ’ എന്നു തന്നെയാണ് വിളിക്കാറുള്ളത്. അക്കാലത്ത് ഈ പുഷ്പങ്ങളുടെ ധാരാളം ചിത്രങ്ങളും ശില്പങ്ങളും ഉണ്ടായി. നാണയങ്ങളിൽ ഇവ ആലേഖനം ചെയ്യപ്പെട്ടു. 13–ാം നൂറ്റാണ്ടു മുതൽ പേർഷ്യൻ കവികളുടെയും കലാകാരന്മാരുടെയും വലിയ പ്രചോദനമായിരുന്നു ചുവന്ന ടുലിപ് പൂക്കൾ. ഒമർ ഖയാം, റൂമി തുടങ്ങിയവരുടെയൊക്കെ രചനകളിൽ ടുലിപ് പൂഷ്പിച്ചു നിൽക്കുന്നതു കാണാം. . ഓസ്ട്രേലിയയിലും കാനഡയിലെ ഒട്ടോവയിലുമൊക്കെ നടക്കുന്ന ടുലിപ് ഉത്സവങ്ങൾ ലോകപ്രസിദ്ധമാണ്.

ജമ്മു കശ്മീർ സംസ്ഥാന ഫ്ലോറിക്കൾച്ചർ വകുപ്പാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ പരിപാലിക്കുന്നത്. ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാകാത്ത ഈ നിറച്ചാർത്ത് മതിയാകുവോളം ആസ്വദിച്ചപ്പോഴേക്കും സന്ധ്യമയങ്ങി. മടക്കയാത്രയ്ക്കായി വാഹനത്തിലേക്കു കയറുംമുമ്പ് ആ ഉദ്യാനത്തിലേക്കു ഞാനൊന്നു തിരി‍ഞ്ഞുനോക്കി. നിശ്ചലമായ ദാൽ തടാകത്തിൽ നിരന്നുകിടക്കുന്ന ശിക്കാരകൾക്കിടയിലൂടെ അസ്തമനസൂര്യൻ പതുക്കെ താഴ്ന്നിറങ്ങുന്നു, വലിയൊരു ടുലിപ് പുഷ്പമെന്നോണം.

Tags:
  • Manorama Traveller
  • Travel Destinations
  • Travel India