Wednesday 30 September 2020 04:07 PM IST : By സ്വന്തം ലേഖകൻ

അപൂർവ സ്ഥലങ്ങൾ, യുനെസ്കോ പൈതൃക സ്ഥാനങ്ങൾ; എങ്കിലും സഞ്ചാരികൾ ഇതുവഴി വരേണ്ട...

trav1

ഈ ഭൂമിയിൽ മനുഷ്യൻ എത്തിപ്പെടാത്ത സ്ഥലങ്ങൾ ഉണ്ടാകില്ല. സഞ്ചാര സൗകര്യങ്ങളും ആശയവിനിമയ മാർഗങ്ങളും ഏറെ പുരോഗമിച്ച ഇക്കാലത്ത് ഏറക്കുറെ എല്ലായിടത്തേക്കും യാത്ര ചെയ്യുകയും ചെയ്യാം. എന്നാൽ സൗന്ദര്യം കൊണ്ടോ മറ്റെന്തെങ്കിലും സവിശേഷതകളാലോ ലോകപ്രശസ്തമായ ചില ഇടങ്ങളുണ്ട്. സഞ്ചാരികൾക്ക് ഒരിക്കലും എത്തിച്ചേരാൻ പറ്റാത്ത ഇടങ്ങൾ, മിക്കവാറും അപ്രാപ്യമായ കാഴ്ചകൾ
...

നോർത്ത് സെന്റിനൽ ദ്വീപ്

trav2

ബംഗാൾ ഉൾക്കടലിൽ ആന്റമൻ ദ്വീപസമൂഹത്തിന്റെ ഭാഗമായ നോർത്ത് സെന്റിനൽ ദ്വീപ് തദ്ദേശിയരായ സെന്റിനലീസ് ഗോത്ര ജനങ്ങളാൽ ശ്രദ്ധേയമാണ്. പുറം ലോകവുമായി യാതൊരു വിധ ബന്ധവും പുലർത്താൻ താൽപര്യപ്പെടാത്ത സെന്റിനലീസ് ഗോത്രത്തിൽ പെട്ടവർ മാത്രമാണ് ഇവിടെ വസിക്കുന്ന മനുഷ്യർ. മറ്റുള്ളവരെ അവിടേക്കു കടക്കാൻ അനുവദിക്കാത്ത ഇവർ പുറംലോകത്തു നിന്നുള്ളവരോട് ക്രൂരമായി പെരുമാറുന്നതിനും പ്രശസ്തരാണ്. 2004 ലെ സുനാമിയെ തുടർന്ന് ഭക്ഷണവുമായി ചെന്ന ഹെലികോപ്ടറിനെയും മത്സ്യ ബന്ധനത്തിനിടെ വഴിതെറ്റി ചെല്ലുന്ന വള്ളങ്ങളെയും സെന്റനലീസ് ഗോത്രക്കാർ ആക്രമിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ൽ ദ്വീപിലേക്കു കടന്നു ചെന്ന അമേരിക്കൻ സഞ്ചാരിയെ വിഷം പുരട്ടിയ അമ്പെയ്തു കൊലപ്പെടുത്തിക്കൊണ്ട് ഇവർ വാർ‍ത്തകളിൽ ഇടം നേടിയിരുന്നു. 1956 ൽ ഈ ദ്വീപിനെ ഒരു ട്രൈബൽ റിസർവായി പ്രഖ്യാപിച്ച ഇന്ത്യ ഗവൺമെന്റ് ഈ ദ്വീപിന്റെ 10കിലോ മീറ്റർ പരിധിയില്‍ യാത്ര ചെയ്യുന്നതു വിലക്കിയിട്ടുണ്ട്. 50 മുതൽ 200 വരെ ആൾക്കാർ ഈ ദ്വീപിലുണ്ടെന്നാണ് കണക്കാക്കുന്നത്. നൂറ്റാണ്ടുകളായി ഒറ്റപ്പെട്ടു കഴിയുന്ന ഗോത്ര വർഗത്തെ അങ്ങനെ തന്നെ നിലനിർത്തുന്നതാണ് നല്ലത് എന്നു ഗവൺമെന്റും സമൂഹവും കരുതുന്നു.

ഹാർട് റീഫ്, ഓസ്ട്രേലിയ

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഗ്രേറ്റ് ബാരിയർ റീഫിന്റെ ഭാഗമായ, ഹൃദയത്തിന്റെ ആകൃതിയിലുള്ള പവിഴ ദ്വീപാണ് ഹാർട് റീഫ്. പ്രകൃതിയിൽ സ്വാഭാവികമായ രീതിയിൽ രൂപപ്പെട്ട ഈ പവിഴദ്വീപ് ഹാർഡി പവിഴപ്പുറ്റിന്റെ ഭാഗമായി വിറ്റ്സൺഡേ ദ്വീപിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. വിശേഷമായ രൂപവും പവിഴപ്പുറ്റുകളുടെ പ്രാധാന്യവും കണക്കിലെടുത്ത് ഹാർട് റീഫിനെ സംരക്ഷിത സ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

trav3

ആഗോള കാലാവസ്ഥാ വ്യതിയാനവും ലോലമായ പരിസ്ഥിതിയും കാരണം ആർക്കും ഈ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. എങ്കിലും സഞ്ചാരികൾക്ക് ദ്വീപിനു മുകളിലൂടെ വിമാനത്തിൽ സഞ്ചരിച്ചും സീ പ്ലെയിനിൽ ദ്വീപിനു സമീപത്തുള്ള കടലിൽ ഇറങ്ങിയും ഹാർട് റീഫ് കാണാം. ആകാശയാത്രയാണ് ദ്വീപിന്റെ മനോഹരമായ രൂപം ആസ്വദിക്കാൻ ഏറ്റവും നല്ലത്.

ലാസ്കോ ഗുഹകൾ

തെക്കു പടിഞ്ഞാറൻ ഫ്രാൻസിലെ മോണ്ടിനാക് ഗ്രാമത്തോടു ചേർന്നുള്ള ലാസ്കോ മലനിരകളിൽ തങ്ങളുടെ കാണാതായ പട്ടിക്കുട്ടിയെ അന്വേഷിച്ചു പോയ നാല് ആൺകുട്ടികൾ കണ്ടെത്തിയത് ചരിത്രാതീത കാലത്തേക്ക് ഒരു കിളിവാതിൽ ആയിരുന്നു. പട്ടിക്കുട്ടി താഴേക്കു വീണുപോയ നരിമട വീതികൂട്ടി അകത്തു കയറിയ അവർ ചെന്നെത്തിയത് വലിയ ഗുഹാനിരകളിലേക്കാണ്. ഗുഹാ ഭിത്തിയിൽ ഒട്ടേറെ ചിത്രങ്ങൾ. അതിൽ അധികവും മൃഗങ്ങളുടേത്... കുട്ടികളിൽ നിന്നു വിവരമറിഞ്ഞ അധ്യാപകർ വഴി അവിടെ പര്യവേക്ഷണത്തിനു വഴി തെളിഞ്ഞു. 1940 ൽ ആണ് ഉദ്ദേശം 17000–15000 ബിസിഇ വരെ പഴക്കമുള്ള ഈ ഗുഹാചിത്രങ്ങൾ കണ്ടെത്തിയത്. 600 ചിത്രങ്ങള്‍ ഉള്ളതിൽ കൂടുതലും മൃഗങ്ങളുടെ രൂപങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുതിര, മാൻ, കാട്ടാട്, വംശനാശം സംഭവിച്ച ഓറോക്സ്, കാട്ടുപോത്ത് തുടങ്ങിയ രൂപങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

trav4

1948 ൽ പൊതുജനങ്ങൾക്കായി ഗുഹകൾ തുറന്നു കൊടുത്തതോടെ ദിവസേന ആയിരക്കണക്കിനു സന്ദർശകർ എത്തിച്ചേർന്നു. ഗുഹയ്ക്കുള്ളിലെ വായു മലിനമാകുകയും ഫംഗസുകളും പായലുകളും കടക്കുകയും ചെയ്തതോടെ ഗുഹാചിത്രങ്ങൾക്ക് കേടുപാടു സംഭവിച്ചു തുടങ്ങി. 1963 ൽ പൊതുജനങ്ങൾക്കു പ്രവേശനം വിലക്കിയ ലാസ്കോ ഗുഹ പിന്നീട് ഇതുവരെ സഞ്ചാരികൾക്കു മുൻപിൽ തുറന്നിട്ടില്ല. എങ്കിലും ഗുഹാചിത്രങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ലാസ്കോ ഗുഹകളിലെ ചിത്രങ്ങളുടെ പകർപ്പുകൾ പ്രദർശിപ്പിക്കുന്നുണ്ട്. വെസേര താഴ്‌വരയിലെ ചരിത്രാതീത ശേഷിപ്പുകളുടെ ഭാഗമായി ലാസ്കോ ഗുഹകളെയും പൈതൃകസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ത്രീകൾക്കു പ്രവേശനമില്ലാത്ത മൗണ്ട് എഥോസ്

trav5

വനിതകളായ സഞ്ചാരികൾ ലോകമെമ്പാടും വർധിച്ചു വരികയാണ്. ഒറ്റയ്ക്കു സഞ്ചരിക്കുന്നവരെയും സ്ത്രീകളുടെ മാത്രം കൂട്ടായ്മയായി ലോകം ചുറ്റുന്നവരെയും ഒട്ടേറെ കാണാം. അങ്ങനെയുള്ളവർ ഗ്രീസിൽ ചെന്നാലും അവിടുത്തെ മൗണ്ട് എഥോസ് എന്ന ഉപദ്വീപിലേക്കു സഞ്ചരിക്കാനാകില്ല. വനിതകൾ എന്നല്ല, സ്ത്രീ വർഗത്തിൽ പെട്ട ജീവികൾക്കൊന്നും ഇവിടേക്കു പ്രവേശനമില്ല. ഇതിന് ഒരു അപവാദം പൂച്ചകൾ മാത്രമാണ്. പൗരാണിക കാലം മുതലേ ജനവാസമുണ്ടായിരുന്ന ഈ ദ്വീപ് 1054 മുതൽ ഓർത്തഡോക്സ് ക്രൈസ്തവ സഭയുടെ ആത്മീയ സങ്കേതമാണ്. 20 സന്യാസമഠങ്ങളിലായി രണ്ടായിരത്തോളം ആശ്രമവാസികളാണ് മൗണ്ട് എഥോസിലുള്ളത്. കുറഞ്ഞത് ആയിരം വർഷമായിട്ടെങ്കിലും സ്ത്രീകൾക്ക് ഇവിടെ പ്രവേശനവിലക്കുണ്ട്, പുരുഷൻമാരായാലും ഇവിടേക്കുള്ള സഞ്ചാരികൾക്കു നിയന്ത്രണമുണ്ട്. സഞ്ചരിക്കാൻ മുൻകൂർ അനുവാദം വാങ്ങേണ്ടതുണ്ട്. ദിവസേന ഗ്രീക്കുകാരും ഓർത്തഡോക്സ് വിഭാഗത്തിൽ പെട്ടവരുമായി 100 പേർക്കും ഓർത്ത‍ഡോക്സ് വിഭാഗക്കാരല്ലാത്ത 10 പേർക്കും മാത്രമേ അനുമതി ലഭിക്കൂ. ലോക ക്രൈസ്തവ ചരിത്രവുമായി ബന്ധപ്പെട്ട പ്രാധാന്യം കണക്കിലെടുത്ത് യുനെസ്കോ പൈതൃക പദവി നൽകിയിട്ടുണ്ട് മൗണ്ട് എഥോസിന്.

Tags:
  • Travel Stories
  • Manorama Traveller
  • Travel Destinations