Tuesday 19 June 2018 05:03 PM IST : By നസീൽ വോയ്‌സി

ഒരു വടകരക്കാരന്റെ രസികൻ കപ്പൽയാത്രകൾ..

backer1

26 വർഷമായി സമുദ്രസഞ്ചാരിയാണ് വടകരക്കാരൻ ബക്കർ അബു. പുറംലോകത്തിനു പരിചയമുള്ളതും ഇല്ലാത്തതുമായ 76 രാജ്യങ്ങൾ സന്ദർശിച്ചു.‌ അപൂർവമായ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയി. സാഹസികതയും കൗതുകവും നിറഞ്ഞ അബുവിന്റെ നാവികജീവിതത്തിലേക്ക് ഒരു ഫ്ലാഷ്ബാക്ക്...

"കടൽ ഒരർഥത്തിൽ മരുഭൂമി തന്നെയാണ്. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന യാത്രകൾ. കരയിലെത്തുമ്പോഴേക്ക് കാലം കടന്നുപോയിട്ടുണ്ടാവും. കുട്ടികൾ വളർന്ന്, നമ്മുടെ മുടിയിഴകൾ നരച്ച്, നാടിന്റെ മട്ടു മാറി...അങ്ങനെ നമ്മളില്ലാതെ കരയൊരുപാട് മാറിയിട്ടുണ്ടാവും. എന്നാലും ഓരോ യാത്ര കഴിയുമ്പോഴും അടുത്തതിനായി കാത്തിരിക്കും. പുതിയ രാജ്യങ്ങൾ, സംസ്കാരങ്ങൾ, കാഴ്ചകൾ, മനുഷ്യർ...കടൽ വഴികൾ ഒരു ലഹരിയാണ്. ഒരിക്കൽ നുണഞ്ഞാൽ പിന്നീടൊരിക്കലും ഉപേക്ഷിക്കാനാവാത്ത ലഹരി’’ – ഇരുപത്തിയാറ് വർഷത്തെ സമുദ്രസഞ്ചാരത്തിന്റെ തിളങ്ങുന്ന ഓർമകൾ ബക്കർ അബുവിന്റെ വാക്കുകളിൽ നങ്കൂരമിട്ടു.

backer3

വർഷം 1986

‘Roam round the world, Draw high salary’ – മറൈൻ റേഡിയോ ഓഫിസർ കോഴ്സിലേക്കു അപേക്ഷകരെ ക്ഷണിച്ച് പത്രത്തിൽ പ്രത്യക്ഷപ്പെട്ട പരസ്യം ബക്കർ അബുവെന്ന പ്രീഡിഗ്രിക്കാരന്റെ മനസ്സിളക്കി. അന്നുവരെ പത്രപ്രവർത്തകനാകണമെന്ന് മോഹിച്ചു നടന്ന ആ യുവാവിന് പിന്നെ ഒരൊറ്റ മോഹമേ ഉണ്ടായിരുന്നുള്ളൂ; സമുദ്ര സഞ്ചാരിയാവുക, ലോകം ചുറ്റുക.

മദ്രാസ് അഡയാറിൽ നിന്ന് കോഴ്സ് പൂർത്തിയാക്കിയ ബക്കർ അബു, ഒരു ഓഫ്ഷോർ കപ്പലിൽ റേഡിയോ ഓഫിസറായി തന്റെ സ്വപ്നം ജീവിക്കാനാരംഭിച്ചു. 1989ല്‍ യമനിലേക്ക് ആദ്യ വിദേശയാത്ര. പിന്നീട് ഇതുവരെയായി അമേരിക്ക, ഓസ്ട്രേലിയ, ജിബൂത്തി, നോർവേ, ഇറാൻ, ഇറാഖ്, കനാറിസ്, സുഡാൻ, കോംഗോ...വിനോദസഞ്ചാരികൾ കടന്നെത്തിയതും അല്ലാത്തതുമായ 76 രാജ്യങ്ങൾ. ഇരുപത്തിയാറ് വർഷം നീണ്ട കപ്പൽജീവിതം.

പ്രകൃതിയുടെ വിസ്മയങ്ങളും അത്ഭുതകരമായ കാഴ്ചകളും കടൽ ഈ നാവികനു മുന്നിൽ വെളിപ്പെടുത്തി. ചിലപ്പോഴൊക്കെ ഒരോർമപ്പെടുത്തലെന്ന പോലെ ദുരന്തങ്ങളും. കടലു വരച്ച കാഴ്ചകളുടെ ചിത്രങ്ങൾ ബക്കർ അബുവിന്റെ വാക്കുകളിലൂടെ...

backer4

ആമസോൺ കപ്പൽയാത്ര

2010ലായിരുന്നു ആമസോണിലൂടെ സഞ്ചരിച്ചത്. ബ്രസീലിലെ ട്രംപറ്റാസ് തുറമുഖമായിരുന്നു ലക്ഷ്യം. മെഡിറ്ററേനിയൻ പോർട്ടിൽ നിന്നും അറ്റ്ലാന്റിക് സമുദ്രം വഴിയാണ് ആമസോണിലേക്കെത്തിയത്. നിത്യഹരിത മഴക്കാടുകളെ തൊട്ടറിഞ്ഞ് പതുക്കെയായിരുന്നു അവിടെ നിന്നങ്ങോട്ട് നദിയിലൂടെയുള്ള യാത്ര.

പാമ്പിനെ പോലെ വളഞ്ഞുപുളഞ്ഞു പോകുന്ന ആമസോണിലൂടെ കപ്പൽ മുന്നോട്ടു പോകാൻ ഏറെ പ്രയാസപ്പെട്ടു. ഇടുങ്ങിയ നദിയിൽ നിന്ന് ഒന്നു തെറ്റിയാൽ കരയിലിടിച്ചു കയറുന്ന അവസ്ഥ. വനപ്രദേശമായതു കൊണ്ട് കാട്ടുമൃഗങ്ങളെയും സൂക്ഷിക്കണം. എന്നാൽ മഴക്കാടിന്റെ അതിരില്ലാത്ത സൗന്ദര്യം പ്രയാസങ്ങളെല്ലാം  മറക്കാൻ സഹായിച്ചു.

പലയിടങ്ങളിലായി മാറിമാറി വരുന്ന ആമസോണിന്റെ മുഖങ്ങൾ. ചിലപ്പോൾ ശാന്തമായി ഒഴുകുകയും കൈവഴികളിലൂടെ കാടിന്റെ വന്യതയിലേക്ക് കയറിപ്പോവുന്നതും കാണാം. മറ്റു ചിലപ്പോൾ കടൽ പോലെ പരന്ന് അറ്റം കാണാത്തത്രയും വലുതാകും. കപ്പൽ പോകുന്നതു കണ്ട് കരയിൽ നിന്ന് കൈവീശി കാണിക്കുന്ന സ്ത്രീകളും കുട്ടികളും. കപ്പലിനോടു ചേർന്ന് വഞ്ചി തുഴഞ്ഞു വന്ന് ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ചോദിക്കുന്ന ഗ്രാമീണർ. ഒരു മനുഷ്യനോളം വലുതാകുന്ന നദീ ഡോൾഫിനുകൾ. ഭീമാകാരമായ മുതലകൾ. മഴക്കാടിൽ നിന്നും പാറി വരുന്ന പക്ഷികൾ...പുറം ലോകത്തിനു അപരിചിതമായ കാഴ്ചകളായിരുന്നു ആമസോണിന്റെ വഴിയിലുടനീളം കാത്തിരുന്നത്.

backer6

‘വിത്തുപത്തായ’ത്തിനരികെ

ഉത്തരധ്രുവത്തിൽ നിന്നും ആയിരം കിലോമീറ്റർ അകലെ ആർട്ടിക് സമുദ്രത്തിലുള്ള ‘സ്വാൽബാദ്’ എന്ന നോർവീജിയൻ ദ്വീപിലേക്ക് പോയത് കൽക്കരി ലോഡ് ചെയ്യാൻ വേണ്ടിയായിരുന്നു. ധ്രുവപ്രദേശത്തെ റിസേർച്ച് സെന്റർ മാറ്റിനിർത്തിയാൽ ജനവാസമുള്ള ലോകത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ നാടാണ് സ്വാൽബാദ്. ശൈത്യകാലത്ത് മൈനസ് ഇരുപത് വരെ താപനില താഴുന്ന ഹിമപ്രദേശം.

സാഹസികമായിരുന്നു അങ്ങോട്ടേക്കുള്ള യാത്ര. ജിബ്രാൽട്ടർ കടലിടുക്കിൽ നിന്നും ബാരെന്റ് സമുദ്രത്തിലേക്കും അവിടെ നിന്ന് ആർട്ടിക് സമുദ്രത്തിലേക്കുമുള്ള സഞ്ചാരത്തിനിടയിൽ പല ദിവസങ്ങളിലും കടലും കാലാവസ്ഥയും ചേർന്ന് കപ്പലിനെ തിരയിലുയർത്തി. ചില ദിവസങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സാധിച്ചില്ല. സ്വന്തം കപ്പലിന്റെ മുൻഭാഗം പോലും ‘വീൽഹൗസി’ൽ (കൺട്രോൾ റൂം) നിന്ന് കാണാൻ കഴിയാത്ത വിധം മഞ്ഞ് മൂടി നിന്നു. റഡാറിൽ തെളിയുന്ന ട്രാഫിക് മാത്രം ആശ്രയിച്ച് ഒടുവിൽ ലക്ഷ്യസ്ഥാനമായ സ്പിറ്റ്സ്ബർഗ് ദ്വീപിലെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഈ ദ്വീപിൽ ജനവാസം തുടങ്ങിയത്. കടുത്ത കാലാവസ്ഥാ വ്യതിയാനം കാരണം മൂന്നോ നാലോ വർഷത്തിലധികം ആരും ഇവിടെ തങ്ങാറില്ല. പോരാത്തതിന് ഹിമക്കരടികളുടെ ആക്രമണവും.

‘സ്പിറ്റ്സ്ബെൻജലെ’ തടാകം കണ്ട് യാത്ര തുടരവെയാണ് ‘സ്വാൽബാദ് ഗ്ലോബൽ സീഡ് വാൾട്ടി’നടുത്തെത്തിയത്. ‘ലോകത്തിന്റെ വിത്തുപെട്ടകം’ എന്നറിയപ്പെടുന്ന അപൂർവ വിത്തുശേഖരം. പർവതത്തിനുള്ളിൽ മൈനസ് പതിനെട്ടു ഡിഗ്രിയിൽ നാൽപ്പത്തഞ്ചു ലക്ഷത്തോളം വിത്തുകൾ സൂക്ഷിച്ചുവച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, ആണവവികിരണം...എന്നിങ്ങനെ ഭൂമി നേരിടേണ്ടി   വന്നേക്കാവുന്ന   ഏതൊരു വരുംകാല ദുരന്തത്തിനു ശേഷവും ഈ വിത്തുകളുപയോഗിച്ചു കൃഷി പുനരാരംഭിക്കാം. പുതിയൊരു ലോകത്തെ പോറ്റിവളർത്താം. ഏതു പ്രകൃതിദുരന്തവും ആക്രമണവും നേരിടാൻ തക്ക വിധത്തിലാണ് ‘സീഡ് വാൾട്ടിന്റെ’ നിർമാണവും സുരക്ഷയും.

backer5

സ്വാൽബാദ് പോലെ മറക്കാനാവാത്ത മറ്റൊരു അപൂർവകാഴ്ചയാണ് ‘ഹാവിക്’. ഉത്തരധ്രുവത്തിൽ നിന്ന് മുവായിരത്തി മുന്നൂറ് കിലോമീറ്റർ ദൂരത്തിലുള്ള പ്രകൃതിരമണീയമായ മറ്റൊരു ‘മഞ്ഞു നാട്’. നോർവേയുടെ പടിഞ്ഞാറു ഭാഗത്തായുള്ള ഹാവിക്, ക്രൂസ് ഷിപ്പുകളുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്. ക്വീൻ എലിസബത്ത് പോലെയുള്ള ലോകത്തിലെ ഏറ്റവും മികച്ച ആഡംബരക്കപ്പലുകൾ സഞ്ചരിക്കുന്ന വഴിയായതുകൊണ്ടു തന്നെ ആകാംക്ഷയോടെയായിരുന്നു ഹാവിക്കിലേക്കുള്ള യാത്ര.

കടൽ വിട്ടുമാറി ജലാശയങ്ങളിലേക്ക് കപ്പൽ ഗതി മാറ്റിയപ്പോൾ ദൂരെ മലനിരകൾ ഓരോന്നായി തെളിഞ്ഞു. തിരമാലകളില്ലാത്ത വീതികുറഞ്ഞ ജലപാതയിലൂടെ യാത്ര രസകരമായിരുന്നു. ഇരുവശവും കുന്നിൻചെരിവുകൾ. മേൽക്കൂരകളിൽ മഞ്ഞുവീണു കിടക്കുന്ന കൊച്ചുവീടുകള്‍. അതിനിടയിൽ ശാന്തമായിക്കിടക്കുന്ന വെള്ളത്തിന്റെ മനം കുളിർപ്പിക്കുന്ന തണുപ്പ്. ഇടയ്ക്കിടെ അറ്റം കാണാത്ത ഹിമപ്പരപ്പുകൾ. മലമ്പാതയിലൂടെ ഊർന്നുവരുന്ന വെള്ളച്ചാട്ടങ്ങൾ...സ്വപ്നതുല്യമായിരുന്നു ഹാവിക് കാഴ്ചകൾ.

മഞ്ഞിന്റെ വിസ്മയമൊരുക്കുന്ന ഹാവിക്കിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മരിച്ചു കഴിഞ്ഞാല്‍  ഇവിടെ ആരെയും അടക്കം ചെയ്യില്ല!  അതിനു സമീപത്തുള്ള ‘ഓസ്‌ലോ’ യിലേക്കു കൊണ്ടുപോവണം. താഴ്ന്ന താപനില കാരണം ഹാവിക്കിൽ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾ ജീർണ്ണിക്കാത്തതു കൊണ്ടാണ് മൃതദേഹവും കൊണ്ടുള്ള ഈ ഓസ്‌ലോ യാത്ര.

ജിബൂത്തിയുടെ ലഹരി

യാത്രയ്ക്കിടെ ചെന്നെത്തിയ മറ്റൊരു രസികൻ രാജ്യമായിരുന്നു ‘ജിബൂത്തി’. 2006ലായിരുന്നു ഈ ആഫ്രിക്കൻ രാജ്യത്തെത്തിയത്. ചെങ്കടലിനും ഇന്ത്യൻ മഹാസമുദ്രത്തിനുമിടയിലുള്ള ജിബൂത്തി ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽവഴികളിലൊന്നാണ്.

backer7

ഇത്യോപ്യൻ വംശജരും സൊമാലിയൻ വംശജരും ഫ്രഞ്ചുകാരുമെല്ലാം കൂടിക്കലർന്നതാണ് ഈ നാട്ടിലെ ജനത. ഒരു ചെറിയ ശതമാനം ഇന്ത്യക്കാരുമുണ്ട്. കൂടുതലും ഗുജറാത്തികൾ. മനോഹരമായ പ്രകൃതിദ്യശ്യങ്ങളും ഉപ്പുതടാകങ്ങളും അണഞ്ഞ അഗ്നിപർവതങ്ങളും ഇവിടേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ലോകത്തുള്ള എല്ലാത്തരം വൈനുകളും ലഭിക്കും എന്നൊരു പ്രത്യേകതയും ഈ നാടിനുണ്ട്. എന്നാൽ ഇതിനേക്കാളൊക്കെ രസകരമായ മറ്റൊരു വിശേഷം കൂടിയുണ്ട് ജിബൂത്തിക്ക്– ‘ചാട്ട്’.

രാവിലെ മുതൽ ജിബൂത്തിയിലെ തെരുവുകളിൽ ‘ചാട്ട് ഇലകൾ’ വിൽക്കാൻ വച്ചിരിക്കുന്നത് കാണാം. ഇളം പച്ച നിറമുള്ള, നമ്മുടെ വേപ്പിലയോടു സാമ്യമുള്ള ഒരിനം  ഇല. പക്ഷേ, ഇതിന്റെ നീരിൽ ലഹരി അടങ്ങിയിട്ടുണ്ട്. രാവിലെ മുതൽ ഇവിടത്തുകാർ ഇതു വാങ്ങി ചവച്ചു തുടങ്ങും. ഉച്ച കഴിയുമ്പോഴേക്കും നീരിന്റെ ലഹരി ‘തടിക്ക്’ പിടിക്കും. ചാട്ട് സിരകളിൽ കയറിത്തുടങ്ങുന്നതോടെ ജിബൂത്തിയിലെ ജനജീവിതത്തിന്റെ മട്ടുമാറും. സർക്കാർ ഓഫിസുകളിലും കടകളിലുമെല്ലാം ചെല്ലുമ്പോൾ എല്ലാവരും ചാട്ടിന്റെ ഉന്മാദത്തിലായിരിക്കും.

മറ്റേതോ ലോകത്തിലെന്നപോലെയാവും അവരുടെ പെരുമാറ്റം. അതുകൊണ്ടു തന്നെ അനുമതിപത്രങ്ങളും മറ്റും രാവിലെ തന്നെ തയാറാക്കുകയാണ് പതിവ്. അഥവാ വൈകിപ്പോയാൽ അടുത്ത ദിവസം വരെ കാത്തിരിക്കേണ്ടി വരും – ചാട്ടിന്റെ കെട്ടിറങ്ങാൻ.

കപ്പൽവഴിയിലെ സങ്കടക്കാഴ്ചകൾ

ആഘോഷത്തിന്റെയും ആഡംബരത്തിന്റേയും വഴികളിലൂടെ മാത്രമല്ല. കണ്ണു നിറയുന്ന കാഴ്ചകൾക്കും യുദ്ധക്കെടുതികൾക്കുമിടയിലേക്കാവും ചിലപ്പോഴൊക്കെ കപ്പലടുക്കുക. വിനോദത്തിന്റെ കണ്ണികളെത്തിച്ചേരാത്ത ഒരുപാട് രാജ്യങ്ങളിലൂടെയും സഞ്ചരിച്ചു. ചെരിപ്പ് വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ കാല് ചാക്കു കൊണ്ടു കെട്ടിവെച്ച് തുറമുഖത്ത് ജോലി ചെയ്യാൻ വരുന്ന സുഡാനിലെ മനുഷ്യർ, കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ശരീരം വിൽക്കേണ്ടി വരുന്ന ബർമീസ് പെൺകുട്ടികൾ, യുദ്ധക്കെടുതിയിൽ പകച്ചു നിൽക്കുന്ന ഇറാഖിയൻ മുഖങ്ങൾ...അങ്ങനെയൊരുപാട് കണ്ണീർ നനവുള്ള ജീവിതവും യാത്രകളുടെ ഭാഗമാണ്.

backer8 ഭാര്യയും മകനും കൂട്ടുവന്നപ്പോൾ...

ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു ഇറാനിലേക്കുള്ളത്. പൂക്കളും മുന്തിരിത്തോപ്പുകളും മരുഭൂമിയുടെ സൗന്ദര്യവും പ്രതീക്ഷിച്ച് ചെന്ന ഞങ്ങളെ വരവേറ്റത് മനസ്സിനെ മുറിവേൽപ്പിക്കുന്ന കാഴ്ചകളായിരുന്നു.

ഇറാഖുമായുള്ള യുദ്ധത്തിനു ശേഷം ഇറാനിലേക്കെത്തിയ ആദ്യത്തെ കപ്പലായിരുന്നു ഞങ്ങളുടേത്. ‘ബന്ദർ ഇമാം ഖുമൈനി’ തുറമുഖത്തേക്കുള്ള വഴിയിലൂടനീളം യുദ്ധക്കെടുതിയുടെ ഭീകരമുഖങ്ങളായിരുന്നു. മനസ്സിനെ മരവിപ്പിക്കുന്ന കാഴ്ചകൾ. കത്തിയെരിഞ്ഞ എണ്ണ ടാങ്കറുകളുടെ പ്രേതരൂപങ്ങൾ, മിസൈൽ അക്രമണത്തിൽ പാതി മുങ്ങിയും പാതി കത്തിയും അടിത്തട്ടിൽ ഉറച്ചുപോയ കപ്പലുകൾ,  മരണത്തിന്റെ അടയാളം കണക്കെ മുങ്ങിപ്പോയ കപ്പലുകളുടെ ഉയർന്നു നിൽക്കുന്ന പായ്മരങ്ങൾ. ഈന്തപ്പഴത്തിന്റെ മധുരം നിറഞ്ഞിരുന്ന കാറ്റിനപ്പോൾ മരണത്തിന്റെ ചൂരായിരുന്നു– രണ്ടു പതിറ്റാണ്ടു മുൻപ് സാക്ഷ്യം വഹിക്കേണ്ടി വന്ന കാഴ്ചകൾ ഇടമുറിയാതെ ബക്കർ അബു ഓർത്തെടുത്തു.

ഇപ്പോൾ ബക്കർ അബുവിന്റെ കടൽയാത്രകൾ ഖത്തറിന്റെയും യുഎഇയുടേയും തീരങ്ങളിലൂടെയാണ്. അതിരുകളില്ലാത്ത കടൽവഴികളിലൂടെ കാഴ്ചകൾ തേടി സഞ്ചരിക്കുന്നതിനിടയിൽ നഷ്ടമായ യൗവനവും നാടിന്റെ സൗഹൃദവും തിരികെ പിടിക്കാനൊരു ദിശമാറ്റം. ‘‘ഇവിടെയാവുമ്പോൾ ഇടയ്ക്കിടെ പ്രിയപ്പെട്ടവരെ കാണാമല്ലോ. നാട്ടുവിശേഷങ്ങളും ചർച്ചകളും സൗഹൃദങ്ങളുമൊക്കെ അടുത്തറിയാം. പിന്നെ തലശ്ശേരിയുടെ രുചിയും’’– ബക്കർ അബു ഭാര്യ സഫീറയെയും ഇളയമകൻ എമിൻ ഫെലീസിനേയും ചേർത്തു പിടിച്ചു.

പക്ഷേ, നാടിന്റെ സൗഹൃദത്തിലേക്ക് തിരിച്ചുവരുമ്പോഴും ഈ സമുദ്രസഞ്ചാരിയുടെ ക പ്പൽവഴികൾ അവസാനിക്കുന്നില്ല; മകനിലൂടെ അതു തുടരുന്നു. ബക്കർ അബുവിന്റെ മുതിർന്ന മകൻ നാബിൽ സമാൻ ഇപ്പോൾ ഒരു നാവികനാണ്. ഏഴു മാസം കൊണ്ട് ഇരുപതിലധികം രാജ്യങ്ങൾ സന്ദർശിച്ച മറ്റൊരു സമുദ്രസഞ്ചാരി...