Tuesday 28 April 2020 04:59 PM IST : By Easwaran Seeravally

ഡല്‍ഹി സുല്‍ത്താനേറ്റിന്‍റെ അവശേഷിക്കുന്ന അപൂര്‍വ സ്മാരകം: വിശുദ്ധ റമദാന്‍ നോമ്പിന്‍റെ ദിവസങ്ങളില്‍ ഒരു സൗഹൃദയാത്ര

SHITABM1 Photo: Nirmal Roy

ഡൽഹി സുൽത്താനേറ്റിന്റെ സൈന്യാധിപനായ ഉലുഘ് ഖാൻ കാകതീയ സാമ്രാജ്യത്തിനു മേൽ നേടിയ വിജയത്തിന്റെ ബാക്കി പത്രം വറംഗൽ ഫോർട്ടിലെ ഓപൺ എയർ മ്യൂസിയത്തിൽ കണ്ടിറങ്ങുന്നവർ മനസ്സിൽ ആഗ്രഹിക്കുന്നത് പൂർണതയുള്ള ഒരു സ്മാരകമെങ്കിലും കാണാൻ സാധിച്ചെങ്കിൽ എന്നായിരിക്കും. വറംഗൽ ഫോർട് മ്യൂസിയത്തിൽ സവിശേഷമായ കൊത്തുപണികളാൽ അലങ്കരിച്ച ഒട്ടേറെ കെട്ടിടാവശിഷ്ടങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. സ്തംഭങ്ങൾ, മണ്ഡപം, അരഭിത്തി, പടവുകൾ, കവാടങ്ങൾ, പീഠങ്ങൾ ഇങ്ങനെ രൂപമൊപ്പിക്കാവുന്ന ശിലാഖണ്ഡങ്ങളൊക്കെ ഒരുമിച്ച് അടുക്കി കാഴ്ചക്കാർക്കു മുന്നിൽ പൂർണമായൊരു ദൃശ്യമൊരുക്കുവാൻ ഇവിടെ ശ്രമിച്ചിട്ടുണ്ട്. പൂക്കളും മൊട്ടുകളും വള്ളികളും, ആനകൾ, സിംഹങ്ങൾ, അന്നങ്ങൾ, ആനപ്പുറത്തിരിക്കുന്ന സ്ത്രീകൾ ഇങ്ങനെ പലവിധ പാറ്റേണുകൾ ആലേഖനം ചെയ്തിട്ടുണ്ട് ഓരോന്നിലും. സൂക്ഷ്മവും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതുമായ കൊത്തുപണികൾ ഇവയുടെ സവിശേഷതയാണ്. എന്നാൽ ഒരു പോരായ്മ മാത്രം... കാലങ്ങൾക്കിപ്പുറം ഇതൊന്നും പൂർണമല്ല. പൂർണതയുള്ള രൂപം കാണാൻ ആഗ്രഹിക്കുന്നവർക്ക് വറംഗൽ ഫോർട്ടിൽ ബാക്കി നിൽക്കുന്നത് ഷിതാബ് മഹൽ മാത്രം...

പേരിൽ കൊട്ടാരം, പ്രവർത്തിയിൽ ദർബാർ

SHITABM2

വറംഗൽ കോട്ടയ്ക്കുള്ളിലെ സ്വയംഭൂ ശിവക്ഷേത്രത്തിനു സമീപമാണ് ചെറുതെങ്കിലും കരിങ്കൽ കോട്ടപോലെ തോന്നിപ്പിക്കുന്ന ഷിതാബ് മഹൽ എന്ന കെട്ടിടമുള്ളത്. ഫോർട്ട് മ്യൂസിയത്തിലെ കമനീയമായ ശിലാഖണ്ഡങ്ങൾ 12, 13 നൂറ്റാണ്ടുകളിലേതാണെങ്കിൽ ഈ ഇൻഡോ സാരസനിക് ശൈലിയിലുള്ള ഈ കെട്ടിടം 15–ാം നൂറ്റാണ്ടിലേതാണ്. ഖുഷ് മഹൽ എന്നും വിളിക്കാറുള്ള ഈ കെട്ടിടം നിർമിച്ചത് സുൽത്താനേറ്റ് ഭരണത്തിൻ കീഴിൽ ഇവിടെ ഗവർണറായിരുന്ന ഷിതാബ് ഖാനാണ്. പേരിൽ ‘മഹൽ’ എന്നുണ്ടെങ്കിലും വാസയോഗ്യമായ കൊട്ടാരം എന്ന ലക്ഷ്യത്തിലോ ആ മാതൃകയിലോ അല്ല ഇതു നിർമിച്ചത്.

ഡൽഹിയിലെ ദിവാൻ ഇ ആമിനോട് സാദൃശ്യമുള്ള ഷിതാബ് മഹൽ ഗവർണറുടെ സദസ് വിളിച്ചുകൂട്ടാനും പൗരപ്രമുഖരോടും ഉന്നത ഉദ്യോഗസ്ഥരോടും രാജ്യകാര്യങ്ങൾ ചർച്ച ചെയ്യാനുമാണ് ഉപയോഗിച്ചിരുന്നത്.

തെക്കുവടക്ക് ദിശയിൽ ദീർഘചതുരാകൃതിയിലുള്ള ഒരു ഹാൾ ആണ് ഖുശ്മഹൽ. ഉദ്ദേശം നാലടി ഉയരമുള്ള ഒരു തറ കെട്ടി അതിലാണ് കെട്ടിടം പണിതിരിക്കുന്നത്. 53 അടി വീതിയും 140 അടി നീളവുമുള്ള ഹാളിന് 50 അടി ഉയരവുമുണ്ട്. രണ്ട് അറ്റങ്ങളിലും കമാനാകൃതിയിലുള്ള പടുകൂറ്റൻ വാതിലുകൾ, പാർശ്വഭിത്തികളിൽ രണ്ടിലും ആറ് വളച്ചുവാതിൽ വീതം, കെട്ടിടത്തിന്റെ ഉള്ളിൽ നടുക്കായി വെള്ളം ശേഖരിക്കാനാകുന്ന തരത്തിൽ നീളത്തിൽ ഒരു ടാങ്കും തയാറാക്കിയിരിക്കുന്നു. ഒരുഗല്ല് പാറക്കെട്ടിനു താഴെയുള്ള തടാകത്തിൽനിന്നാണ് ഈ ടാങ്കിലേക്ക് ജലം എത്തിച്ചിരുന്നതെന്ന് കരുതുന്നു.

SHITABM5

ഇനിയൊരു പോറലുപോലും ഏൽപിക്കാൻ ഇടമില്ലാത്തവിധം കൊത്തുപണി നിറഞ്ഞ കരിങ്കൽ കഷ്ണങ്ങളാണ് കാകതീയ കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും അവശിഷ്ടങ്ങളായി ഫോർട്ട് മ്യൂസിയത്തിൽ കാണപ്പെട്ടത്. എന്നാൽ ഷിതാബ് മഹലിന്റെ ഭിത്തികളിൽ യാതൊരുവിധ അലങ്കാരങ്ങളും കാണാനില്ല. നീളമുള്ള കരിങ്കൽ ഖണ്ഡങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സിമന്റിന്റെ വെളുപ്പുമാത്രം കാണാം. എങ്കിലും പൊതുവെ വിശ്വസിക്കുന്നത് ഇടിച്ചുനിരത്തിയ കാകതീയ സൗധങ്ങളുടെ കരിങ്കൽ കഷ്ണങ്ങളാണ് ഈ കെട്ടിടം പണിയാനായി ഉപയോഗിച്ചത് എന്നാണ്.

ഷിതാബ് മഹലിന്റെ മുകളിലേക്കു കയറാൻ വീതി കുറഞ്ഞ പടവുകൾ കെട്ടിയിട്ടുണ്ട്. സാധാരണ ഇസ്‌ലാമിക നിർമാണശൈലിയിൽനിന്നു വ്യത്യസ്തമായി താഴികക്കുടങ്ങൾ ഒഴിവാക്കി നിരപ്പായ മേൽക്കുരയാണ്. മുകളിൽ നിന്നാൽ നാലു വശത്തേക്കും കിലോമീറ്ററുകളോളം ദൂരം കാണാം. ഒരുഗല്ലും കാകതീയ കോട്ടയുടെ ശേഷിക്കുന്ന ഭാഗങ്ങളും കൃഷിസ്ഥലങ്ങളും ഒക്കെ കണ്ണിനു കൗതുകം പകരും. നൂറ്റാണ്ടുകൾക്കു മുൻപ് ഒരു നിരീക്ഷണഗോപുരത്തിന്റെ ധർമംകൂടി ഷിതാബ് മഹൽ നിർവഹിച്ചിരുന്നു എന്ന് നമുക്ക് ഊഹിക്കാം.

SHITABM4

ഷിതാബ് ഖാനായ സീതാപതി

12–ാം നൂറ്റാണ്ടിൽ ഇന്നത്തെ ഹനംകൊണ്ട കേന്ദ്രമാക്കി ഉയർന്നുവന്ന ഭരണകൂടമായിരുന്നു കാകതീയവംശം. എഡി 1116 മുതൽ 1157 വരെ ഭരണം നടത്തിയ പ്രോല രണ്ടാമനിൽ തുടങ്ങി രുദ്രദേവ, മഹാദേവ എന്നിവരിലൂടെ ഗണപതിദേവയിലെത്തിയപ്പോഴേക്ക് ഗോദാവരി ഡെൽറ്റ മുതൽ നെല്ലൂർ, കർണൂൽ, കഡപ്പ പ്രദേശങ്ങൾ വരെ നീണ്ടുകിടക്കുന്നൊരു വലിയ സാമ്രാജ്യമായി മാറിയിരുന്നു. ഗണപതിദേവയുടെ അനന്തരാവകാശിയായിരുന്നു രുദ്രമാദേവി. രുദ്രമായുടെ കൊച്ചുമകനായ പ്രതാപ രുദ്ര 1323 ഉലുഘ് ഖാനുമായി നടന്ന യുദ്ധത്തിൽ പരാജയപ്പെട്ടതോടെ കാകതീയ സാമ്രാജ്യം അവസാനിച്ചു.

വറംഗൽ പിടിച്ചെടുത്തശേഷം ഉലൂഘ് ഖാൻ നായിക്കുമാരെയും റെഡ്ഡിമാരെയും നേരിടാൻ പോയപ്പോഴാണ് ഷിതാബ് ഖാൻ ഇവിടെ ഗവർണറാകുന്നത്. ഹുമയൂൺ ഷായുടെ ബാമനി സൈന്യത്തിൽ ഒരു സാധാരണ കാലാളായി സൈനിക ജീവിതം ആരംഭിച്ച ഷിതാബ് ഖാന്റെ ശരിയായ പേര് സീതാപതി രാജു എന്നാണെന്ന് ചരിത്രകാരൻമാർ കണക്കാക്കുന്നു. കാകതീയപ്രദേശത്തിന്റെ ഗവർണർ ആയ കാലയളവിലെ പ്രവർത്തികൾ രേഖപ്പെടുത്തിയ ചില ശിലാശാസനങ്ങളും വറംഗൽ കോട്ടയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ജനസമ്മതനായ ഒരു ഭരാണാധികാരിയായി വിലയിരുത്തപ്പെടുന്ന ഷിതാബ് ഖാൻ കാകതീയ സംസ്കൃതിയെ നിലനിർത്താനും തുടരാനും ശ്രമിച്ചിട്ടുണ്ട്. പാഖൽ തടാകം പോലെ കാകതീയഭരണകാലത്ത് നിർമിച്ച പല തടാകങ്ങളും പുനരുജ്ജീവിപ്പിക്കാൻ അക്കാലത്ത് സാധിച്ചിട്ടുണ്ട്. ഇന്ന് തെലങ്കാനയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് സങ്കേതമാണ് പാഖൽ.

SHITABM6

ഷിതാബ് മഹൽ മ്യൂസിയം

വറംഗൽ ഫോർട് ഓപ്പൺ എയർ മ്യൂസിയത്തിന്റെ തുടർച്ചയായിട്ടാണ് ഷിതാബ് മഹലും സംരക്ഷിക്കുന്നത്. കെട്ടിടത്തിനുള്ളിൽ പുരാവസ്തുവകുപ്പിനു കിട്ടിയ ചില അമൂല്യമായ ശിൽപ്പങ്ങൾ സംരക്ഷിച്ചു പ്രദർശിപ്പിക്കുന്നു. അതിൽ ശ്രദ്ധേയമായ ഒന്നാണ് ശിവവാഹനമായ നന്ദിയുടെ ശിരസ്സ്. കാകതീയ ശിൽപകല എത്രത്തോളം സൂക്ഷ്മമാണെന്ന് മനസ്സിലാക്കാൻ ഇതുമാത്രം മതി. ചതുർബാഹുവായ മഹാവിഷ്ണുവും ചമ്രം പടിഞ്ഞിരിക്കുന്ന ഒരു വൈഷ്ണവഭക്തനും ആണ് മറ്റു ചിലത്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പഴയകാല പീരങ്കികളിൽ ഉപയോഗിച്ചിരുന്ന വെടിയുണ്ടകളുടെ വലിയൊരു ശേഖരവും പ്രദർശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിനു പുറത്ത് കാകതീയ സൗധങ്ങളിൽ താങ്ങുപലകകളായി ഉപയോഗിച്ചിരുന്ന സിംഹങ്ങളുടെയും മറ്റും രൂപങ്ങളും കാണാം. പഴയ കാകതീയപ്രദേശത്ത് ഡൽഹി സുൽത്താനേറ്റിന്റാതായി അവശേഷിക്കുന്ന അപൂർവസ്മാരകങ്ങളിൽ ഒന്നാണ് ഷിതാബ് മഹൽ.