Friday 03 January 2020 02:57 PM IST : By സ്വന്തം ലേഖകൻ

മ്യാൻമറിലെ തമിഴ് സഹോദരൻ; വ്ലോഗർ അജു വെച്ചുച്ചിറയുടെയും സുഹൃത്തിന്റെയും രസകരമായ തമോ യാത്ര (വിഡിയോ)

aju-vlo

ഇരുനൂറിലധികം ദിവസം കൊണ്ട് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും നേപ്പാൾ, ഭൂട്ടാൻ, ചൈന, ബംഗ്ലദേശ്, മ്യാൻമർ അതിർത്തികളും ബൈക്കിൽ സഞ്ചരിച്ച് കണ്ട അജു വെച്ചൂച്ചിറയുടെയും സുഹൃത്തിന്റെയും യാത്ര ഉടനീളം അദ്ഭുതകരമായ അനുഭവങ്ങൾ നിറഞ്ഞതായിരുന്നു. അപരിചിതമായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും എവിടെ നിന്നൊക്കെയോ വീണു കിട്ടിയ സഹായങ്ങൾ ഈ പര്യടനത്തിന് വലിയൊരു കരുത്തായി മാറി. അകലങ്ങളിലെ മനുഷ്യരുടെ സ്നേഹവും വിശ്വാസവും കരുതലും എത്ര തവണ അനുഭവിച്ചുവെന്ന് പറയുക വയ്യ. ജീവിതം പോലെതന്നെ പ്രതീക്ഷകളെയും മുൻവിധികളെയും അസ്ഥാനത്താക്കിയവയാണ് യാത്രാവഴികളിലെ അനുഭവങ്ങൾ. മ്യാൻമറിലെ തമോയിൽ വച്ച് ആ നാട്ടുകാരനായ ഒരാൾ സഹായത്തിന് എത്തിയത് അതിർത്തിയിൽവച്ച് അജുവിന്റെ കോയമ്പത്തൂർ റജിസ്ട്രേഷനുള്ള ബൈക്കിലെ ‘ടിഎൻ’ കണ്ടിട്ടാണ്. തമിഴ്നാട് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തമിഴ് സഹോദരന്റെ സഹായകഥ ഇങ്ങനെ... 

മൊറെ അതിർത്തി

യാത്ര ഒരുമാസം കഴിഞ്ഞപ്പോൾ അജുവും സുഹൃത്ത് രാജേഷും കൊറോമാൻഡൽ തീരത്തുകൂടെ ബംഗാൾ വഴി നോർത്ത് ഈസ്റ്റിൽ എത്തി. അസം, മേഘാലയ, ത്രിപുര, മിസോറാം സംസ്ഥാനങ്ങൾ താണ്ടി മണിപ്പുരിലൂടെ ആയി യാത്ര. ഇന്ത്യ–മ്യാൻമർ അതിർത്തിയായ മൊറെ ആയിരുന്നു ലക്ഷ്യം. 

ഇംഫാലിൽ നിന്ന് 120 കി മീ ഉണ്ട് മൊറെയിലേക്ക്. റോഡ് റീടാർ ചെയ്യുന്നതിനായി ഇളക്കി ഇട്ടിരിക്കുന്നതിനാൽ മണ്ണും ചളിയും ചേർന്ന് കുഴമ്പ് പരുവത്തിലുള്ള റോഡ്. മൊറെ എത്തും മുൻപ് ടെന്റടിച്ച് രാത്രി തങ്ങി. പിറ്റേന്ന് രാവിലെ അതിർത്തിയിൽ എത്തി. ഇന്ത്യയുടെ ചെക് പോ‌സ്റ്റിൽനിന്ന് 20 രൂപയുടെ പാസ് എടുത്താൽ അതിർത്തി കടന്ന് മ്യാന്മർ അതിർത്തി പട്ടണമായ തമോയിലേക്ക് പോകാം.  ഉച്ചതിരിഞ്ഞ് 4 മണിക്കു മുൻപ് തിരിച്ച് വരികയും വേണം. നമ്മുടെ തിരിച്ചറിയൽ കാർഡോ ആധാർ കാർഡോ ചെക്പോസ്‌റ്റിൽ കൊടുക്കണം, തിരിച്ചു വരുമ്പോൾ മടക്കി നൽകും. 

ഗിയറില്ലാത്ത വണ്ടി കൊണ്ടുപോകാൻ അനുവദിക്കും. തമോയിൽ ഗിയർലെസ് വാഹനങ്ങളെ ഉള്ളു, മാത്രമല്ല ലെഫ്റ്റ് ഹാൻഡ് ഡ്രൈവിങ് ആണു താനും. ലഗേജുകളൊന്നും കൊണ്ടുപോകാൻ അനുവദിക്കുകയില്ല. അതിർത്തിയിൽനിന്ന് ഓട്ടോ പിടിച്ചാൽ അവർ തമോനഗരം ചുറ്റിക്കാണിച്ച് തിരികെ കൊണ്ടുവിടും. വണ്ടി ബോർഡറിൽ വച്ച ശേഷം അതിർത്തി കടന്നു, ഒരു ഓട്ടോക്കാരനുമായി സംസാരിച്ച് 200 രൂപ എന്ന് ഉറപ്പിക്കുമ്പോൾ ഒരാൾ ഞങ്ങളുടെ ഇടയിലേക്ക് കയറിവന്നു. 200 രൂപ അധികമാണെന്നും 20 രൂപയ്ക്ക് നഗരം കാണിച്ച് തിരികെ കൊണ്ടുവിടണമെന്നും അയാൾ ‍ഞങ്ങൾക്കുവേണ്ടി വാദിച്ചു. നാട്ടുകാരനും ഓട്ടോക്കാരനും തമ്മിലുള്ള തർക്കം എപ്പോൾ വേണമെങ്കിലും കയ്യാങ്കളിയിൽ എത്തുമെന്നായി. ഇടയ്ക്ക് ആ നാട്ടുകാരൻ ഞങ്ങളോട് മുന്നോട്ട് നടന്ന് അൽപം മാറി നിൽക്കാൻ ആവശ്യപ്പെട്ടു, അതും നല്ല തമിഴ്പേച്ച്. അന്യനാട്ടിൽ, ഒരു മുൻപരിചയവുമില്ലാത്ത ഒരാൾ എങ്കിലും പരിചയമുള്ള ഭാഷ... ഏതായാലും ഞങ്ങൾ അയാൾ പറഞ്ഞത് അനുസരിച്ചു. 

തമോ മാർക്കറ്റ്

അൽപസമയത്തിനുള്ളിൽ വഴക്ക് അവസാനിപ്പിച്ച് സ്കൂട്ടറിൽ അവിടെത്തിയ അയാൾ ഞങ്ങളെ തമോ നഗരത്തിലെത്തിച്ചു. ഇഷ്ടംപോലെ നടന്ന് കാഴ്ചകൾ കണ്ടശേഷം ബന്ധപ്പെടാൻ ഒരു ഫോൺ നമ്പറും തന്നിട്ട് പറഞ്ഞു വിളിച്ചാൽ മതി, തിരികെ അതിർത്തിയിൽ എത്തിക്കാമെന്ന്. എന്താണ് ആ മനുഷ്യന്റെ വികാരം എന്നു ചിന്തിച്ചപ്പോഴേക്കും മറുപടി കിട്ടി, ‘നിങ്ങൾ തമിഴ്നാട്ടിൽ എവിടെനിന്നാണ്? അതിർത്തിയിൽ വച്ച് ബൈക്കിന്റെ നമ്പർ കണ്ടപ്പോഴേ ഞാൻ ശ്രദ്ധിച്ചതാ.’ തമിഴ്... അതാണ് കാര്യം. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ ഇന്നത്തെ മ്യാന്മറിന്റെ (പഴയ ബർമ) പല മേഖലകളിലും ഇന്ത്യയിൽനിന്ന് കുടിയേറിയവർ വലിയ ശക്തികളായിരുന്നു. അതിൽ റംഗൂണിലൊക്കെപ്പോയ മലയാളികളെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ടല്ലോ. ഇരുപതു കൊല്ലം മുൻപ് പോലും തമോയിലെ വലിയൊരു വിഭാഗമായിരുന്നു തമിഴ്‌വംശജർ. ഇപ്പോൾ ഉദ്ദേശം 5000 പേർ മാത്രമെ ഉള്ളു, ഇവരിൽ പലരും തമിഴ്നാട് കണ്ടിട്ടുമില്ല. അത്തരത്തിൽ ഒരാളായിരുന്നു ഞങ്ങളുടെ സഹായി ആയി അവിടെ അവതരിച്ചത്.  

തമോ ഒരു ചെറിയ നഗരപ്രദേശമായിരുന്നു. പ്രധാന കൗതുകകാഴ്ച മാർക്കറ്റ് ആയിരുന്നു. ചീവിടു പൊരിച്ച് തയ്യാറാക്കിയ ഒരു വിഭവം ചൂടോടെ വിൽക്കുന്നതും കണ്ടു. കള്ളക്കടത്തായി ഇന്ത്യയിൽനിന്നും മറ്റും എത്തിക്കുന്ന സാധനങ്ങളാണ് മാർക്കറ്റിലെ പ്രധാന വിപണന വസ്തുക്കൾ. ഉച്ചയോടെ തമിഴ്സുഹൃത്തിന്റെ സഹായത്തോടെ അതിർത്തിയിലെത്തി ഇന്ത്യയിൽ പ്രവേശിച്ചു. ഇംഫാലിലേക്ക് മടങ്ങി, വ്ലോഗർ കൂടിയായ അജു വെച്ചുച്ചിറയുടെയും സുഹൃത്തിന്റെയും രസകരമായ തമോ അനുഭവങ്ങളുടെ വിഡിയോ ഇവിടെ കാണാം;

Tags:
  • Food and Travel
  • Manorama Traveller