‘മൂന്ന് വർഷം മുൻപ് വ്ലോഗിങ് തുടങ്ങുമ്പോൾ അതെങ്ങനെയായി തീരും എന്നൊരു ധാരണയൊന്നും ഇല്ലായിരുന്നു. അത്രകാലം ആളുകൾ കണ്ടത് സഞ്ചാരലോകത്തെ കുലപതി സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രകളാണ്. ആളുകൾ ഇരുക്കൈയും നീട്ടി സ്വീകരിച്ച ആ ഒരു യാത്ര അവതരണ പരിപാടിയിൽ നിന്ന് എന്തെങ്കിലുമൊക്കെ വ്യത്യാസം വേണം എന്നുമാത്രമായിരുന്നു മനസ്സിൽ. ആദ്യകാലത്തൊക്കെ നടത്തുന്ന യാത്രകളെ കുറിച്ച് ബ്ലോഗ് എഴുതി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയായിരുന്നു പതിവ്. പിന്നീട് എനിക്ക് തന്നെ മനസ്സിലായി വായനയിൽ താൽപര്യം കുറയുകയും ദൃശ്യമേഖലയിൽ താൽപര്യം കൂടുകയും ചെയ്തൊരു സമൂഹത്തിനുമുന്നിൽ പുതിയൊരു രീതി അവതരിപ്പിച്ചേ പറ്റൂ. എന്ത് എന്നതിന്റെ ഉത്തരമായിരുന്നു ‘വ്ലോഗിങ്’. ഇന്നുകാണുന്നത്ര ട്രാവൽ വ്ലോഗർമാരൊന്നും ഞാൻ ട്രാവൽ വ്ലോഗിങ് തുടങ്ങുമ്പോൾ ഇല്ല.
യാത്ര യാത്രയായി കണ്ട് ഇഷ്ടപ്പെടുന്ന സഞ്ചാരി. 12 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള വ്ലോഗർ. താൻ കാണുന്ന കാഴ്ചകളൊക്കെയും വ്ലോഗിങ്ങിലൂടെ അവതരിപ്പിച്ച് കാഴ്ചക്കാരെ കൂടി തന്റെ യാത്രകളിൽ കൂടെ കൂട്ടുന്ന ട്രാവൽ വ്ലോഗർ സുജിത്ത് ഭക്തൻ, നടത്തിയ യാത്രകളും അനുഭവങ്ങളും മനോരമ ട്രാവലറുമായി പങ്കുവയ്ക്കുന്നു.
തായ്‌ലൻഡിൽ തുടങ്ങുന്നു!
ബെംഗളൂരുവിൽ നിന്ന് എൻജിനീയറിങ് പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴും എനിക്ക് ഉറപ്പായിരുന്നു ഞാൻ ഒരിക്കലും ഒരു എൻജിനീയർ ആകില്ല. യാത്രകൾ അത്രമേൽ ഇഷ്ടമാണ്. നടത്തിയ ചെറിയ യാത്രകളൊക്കെ ബ്ലോഗെഴുത്തിൽ ഒതുക്കി. അതിൽ നിന്ന് ചെറിയൊരു വരുമാനം ലഭിച്ചു തുടങ്ങി. അങ്ങനെയാണ് യാത്രകൾ വഴി ഉപജീവനമാർഗം കണ്ടെത്താം എന്ന ആശയം തോന്നുന്നത്. അതിന്റെ രണ്ടാംപടിയായിരുന്നു വ്ലോഗിങ്. തുടക്കകാലത്ത് നേരിട്ട വലിയ രണ്ട് ചലഞ്ചുകളുണ്ട്. ഒന്ന്, എന്റെ വ്ലോഗിങ് രീതിയെ സന്തോഷ് സാറിന്റെ സഞ്ചാരം പരിപാടിയുമായി താരതമ്യപ്പെടുത്തുന്നു എന്നതായിരുന്നു. വ്ലോഗിങ് രീതി എന്താണ് എന്നത് അറിയാത്ത പ്രശ്നമായിരുന്നെന്ന് തോന്നുന്നു അത്. പിന്നീട് വ്ലോഗിങ് എന്താണെന്ന് കാഴ്ചക്കാർ മനസ്സിലാക്കി തുടങ്ങിയപ്പോൾ നല്ല സ്വീകാര്യത ലഭിച്ചു. രണ്ടാമത്തേത്, യൂട്യൂബിന്റെ ഒരു അൽഗൊരിതപ്രകാരം നമ്മുടെ വീഡിയോ സജസ്റ്റ് ചെയ്യണമെങ്കിൽ അതിേനാട് സാമ്യമുള്ള വീഡിയോ വേറെ വേണം. ഞാൻ വ്ലോഗിങ് തുടങ്ങുമ്പോൾ വേറെ ട്രാവൽ വ്ലോഗിങ് ഇല്ല. പക്ഷേ, ടെക് അല്ലെങ്കിൽ ഫൂഡ് ഒക്കെ അവതരിപ്പിക്കുന്ന വ്ലോഗേഴ്സ് ഉണ്ട്. ആ ചലഞ്ചിനെ മറികടക്കാൻ ചാനലിന് ‘ടെക് ട്രാവൽ ഈറ്റ്’ എന്ന് പേരുനൽകി. അതോടെ ടെക് വ്ലോഗിങ്ങിന്റെയും ഫൂഡ് വ്ലോഗിങ്ങിന്റെയും കൂടെ സജസ്റ്റ് ചെയ്തുകൊണ്ട് എന്റെ വീഡിയോകളും വരാൻ തുടങ്ങി. ആളുകൾ ചാനൽ സ്വീകരിച്ച് തുടങ്ങിയപ്പോൾ വ്ലോഗിങ് ഇഷ്ടപ്പെടുന്നവർക്കായി വിവിധ വർക്ക് ഷോപ്പുകൾ നടത്താൻ തുടങ്ങി. അങ്ങനെ ഒരു വർക്ക്ഷോപ്പിൽ വച്ച് ഹാരിസ് അമീർ അലി എന്നൊരു സുഹൃത്തിനെ പരിചയപ്പെട്ടു. അദ്ദേഹം ഒരു ട്രാവൽ ഏജൻസി നടത്തുകയാണ്. അതിന്റെ പ്രമോഷനായി വ്ലോഗിങ് പഠിക്കാൻ വന്നതാണ്. ‘ താങ്കളുടെ ഏജൻസിയെ കുറിച്ച് സ്വയം പറയുന്നതിനേക്കാൾ നല്ലതല്ലേ മറ്റൊരാൾ അവതരിപ്പിക്കുന്നത് ’ എന്ന എന്റെ ചോദ്യത്തിൽ നിന്നാണ് തായ്‌ലൻഡ് യാത്രയുടെ തുടക്കം. അവരുടെ ഏജൻസി പ്രമോഷന്റെ ഭാഗമായി ഞാൻ തായ്‌ലൻഡിൽ പോയി. എന്റെ ആദ്യത്തെ വിദേശയാത്ര.
വിമാനത്തിൽ മുൻപ് കയറിയിട്ടുണ്ടെങ്കിലും രാജ്യം വിട്ട് പോയിട്ടില്ല. ഈ യാത്രയ്ക്ക് വേണ്ടിയാണ് ഞാൻ പാസ്പോർട് എടുക്കുന്നത് പോലും. എയർ ഏഷ്യയുടെ വിമാനത്തിൽ ഒരു രാത്രിയിൽ കൊച്ചിയിൽ നിന്ന് കയറുന്നു. പിറ്റേന്ന് പുലർച്ചെ അവിടെ എത്തുന്നു. വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾ പോലും എങ്ങനെ എന്നത് കൃത്യമായ അറിവില്ലായിരുന്നു. അതുവരെ തായ്‍ലൻഡ് കാഴ്ചകൾ ആരും വ്ലോഗ് ചെയ്തിട്ടുണ്ടായിരുന്നില്ല. അതിനാൽ തന്നെ കടുവയ്ക്ക് പാലുകൊടുക്കുന്നതും, നൈറ്റ് സ്ട്രീറ്റ്സും മസാജിങ് പാർലറും, തായ് ഫൂഡും, സഫാരി വേൾഡും സഫാരി പാർക്കും എല്ലാം കാഴ്ചക്കാർ ശരിക്കും ആസ്വദിച്ചു. ടൂറിസത്തെയും അതിന്റെ സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തുന്ന രാജ്യമാണ് തായ്‌ലൻഡ്.
ഇന്ത്യയും അയൽവാസികളും
ആളുകൾ ഏറ്റെടുത്ത യാത്രാ വ്ലോഗ് സീരീസ് ആയിരുന്നു ഇന്ത്യ– നേപ്പാൾ – ഭൂട്ടാൻ യാത്ര (INB Trip). 60 ദിവസം, 15000 കിലോമീറ്റർ നീണ്ട യാത്ര. കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന എമിൽ ജോർജ്, മറ്റു സുഹൃത്തുക്കളായ ഹാരിസ് അമീർ അലി, സലീഷ് എന്നിവരായിരുന്നു യാത്രയിൽ കൂടെയുണ്ടായിരുന്നത്. എന്റെ വാഹനമായ ഫോർഡ് എക്കോസ്പോർട്ടിലായിരുന്നു യാത്ര. മൂന്നാറിൽ നിന്നാണ് യാത്രയുടെ തുടക്കം. യൂട്യൂബിലെ എന്റെ ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുമ്പോൾ ഒരു ഓൾ ഇന്ത്യ ട്രിപ്പ് എന്നത് വളരെ നാളായി കൊണ്ടുനടന്ന ആഗ്രഹമായിരുന്നു. അഞ്ച് ലക്ഷം സബ്സ്ക്രൈബേഴ്സ് ആയപ്പോഴാണ് ആ യാത്ര സഫലമായത്. തൊട്ടടുത്ത രാജ്യമായ ഭൂട്ടാനും നേപ്പാളും കൂടി യാത്രയിൽ ഉൾപ്പെടുത്തി. കൊച്ചി– നെല്ലൂർ– വിജയവാഡ – വിശാഖപട്ടണം – ഭുവനേശ്വർ– കൊൽക്കത്ത– സിലിഗുരി – ഡാർജലിംഗ്– സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക്– ഭൂട്ടാൻ– തിംപു – പാറോ – തിരിച്ച് തിംപു – ഫുനാക്ക (Phunaka)- ഈസ്റ്റ് ഭൂട്ടാന്‍– ദുംതാംഗ് അവിടെ നിന്ന് തിരിച്ച് ഇന്ത്യയിലേക്ക്. അസമിലെ ഗുവാഹട്ടി– മേഘാലയയിലെ ഷില്ലോങ് – ചിറാപുഞ്ചി– ശേഷം നേപ്പാൾ – ഉത്തർപ്രദേശ്– പഞ്ചാബ് – ജമ്മുകാശ്മീർ– ലേ– ലഡാക്ക് – മണാലി – ചണ്ഡീഗഡ് – ഡൽഹി– ആഗ്ര വഴി ഗ്വാളിയാർ– നാഗ്പൂർ – ഹൈദരാബാദ് – ബെംഗളൂരു– കൊച്ചി ഇതായിരുന്നു യാത്രയുടെ റൂട്ട്. റോഡ് വഴിയുള്ള യാത്രകൾ പ്ലാൻ ചെയ്ത പോലെ തന്നെ നടക്കില്ല. യാത്ര മുഴുവനായി 79 ഭാഗമായാണ് വ്ലോഗ് ചെയ്തത്.
ഒഡീഷ മുതലാണ് ശരിക്കും കാഴ്ചകൾ തുടങ്ങുന്നത് കൊണാർക്ക് സൂര്യക്ഷേത്രം കൊൽക്കത്തയിലെ ഹൗറാ ബ്രിഡ്ജ്, ട്രാം യാത്ര, വെസ്റ്റ് ബംഗാളിന്റെ മൂന്നാർ എന്നറിയപ്പെടുന്ന സിലിഗുരി എല്ലാം വേറിട്ട അനുഭവങ്ങൾ സമ്മാനിച്ചു. സിലിഗുരിയിൽ നിന്ന് നേപ്പാൾ അതിർത്തി ഗ്രാമമായ മിറിക് വഴിയായിരുന്നു ഡാർജലിങ്ങിലേക്കുള്ള യാത്ര. സിക്കിമിൽ നിന്ന് ഭൂട്ടാനിലേക്ക് കടന്നപ്പോഴേ മഴ തുടങ്ങി. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടൽ ശരിക്കും ഞെട്ടിച്ചു. ബീയർ, വൈൻ തുടങ്ങിയവയെല്ലാം ചെറിയ ഹോട്ടലുകളിൽ പോലും സുലഭമായി ലഭിക്കും. ഭൂട്ടാനിൽ നിന്ന് തിംപു എന്ന സ്ഥലത്തേക്കും അവിടെ നിന്ന് പാറോയിലേക്കുമായിരുന്നു യാത്ര. പാറോയിലെ വേറിട്ട അനുഭവം ടൈഗർ നെസ്റ്റ് ട്രെക്കിങ്ങായിരുന്നു.
കൊതിപ്പിച്ച മേഘാലയ, വെറുപ്പിച്ച നേപ്പാൾ
ആനന്ദത്തിന്റെ നഗരമായ ഭൂട്ടാൻ ശരിക്കും ആസ്വദിച്ചു. അസമിലെ ഗുവാഹട്ടിയിൽ നിന്നാണ് മേഘാലയയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഷില്ലോങ്ങിലെ എടുത്തുപറയേണ്ട കാഴ്ചകൾ ഡൗക്കി നദി, ബംഗ്ലാദേശ് ബോർഡർ, ഡോൺ ബോസ്കോ മ്യൂസിയം, ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് അറിയപ്പെടുന്ന മൗലിങ്‌ലോങ് (Mawlinglong), മോണോലിത്തുകൾ, റാങ് ഷൂരി വെള്ളച്ചാട്ടം (Krang Shuri Waterfalls) എന്നിവയായിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന നാട് എന്ന വിശേഷണം മേഘാലയയിലെ മോസിൻറാം എന്ന ഇടത്തിനാണ്. മുൻപ് ഇത് ചിറാപുഞ്ചിയായിരുന്നു. അഞ്ചോ പത്തോ മിനിട്ട് ഇടവേളകളിൽ മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ലിവിങ് റൂട്ട് ബ്രിഡ്ജായിരുന്നു മേഘാലയയിലെ കാഴ്ചകളിൽ പ്രധാനം. 3500 പടികൾ ഇറങ്ങി കയറണം. സെവൻ സിേസ്റ്റഴ്സ് വെള്ളച്ചാട്ടമാണ് മറ്റൊരു പ്രധാന കാഴ്ച. ചിറാപുഞ്ചിയിൽ നിന്ന് നേരെ പോയത് നേപ്പാളിലേക്ക്. കാഠ്മണ്ഡുവിലെ ദർബാർ സ്ക്വയർ, സ്വയംഭൂനാഥ ക്ഷേത്രം, വലിയ ബുദ്ധസ്തൂപം എല്ലാ കാഴ്ചകളും അതിശയിപ്പിച്ചു. പക്ഷേ, പല തരം നെഗറ്റീവ് അനുഭവങ്ങളും നേപ്പാളിൽ നേരിടേണ്ടി വന്നു. ഈ യാത്രറൂട്ടിൽ ഏറെ ആസ്വദിച്ച ഭാഗം ജമ്മു – കാശ്മീർ, ലേ – ലഡാക്ക് ആണ്. ആപ്പിൾ തോട്ടങ്ങളും ദാൽ തടാകവും പഹൽഗാം ഗ്രാമവും, ആറുവാലി എന്ന താഴ്‌വര, ദൂദ്പത്രി ഹിൽ േസ്റ്റഷൻ, കാർഗിലിലെ വാർ മെമ്മോറിയലും ലേ ലഡാക്കിലെ കർദുങ്‌ലാ പാസ്, നൂബ്രാവാലി, ഹുണ്ടൂർ ഗ്രാമം, പാങ്കോങ് തടാകം...വാക്കുകളിൽ ഒതുങ്ങില്ല ആ സൗന്ദര്യം.
ലേയിൽ നിന്ന് മണാലിയിലേക്കുള്ള റൂട്ടിലാണ് ഏറ്റവും സാഹസികമായ ഡ്രൈവിങ് വേണ്ടി വന്നത്. വഴിയിൽ പലയിടത്തായി വാട്ടർ ക്രോസിങ്ങുണ്ട്. വിദഗ്ധനായ ഒരു ഡ്രൈവർക്ക് മാത്രമേ ഈ ഭാഗത്ത് വാഹനം കൈകാര്യം ചെയ്യാൻ സാധിക്കൂ. ജെസ്പ – റൊത്താങ് പാസ് വഴിയായിരുന്നു മണാലിയിൽ എത്തിയത്.
പാകിസ്ഥാന്റെ മണ്ണിൽ, സൗഹൃദത്തിന്റെ ഇടനാഴിയിൽ
ഇന്ത്യക്കാർക്ക് പാകിസ്ഥാന്റെ മണ്ണിൽ കാലുകുത്താനുള്ള ഏക അവസരമാണ് കർത്താർപൂർ ഇടനാഴി. സിംഗപ്പൂർ, ഒമാൻ, തായ്‌ലാൻഡ്, യുഎഇ, ഭൂട്ടാൻ, നേപ്പാൾ, ചൈന, ശ്രീലങ്ക, മൊറോക്കോ എന്നീ രാജ്യങ്ങളിലെല്ലാം പോയിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്തൊരു ത്രില്ല് പാകിസ്ഥാന്റെ ഭാഗമായ കർത്താർപൂർ ഇടനാഴിയിലേക്കുള്ള യാത്രയ്ക്കുണ്ടായിരുന്നു. പാക് അധീനതയിലുള്ള പഞ്ചാബിലെ കർത്താർപൂരിൽ സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയുണ്ട്, ദർബാർ സാഹിബ്. ഇന്ത്യയിലെ സിഖ് മതക്കാരുടെ പുണ്യസ്ഥലമായ ഗുരുദാസ്പൂരിലും ദേരാ ബാബാ നാനക് എന്നൊരു ഗുരുദ്വാരയുമുണ്ട്. ഈ രണ്ട് ഗുരുദ്വാരകളും പരസ്പരം ബന്ധിപ്പിച്ച് ഇന്ത്യയിലെ തീർത്ഥാടകർക്ക് സന്ദർശനം ലഭ്യമാക്കുന്ന ഇടനാഴിയാണ് കർത്താർപൂർ ഇടനാഴി. രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കർത്താർപൂരിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പൂറിലേക്ക് നീണ്ടുനിൽക്കുന്ന നാല് കിലോമീറ്റർ നീണ്ട തീർഥാടനപാത. പണ്ട് ഇന്ത്യയിലെ സിഖുകാർ പഞ്ചാബിലെ ദേരാ ബാബാ നാനക് ഗുരുദ്വാരയിൽ നിന്ന് ദൂരദർശിനി വച്ചായിരുന്നു നാല് കിലോമീറ്റർ അകലെ പാകിസ്ഥാന്റെ മണ്ണിലുള്ള ഗുരുനാനാക്കിന്റെ സമാധിസ്ഥലം കണ്ടിരുന്നത്. ഇന്ന് ഏതൊരു ഇന്ത്യക്കാരനും പാകിസ്ഥാന്റെ മണ്ണിൽ കാലുകുത്താനുള്ള അവസരമാണ് ഈ സൗഹൃദ ഇടനാഴി ഒരുക്കുന്നത്. കർത്താർപൂർ യാത്രയ്ക്ക് മുൻകൂട്ടി അപേക്ഷിക്കണം. പാസ്പോർട്ട് വേണം. പക്ഷേ വീസ എന്റർ ചെയ്യില്ല. എൻട്രി ഫീ അടയ്ക്കുമ്പോൾ ലഭിക്കുന്ന എൻട്രിപാസിൽ സീൽ വയ്ക്കും. ഇന്ത്യ പാക് അതിർത്തി വിട്ട് അഞ്ച് കിലോമീറ്റർ ദൂരം പോകാൻ മാത്രമേ അനുവാദമുള്ളൂ. വ്ലോഗറും മാധ്യമപ്രവർത്തകനുമയ ബൈജു, മറ്റൊരു സുഹൃത്ത് അനൂപ് എന്നിവരായിരുന്നു യാത്രയിൽ കൂടെയുണ്ടായിരുന്നത്. അതിർത്തി വിട്ടാൽ പിന്നെ ബഗ്ഗിയിൽ കയറി വേണം അകത്തുകടക്കാൻ. ചുറ്റും മൂടൽമഞ്ഞാണ്. തൊട്ടുമുന്നിലുള്ളതു പോലും കാണാൻ കഴിയാത്ത അവസ്ഥ. 20 US ഡോളറാണ് പ്രവേശന ഫീസ്. മണി എക്സ്ചേഞ്ച് ഓഫിസിൽ നിന്ന് കറൻസി മാറ്റി വാങ്ങാം. ദർബാർ സാഹിബ് ഗുരുദ്വാരയ്ക്ക് അടുത്തുള്ള മാർക്കറ്റിൽ നിന്നും ചെറിയ ഷോപ്പിങ് നടത്താം. ഇന്ത്യൻ കറൻസി എടുക്കില്ല. പാകിസ്ഥാൻ കറൻസി മാത്രം. നമ്മുടെ നാട്ടിലെ ഉദ്ഘാടനഫലകം ഇല്ലേ, അതുപോലെ കത്തിയുടെ ആകൃതിയിലുള്ള ഒരു ഫലകമാണ് ആദ്യകാഴ്ച. അതിൽ കർത്താർപൂർ ഇടനാഴിയുടെ ഉദ്ഘാടന വിവരങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഗുരുദ്വാരയിൽ പ്രവേശിക്കും മുൻപ് തല തുണി വച്ച് മറയ്ക്കണം. നമ്മൾ ശബരിമല പോകുമ്പോൾ പമ്പയിൽ കുളിക്കും പോലെ ഇവിടെ കുളിക്കാൻ ‘സരോവർ ’ എന്ന പേരിലൊരു കുളമുണ്ട്. എല്ലാ ഗുരുധ്വാരകളിലെയും പോലെ അന്നദാനമുണ്ട്. ഗുരുദ്വാര തകർക്കാനായി ഇന്ത്യൻ ആർമി ഇട്ടതെന്ന് കരുതപ്പെടുന്ന ബോംബ് ഒരു സ്ഫടിക പാത്രത്തിൽ ഈ പുണ്യസ്ഥലത്തിന്റെ അദ്ഭുതപ്രതീകമായി സൂക്ഷിച്ചുവച്ചിരിക്കുന്നു. ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം, ബായ് അജീതാ ജീ ബസാർ എന്ന മാർക്കറ്റുമാണ് മറ്റു കാഴ്ചകൾ.
കടൽ കടന്ന് ആഡംബരകപ്പലിൽ
സിംഗപ്പൂരിൽ നിന്നാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ കപ്പൽ യാത്ര തുടങ്ങുന്നത്. റോയൽ കരീബിയൻ എന്ന കമ്പനിയുടെ Quantam of the Seas എന്ന അത്യാഡംബര പടുകൂറ്റൻ കപ്പൽ. ഉദ്ദേശം 3500 ആളുകളോളം യാത്രികരായും 2500 ആളുകൾ ജീവനക്കാരായും ആ കപ്പലിൽ ഉണ്ടായിരുന്നു. സിംഗപ്പൂർ– മലേഷ്യ– തായ്‌ലാൻഡ് സന്ദർശിച്ച് തിരിച്ച് സിംഗപ്പൂരിൽ വന്നെത്തുന്ന രീതിയിലാണ് യാത്രയുടെ റൂട്ട്. ഏറ്റവും ആകർഷിച്ച ഒരു കാര്യം, അൺലിമിറ്റഡ് ഭക്ഷണമാണ് കപ്പലിലെ യാത്രക്കാർക്ക് ലഭിക്കുന്നത്. ഇഷ്ടമുള്ളത് ഇഷ്ടം പേലെ കഴിക്കാം, കുടിക്കാം. കപ്പലിൽ പല ഭാഗങ്ങളിലായി പല തരം റസ്റ്ററന്റുകളുണ്ട്. റസ്റ്ററന്റ് മാത്രമല്ല സ്വിമിംങ് പൂളുകൾ, ഷോപ്പിങ് മാർക്കറ്റുകൾ, ഒരു കാസിനോ...ഏറ്റവും വിസ്മയിപ്പിച്ച ഒരു അനുഭവം ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ് റൈഡായ ‘നോർത്ത് സ്റ്റാറി’ന്റെ മുകളിൽ കയറി ഓടിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാൻ സാധിച്ചു. കപ്പലിൽ യാത്ര ചെയ്ത് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ പ്രത്യേകിച്ച് ഇമിഗ്രേഷൻ പരിപാടികൾ ഒന്നും തന്നെയില്ല. പാസ്പോർട്ടുകൾ കപ്പലിൽ വാങ്ങി വയ്ക്കും. പകരം ഒരു ‘സീ പാസ്സ്’ തരും. പാസ്പോർട്ടിന് തുല്യമായ രേഖയാണിത്. മലേഷ്യയിലേതു പോലെ കപ്പൽ ഫുക്കറ്റിൽ അടുത്തില്ല. ചെറിയ ബോട്ടുകളിലാണ് ഫുക്കറ്റിലേക്ക് പോയത്. പോകുന്ന ഇടങ്ങളിലെല്ലാം സിറ്റി ടൂറിനും കാഴ്ചകൾ കാണാനുമുള്ള അനുമതിയും സമയവുമുണ്ട്. അഞ്ച് ദിവസത്തെ കപ്പൽ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത ഏടാണ്.
യാത്രകളാണ് എന്റെ ജീവിതവും, ഉപജീവനവും. ഇനിയും ഒട്ടേറെ വേറിട്ട കാഴ്ചകൾ പകർത്തി , പുതിയ ഇടങ്ങൾ തേടി പരിചയപ്പെടുത്തി , വേറിട്ട അനുഭവങ്ങൾ പങ്കുവച്ച് ജീവിതത്തിൽ കൊരുത്തിടേണ്ട ഏടുകൾ കൂട്ടിച്ചേർത്ത് എന്റെ സഞ്ചാരം തുടർന്നുകൊണ്ടേയിരിക്കും. ഞാൻ കാണുന്ന ലോകം വ്ലോഗിങ്ങിലൂടെ നിങ്ങളോരോരുത്തരും കാണും. നമ്മളൊരുമിച്ച് ഈ ലോകം ചുറ്റും...
(2020 ഏപ്രിൽ ലക്കം മനോരമ ട്രാവലർ മാഗസിനിൽ പ്രസിദ്ധീകരിച്ചത്)