Saturday 22 February 2020 04:05 PM IST : By Text & Photo: Jithin Joshy

എവിടെയും മീൻ വളർത്തുന്ന വലിയ കുളങ്ങൾ; ഗ്രാമീണർ കുളിക്കുന്നതും നനയ്ക്കുന്നതും ഈ വെള്ളത്തിൽ! ചക്കള ഗ്രാമത്തിലെ അപൂർവ കാഴ്‌ചകൾ!

chakla-village Photo: Jithin Joshy

ആശുപത്രിയോടു ചേർന്നൊഴുകുന്ന ലൂണിയ നദിയിലേക്ക് പെയ്തിറങ്ങുന്ന ബംഗാളിമഴയുടെ താളത്തിൽ നേരിയ ആവർത്തനവിരസത തോന്നിയപ്പോഴാണ് പതിയെ മുഖപുസ്തകത്തിന്റെ താളുകൾ മറിച്ചത്.. അവിടെ നിന്നാണ് ഈ യാത്രയുടെ തുടക്കം.. ബംഗാളിനോട് വിടപറയാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ബംഗാളിന്റെ ഉൾഗ്രാമങ്ങളിലൂടെ ഒരു യാത്ര മനസ്സിൽ കയറിക്കൂടിയിരുന്നു.. തികച്ചും യാദൃച്ഛികമായാണ് ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നു കിടക്കുന്ന 'ചക്കള' എന്ന സുന്ദരഗ്രാമത്തിൽ അവരിലൊരാളായി അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നാസർ ബന്ധു എന്ന പ്രതിഭാസത്തെക്കുറിച്ചു വായിക്കാൻ ഇടവന്നത്.. പിന്നെ വേറൊന്നും ചിന്തിച്ചില്ല.. നാസർ ഇക്കായ്ക്കൊരു ഫോൺ കോൾ.. വഴി ചോദിച്ചു മനസിലാക്കിയതിനു ശേഷം നേരെ ബാഗുമെടുത്ത് ആശുപത്രിയിൽ നിന്ന് ഇറങ്ങി..

സമയം പതിനൊന്നര..

കൊൽക്കത്തയിലേക്കുള്ള ബസിൽ കയറുമ്പോൾ നല്ല വിശപ്പുണ്ടായിരുന്നു.. വെള്ളത്തിൽ മുങ്ങിയ അസൻസോൾ സിറ്റി വിടാൻതന്നെ നല്ല സമയം എടുത്തു ബസ്. പുറത്ത് ചന്നം പിന്നം പെയ്യുന്ന മഴ വിശപ്പിന്റെ ആഴം  കൂട്ടിക്കൊണ്ടിരുന്നു. കൊൽക്കത്തയിലേക്ക് നീണ്ടു കിടക്കുന്ന പാത. ഇടയ്ക്കെപ്പോഴോ ശക്തി പ്രാപിച്ച മഴ. എസിയുടെ തണുപ്പ്. പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു. ബസ് കൊൽക്കത്ത എത്തിയപ്പോഴാണ് കണ്ണ് തുറന്നത്. സമയം അഞ്ചു മണിയോടടുക്കുന്നു. പക്ഷേ ഏഴു മണിയുടെ പ്രതീതി. ഇനിയും വിങ്ങിപ്പൊട്ടാൻ തയ്യാറായി നിൽക്കുന്ന മാനം. ഇനി സിയാൽദ റെയിൽവേ സ്‌റ്റേഷനിലേക്കുള്ള ബസ് പിടിക്കണം.. ആർത്തു പെയ്യുന്ന മഴയിലേക്ക്, കൊൽക്കത്തയുടെ തിരക്കുകളിലേക്ക് ഞാനും അലിഞ്ഞു ചേർന്നു. സിയാൽദ സ്‌റ്റേഷനിൽ ഇറങ്ങുമ്പോഴേക്കും ഏറെക്കുറെ മുഴുവനായി നനഞ്ഞിരുന്നു. വലിയ തിരക്ക് പ്രതീക്ഷിച്ചു ടിക്കറ്റ് എടുക്കാൻ എത്തിയ എന്നെ കാത്തിരുന്നത് വിജനമായ കൗണ്ടർ ആയിരുന്നു..

'ബോൺഗാവ് പോകുന്ന ലോക്കൽ ട്രെയിനിൽ കയറി ഗുമയിൽ ഇറങ്ങണം..' നാസർ ഭായ് അയച്ച മെസ്സേജ് ഒന്നുകൂടി വായിച്ച് ഉറപ്പുവരുത്തി ടിക്കറ്റ് എടുത്തു..  10 രൂപാ ചാർജ്. പ്ലാറ്റഫോമിലേക്ക് ചെന്നതും ഒരു ട്രെയിൻ പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. അകത്തേക്ക് നോക്കിയതും ‘കിളി പോയി.’ സൂചി കുത്താൻ പോലും സ്ഥലമില്ല. വരുന്നത് വരട്ടെ യാത്ര ഈ വണ്ടിയിൽതന്നെ എന്നുറപ്പിച്ചു ഞാനും ആ സ്ഥലമില്ലായ്മയിലേക്ക് എന്നെക്കൂടെ തിരുകിവച്ചു.

ഉള്ളിലെ അവസ്ഥ ദയനീയമാണ്. മിക്കവരും മഴയിൽ നനഞ്ഞു കുതിർന്നവർ. എല്ലാവർക്കും വേണ്ടത് കാലുകുത്താൻ ഒരിടം. അതിനുവേണ്ടി അക്ഷരാർഥത്തിൽ അവർ തമ്മിൽ തല്ലുകയാണ്. എനിക്കും കിട്ടി രണ്ടുമൂന്നെണ്ണം. ദുരിതപൂർണമായ യാത്രയ്‌ക്കൊടുവിൽ ഏതാണ്ട് ഏഴര മണിയോടെ ട്രെയിൻ 'ഗുമ' സ്‌റ്റേഷനിൽ കിതച്ചുനിന്നു. ഇറങ്ങാനായി മുന്നോട്ടാഞ്ഞതും പിറകിൽ നിന്നും ഒരു തള്ള് വന്നതും ഒരുമിച്ചായിരുന്നു. പരാതിയില്ല. കാരണം ഇവിടെ ഇങ്ങനെയാണ്.

രസമാണ് ഗുമ സ്‌റ്റേഷൻ കാണാൻ. പ്ലാറ്റ്ഫോമിൽ ഉടനീളം ചെറിയ കടകൾ. ബാർബർ ഷോപ്പുകൾ, പഴക്കടകൾ, പച്ചക്കറിക്കടകൾ, ചായക്കടകൾ... അങ്ങനെയങ്ങനെ. നല്ല മാമ്പഴം കണ്ടപ്പോൾ ഞാനും വാങ്ങി ഒരുകിലോ. മഴ പൊടിയുന്നുണ്ട്. ഇരുട്ട് നല്ലവണ്ണം പരന്നിരിക്കുന്നു. സ്‌റ്റേഷനു പുറത്തേക്ക് നടന്നു.ഗുമയിൽ നിന്നും ചക്കള ഗ്രാമത്തിലേക്ക് വണ്ടികൾ ഉള്ളതാണ്. പക്ഷേ രാത്രി ആയതുകൊണ്ടാവും ഒരു വണ്ടിക്കാർ പോലും അങ്ങോട്ടേക്കില്ല..

ഗുമയിൽ നിന്നും ചക്കളയിലേക്ക്..

ഒരുപാട് നേരത്തെ തിരച്ചിലിനു ശേഷം ഒരു വണ്ടിക്കാരനെ കിട്ടി. പക്ഷേ ചക്കളവരെയില്ല. അതിനുമുന്നെയുള്ള 'ബൊർദോർ' എന്ന ഗ്രാമം വരെ. കിട്ടിയതാവട്ടെ എന്നുവച്ചു ഞാൻ ആ വണ്ടിയിൽ പോകാൻ തീരുമാനിച്ചു. ഇനി ആ 'വണ്ടി'യെക്കുറിച്ച്. അതിപ്രാചീനമായ ഒരു രൂപം. അന്നാട്ടുകാർ അതിനെ "എൻജിൻ വാൻ" എന്നാണ് വിളിക്കുന്നത്. ഒരു പ്രത്യേക എൻജിനും മൂന്നു ചക്രങ്ങളും ഇത്തിരി പലകയും മൊത്തത്തിൽ മൂടാൻ ഒരു പ്ലാസ്റ്റിക് ഷീറ്റും. സീറ്റുകൾ ഇല്ല. തടികൊണ്ടുള്ള പ്ലാറ്റഫോമിലാണ് യാത്രക്കാർ ഇരിക്കേണ്ടത്.

മുന്നിൽ ഡ്രൈവറോട് ചേർന്നുള്ള സ്ഥലം നേരത്തെ ഒരാൾ കയ്യടക്കിയിരുന്നതിനാൽ ഞാൻ വലതു സൈഡിൽ കാലുകൾ പുറത്തേക്ക് തൂക്കിയിട്ടിരുന്നു. മഴ പെയ്യുന്നുണ്ട്. നാലഞ്ചാളുകൾ കയറിയപ്പോളേക്കും 'ഡ്രൈവർ' വണ്ടിയെടുത്തു."കുടു.. കുടു.. കുടു.. കുടു.. " ഏതാണ്ട് അരമണിക്കൂർ എടുത്തു ബൊർദോർ എന്ന ഗ്രാമത്തിൽ എത്താൻ. ഗ്രാമമല്ല ചെറിയൊരു ടൗൺ എന്ന് പറയാം. ഇവിടെനിന്നും ചക്കളയിലേക്ക് ഓട്ടോ കിട്ടും എന്നാണ് കുടു കുടു വണ്ടിക്കാരൻ പറഞ്ഞത്.

ഓട്ടോയിലേക്ക്..

നമ്മുടെ നാട്ടിൽ ബസുകൾക്കുള്ളതുപോലെ ഇവിടെ ഓട്ടോയും ഓരോ സമയത്താണ് ഓടുന്നത്. എട്ടു മണിക്കുള്ള ലാസ്റ്റ് ഓട്ടോ ചക്കളയിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുമ്പോളാണ് ഞാൻ ഓടിച്ചെല്ലുന്നത്. ഭാഗ്യം എപ്പോഴും തുണയ്ക്കാറുണ്ട്. ഞാൻ ചെല്ലുമ്പോൾ ഓട്ടോ ഏകദേശം ഫുൾ ആയിരുന്നു. ഡ്രൈവർ സീറ്റിൽതന്നെ ഇരിപ്പുറപ്പിച്ചു. ഏതാണ്ട് അരമണിക്കൂർ വീണ്ടും യാത്ര. പൊട്ടിപ്പൊളിഞ്ഞ വഴിയാണ്. നാസർഭായ് പറഞ്ഞതു പ്രകാരം ചക്കള മന്ദിറിന് അടുത്തായി ഞാൻ ഇറങ്ങി. ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. മുഖത്തൊരു പുഞ്ചിരിയും കയ്യിലൊരു കാലൻകുടയുമായി അന്നാട്ടുകാരുടെ ബന്ധു, നാസർ ഭായ് എന്നെയും കാത്തുനിൽപ്പുണ്ടായിരുന്നു. 

ഈ എറണാകുളംകാരൻ ഏതാണ്ട് എട്ടൊൻപത് വർഷങ്ങൾക്കു മുന്നേ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രോജക്റ്റുമായാണ് ഈ കുഗ്രാമത്തിലേക്ക് വരുന്നത്. പ്രൊജക്റ്റ്‌ തീർന്ന മുറയ്ക്ക് ഈ നാടും നാട്ടാരും ഇദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടി. ദാരിദ്ര്യവും പട്ടിണിയും കഥകൾ പറയുന്ന ഇന്നാട്ടിലെ പാവങ്ങളുടെയിടയിലേക്ക് അവരിലൊരുവനായി നാസർ ഭായിയും പതിയെ മാറി.

ഇന്നിദ്ദേഹം നാസർ ബന്ധുവാണ്. ബന്ധു എന്നാൽ സുഹൃത്ത് എന്നാണ് ബംഗാളാ ഭാഷയിൽ അർഥം.

അതെ.. അക്ഷരാർഥത്തിൽ ഇദ്ദേഹം ബന്ധുവാണ് ഇന്നാട്ടുകാർക്ക്. ശരിക്കും ഒരു ദൈവദൂദൻ. നേരെ നാസർ ബന്ധുവിന്റെ താവളത്തിലേക്ക്. കേരളത്തിൽ നിന്നും ട്രെയിനിങ്ങിന്റെ ഭാഗമായി എത്തിയ കുറച്ചു കോളേജ് വിദ്യാർഥികൾ ഉണ്ടായിരുന്നു അവിടെ. അവരുടെ വകയായി നല്ല ചൂട് കഞ്ഞിയും പയറും ഞങ്ങൾക്കായി റെഡിയായിരുന്നു. ഇനി ഒരു ഉറക്കം..

chkla445

ചക്കളയിലെ പ്രഭാതം

അമ്പലത്തിലെ ബഹളം കേട്ടാണ് രാവിലെ കണ്ണുതുറന്നത്. റൂമിന് നേരെ എതിർവശത്ത് പ്രസിദ്ധമായ ചക്കള മന്ദിറാണ്. ദൂര ദേശങ്ങളിൽനിന്നുപോലും തീർഥാടകർ എത്തിച്ചേരുന്ന അമ്പലം.. കുളി കഴിഞ്ഞെത്തിയപ്പോഴേക്കും നാസറിക്കയും റെഡിയായി വന്നിരുന്നു. ആദ്യ പ്ലാനിൽ ഇന്ത്യ- ബംഗ്‌ളാദേശ് അതിർത്തിയിലേക്കൊരു യാത്രയാണ് മനസ്സിൽ കണ്ടത്. എന്നാൽ രാവിലത്തെ തോരാ മഴയും ഗ്രാമത്തിന്റെ സൗന്ദര്യവും ഇവിടെത്തന്നെ പിടിച്ചു നിർത്തുകയായിരുന്നു. നാസറിക്കായുടെ ഓഫീസിനോട് ചേർന്നുതന്നെയുള്ള ചായക്കടയിൽ നിന്നും ഞങ്ങൾ പൂരിയും ചായയും കഴിക്കുമ്പോൾ മകനെ സ്കൂളിൽ വിടാനുള്ള ഒരുക്കത്തിലായിരുന്നു ഉടമസ്ഥരായ ദമ്പതിമാർ.

ഇവിടെ കുട്ടികൾ വിദ്യാഭ്യാസം എന്ന പ്രക്രിയയിലേക്ക് എത്തിച്ചേരാൻ തുടങ്ങിയിട്ട് ഒരുപാടൊന്നും ആയിട്ടില്ല..

സ്കൂളുകൾ ഉണ്ട്.. പക്ഷേ അത് ഇവരിൽ ഭൂരിഭാഗത്തിനും ഒരുനേരത്തെ പട്ടിണി മാറ്റാനുള്ള ഒരു സ്ഥലം മാത്രമാണ്.. മിക്കവാറും സ്കൂളുകളിൽ കുട്ടികൾ എത്തുന്നത് പതിനൊന്നുമണി കഴിയുമ്പോൾ ആണ്.

ഉച്ചഭക്ഷണം കഴിക്കുന്നതോടുകൂടി അവരുടെ "വിദ്യാഭ്യാസം" അവസാനിക്കുന്നു. എങ്കിലും ഈ ഗ്രാമത്തിൽ നിന്നും ഏതാനും ചില ബിരുദധാരികൾ ഉണ്ടായിട്ടുണ്ട്. പൂരിയും ചായയും കഴിച്ചു പുറത്തേക്ക് നടന്നു. നാസറിക്ക ആദ്യമേ പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ കൂടെ പോയാൽ ഒരുപാട് കറങ്ങേണ്ടിവരും ഗ്രാമത്തിലൂടെ എന്ന്.  എനിക്കു വേണ്ടതും അതുതന്നെ ആയിരുന്നു.

എങ്ങും പച്ചപ്പ്‌..

രാവിലെ കൃഷിസ്ഥലങ്ങളിലേക്ക് പോവുന്ന ഗ്രാമീണർ. ഒരു ഗ്രാമത്തിൽ നിന്നും മറ്റൊന്നിലേക്ക്  നീണ്ടുകിടക്കുന്ന മൺപാതകൾ ആകെ ചളിയിൽ കുഴഞ്ഞു കിടക്കുന്നു. മനോഹരമാണ് ഇവിടുത്തെ ഓരോ കാഴ്ചകളും. സൈക്കിളിൽ സ്കൂളുകളിലേക്ക് പോവുന്ന കുട്ടികൾ. കലുങ്കുകളിൽ ഇരുന്നു കുശലം പറഞ്ഞുകൊണ്ട് തോട്ടിൽ ചൂണ്ടയിടുന്ന ഗ്രാമീണർ. വേലികളോ മതിൽക്കെട്ടുകളോ കൊണ്ട് അതിരുകൾ തിരിക്കാത്ത പുരയിടങ്ങൾ. ആടിനെയും പശുവിനെയും പുല്ലുതീറ്റിക്കുന്നതിനിടയിൽ കൊച്ചുവർത്തമാനം പറയുന്ന സ്ത്രീകൾ..

അങ്ങനെ നമ്മൾ കേരളീയർക്ക് എന്നോ കൈമോശം വന്നുപോയ നിഷ്കളങ്കതയുടെ ഗ്രാമക്കാഴ്ചകളാണെങ്ങും..

മീൻപിടുത്തവും കൃഷിയും ആണ് ഇവിടെ പ്രധാന വരുമാനമാർഗം. ഗ്രാമത്തിൽ എവിടെ നോക്കിയാലും മീൻ വളർത്തുന്ന വലിയ കുളങ്ങൾ കാണാം. ഓരോ കുളവും ഓരോ പഞ്ചായത്ത് ഓഫീസ് ആണെന്ന് വേണമെങ്കിൽ പറയാം. കാരണം ഏറ്റവും കൂടുതൽ ആളുകൾ ഒന്നിച്ചുകൂടുന്നതും സംസാരിക്കുന്നതും ഈ കുളക്കടവുകളിലാണ്. ബുള്ളറ്റിൽ ഇങ്ങനെ സഞ്ചരിക്കുമ്പോൾ കേരളത്തിലെ ഏതോ ഒരു ഉൾനാടൻ ഗ്രാമത്തിലൂടെ ഒരു ഇരുപത് വർഷം മുന്നേ പോകുന്നതുപോലെ തോന്നിപ്പോവുന്നു. പുറമെ മനോഹരമാണെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങൾ ഒരുപാട് ഉണ്ട് ഈ ഗ്രാമങ്ങളിൽ. ആരോഗ്യപ രിപാലനത്തെക്കുറിച്ചുള്ള അജ്ഞത ഇവരെ രോഗങ്ങളിൽ നിന്നും ഒരിക്കലും മോചിതരാക്കുന്നില്ല... നമ്മൾ ഒരിക്കലെങ്കിലും ഇത്തരം ഒരു ഗ്രാമം നിങ്ങൾ സന്ദർശിക്കണം.. അപ്പോൾ മനസിലാകും നമ്മൾ എത്ര ഭാഗ്യവാന്മാർ ആണെന്ന്.

വിശ്വസിക്കില്ല ഈ കാഴ്ചകൾ

അതിമനോഹരമായ ഈ ഗ്രാമത്തിൽ നിന്നു കിട്ടിയ കണ്ണു നിറയ്ക്കുന്ന ചില കാഴ്ചകൾ ഇപ്പോഴും മനസ്സിനെ മഥിക്കുന്നു. ഗ്രാമീണർ നേരിടുന്ന ഏറ്റവും വലിയ ശാപമാണ് ഇവിടുത്തെ ഡോക്ടർമാർ. ഇവിടെ ഗ്രാമീണരെ ചികിൽസിക്കുന്നതിൽ ഏറ്റവും വിദ്യാഭ്യാസമുള്ള "ഡോക്ടർ" പഠിച്ചത് ആറാം ക്ലാസ്സ്‌ വരെയാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..? അതെ.. സത്യമാണ്.. ആറിലും നാലിലും പഠിത്തം മുടങ്ങിയ "ഡോക്ടർമാർ" ആരുടെയോ പേരിലുള്ള മെഡിക്കൽ സ്‌റ്റോറുകളിൽ ഇരുന്നു രോഗികളെ പരിശോധിക്കുന്നു. കാലാവധി കഴിഞ്ഞ മരുന്നുകൾ രോഗികൾക്ക് കൊടുക്കുന്നു. ഇവിടെ അസ്ഥി പൊട്ടിയാൽ പ്ലാസ്റ്റർ ഇടുന്നതിനോടൊപ്പം ഒരു മീനിനെക്കൂടി അതിനുള്ളിൽ വച്ചുകെട്ടാറുണ്ട്.. ഇതിനു പിന്നിലുള്ള കാരണം കേട്ടപ്പോൾ ഞെട്ടിപ്പോയി.. ഡോക്ടർ പറഞ്ഞത് അസ്ഥി പൂർവ്വസ്ഥിതി പ്രാപിക്കാൻ കാൽസ്യം ആവശ്യമുണ്ട്. ഈ മീനിലും ഉള്ളത് കാൽസ്യം ആയതുകൊണ്ട് ആ കുറവ് ഈ മീൻ നികത്തുമത്രേ..!! അതിപ്രാചീനമായ  ചികിത്സാരീതികൾ. കൂടെ ദുർമന്ത്രവാദം. മറ്റ് ആഭിചാരക്രിയകൾ.. ഇവിടെയുള്ള സ്ത്രീകൾ മെൻസസ് സമയങ്ങളിൽ പാഡ് ഉപയോഗിക്കാറില്ല.. ഇപ്പോളും ഏറിയപങ്കും ഉപയോഗിക്കുന്നത് തെങ്ങിൻ കൊതുമ്പും പനയുടെ കൊതുമ്പുമാണ്.. മറ്റൊരുകൂട്ടർ ഇതിനു പകരം പുഴയുടെ തീരത്ത് കണ്ടുവരുന്ന ഒരു പ്രത്യേകതരം മണ്ണ് കുഴച്ചു രണ്ടു തുണികൾക്കുള്ളിലായി വച്ചും ഉപയോഗിക്കുന്നു. ഇതും ഇന്ത്യയാണ്!!!

മീനുകളെ വളർത്തുന്ന കുളത്തിലാണ് കുട്ടികളടക്കമുള്ള ഗ്രാമീണർ കുളിക്കുന്നതും അലക്കുന്നതും. മീനിനുള്ള ഭക്ഷണ സാധനങ്ങളായ രാസവസ്തുക്കൾ കലങ്ങിയ വെള്ളം ഇവർക്കുണ്ടാക്കുന്ന ത്വക്ക് രോഗങ്ങൾ ചില്ലറയല്ല. ഇത്തരം ഗ്രാമീണ സാഹചര്യങ്ങളെ മാറ്റാനാണ് നാസർ ബന്ധുവിനെപ്പോലുള്ള സാമൂഹികപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാവധാനമെങ്കിലും മാറ്റങ്ങൾ വരുന്നുണ്ട്. നന്മയിലേക്കുള്ള മാറ്റങ്ങൾ...

നിറമില്ലാത്ത കാഴ്ചകൾ

കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും ബുള്ളറ്റ് ഓടിക്കൊണ്ടിരുന്നു. കവലയിൽ എത്തിയപ്പോൾ ചായക്കടയിലേക്കൊരു ക്ഷണം. ഗ്രാമത്തിലെ പ്രധാന 'പണക്കാരനും' ബാങ്ക് മാനേജരും ഒക്കെയുണ്ട് ചായക്കടയിൽ. അവരുടെ നാട്ടുവാർത്താനത്തിൽ ഞങ്ങളും കൂടി. റോഡിലൂടെ "എൻജിൻ വാനുകൾ" തലങ്ങും വിലങ്ങും പായുന്നത്. ചായകുടിക്കുശേഷം പതിയെ നാസറിക്കായുടെ ഓഫീസിലേക്ക്. നാട്ടിൽ നിന്നും പരിശീലനത്തിനായി എത്തിയിട്ടുള്ള വിദ്യാർഥികളുടെ കൂടെ അൽപ്പനേരം.. വൈകുന്നേരം അവരോടൊപ്പം കൃഷിയിടത്തിലേക്ക്. മഴ നനഞ്ഞു പറമ്പിലേക്കൊരു സൈക്കിൾയാത്ര. ശേഷം നാസറിക്കായുടെ ചായക്കടയിലേക്ക്. ഇപ്പോഴും തൊട്ടുകൂടായ്മയൊക്കെ നിലനിൽക്കുന്ന ഈ ഗ്രാമത്തിൽ ആർക്കും കയറിവരാവുന്ന താവളമാണ് നാസറിക്കായുടെ ചായക്കട.. ഒരു മത സൗഹാർദ്ദ കേന്ദ്രം.. ചായ സൗജന്യമാണിവിടെ.. ഹിന്ദുവും മുസൽമാനുമെല്ലാം ഇവിടെ വരാറുണ്ട്. ജാതി മറന്നു മനുഷ്യരാവാറുണ്ട്. ഇവിടെ ഒന്നിച്ചിരുന്നു ചിത്രങ്ങൾ വരയ്ക്കുകയും കുസൃതി കാണിക്കുകയും ചെയ്ത ഹബീബയും വൃഷ്ടിയും പക്ഷേ അന്യോന്യം വീടുകളിൽ പോകാറില്ലത്രേ. എന്തോ, ഈ ചായക്കടയുടെ മേൽക്കൂരയുടെ ചുവട്ടിൽ നിന്നു മാറിയാൽ അവരെല്ലാം വീണ്ടും ഹിന്ദുവും മുസൽമാനുമാവുന്നു.

ഇരുട്ട് വീഴുന്നതിനു മുമ്പെ കടയടച്ചു. പിറ്റേന്ന് ഉച്ചയോടെ എനിക്ക് യാത്ര പറയണം.. അതിനുമുന്നെ ഒരു കല്യാണം ഉണ്ട്.. ബംഗാളികല്യാണം ഇതിനുമുന്നെ കൂടിയിട്ടുണ്ടെങ്കിലും ഈ ഗ്രാമത്തിലെ കല്യാണം വേറിട്ടൊരു അനുഭവമായി. സദ്യയും കഴിഞ്ഞു വരുന്നവഴിക്കാണ്‌ ഒരു സുന്ദരി അമ്മയെ കണ്ടത്. പുറമ്പോക്കിൽ ഒരു ചെറിയ ഷീറ്റിനടിയിലാണ് താമസം.. ചെരിഞ്ഞു കിടക്കാനുള്ള സ്ഥലം മാത്രമുള്ള ഷെഡിൽ അവരും രണ്ടു കോഴികളും ഒരു പൂച്ചയും... നിറമില്ലാത്ത ജീവിതം ആടിത്തീർക്കുമ്പോളും നിറമുള്ള യാത്രകളാണ് അവരുടെ മനസ്സ് നിറയെ.

നാസറിക്ക ഇടയ്ക്ക് ബുള്ളറ്റിൽ ഇരുത്തി ഒന്ന് കറക്കാറുണ്ടത്രെ. ഇനി ബൈക്കിൽ കൊൽക്കത്തയ്ക്ക് ഒന്ന് പോകണം എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ നക്ഷത്രതിളക്കം. ചക്കള ഗ്രാമത്തോട് വിടപറയാൻ സമയമായി. ബാഗുമെടുത്ത് ഇറങ്ങുമ്പോൾ ചെറിയ വിഷമം. ആദ്യമായാണ് ഒരു യാത്രയ്ക്കിടയിൽ ഇത്രയും മലയാളികളെ കാണുന്നത്. അതുകൊണ്ട്തന്നെ സ്വന്തം വീട്ടിൽ നിന്നു പോകുന്ന പ്രതീതി. നാട്ടിൽ വരുമ്പോൾ അവരെ കാണാമെന്നും പറഞ്ഞു യാത്ര പറയുമ്പോൾ ചക്കളയിലേക്കും ഇനി യാത്രകൾ ഉണ്ടാവും എന്നു മനസ്സിൽ ഉറപ്പിച്ചിരുന്നു...

Tags:
  • Manorama Traveller
  • Travel India