Thursday 24 September 2020 12:49 PM IST : By സ്വന്തം ലേഖകൻ

വെള്ളച്ചാട്ടം, പുഴ, കാട്, മേഘങ്ങൾ, വിവിധയിനം ജീവജാലങ്ങൾ; ലോകത്തിലെ ഏറ്റവും വലിയ ഗുഹയ്ക്കുള്ളിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ

cave a 5

പുലിമുരുകൻ സിനിമയിൽ മോഹൻലാൽ പുലികളുമായി ഏറ്റുമുട്ടുന്ന സാഹസിക രംഗങ്ങൾ ശ്വാസമടക്കിപിടിച്ച് കണ്ടവരാരും ആ സംഘട്ടനം നടന്ന ഗുഹ മറക്കാനിടയില്ല. വിയറ്റ്നാമിലെ ഹാങ് സൺ ഡോങ് എന്ന ഗുഹയ്ക്കുള്ളിൽ വച്ച് 15 ദിവസം കൊണ്ടാണ് ഈ സംഘട്ടനരംഗം ചിത്രീകരിച്ചത്.

cave a 4 photo credit - social media

വിയറ്റ്നാമിലെ ക്വാങ് ബിൻഹ് പ്രവിശ്യയിൽ ‘ ഫോങ് നാ കി ബാങ്’ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗുഹയായ ഹാങ് സൺ ഡൂങ്. രണ്ടുമുതൽ അഞ്ച് വരെ മില്ല്യൺ വർഷം പഴക്കമുള്ളതായി കണക്കാക്കുന്ന ഈ ഗുഹയ്ക്ക് ഉദ്ദേശം ഒൻപത് കിലോമീറ്റർ നീളവും 200 മീറ്ററിലധികം വീതിയും 150 മീറ്റർ ഉയരവുമുണ്ട്. 2013 ലാണ് ഗുഹ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.1990 ൽ വിയറ്റ്നാമിലെ ഹോ ഖാൻ എന്ന കർഷകനാണ് ഈ ഗുഹ കണ്ടെത്തിയത്. വനത്തിൽ വിറകു ശേഖരിക്കാനായി പോയ ഹോ ഖാൻ യാദൃശ്ചികമായാണ് ഗുഹയുടെ മുന്നിൽ എത്തുന്നത്. കാറ്റിന്റെ ചൂളം വിളി ശബ്ദവും ഗുഹയ്ക്കകത്തു കൂടി ഒഴുകുന്ന റൗവോ തൂങ് നദിയുടെ ഭയപ്പെടുത്തുന്ന മുഴക്കവും കാരണം ഗുഹയ്ക്കകത്ത് പ്രവേശിക്കാതെ ഹോ ഖാൻ പിന്മാറി.

cave a 3

പർവതത്തിലെ അരുവി

cave a 2

2009 ഏപ്രിൽ 10 മുതൽ 14 വരെ ഹോവാർഡ് ലിംബേർട്ട് എന്ന ഗവേഷകന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് കേവ് റിസർച്ച് അസോസിയേഷനിലെ ഗവേഷണസംഘം ഫോങ് നാ കി ബാങ്ങിൽ നടത്തിയ സർവേയുടെ ഭാഗമായി ഈ ഗുഹ സന്ദർശിച്ചതോടെയാണ് ഹാങ് സൺ ഡൂങ് ലോകപ്രശസ്തമാകുന്നത്. ‘ പർവതത്തിലെ അരുവി’ എന്നാണ് ഈ പേരിന്റെ അർഥം. പ്രകൃതി കൊത്തിയെടുത്ത ശിൽപങ്ങൾ പോലെ കല്ലുപാളികൾ, വെള്ളച്ചാട്ടം, 50 മീറ്റർ വരെ ഉയരമുള്ള മരങ്ങൾ തിങ്ങി നിറഞ്ഞ കാട്, പുഴ, അരുവികൾ എന്നിവയെല്ലാം ഹാങ് സൺ ഡൂങ് ഗുഹയ്ക്കകത്ത് ഉണ്ട്. ലക്ഷകണക്കിന് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ജീവജാലങ്ങളുടെ ഫോസിലുകൾ ഗുഹയ്ക്കകത്ത് കണ്ടെത്തിയിട്ടുണ്ട്.ഹാങ് സൺ ഡൂങ്ങിനുള്ളിലെ ആവാസവ്യവസ്ഥ എടുത്തു പറയേണ്ടതു തന്നെ. ഇത്രയും നീളമുള്ള ഗുഹയ്ക്കുള്ളിൽ മരങ്ങൾ വളരാനും ജീവജാലങ്ങൾ നിലനിൽക്കാനും കാരണം ഗുഹയുടെ ചില വിള്ളലുകൾ വഴി അകത്തേക്കു കടക്കുന്ന സൂര്യപ്രകാശമാണ്.

cave a 1

ഗുഹയ്ക്കുള്ളിൽ...

cave a 6

ഗുഹയ്ക്കുള്ളിൽ തന്നെ മേഘങ്ങൾ ഉണ്ടാകത്തക്കവിധമുള്ള പ്രത്യേകതരം കാലാവസ്ഥയാണ് ഹാങ് സൺ ഡൂങ്ങിന്റെ മറ്റൊരു പ്രത്യേകത. കുരങ്ങന്മാരും പാമ്പുകളും എലികളും കിളികളും വവ്വാലുകളും തുടങ്ങി നിരവധി ജീവജാലങ്ങൾ ഗുഹയ്ക്കകത്തുണ്ട്. എന്നാൽ വെളിച്ചത്തിന്റെ അപര്യാപ്തത കാരണമായിരിക്കാം അവ മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വെളുത്തനിറമുള്ളവയും കണ്ണുകളില്ലാത്തവയുമാണ്. ഗുഹയുടെ പ്രവേശന കവാടം കുത്തനെയുള്ള ചരിവാണ്. വെളിച്ചം കൂടാതെ ഗുഹ പര്യവേഷണം ചെയ്യുന്നത് അസാധ്യമാണ്. ഗുഹയിലേക്ക് പ്രവേശിക്കാൻ അനുമതി ആവശ്യമാണ്. വർഷത്തിൽ പരമാവധി 300– 500 പേർക്കാണ് പ്രവേശനം. 2017 ലെ കണക്കനുസരിച്ച് ഗുഹയിൽ പ്രവേശിക്കാൻ ഓക്സാലിക് അഡ്വഞ്ചർ ടൂറുകൾക്ക് മാത്രമേ അനുമതിയുള്ളൂ.