Thursday 25 March 2021 03:43 PM IST : By സ്വന്തം ലേഖകൻ

തിളച്ചു മറിയുന്ന ലാവ തടാകത്തിനു കുറുകെ സഞ്ചരിച്ചു, ബ്രസീലുകാരിക്ക് ലോക റെക്കോർഡ് നേട്ടം

lava lake1

1187 ഡിഗ്രി സെൽഷ്യസിൽ തിളച്ചു മറിയുന്ന ലാവ തടാകം വലിച്ചുകെട്ടിയ ലോഹക്കയറിലൂടെ മുറിച്ചു കടന്ന സാഹസിക വനിത ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചു. എത്യോപ്യയിലെ ഏറ്റവും സജീവ അഗ്നിപർവതമായ എർടാ അലേയിലെ ലാവ തടാകത്തിനു കുറുകെയാണ് ബ്രസീൽ സ്വദേശിനിയായ കരിന ഒലിയാനി ടൈറോലിൻ ട്രാവേഴ്സ് നടത്തിയത്. ലോഹങ്ങൾ ഉരുകുന്ന ചൂടിൽ തിളച്ചു മറിയുന്ന ലാവയ്ക്കു മുകളിലൂടെ 100,58 മീറ്റർ (392 അടി) ദൂരമാണ് കരിന സഞ്ചരിച്ചത്.

lava lake2

ഭൂമിയിലെ ഏറ്റവും ദുഷ്കരമായ ഭൂപ്രകൃതികളിൽ ഒന്നായിട്ടാണ് എത്യോപ്യയിലെ അഫാർ പ്രദേശത്തുള്ള എർടാ അലേ അഗ്നിപർവതവും സമീപ പ്രദേശങ്ങളും അറിയപ്പെടുന്നത്. 1967 മുതൽ പതിവായി പൊട്ടിത്തെറിക്കുന്ന അഗ്നിപർവതത്തിന്റെ ക്രേറ്റർ ഗർത്തം സ്ഥിരമായി ഉരുകിയൊലിക്കുന്ന ലാവ നിറഞ്ഞതാണ്. ഭൂമിയിലെ ചൂടേറിയ പ്രദേശങ്ങളിലൊന്നാണ് ഇത്. ഏതാനും വർഷം മുൻപ് അഗ്നിപർവതത്തിന്റെ മാപിങ് നടത്തവേ വിദഗ്ധർക്ക് അങ്ങോട്ട് അടുക്കാനായില്ല. തുടർന്ന് ലേസർ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് മാപിങ് പൂർത്തിയാക്കിയത്. ട്രെക്കിങ്ങിനും പർവതാരോഹണത്തിനും എർ‌ടാ അലേയുടെ സമീപപ്രദേശങ്ങളിൽ ലോകത്തിന്റെ പല ഭാഗത്തുനിന്നും സഞ്ചാരികൾ എത്താറുണ്ടെങ്കിലും ആഫ്രിക്കയിലെ ഏറ്റവും ദുഷ്കരമായ ട്രെക്ക് റൂട്ടുകളിലൊന്നാണ് ഇത്. പരിചയസമ്പന്നരായ സംഘാടകർക്കും ഗൈഡിനുമൊപ്പമേ അവിടേക്കുള്ള ട്രെക്കിങ് അനുവദിക്കൂ.

lava lake3

പ്രകൃതിയിലെ വിസ്മയങ്ങളോടുള്ള താൽപര്യമാണ് തന്നെ എർടാ അലേയിലെ ലാവ തടാകത്തിലേക്ക് നയിച്ചത് എന്ന് കടലിന് അടിയിലും കൊടുമുടിയിലും മരുഭൂമിയിലും കാടുകളിലും ഒട്ടേറെ പര്യവേക്ഷണ സാഹസികതകളിൽ ഏർപ്പെട്ടിട്ടുള്ള കരിന ഒലിയാനി പറയുന്നു. അഗ്നിപർവത മുഖത്തിനു സമീപത്തേക്കു കയറാൻ സഹായത്തിന് ആളെ തേടിയപ്പോൾ പലരും ഭയന്നു പിൻമാറുന്നതു കണ്ടു. അതിൽ നിന്നാണ് ചൂടു തടാകത്തിനു മുകളില്‍ വലിച്ചു കെട്ടിയ ലോഹക്കയറിൽ സഞ്ചരിക്കുക എന്ന ആശയത്തിലേക്കു നയിച്ചത്. ഒട്ടേറെ പേർ നിരുത്സാഹപ്പെടുത്തുകയും സാങ്കേതിക പിന്തുണ നൽകാൻ പലർക്കും സാധിക്കാതെ വരികയും ചെയ്തു. ലോഹ വടം വലിച്ചു കെട്ടുന്നതിൽ വിദഗ്ധനായ കാനഡ സ്വദേശി ഫ്രെഡറിക് ഷുറ്റ് കരിനയുടെ ഉത്സാഹം കണ്ട് സഹകരിക്കാൻ തയാറായി. ലാവ തടാകത്തിന്റെ പല ഭാഗത്ത് ഉറപ്പിച്ച കമ്പികളിലേക്ക് ലോഹ വടം വലിച്ചു കെട്ടി സുരക്ഷിതത്വം ഉറപ്പിച്ചു. അത്യുഗ്രമായ ചൂടിലും ചാരം പറക്കുന്ന സാഹചര്യത്തിലും സംരക്ഷണം തരുന്ന പ്രത്യേക വസ്ത്രം ധരിച്ചാണ് കരിനയും കൂട്ടരും സാഹസികതയ്ക്കു തുനിഞ്ഞത്.

lava lake4

എമർജൻസി മെഡിസിനിൽ വൈദഗ്ധ്യം നേടിയ ഡോക്ടറാണ് സാവോ പോളോയിൽ നിന്നുള്ള 38കാരിയായ കരിന ഒലിയാനി. ചികിത്സ, വിദൂരസ്ഥലങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനം, പരിസ്ഥിതി പ്രവർത്തനം എന്നിവയിൽ പരിചയസമ്പന്നയായ അവർ 12ാം വയസ്സി‍ൽ സ്കൂബാ ഡൈവിങ് പഠിപ്പിക്കാൻ തുടങ്ങിയ കരീന കുട്ടിക്കാലം മുതലേ സാഹസിക പ്രവൃത്തികൾക്ക് പ്രശസ്തയാണ്. എവറസ്റ്റ് കൊടുമുടി കീഴടക്കിയ പ്രായം കുറഞ്ഞ ബ്രസീലുകാരി, രണ്ടു വശത്തു നിന്നും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ലാറ്റിനമേരിക്കക്കാരി, മൗണ്ട് കെ2 കയറിയ ആദ്യ ബ്രസീലുകാരി, അനകോണ്ടയ്ക്കും ജയന്റ് വൈറ്റ് ഷാർക്കിനുമൊപ്പം നീന്തിയ വനിത എന്നിങ്ങനെ ഒട്ടേറെ സാഹസിക ബഹുമതികളിൽ പേരു ചേർത്തിട്ടുള്ളയാളാണ് കരിന.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations