Thursday 15 October 2020 09:53 PM IST : By സ്വന്തം ലേഖകൻ

ലോകത്തെ ഏറ്റവും മികച്ച വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫ് സൈബീരിയൻ കടുവയുടെ ആലിംഗനം

wl ph1

റഷ്യക്കാരനായ സെർജി ഗോർഷ്കോവ് 2020 ലെ ലോകത്തെ ഏറ്റവും മികച്ച വന്യജീവി ഫൊട്ടോഗ്രഫർ. ലോകത്തെ ഏറ്റവും വലിയ വൈൽഡ്‍ലൈഫ് ഫൊട്ടോഗ്രഫി മത്സരം എന്നറിയപ്പെടുന്ന ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ രാജ്യാന്തര മത്സരത്തിൽ ഗ്രാൻഡ് ടൈറ്റിലാണ് ഗോർഷ്കോവിനെ തേടി എത്തിയത്. ‘ആലിംഗനം’ (എംബരേസ്) എന്ന തലക്കെട്ടോടുകൂടിയ സൈബീരിയൻ കടുവയുടെ ചിത്രത്തിനാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹമാക്കിയത്. 49000 എൻട്രികളായിരുന്നു വിവിധ വിഭാഗങ്ങളിലായി മത്സരത്തിനു ലഭിച്ചത്.

കിഴക്കൻ റഷ്യയിലും ചൈനയിലും കൊറിയയിലും ഒരു കാലത്ത് സർവ സാധാരണമായിരുന്നതും ഇപ്പോൾ അപകടകരമാം വിധം വംശനാശഭീഷണി നേരിടുന്നതുമായ സൈബീരിയൻ അഥവാ അമൂർ കടുവയുടെ ചിത്രമാണ് ഗോർഷ്കോവിനെ ലോകത്തെ ഏറ്റവും മികച്ച വന്യജീവി ഫൊട്ടോഗ്രഫർ ആക്കിയത്. മഞ്ചൂരിയൻ ഫിര്‍ മരത്തെ കെട്ടിപ്പിടിച്ച് മുഖം ഉരുമ്മുന്ന പെൺ സൈബിരിയൻ കടുവയുടേതാണ് ചിത്രം. ഇണയെ ആകർഷിക്കുന്നതിനും മറ്റു കടുവകൾക്കുള്ള സന്ദേശമായും മരത്തിൽ തന്റെ ഗന്ധവും രോമവും അവശേഷിപ്പിക്കാനാണ് ഇത്തരത്തിൽ ആലിംഗനം ചെയ്യുന്നത്.

wl ph2
Photo: Sergey Gorshkov

റഷ്യൻ കാടുകളിൽ അവയെ കണ്ടെത്തുക ഏറെ ശ്രമകരമാണ്. ലാൻഡ് ഓഫ് ലെപേഡ് നാഷനൽ പാർക്കിൽ 11 മാസം കടുവയെ നിരീക്ഷിച്ച് കാത്തിരുന്ന് നേടിയ ചിത്രമാണ് ഇത്. മോഷൻ സെൻസറുകളുള്ള ക്യാമറ പോലെ ആധുനിക സാങ്കേതിക സൗകര്യങ്ങളും ഗോർഷ്കോവ് ഉപയോഗിച്ചിരുന്നു. നികോൺ Z7 ക്യാമറയും 50mm f 1/8 ലെൻസുമാണ് ചിത്രമെടുക്കാൻ ഉപയോഗിച്ചത്.

ഉൾക്കാടിന്റെ മാസ്മരികതയിൽ നിന്നു ലഭിച്ച അഗാധമായ ഒരു നിമിഷത്തിന്റെ അനന്യമായ ചിത്രം എന്നാണ് ജൂറി പാനലിന്റെ ചെയർമാൻ റോസ് കിഡ്മാൻ കോക്സ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. അസാധാരണവും ഏതാനും നിമിഷത്തേക്കു മാത്രം കാണാൻ‍ സാധിക്കുന്നതുമായ ഒരു സന്ദർഭമാണ് ഇതെന്നും ജൂറി ചൂണ്ടിക്കാട്ടി. റഷ്യൻ വന്യതുടെ പ്രതീകമായ അമൂർ കടുവയുടെ മടങ്ങിവരവിന്റെ കഥ ഗംഭീരമായ നിറങ്ങൾ ഉപയോഗിച്ചു വരച്ച എണ്ണച്ചായ ചിത്രത്തിനോടാണ് പുരസ്കാര സമിതി ഉപമിച്ചത്.

സൈബീരിയൻ ഗ്രാമത്തിൽ ജനിച്ച സെർജി ഗോർഷ്കോവ് റഷ്യയുടെ വന്യമായ പ്രകൃതിയോടു ചേർന്നാണ് വളർന്നത്. ആഫ്രിക്കൻ യാത്രയിൽ ഒരു പുള്ളിപ്പുലിയെ കണ്ടതിനു ശേഷമാണ് സ്വന്തം ബിസിനസ് ഉപേക്ഷിച്ച് പൂർണസമയ വന്യജീവി ഫൊട്ടോഗ്രഫർ ആയി മാറിയത്. ഒട്ടേറെ രാജ്യാന്തര ഫൊട്ടോഗ്രഫി മത്സരങ്ങളിൽ പുരസ്കാരം നേടിയിട്ടുള്ള ഗോർഷ്കോവ് റഷ്യൻ യൂണിയൻ ഓഫ് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫേഴ്സിന്റെ സ്ഥാപക അംഗവുമാണ്.

ഫിൻലൻഡ് കാരി ലീന ഹൈകിനെൻ യങ് ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ

wl ph3
Photo: Liina Heikkinen

തീറ്റയായി കിട്ടിയ താറാവിനെ തന്റെ സഹോദരങ്ങളിൽ നിന്നു തട്ടിയെടുത്ത് തിന്നുന്ന റെഡ് ഫോക്സ് കുഞ്ഞിന്റെ ചിത്രമെടുത്ത ഫിൻലൻഡ് കാരി ലീന ഹൈകിനെൻ ആണ് യങ് ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ. ഇരയെ സ്വന്തമാക്കിയ കുറുക്കൻ കുഞ്ഞിന്റെ തീക്ഷ്ണമായ കണ്ണുകൾ നാടകീയമായ ആ നിമിഷത്തിന്റെ ജീവൻ ചിത്രത്തിലേക്കും എത്തിക്കുന്നു എന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.

ഇന്ത്യക്കാർക്കും ബഹുമതി

wl ph5
Photo: Nayan Khanolkar

മഹാരാഷ്ട്രയിലെ സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിലെ വർളി ആദിവാസി കുടിലിലേക്ക് എത്തി നോക്കുന്ന പുലിയുടെ ഫോട്ടോയ്ക് മുംബൈയിൽ നിന്നുള്ള നയൻ ഖനോൽകർ അർബൻ വൈൽലൈഫ് വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി. 2016 ലും ഖനോൽകർ പ്രത്യേക പരാമർശം നേടിയിരുന്നു. പരിസ്ഥിതി പ്രവർത്തകയും ഫൊട്ടോഗ്രഫറും ആയ ഐശ്വര്യ ശ്രീധറിന്റെ ചിത്രവും പ്രത്യേക പരാമർശം നേടി. പൻവേൽ സ്വദേശിയായ ഐശ്വര്യ ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്

wl ph4
Photo: Aishwarya Sridhar

വനം വന്യജീവി ഫൊട്ടോഗ്രഫിയിലെ ഓസ്കാർ എന്നറിയപ്പെടുന്ന ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ 56–ാമത് പുരസ്കാരമാണ് ഈ വർഷം പ്രഖ്യാപിച്ചത്. 1964 ൽ മൂന്നു വിഭാഗങ്ങളിലായി 600 എൻട്രികളുമായി ആരംഭിച്ച മത്സരം ഇപ്പോൾ 15 ൽ അധികം വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്.

Tags:
  • Travel Photos
  • Manorama Traveller
  • Wild Destination