2015ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം സ്വെറ്റ്ലാന അലക്സിവിച്ചിനെ തേടിയെത്തുമ്പോൾ അതൊരു സവിശേഷ തീരുമാനമായത് അവർ ഈ സമ്മാനം നേടുന്ന ആദ്യ പത്രപ്രവര്‍ത്തകയാണെന്നതിനാലാണ്. കഥയോ നോവലോ കവിതയോ ഉൾപ്പെടുന്ന സാഹിത്യ ലോകമല്ല സ്വെറ്റ്ലാനയെ ഈ നേട്ടത്തിലേക്കെത്തിച്ചത്. മറിച്ച്, മനുഷ്യത്വത്തിന്റെ മഹാഗാഥകളായി മാറിയ അവരുടെ ജീവിതമെഴുത്തുകളാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ ലോക പ്രശസ്തയായ സ്വെറ്റ്ലാനയുടെ എഴുത്ത് നമ്മുടെ കാലത്തിന്റെ പീഡാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും ബഹുസ്വരതയെന്നു അടയാളപ്പെടുത്തപ്പെടുന്നത് വെറുതേയല്ല. അവരുടെ കൃതികളിലേതെങ്കിലുമൊന്നിലൂടെ കടന്നു പോയിട്ടുള്ളവർക്കറിയാം അതിന്റെ മൂല്യവും പ്രാധാന്യവും.
സ്വെറ്റ്ലാന അലക്സിവിച്ചിനു സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നൽകിയപ്പോൾ അത് ഒരു ജേണലിസ്റ്റിനു ലഭിക്കുന്ന ആദ്യ നൊബേൽ സമ്മാനമായെന്നതു പോലെ, അലക്സിവിച്ച് എഴുതിയതു സാഹിത്യമാണോ എന്ന ചോദ്യവും ഉയർന്നു വന്നിരുന്നു. നമ്മുടെ കാലത്തിന്റെ വലിയ യാതനകളെയും ആത്മരോദനങ്ങളെയും ആവിഷ്കരിച്ചതിനാണ് സ്വെറ്റ്ലാന അലക്സീവിച്ചിനു സമ്മാനം നൽകിയതെന്നു സ്വീഡിഷ് അക്കാദമി വിശദീകരിക്കുകയുണ്ടായി. ഫിക്‌ഷനെയും നോൺഫിക്‌ഷനെയും വേർതിരിക്കുന്ന അതിരുകൾ കടന്നു പുതിയ ഒരു സാഹിത്യരൂപം സ്വെറ്റ്ലാന നിർമിച്ചു എന്ന് അക്കാദമി നിരീക്ഷിച്ചു. എന്നാൽ തന്റേത് ‘വാമൊഴി ചരിത്ര’ (oral history) മാണെന്നാണ് സ്വെറ്റ്ലാന പറയുന്നത്.
സ്വെറ്റ്ലാന അലക്സിവിച്ചിന്റെ ഏറെ പ്രശസ്തവും പ്രസക്തവുമായ ഒരു പുസ്തകമാണ് ‘ലാസ്റ്റ് വിറ്റ്നസസ്’. രണ്ടാം ലോകമഹായുദ്ധകാലത്തു ജീവിച്ച 101 അശരണബാല്യങ്ങളുടെ ദൃക്സാക്ഷിവിവരണമാണ് ഇതിന്റെ ഉള്ളടക്കം.
‘ലാസ്റ്റ് വിറ്റ്നസസ്’ ഇപ്പോൾ മലയാളത്തിലേക്കുമെത്തിയിരിക്കുന്നു – ‘അവസാനത്തെ സാക്ഷികൾ’ എന്ന പേരിൽ. സുരേഷ് എം.ജി. വിവർത്തനം ചെയ്ത് എച്ച് ആൻഡ് സി ബുക്സാണ് സഹനത്തിന്റെ ഒരു മ്യൂസിയം എന്നു വിശേഷിപ്പിച്ചിരിക്കുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുദ്ധം ഉറ്റവരെ കൊന്നൊടുക്കിയതിന്റെ, ജന്മഗൃഹം ചുട്ടെരിച്ചതിന്റെ, അനാഥാലയത്തില്‍ തള്ളിയതിന്റെ, പട്ടിണിയാല്‍ വലച്ചതിന്റെ, രക്തം ഊറ്റിയെടുത്തതിന്റെ, അടിമയായി വിറ്റതിന്റെ ഒക്കെ കണ്ണീരുണങ്ങിപ്പിടിച്ച നേര്‍സാക്ഷ്യങ്ങള്‍. ഉടലിലും മനസ്സിലും യുദ്ധം ചോരയും ചലവും പൊടിയുന്ന ഉണങ്ങാവ്രണങ്ങള്‍ കൊത്തിയവര്‍ ഇവിടെ സംസാരിക്കുകയാണ്; തകര്‍ന്നടിഞ്ഞ കുട്ടിത്തത്തെപ്പറ്റി, അപഹരിക്കപ്പെട്ട പാവകളെപ്പറ്റി. ഒരു ‘നശിച്ച’ കാലം അവര്‍ക്കു ‘സമ്മാനിച്ച’ ഈ യാതനാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആരും ചോദിച്ചുപോകും, ‘ദൈവം ഇതെല്ലാം കാണുന്നുണ്ടായിരുന്നോ ?’ എന്നു പ്രസാധകർ കുറിക്കുന്നത് പുസ്തകത്തിന്റെ ഉള്ളകത്തെ കൃത്യമായി നിർവചിക്കുന്നു.
1948മേയ് 31 നു, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിനിലാണ് സ്വെറ്റ്‌ലാന അലക്‌സിവിച്ച് ജനിച്ചത്. പ്രിക്‌സ് മെഡിക്‌സ് (2013), പീസ് പ്രൈസ് ഓഫ് ദി ജര്‍മ്മന്‍ ബുക്ക് ട്രേഡ് (2013) തുടങ്ങിയ അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങളും അവർക്കു ലഭിച്ചിട്ടുണ്ട്. 1985ല്‍ പ്രസിദ്ധീകരിച്ച ‘വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ്’ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീപോരാളികളുടെ നേരനുഭവങ്ങളാണ്. വിൽപനയില്‍ ചരിത്രം സൃഷ്ടിച്ച ഈ പുസ്തകം വിവിധ ഭാഷകളിലേക്കും മൊഴിമാറ്റിയെത്തി.
‘അവസാനത്തെ സാക്ഷികൾ’ സമീപകാലത്ത് മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തിയ മികച്ച ലോകകൃതികളിൽ ഒന്നാണ്. മൂലരചനയുടെ തീവ്രതയും ആഴവും ഒട്ടും ചോരാതെ പുസ്തകം മലയാളത്തിലേക്കെത്തിക്കാൻ സുരേഷ് എം.ജി.ക്കു സധിച്ചു. ചതിത്രത്തിന്റെ അറിയാവഴികളിലൂടെ സഞ്ചരിക്കാനും ലോകരാഷ്ട്രീയത്തിന്റെ ഗതിവിഗതികളുടെ ഓർമക്കാലങ്ങളെ അടുത്തറിയാനും ആഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘അവസാനത്തെ സാക്ഷികൾ’ എന്നു ചുരുക്കം.