Tuesday 13 December 2022 12:43 PM IST : By സ്വന്തം ലേഖകൻ

‘ഇങ്ങനെയൊക്കെ ഉണ്ടാകും, കണ്ടവർ ഫോട്ടോയും കൊണ്ടു പോയി തോന്നിയത് ചെയ്യും’: ദുരനുഭവം പങ്കുവച്ച് ചിത്തിര കുസുമൻ

chithira

തന്റെ ചിത്രങ്ങൾ ആരോ ഒരു അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്തതിനെതിരെ പരാതിയുമായി സൈബർ സെൽ ഓഫീസിൽ ചെന്നപ്പോഴുണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കി കവയിത്രി ചിത്തിര കുസുമൻ.

‘റിസപ്ഷനിൽ ഇരുന്ന ഓഫീസറോട് കാര്യം പറഞ്ഞപ്പോൾ ആദ്യം ചോദിച്ചത് പ്രൊഫൈൽ ലോക്ക് അല്ലേ എന്നാണ്. അല്ല എന്ന് പറഞ്ഞപ്പോൾ അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും, കണ്ടവർ ഫോട്ടോയും കൊണ്ടു പോയി തോന്നിയത് ചെയ്യും, അതിന് പരാതി പറഞ്ഞിട്ട് എന്താണ് കാര്യം എന്ന് പരിഹസിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഇവിടെ ഫേസ് ബുക് വഴി പണം തട്ടിയെടുത്തത് കണ്ടുപിടിക്കാൻ പറ്റുന്നില്ല അപ്പോഴല്ലേ ലോക്ക് ചെയ്യാത്ത പ്രൊഫൈലിലെ ഫോട്ടോ പോയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു’.– ചിത്തിര ഫെയ്സ്ബുക്കിൽ കുറിച്ചു.

ചിത്തിര കുസുമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം –

ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള എന്റെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്ത് Xossip Fap എന്നൊരു adult content സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് ഗൂഗിളിൽ എന്റെ പേരോ ഇമേജൊ മറ്റോ സെർച്ച് ചെയ്തപ്പോൾ കണ്ടിട്ട് ഫേസ്ബുക്ക് വഴി പരിചയമുള്ള ഒരു സുഹൃത്ത് പറഞ്ഞാണ് ഞാൻ അറിഞ്ഞത്. ആ സൈറ്റ് എടുത്തു നോക്കിയപ്പോൾ ഒരുപാട് സ്ത്രീകളുടെ ഫോട്ടോകൾ അത്തരത്തിൽ ഉപയോഗിച്ചിട്ടുള്ളതായി കണ്ടു. അതിന് പരാതി കൊടുക്കാൻ ഇൻഫോ പാർക്കിലുള്ള കൊച്ചി സൈബർ സെൽ ഓഫീസിൽ പോയി. അവിടെ റിസപ്ഷനിൽ ഇരുന്ന ഓഫീസറോട് കാര്യം പറഞ്ഞപ്പോൾ ആദ്യം ചോദിച്ചത് പ്രൊഫൈൽ ലോക്ക് അല്ലേ എന്നാണ്. അല്ല എന്ന് പറഞ്ഞപ്പോൾ അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും, കണ്ടവർ ഫോട്ടോയും കൊണ്ടു പോയി തോന്നിയത് ചെയ്യും, അതിന് പരാതി പറഞ്ഞിട്ട് എന്താണ് കാര്യം എന്ന് പരിഹസിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഇവിടെ ഫേസ് ബുക് വഴി പണം തട്ടിയെടുത്തത് കണ്ടുപിടിക്കാൻ പറ്റുന്നില്ല അപ്പോഴല്ലേ ലോക്ക് ചെയ്യാത്ത പ്രൊഫൈലിലെ ഫോട്ടോ പോയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ നിർബന്ധമായും പരാതി കൊടുക്കണം എന്നു പറഞ്ഞപ്പോൾ അദ്ദേഹം അകത്തുനിന്ന് മറ്റൊരു ഓഫീസറെ ഫോണിൽ വിളിച്ചു. വന്ന ഓഫീസർ കാര്യം ചോദിച്ചിട്ട് എന്റെ ഫോട്ടോകൾ ഉള്ള url എല്ലാം വെച്ചിട്ട് മെയിലിൽ ഒരു പരാതി കൊടുക്കാൻ പറഞ്ഞു. അതിൽ ഒരുപാടു പേജുകളിൽ ആയി ധാരാളം സ്ത്രീകളുടെ ഫോട്ടോകൾ ഉണ്ട് എന്നുപറഞ്ഞപ്പോൾ താൻ തന്റെ കാര്യം നോക്കെന്നും അവർക്ക് പരാതി ഉണ്ടെങ്കിൽ അവർ വന്ന് പറയട്ടെ ഇപ്പോൾ തന്റെ ഫോട്ടോ ഞങ്ങൾ റിമൂവ് ചെയ്യിക്കാം എന്നും പറഞ്ഞു. ആരെങ്കിലും വ്യക്തിവൈരാഗ്യം കൊണ്ട് ചെയ്തതാണോ എന്നറിയണം എന്ന് പറഞ്ഞപ്പോൾ അതും അന്വേഷിച്ചു നോക്കാം, ആദ്യം പരാതിപ്പെടാൻ പറഞ്ഞു. റിസപ്‌ഷനിൽ ഇരുന്ന ഓഫീസർ ഇദ്ദേഹത്തോടും പ്രൊഫൈൽ ലോക്ക് അല്ല എന്നുള്ളത് ആവർത്തിച്ചു. മെയിൽ ഐഡി കാണിച്ചു തന്നിട്ട് ആ ഓഫീസർ അകത്തേക്ക് പോയപ്പോൾ ഈ ഫോട്ടോയൊക്കെ എടുത്തിട്ടുള്ള ഐപി അഡ്രസ്സ് അന്വേഷിച്ചു ചെല്ലുമ്പോൾ അത് വല്ല അമേരിക്കയിലും നൈജീരിയയിലും ഒക്കെ ആയിരിക്കുമെന്നും നമ്മളെ നമ്മൾ സൂക്ഷിച്ചാൽ നമ്മൾക്ക് കൊള്ളാമെന്നും ഒക്കെ വീണ്ടും പറഞ്ഞു. പ്രൊഫൈൽ ലോക്ക് ചെയ്യാമെന്ന് ഞാൻ സമ്മതിച്ചിട്ടേ എന്നെ ഇറങ്ങാൻ വിട്ടുള്ളു.

അങ്ങനെ നവംബർ 30 ന് ഞാൻ url സഹിതം പരാതി മെയിൽ ചെയ്തു. അതിന് ഒരു മറുപടിയും കിട്ടാഞ്ഞതുകൊണ്ട് ഡിസംബർ 8 ന് വീണ്ടും ഒരു മെയിൽ കൂടെ ചെയ്തു. ഇന്നുവരെ അങ്ങനെ ഒരു പരാതി കിട്ടിയതിന്റെ acknowledgement പോലും കിട്ടിയില്ല, സാധാരണ മലയാളത്തിലെ പ്രമുഖവാരികകളിൽ കവിത അയക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറുള്ളത്.

ഇപ്പോഴും ആ url കളിൽ ഫോട്ടോകൾ കിടക്കുന്നുണ്ട്. രാത്രി പുറത്തിറങ്ങിയിട്ടല്ലേ റേപ്പ് ചെയ്യപ്പെട്ടത് എന്ന് ചോദിക്കുന്ന അതേ ന്യായമാണല്ലോ പ്രൊഫൈൽ ലോക്ക് ചെയ്യാഞ്ഞിട്ടല്ലേ ഫോട്ടോ എടുത്തോണ്ട് പോയത് എന്നോർത്ത് ആശ്വസിക്കാം, അല്ലാതെ എന്ത് ചെയ്യാനാണ്!

കൂടെ വന്ന പെൺകുട്ടി ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ. നമ്മൾക്ക് എന്തേലും കുഴപ്പമുണ്ടായാൽ അപ്പോ ഇത്രയും ഒക്കെ നടപടി പ്രതീക്ഷിച്ചാൽ മതി അല്ലേ ചേച്ചീ എന്ന് അവൾ ചോദിച്ചപ്പോൾ സങ്കടം തോന്നിയിരുന്നു. പെൺകുട്ടികൾക്ക് നമ്മൾ അല്ലെങ്കിലും അടങ്ങാനും ഒതുങ്ങാനും ഉള്ള പരിശീലനം ആണല്ലോ കൊടുക്കേണ്ടത്.