Friday 27 May 2022 12:34 PM IST : By സ്വന്തം ലേഖകൻ

ചരിത്രമായി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡ്’: ബുക്കർ പുരസ്കാരം വീണ്ടും ഇന്ത്യയിലേക്ക്

geethanjali

ബുക്കർ ഇന്റർനാഷനൽ പുരസ്കാരം വീണ്ടും ഇന്ത്യയിലേക്ക്. ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയ്ക്കാണ് 2022 ലെ ബുക്കര്‍ സമ്മാനം. ഗീതാഞ്ജലിയുടെ ഹിന്ദി നോവൽ ‘റേത് സമാധി’യുടെ പരിഭാഷയായ ‘ടൂം ഓഫ് സാൻഡ്’ ആണ് അവാർഡിന് അർഹമായത്.

ഹിന്ദിയിൽ നിന്നുള്ള ഒരു കൃതി ബുക്കർ പ്രൈസ് നേടുന്നത് ഇതാദ്യമാണ്. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്‌വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50000 യൂറോ (41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും. 135 പുസ്തകങ്ങളിൽ നിന്നാണ് 6 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ബുക്കർ സമിതി തയാറാക്കിയത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഇന്ത്യ–പാക്ക് വിഭജനകാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന ഒരു വയോധിക പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് ‘റേത് സമാധി’യുടെ ഇതിവൃത്തം. 2018ലാണ് ‘റേത് സമാധി’ പുറത്തിറങ്ങിയത്. ഇംഗ്ലിഷിനു പുറമേ ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ന്യൂഡൽഹിയിലാണു താമസം. 1987ൽ പ്രസിദ്ധീകരിച്ച ബേൽ പത്രയാണ് ആദ്യ കഥ. 2000ൽ പുറത്തിറങ്ങിയ മായ് ആണ് ആദ്യ നോവൽ. റേത് സമാധി ഉൾപ്പെടെ 5 നോവലുകൾ എഴുതി.