പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ജേക്കബ് ഏബ്രഹാമിന്റെ പുതിയ പുസ്തകമാണ് ‘സർഗവിചാരങ്ങൾ’. എഴുത്തും വായനയുമായി ബന്ധപ്പെട്ട, എഴുത്തിനെയും വായനയെയും പ്രചോദിപ്പിക്കുന്ന, ചെറുകുറിപ്പുകളാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്. ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ച് ആഴ്ചകൾക്കകം രണ്ടാം പതിപ്പിലെത്തിയ ഈ കൃതി, മലയാളത്തിൽ ഇത്തരത്തിലുള്ള രചനകളിൽ ഏറെ ശ്രദ്ധേയമായ ഒന്നായി മാറുകയാണ്.
‘ദീർഘകാലത്തെ ഒരു പ്രണയത്തിന്റെ സാക്ഷാത്കാരം എന്ന നിലയിലാണ് ഈ പുസ്തകം സംഭവിച്ചത് എന്നു പറയാം. എഴുത്തും വായനയുമായി ബന്ധപ്പെട്ട എന്റെ ആദ്യ കൃതി എന്ന അടുപ്പം ‘സർഗവിചാരങ്ങ’ളോടുണ്ട്. ലോകസാഹിത്യത്തിലെ പ്രധാനപ്പെട്ട സർഗരചന പുസ്തകങ്ങളുടെ വായനയിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും ഞാൻ ഫെയ്സ്ബുക്കിൽ എഴുതി വന്നിരുന്ന സർഗ വിചാരങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. വളരെ വേഗം വായനാസമൂഹം ഈ പുസ്തകം ഏറ്റെടുത്തു. ആദ്യപതിപ്പ് വന്നു ആഴ്ചകൾക്കകം രണ്ടാം പതിപ്പും വന്നു. പ്രീ-ബുക്കിങ്ങിലും വലിയ സ്വീകരണം ലഭിച്ചു. ഏറെ സന്തോഷം’’.– ജേക്കബ് ഏബ്രഹാം ‘വനിത ഓൺലൈനോട്’ പറയുന്നു.
സോഷ്യൽ മീഡിയയിലൂടെ...
ഫെയ്സ്ബുക്കിൽ ഒരു പംക്തി പോലെയാണ് ഞാൻ സർഗവിചാരങ്ങൾ എഴുതി വന്നിരുന്നത്. അതിപ്പോഴും തുടരുന്നു.
എഴുത്തുകാരുടെ എഴുത്ത് രഹസ്യങ്ങൾ അറിയാൻ ഞാൻ എഴുതി തുടങ്ങിയ കാലം മുതൽ ആഗ്രഹിച്ചിരുന്നു. പിന്നെ അത്തരം പുസ്തകങ്ങൾ ശേഖരിച്ചു വായിച്ചു. ഇന്റർനെറ്റിൽ ചിലരെ സ്ഥിരമായി ഫോളോ ചെയ്തു. മലയാള സാഹിത്യത്തിൽ എംടി, കൽപ്പറ്റ, എൻ.പ്രഭാകരൻ, എസ്. ജോസഫ്, കെ.ആർ. മീര എന്നിവരുടെ പുസ്തകങ്ങൾ മാത്രമാണ് ഈ ഗണത്തിൽ എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടുള്ളത്.
ഫെയ്സ്ബുക്ക് ടു ബുക്ക്
ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പുകളിൽ നിന്നു തിരഞ്ഞെടുത്തവയാണ് ഇപ്പോൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കോളത്തിനു വായനക്കാര്‍ നൽകിയ സ്വീകരണമാണ് ഈ പുസ്തകത്തിന്റെ പ്രചോദനം. സുഹൃത്തും മികച്ച വായനക്കാരനുമായ നെൽസണും ഈ കുറിപ്പുകളെ പുസ്തക രൂപത്തിലാക്കാൻ പിന്തുണ തന്നു. ഇതൊരു മഹത്തായ കൃതിയാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. എഴുത്തിൽ ഇപ്പോഴും സംശയങ്ങൾ തുടരുന്ന എന്റെ ആത്മാർത്ഥമായ അന്വേഷണമാണ് ഈ രചന. സത്യത്തിൽ ഇത്രയും റെസ്പോൺസ് ഈ പുസ്തകത്തിന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു കാര്യം നിങ്ങൾ ആത്മാർത്ഥമായി ചെയ്താൽ ലോകം നിങ്ങൾക്കൊപ്പം നിൽക്കും എന്നത് ഇപ്പോൾ എനിക്കും ബോധ്യമായി. കേരളത്തിൽ നിന്നു മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി വായനക്കാർ ഈ പുസ്തകം ആവശ്യപ്പെടുന്നു.
നിലത്ത് നിന്ന് എഴുതുമ്പോൾ
കഥകളായാലും നോവലുകളായാലും ലേഖനങ്ങളായാലും വിവർത്തനങ്ങളായാലും, എന്തുകൊണ്ട് ധാരാളം എഴുതുന്നു എന്ന് ഒരുപാട് സുഹൃത്തുക്കൾ എന്നോട് ചോദിക്കാറുണ്ട്. പത്ത് വർഷത്തിൽ അധികം റെറ്റേഴ്സ് ബ്ലോക്കിൽ പെട്ടു പോയി. ജീവിതത്തിൽ ഇനി ഒരു വരി പോലും എഴുതാൻ കഴിയില്ല എന്ന് കരുതിയിരുന്നു. അവിടെ നിന്നാണ് ഒരു സുപ്രഭാതത്തിൽ രണ്ടും കൽപ്പിച്ച് എഴുത്തു തുടങ്ങിയത്. വലിയ രോഗത്തിന് ശേഷം അല്ലെങ്കിൽ അപകടത്തിനു ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നവർ ഓരോ ദിവസത്തെയും ധന്യതയോടെ സ്നേഹിക്കുന്ന പോലെയാണ് എനിക്ക് എഴുത്ത്. എല്ലാവരും എന്നെ അംഗീകരിക്കണമെന്നോ അവാർഡുകൾ ലഭിക്കണമെന്നോ ഒന്നും ഞാൻ ആഗ്രഹിക്കാറില്ല. എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുന്ന ലാഘവത്തോടെയാണ് ഞാൻ എഴുതുന്നത്. നാളെ എഴുതാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയമാണ് എന്നെ ഇന്ന് പേന എടുപ്പിക്കുന്നത്. എഴുത്തിലെ ഗ്രാഫ് താഴോട്ടോ മേലോട്ടോ എന്നൊന്നും ഞാൻ വ്യാകുലപ്പെടാറില്ല. എഴുത്തിൽ അനുഭവിക്കുന്ന സംഘർഷം എനിക്കുമുണ്ട്. അതിലുപരി സന്തോഷവും. എപ്പോഴും നിലത്ത് നിന്നാണ് ഞാൻ എഴുതുന്നത്. എന്റെ ഇത്തരം ചിന്തകൾ കൂടിയാണ് സർഗവിചാരങ്ങൾ എന്ന രചനയ്ക്ക് പിന്നിലുള്ളത്.
ചെറിയ കാര്യങ്ങളുടെ പുസ്തകം
ചെറിയ കാര്യങ്ങളുടെ പുസ്തകമാണ് സർഗവിചാരങ്ങൾ. ഈ പുസ്തകത്തിൽ വലിയ കാര്യങ്ങളല്ല, എഴുത്തിലും വായനയിലും പ്രയോഗിക്കാൻ കഴിയുന്ന ചെറിയ കാര്യങ്ങളാണ് ഞാൻ പങ്കുവെക്കുന്നത്. സത്യത്തിൽ ചെറിയ കാര്യങ്ങളാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നത്.
ഉദാഹരണത്തിന് നിങ്ങൾ എഴുതാനിരിക്കുന്ന സ്ഥലം മാറി നോക്കുന്നു, അല്ലെങ്കിൽ അലങ്കോലമായ മേശപ്പുറം വൃത്തിയാക്കുന്നു. അല്ലെങ്കിൽ എന്നോ മാറ്റിവെച്ച ഒരു പുസ്തകം വായിക്കാൻ തുടങ്ങുന്നു. നിങ്ങളെ തന്നെ ഒന്നു പുതിയതായി സർഗാത്മകമായി ഉണർത്തുന്നു. ചെറിയ കാര്യങ്ങൾക്ക് വലിയ കാര്യങ്ങളുടെ ശക്തിയുണ്ട്. അതാണ് ഈ പുസ്തകത്തിന്റെയും പ്രധാന്യം എന്നു കരുതുന്നു.