Thursday 22 September 2022 03:44 PM IST : By സ്വന്തം ലേഖകൻ

‘ലാൽ ജോസിന് കഴിവൊന്നുമില്ല, ആളുകളെ സോപ്പിടാൻ അറിയാവുന്ന ഒരു നസ്രാണിയാണ് ഇവൻ’: മമ്മൂട്ടിക്കു കിട്ടിയ കത്ത്

lal-jose-1

ലാൽ ജോസ് എന്നയാൾക്ക് നിങ്ങൾ വിചാരിച്ചപോലെ വലിയ കഴിവൊന്നുമില്ല. കമലിന്റെ സിനിമ വിജയിക്കുന്നതിനു കാരണം കമലിന്റെ മിടുക്കാണ്. അല്ലാതെ ഇവന്റെ സഹായം കൊണ്ടല്ല. പഠിക്കുന്ന കാലത്ത് ഒരു പരിപാടിക്കുപോലും ഇവൻ സ്‌റ്റേജിൽ കയറിയിട്ടില്ല. കലാപരമായി യാതൊരു പാരമ്പര്യവുമില്ല. കമലിന്റെ ദയ കൊണ്ട് ഒരു ജോലി എന്ന നിലയിൽ അവനെ കൂടെ നിർത്തുകയാണ്. ആളുകളെ സോപ്പിടാൻ അറിയാവുന്ന ഒരു നസ്രാണിയാണ് ഇവൻ. താങ്കൾ അവന്റെ വാചകമടിയിൽ വീഴരുത്. ഇത്രയുംകാലം കൊണ്ട് വളർത്തിയുണ്ടാക്കിയ കരിയർ നശിപ്പിക്കരുത്.

മമ്മൂട്ടിയുടെ മേൽവിലാസത്തിലേക്ക് തപാലിൽ അയച്ചുകിട്ടിയ ഒരു കത്താണിത്. ഇൻലൻഡ് ലെറ്റർ. മമ്മൂട്ടിയുടെ ഭാര്യയാണ് ഈ കത്ത് ലാൽജോസിന് കൊടുത്തത്. ശ്രീനിവാസനുമായി ചേർന്ന് ലാൽജോസ് ആദ്യ സിനിമ ആലോചിക്കുന്നതിനിടെ. ആദ്യത്തെ സിനിമയിൽ മമ്മൂട്ടിയെപ്പോലെ ഒരു വലിയ നടനെ നായകനാക്കാൻ ലാൽ ആലോചിച്ചിരുന്നില്ല. സംവിധായകനായി കഴിവു തെളിയിച്ച ശേഷം മാത്രം മമ്മൂട്ടിയെപ്പോലുള്ള നടൻമാരെ വച്ച് സിനിമയെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ, ആദ്യ സിനിമയിൽ താൻ നായകനാകാം എന്നു നിർദേശിച്ചത് മമ്മൂട്ടി തന്നെയാണ്.

നിന്റെ ആദ്യ സിനിമയിൽ ഞാനാണ് നായകനെങ്കിൽ ഡേറ്റ് തരാം. കാരണം ആദ്യത്തെ സിനിമയിൽ അറിയാവുന്ന തന്ത്രങ്ങളെല്ലാം നീ പ്രയോഗിക്കും. വർഷങ്ങളായി സൂക്ഷിച്ചുവച്ചിട്ടുള്ള ഐഡിയകളെല്ലാം നീ ഇറക്കും. അതുകൊണ്ട് നിന്റെ ആദ്യ സിനിമയിലേ എനിക്കു താൽപര്യമുള്ളൂ- സ്വതസിദ്ധമായ ശൈലിയിൽ മമ്മൂട്ടി പറഞ്ഞു. എന്നാൽ മഹാനടൻ ഡേറ്റ് ഓഫർ ചെയ്തിട്ടും തള്ളിക്കളഞ്ഞു എന്ന ദുഷ്‌പേരാണ് ലാൽജോസിന് ലഭിച്ചത്. അക്കാര്യം ശ്രീനിവാസനും ചൂണ്ടിക്കാട്ടിയിരുന്നു. അതോടെ, കഥ റെഡിയായാൽ ഉടൻ അറിയിക്കാമെന്ന് ലാൽജോസ് മമ്മൂട്ടിയെ വിളിച്ചു പറഞ്ഞു. അങ്ങനെ ശ്രീനിവാസനുമായി ചേർന്ന് മമ്മൂട്ടിയെ നായകനാക്കി ആദ്യ സിനിമ എന്ന ആശയം സാക്ഷാത്കരിക്കാൻ ശ്രമിക്കുമ്പോഴാണ് സുഹൃത്തുക്കളിലൊരാൾ മമ്മൂട്ടിക്ക് കത്ത് അയയ്ക്കുന്നത്. ലാൽ ജോസിന്റെ സിനിമയിൽ മമ്മൂട്ടി നായകനാകുന്നു എന്ന് ചില സിനിമാ മാസികകളിൽ വാർത്ത വന്നതിനെത്തുടർന്ന് ഉയർന്നുവന്ന പാര. അസൂയ സഹിക്കാതെ ആരോ അയച്ച ഊമക്കത്ത്.

കത്തിനെക്കുറിച്ച് ലാൽ ജോസ് മമ്മൂട്ടിയോട് വിശദീകരിച്ചു. എഴുതിയിട്ടുള്ളതിൽ പകുതി കാര്യങ്ങൾ നേരാണ്. എനിക്കു കലാപാരമ്പര്യമൊന്നും ഇല്ല. എല്ലാവരോടും നല്ല രീതിയിൽ ഇടപഴകുന്നയാളാണ്. ചിലപ്പോൾ മമ്മൂക്കയ്ക്കും എന്റെ വർത്തമാനത്തിൽ ആകർഷണം തോന്നിയിട്ടുണ്ടാവും. ഒന്നുകൂടി ചിന്തിക്കാൻ സമയമുണ്ട്. വിശ്വാസക്കുറവുണ്ടെങ്കിൽ പിൻമാറിക്കോളൂ.

എന്നാൽ മമ്മൂട്ടി ചിരിച്ചു. ആളുകൾ അങ്ങനെയൊക്കെയാണ്. എല്ലാവരെയും മാറ്റിയെടുക്കാൻ നമുക്ക് സാധിക്കില്ല. നീ അതൊന്നും മനസ്സിൽ വയ്ക്കണ്ട... അദ്ദേഹം ആശ്വസിപ്പിച്ചു. ആ കഥ അവിടെ തീർന്നില്ല. നേരത്തെ ചലച്ചിത്രമാക്കാൻ ശ്രമിച്ച് പാതിവഴിയിൽ ഉപേക്ഷിച്ച ഒരു കഥയെക്കുറിച്ച് ഇതിനിടെ ലാൽ ജോസ് ശ്രീനിവാസനോട് പറഞ്ഞിരുന്നു. അദ്ദഹം തന്നെയാണ് ലാൽ ജോസിനെ മദ്രാസിലേക്ക് അടിയന്തരമായി വിളിപ്പിച്ചത്. കാറുമായി കാത്തുനിൽക്കുന്നയാളിനോട് കഥ പറയണമെന്നും പറഞ്ഞിരുന്നു. പറഞ്ഞപോലെ കാർ എത്തി. മുൻസീറ്റിൽ ഇരിക്കുന്ന ആളെക്കണ്ട് ലാൽജോസ് അമ്പരുന്നു- മമ്മൂക്ക. ലാൽജോസും മമ്മൂക്കയും ചന്ദ്രലേഖ എന്ന സിനിമയുടെ സെറ്റിലെത്തി. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമ.

lal-jose-2

എവിഎം സ്റ്റുഡിയോയുടെ മുറ്റത്ത് കസേരകൾ നിരത്തിയിട്ടു. മോഹൻലാൽ. ശ്രീനിവാസൻ. അരികിൽ ലാൽജോസ്. തൊട്ടടുത്ത സീറ്റിൽ മമ്മൂക്ക. മലയാള സിനിമയിലെ എണ്ണം പറഞ്ഞ പ്രതിഭകളുടെ മുന്നിലിരുന്ന് ശ്രീനിവാസനോട് എന്നവണ്ണം ലാൽ ജോസ് കഥ പറഞ്ഞു. എല്ലാവർക്കും കഥ ഇഷ്ടമായി. ഒരു ഗ്രാമത്തിലേക്ക് അനുജനും ഭാര്യയും വരുന്നു. അനുജന് അപകടം സംഭവിക്കുന്നു. അയാളെ സഹായിക്കാൻ ചേട്ടൻ എത്തുന്നു. ചേട്ടൻ സ്വന്തം നാട്ടിൽ ഗുണ്ടയാണ്. ആ വേഷത്തിലാണ് മമ്മൂക്ക അഭിനയിക്കേണ്ടത്. അതേ 1998 ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ്. ലാൽ ജോസ് എന്ന സംവിധായകന്റെ വരവ് അറിയിച്ച സിനിമ. അതൊരു തുടക്കമായിരുന്നു. സൂപ്പർഹിറ്റ് തുടക്കം. പിന്നീട് മലയാള സിനിമ കണ്ടത് ലാൽജോസ് യുഗം കൂടിയാണ്. അതിന്നും അവസാനിച്ചിട്ടില്ല. നൂറ്റാണ്ടു തന്നെ മാറിയിട്ടും പ്രേക്ഷകരുടെയും താരങ്ങളുടെയും അഭിരുചി മാറിയിട്ടും കഥയും പ്രമേയവും മാറിയിട്ടും ലാൽ ജോസ് ഇന്നും മലയാള സിനിമയുടെ അവിഭാജ്യ ഭാഗമാണ്. സോളമന്റെ തേനീച്ചകൾ എന്ന ഏറ്റവും പുതിയ സിനിമയും അടിവരയിട്ടു പറയുന്ന സത്യം.

അമ്മയുടെ ഗർഭത്തിൽ കിടന്നു നടത്തിയ യാത്ര മുതൽ കൊച്ചി-ലണ്ടൻ കാർ യാത്രയിലൂടെ കടന്ന് സോളമന്റെ തേനീച്ചകളിൽ എത്തിയ ജീവിത-സിനിമാ യാത്ര ലാൽ ജോസ് പറയുകയാണ്. അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് സിനിമ സമ്മാനിക്കുന്ന എല്ലാ കൂട്ടുകളോടും കൂടി. വികാരവും വിചാരവുമുണ്ട്. സന്തോഷവും സങ്കടവുമുണ്ട്. പ്രണയവും വിരഹവുമുണ്ട്. പൊട്ടിച്ചിരിക്കാനും മറക്കാനും, ഒരിക്കലും മറക്കാത്ത ദൃശ്യങ്ങളുമുണ്ട്. താരങ്ങളെ നോക്കിയല്ല, സംവിധായകനെ നോക്കിയും സിനിമ കാണും എന്ന് ഏറ്റവും പുതിയ തലമുറയെപ്പോലും ആവർത്തിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ലാൽ ജോസ് മാജിക് അദ്ദേഹം വെളിപ്പെടുത്തുകയാണ്. ഒപ്പം, മിമിക്രി താരങ്ങളാൽ അനുകരിക്കപ്പെട്ട ആദ്യം സംവിധായകൻ എന്നു കൂടി വിശേഷിപ്പിക്കാവുന്ന ലാൽ ജോസ് സ്വതസിദ്ധമായ ശൈലിയിൽ ഒരു ഉറപ്പും കൂടി തരുന്നു.

പുതിയ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളുമായി പുതുതലമുറ മലയാള സിനിമയിൽ പിടിമുറുക്കിക്കഴിഞ്ഞു. സംവിധായകനെന്ന നിലയിൽ എന്റെ സിനിമാ യാത്ര എത്ര കാലം മുന്നോട്ടുപോകുമെന്നറിയില്ല. ഒരുകാര്യം എനിക്കുറപ്പുണ്ട്. ഏതെങ്കിലുമൊരു വേഷത്തിൽ ഞാൻ സിനിമയിലുണ്ടാകും. മരണം വരെ.

(ബൈജു ഗോവിന്ദ് തയാറാക്കിയ ‘ലാൽജോസിന്റെ ഭൂപടങ്ങൾ’ എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാൻ