നീല പത്മനാഭൻ തമിഴർക്ക് മലയാളിയും മലയാളികൾക്കു തമിഴനുമാണ്. ഈ വൈചിത്ര്യം അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിലുടന്നീളം ഒരു ബാധ്യതയും സാധ്യതയുമായി മാറിയും മറിഞ്ഞും പ്രവർത്തിച്ചു എന്നു മനസ്സിലാക്കാം.
നീലയെ പോലെ ഒരേ സമയം തമിഴിലും മലയാളത്തിലും സാഹിത്യമെഴുതിയവർ അപൂർവം. ജയമോഹന്‍ പോലും മലയാളത്തില്‍ നിസ്സാര കൃതികളേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. മലയാളത്തിൽ കഥകളും കവിതകളും ലേഖനങ്ങളുമാണ് നീല കൂടുതലെഴുതിയത്. പക്ഷേ, അദ്ദേഹത്തിന്റെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന നോവലുകളെല്ലാം തമിഴിലാണ് എഴുതപ്പെട്ടത്. രണ്ടിൽ ഏതു ഭാഷയോടാണ് കൂടുതൽ താൽപര്യം എന്ന ചോദ്യം അദ്ദേഹം എക്കാലവും നേരിട്ടിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു പക്ഷം ചേരൽ നീലയ്ക്കില്ല. ‘മലയാള സാഹിത്യത്തെയും തമിഴ് സാഹിത്യത്തെയും ബന്ധിപ്പിക്കുന്ന കാഞ്ചന കണ്ണിയാണ് നീല പത്മനാഭൻ’ എന്ന ഡോ. എം. ആർ. തമ്പാന്റെ നിരീക്ഷണമാണ് ഇക്കാര്യത്തിൽ കൃത്യമായ ഒരു നിർവചനം.
നീല പത്മനാഭന്റെ സാഹിത്യ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകമാണ് സൈൻ ബുക്സ് പ്രസിദ്ധീകരിച്ച ‘മുഖങ്ങള്‍ മുഖാമുഖങ്ങൾ’. നടൻ കമൽഹാസൻ ഇരാ. മുരുകനോടൊപ്പം നീല പത്മനാഭനുമായി നടത്തിയ അഭിമുഖം ഉൾപ്പെടെ അദ്ദേഹത്തിന്റെ സാഹിത്യ ജീവിതവും കാഴ്‌ചപ്പാടുകളും വിശദമാക്കുന്ന സംഭാഷണങ്ങൾ, നീല എഴുതിയ പുസ്തകക്കുറിപ്പുകൾ, നീലയെക്കുറിച്ചു പലർ എഴുതിയ ലേഖനങ്ങൾ, തിരുമല ശിവൻകുട്ടി എഴുതിയ കവിത എന്നിവ ഉൾപ്പെടുന്നതാണ് ഈ കൃതി. ‘മുഖങ്ങൾ മുഖാമുഖങ്ങൾ’ എന്ന പുസ്‌തകം വായിച്ചപ്പോൾ മുത്തും പവിഴവും വിലമതിക്കാനാകാത്ത നവരത്നങ്ങളുമടങ്ങിയ ഒരു സഗരത്തിൽ നോക്കിനിന്ന പ്രതീതിയാണ് തോന്നിയത്’ എന്നു മലയിൻകീഴ് ഗോപാലകൃഷ്ണൻ. അതേ അനുഭവമാണ് നീലയുടെ സാഹിത്യജീവിതം അറിയുന്ന വായനക്കാർക്കും ഈ കൃതി പകർന്നു നൽകുക.

കഥാകൃത്തുക്കളായ ജേക്കബ് ഏബ്രഹാം, രമേശ് ബാബു എന്നിവർ തയാറാക്കിയ സംഭാഷണങ്ങൾ നീലയുടെ സാഹിത്യജീവിതത്തിന്റെ ഹ്രസ്വചരിത്രങ്ങളായി വായിക്കാം. കമൽഹാസനും ഇരാ. മുരുകനുമൊത്തുള്ള സംസാരം അൽപ്പം കൂടി സൈദ്ധാന്തികമായ തലത്തിലേക്കുയർന്നു നിൽക്കുന്നു. കമൽഹാസൻ നീലയെക്കുറിച്ച് നിർമിച്ച ഡോക്യുമെന്ററിക്കു വേണ്ടി തയാറാക്കിയതാണിത്. ഈ അഭിമുഖം പകർത്താൻ കമൽഹാസന്‍ നീലയുടെ തിരുവനന്തപുരം കിള്ളിപ്പാലത്തെ വീട്ടിലെത്തിയതിന്റെ വിശേഷങ്ങളാണ് പി.എം.ബിനുകുമാറിന്റെ മനോഹരമായ ഫീച്ചർ. നീലയുടെ ‘സൃഷ്ടിയിലെ നൊമ്പരങ്ങൾ’, ‘രചന രചയിതാവ്’ എന്നീ ലേഖനസമാഹാരങ്ങളുടെ തുടർച്ചയായോ, ഭാഗമായോ ‘മുഖങ്ങൾ മുഖാമുഖങ്ങൾ’ പരിഗണിക്കാം.
കന്യാകുമാരി ജില്ലയിലെ ഇരണിയലിൽ പൂർവികരുള്ള നീല പദ്മനാഭൻ ജനിച്ചതും (ജനനം 26 ഏപ്രിൽ 1938) പഠിച്ചതും തിരുവനന്തപുരത്താണ്. അദ്ദേഹത്തിന്റെ പെറ്റമ്മ തമിഴാണെങ്കിൽ പോറ്റമ്മയാണ് മലയാളം. മാതൃഭാഷയായ തമിഴിലും ഒപ്പം മലയാളത്തിലും സാഹിത്യരചനകൾ. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, വിമർശകൻ, ഉപന്യാസകാരൻ, വിവർത്തകൻ എന്നിങ്ങനെ ബഹുമുഖപ്രതിഭയായ അദ്ദേഹം തമിഴ് എഴുത്തുകാരനായാണ് പരക്കേ അറിയപ്പെടുന്നതെങ്കിലും മലയാളത്തിലും ധാരാളം കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. 13 വയസ്സിൽ, സ്കൂൾ പഠനകാലത്താണ് ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. ‘ഉദയതാരകം’ എന്ന നോവൽ. വീട്ടിൽ നിന്നു പണം വാങ്ങിയും പരസ്യം സംഘടിപ്പിച്ചുമുള്ള ഉദ്യമം. പ്രൊഫസർ വൈയാപുരപിള്ളയാണ് അവതാരിക എഴുതിയത്.
കഥകൾ ഇരുപത്, എറുമ്പുകൾ, അർക്കന്റെ കോണിൽ, വേരറ്റവർ, നീല പത്മനാഭന്റെ കഥകൾ, ആവണിപ്പിറപ്പ് എന്നിവയാണ് നീലയുടെ മലയാളം കഥാസമാഹാരങ്ങൾ. നീല പത്മനാഭന്റെ കവിതകൾ സമ്പൂർണം എന്ന പുസ്തകവും അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചു. ഒപ്പം അദ്ദേഹം തമിഴിൽ എഴുതിയ പ്രധാനകൃതികളെല്ലാം മലയാളത്തിലേക്കു മൊഴിമാറ്റി എത്തിയിട്ടുമുണ്ട്.
തമിഴിൽ എഴുതിയ ‘പള്ളികൊണ്ടപുരം’, ‘തലമുറകൾ’ എന്നീ നോവലുകളാണ് നീലയുടെ ക്ലാസിക് രചനകൾ. റഷ്യന്‍ ഉൾപ്പടെ വിവിധഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയ ‘പള്ളിക്കൊണ്ടപുരം’ തിരുവനന്തപുരം നഗരം പശ്ചാത്തലമാക്കി രചിച്ചതാണ്. പള്ളിക്കൊണ്ടപുരം എന്നാൽ ഭഗവാൻ പള്ളികൊള്ളുന്നയിടം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന അനന്തൻ നായരുടെ ജീവിതകഥയാണ് നോവൽ. ബി. മഹേശ്വരി ദേവിയുടേതാണ് മലയാളം പരിഭാഷ. നാഷണൽ ബുക്ക് ട്രസ്റ്റ് ആണ് പ്രസാധകർ.
ഇരുപത്തിയെട്ടു വയസ്സിൽ എഴുതിയ ‘തലമുറകൾ’ കേരളത്തിന്റെ അതിർത്തിയിൽ താമസിക്കുന്ന, തമിഴ് സംസാരിക്കുന്ന ഒരു സമൂഹത്തിന്റെ കഥയാണ്. ഒരു ഹിന്ദു തറവാട്ടിലെ മൂന്നു തലമുറകളിലൂടെയാണ് നോവൽ വികസിക്കുന്നത്. ഭാര്യയുടെ സ്വർണം പണയം വച്ചു പണം സംഘടിപ്പിച്ചാണ് അദ്ദേഹം ഈ കൃതി ആദ്യം പുസ്തകമാക്കിയത്. തമിഴിലെ പ്രമുഖ നിരൂപകനും നോവലിസ്റ്റുമായ ക.നാ. സുബ്രഹ്മണ്യം തലൈമുറകള്‍ ‘ദി ജനറേഷന്‍സ്’ എന്ന പേരില്‍ ഇംഗ്ലീഷിലേക്കെത്തിച്ചതോടെയാണ് കൃതി ശ്രദ്ധിക്കപ്പെട്ടത്. മിറർ മാസിക ഇന്ത്യയിലെ മികച്ച പത്തു നോവലുകളിലൊന്നായി ‘തലമുറകൾ’ തിരഞ്ഞെടുത്തിട്ടുണ്ട്. 2010 – ൽ ‘മഗിഴ്ചി’ എന്ന പേരിൽ തലൈമുറകൾ സിനിമയായി.
‘ഉറവുകൾ’,‘തേരോടും വീഥി’, ‘ഇലയുതിർക്കാലം’ തുടങ്ങിയവയാണ് നീലയുടെ മറ്റു ശ്രദ്ധേയ നോവലുകള്‍. ‘ഇലയുതിർക്കാല’ത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ജീവിതസായാഹ്നത്തിൽ പലവിധ കാരണങ്ങളാൽ വൃദ്ധ സദനത്തിലെത്തുന്ന ഒരു കൂട്ടം മനുഷ്യരുടെയും അവരുടെ കുടുംബങ്ങളുടെയും കഥപറയുന്നതാണ് ‘ഇലയുതിർക്കാലം’. കെ.അയ്യപ്പപ്പണിക്കരുടെ കവിതകളുടെ തമിഴ് പരിഭാഷയിലൂടെ മികച്ച വിവർത്തനകൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നീല പദ്മനാഭനെ തേടിയെത്തി.

1963-ൽ തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി വൈദ്യുതിവകുപ്പിൽ ജോലിക്കു ചേർന്ന നീലപദ്മനാഭൻ, 1993-ൽ ഡെപ്യൂട്ടി ചീഫ് എൻജിനിയറായി വിരമിച്ചു. 1985-89 കാലഘട്ടത്തിൽ കേരള സർവകലാശാല അക്കാദമി ബോർഡ് അംഗം, 1998 മുതൽ 2002 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ തമിഴ് അഡ്വൈസറി ബോർഡ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. നോവല്‍, ചെറുകഥ, കവിത, ഉപന്യാസം, നാടകം, വിവർത്തനം എന്നിങ്ങനെ തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രചനകള്‍ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷ്, ജര്‍മ്മന്‍, റഷ്യന്‍, ഫ്രഞ്ച് മുതലായ വിദേശ ഭാഷകളിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൃഷ്ണമ്മാളാണ് ഭാര്യ. ജാനകി, ഉമ, നീലകണ്ഠൻ, കവിത എന്നിവരാണ് മക്കൾ.
86വയസ്സിന്റെ നിറവിൽ അട്ടക്കുളങ്ങര ബൈപാസിലെ വസതിയായ നീലകണ്ഠിൽ, പരാതികളോ പരിഭവങ്ങളോ ഇല്ലാതെ നീല പത്മനാഭൻ എന്ന മഹാനായ എഴുത്തുകാരൻ ജീവിക്കുന്നു. ആഘോഷങ്ങളില്ലാതെ, ആരവങ്ങളില്ലാതെ...