Friday 15 January 2021 12:13 PM IST : By ആശാ റോയ്സ്

‘പ്രസവ വേദനയ്ക്കൊപ്പം അമ്മായി അമ്മ വരുന്നതിന്റെ മനോവേദനയും’: ഇത് ഓർഗാനിക് അമ്മച്ചിയുടെ കഥ

organic-ammachi

ഓർഗാനിക് അമ്മച്ചി (കഥ)-ആശ റോയ്സ്

അന്നമ്മ ചേട്ടത്തി കെട്ടും കിടക്കയുമെടുത്ത് ഇടുക്കിയിൽ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ടിരിക്കുന്നത് എന്നാത്തിനാന്നാ? പ്രസവം അടുത്തിരിക്കുന്ന മരുമോളെ ഒന്ന് നന്നായി നോക്കാനാ. പത്തും പലതുമില്ലായിരുന്നു; ഒന്നേ ഉണ്ടായിരുന്നുള്ളൂ. അതിനെയാ ‘‘ലവള്’’ അടിച്ചോണ്ട് പോയത്. ഇത് തന്നെ ഒരവസരം. ഒന്ന് പോയി നോക്കിയേച്ചും വരാം.

ബസ് സ്റ്റാൻഡിൽ ലാൻഡ് ചെയ്ത അമ്മച്ചിയെ വിളിച്ചു കൊണ്ട് വരാൻ നറുക്ക് വീണത് അമ്മച്ചീടെ പുന്നാര മോന്റെ കൂട്ടുകാരൻ ജിനോയ്ക്ക്. അമ്മച്ചിയെ വിളിക്കാൻ ഇറങ്ങിയപ്പോ അവൻ പറഞ്ഞു ‘‘ഡേയ്, അമ്മ ഫുൾ ഓർഗാനിക്കാ. ഒന്ന് അഡ്ജസ്റ്റ് ചെയ്തേക്കണേ…’’ ‘‘ഒന്ന് പോടാ, ഇതൊക്കെ എന്ത്?’’ എന്നും പറഞ്ഞ് ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാനായി ചാടി പുറപ്പെട്ടു കഴിഞ്ഞു.

അയ്യോ! ഇതിനിടയ്ക്ക് ഒരാളെ പരിചയപ്പെടുത്താൻ മറന്നു പോയി. പ്രസവം അടുത്തിരിക്കുന്ന ഈ വേളയിൽ ആ വേദനയോടൊപ്പം അമ്മായിഅമ്മ വരുന്നതിന്റെ മനോവേദന കൂടി അനുഭവിക്കുന്ന അമ്മച്ചിയുടെ സ്വന്തം മരുമോൾ. ‘‘പണ്ടേ അബല ഇപ്പോ ഗർഭിണിയും’’ എന്ന് പെണ്ണുങ്ങളെ തേച്ചൊട്ടിക്കാൻ പറഞ്ഞ ചൊല്ല് ഇവിടെ ഏകദേശം പ്രാബല്യത്തിൽ വന്ന പോലെയായി.

ഒരു വേദന തന്നെ സഹിക്കാൻ പെടുന്ന പാട്, അതിന്റെ കൂടെയാണീ എക്സ്ട്രാ വേദന. തൊട്ടപ്പുറത്ത് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന കെട്ടിയോനെ രൂക്ഷമായൊന്നു നോക്കി. പല്ല് കടിച്ച് പിടിച്ച് സഹിക്കാം. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ സെൻസറിംഗ് സിസ്റ്റം പിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഓർത്ത് തല പെരുപ്പിക്കാൻ തുടങ്ങി. തല പതിവില്ലാതെ ഉപയോഗിച്ചത് കൊണ്ടാണോ ആവോ, ഇപ്പോ പോത്ത് മുക്രയിടുന്ന പോലത്തെ ശബ്ദം മാത്രമേ കേൾക്കാനുള്ളു. എല്ലാ വേദനയ്ക്കും കട്ട് പറഞ്ഞ് മരുമോൾ ഉറക്കത്തിലേക്ക് നടുവും തല്ലി വീണു.

ഇതേ സമയം നമ്മുടെ ജിനോ ഓൺ ദ വേ റ്റു അമ്മച്ചി ആയിരുന്നു. ‘‘വട്ടായി പോയി വട്ടായി പോയി’’ മൊബൈൽ കരഞ്ഞു. ഫോണെടുത്തലറി. 

‘‘എന്തുവാടാ ഞാനെത്തിയിട്ട് വിളിക്കാം.’’ ‘‘അല്ലെടാ അമ്മച്ചി ഓർഗാനിക്കാ…’’ ‘‘വെച്ചിട്ട് പോടാ, അവന്റെയൊരു ഓർഗാനിക്ക്. ഇതിലും വലിയ ഓർഗാനിക് തൊടി ചാടി കടന്നവനാ ഈ ഞാൻ.’’ അമ്മച്ചിയെ കണ്ടുപിടിക്കാൻ പ്രയാസം വന്നില്ല. കാരണം കയ്യിലിരിക്കുന്ന പെട്ടി താഴെ വെക്കാതെ നിന്ന ഒറ്റയൊരാളേ ആ ആൾക്കൂട്ടത്തിലുണ്ടായിരുന്നുള്ളൂ.

ഓടി അടുത്തു ചെന്നു. ‘‘അമ്മച്ചീ ഞാനവന്റെ ഫ്രണ്ടാ.’’ ‘‘ഫ്രണ്ടായാലും കൊള്ളാം, ബാക്കായാലും കൊളളാം. ഞാനീ നിപ്പ് തുടങ്ങിയിട്ട് അര മുക്കാ മണിക്കൂറായി.’’ ‘‘അമ്മച്ചീ അത് ട്രാഫിക്ക് ബ്ലോക്കുണ്ടായിരുന്നു.’’ ‘‘ഉം…’’ അമ്മച്ചി അമർത്തിയൊന്ന് മൂളി. കാറിലോട്ട് കാലെടുത്ത് വെച്ചതും അമ്മച്ചി ചോദിച്ചു. ‘‘എടാ ചെറുക്കാ ഇതിനകം ഒന്ന് വൃത്തിയാക്കാൻ പോലും നിനക്ക് സമയമില്ലേ?’’ ഒരു ബേക്കറിയിൽ കിട്ടാവുന്ന സകല സാധനങ്ങളും സീറ്റിൽ ചിതറി കിടപ്പുണ്ട്. അമ്മച്ചിയെ കുറ്റം പറയാനൊക്കുകേല. ‘‘അമ്മച്ചീ വെള്ളം വല്ലതും വേണോ?’’ ‘‘ആ... വേണം.’’ വേഗം കാറിലിരുന്ന വെള്ള ക്കുപ്പി നീട്ടി. ‘‘ഞാൻ ഇതൊന്നും കുടിക്കുകേല. വെള്ളം ഞാൻ കൊണ്ടുവന്നിട്ടുണ്ട്.’’ വെള്ളക്കുപ്പി എന്നെ നോക്കി കൊഞ്ഞനം കുത്തിയത് പോലെ. അമ്മച്ചിയെ വെള്ളം കുടിപ്പിക്കാൻ അവൻ ഒരു കിണർ കുത്തേണ്ടി വരും.

വിശ്രമമില്ലാതെ ചിലയ്ക്കുന്ന അമ്മച്ചീടെ നാക്കിനെ എമർജൻസിയിൽ കൊണ്ടുപോയി അഡ്മിറ്റാക്കിയാലോ എന്ന് വരെ ചിന്തിച്ചു പോയി. എത്രയും പെട്ടെന്ന് ജൈവത്തിനെ അങ്ങെത്തിച്ചു കൊടുക്കണം. അവസാനം എത്തി, അല്ല എത്തിച്ചു. എന്നെ കണ്ട അവന്റേയും അവനെ കണ്ട എന്റേയും ആശയ വിനിമയം ഒരു ‘‘തലയാട്ടലിൽ’’ ഒതുക്കി. അതിൽ എല്ലാം അടങ്ങിയിരുന്നു. പണി കഴിഞ്ഞല്ലോ എന്നോർത്ത് ഇറങ്ങാൻ തുടങ്ങിയപ്പോ ഒരശരീരി.

‘‘ഡേയ്, അമ്മ പുറത്തെ ആഹാരമൊന്നും കഴിക്കില്ല. ചേച്ചിയോടൊന്ന് പറഞ്ഞേക്ക്’’ ഇടിവെട്ടിയവനെ അവൻ വീണ്ടും വെട്ടി.

വീട്ടിലെത്തിയ പാടെ ഗുളുഗുളാന്ന് ഒരു ജഗ് വെള്ളമങ്ങ് കുടിച്ച് തീർത്തു. 

‘‘എന്താ മനുഷ്യാ, ഉച്ചയ്ക്ക് ഉപ്പാണോ കഴിച്ചത്? വെള്ളം കുടിച്ച് മരിക്കുമല്ലോ.’’ ‘‘ഉപ്പല്ലെടി, കയ്പക്കയാ. എടിയേ…’’  ‘‘എന്നതാ മനുഷ്യ, ഇനീം വെള്ളം വേണോ?’’  ‘‘അതല്ലടീ, വൈകിട്ട് ആശുപത്രിയിൽ ആഹാരം കൊണ്ടുപോകണം.’’  ‘‘അതിനെന്താ, ഇത് ഞാൻ പ്രതീക്ഷിച്ചതാ.’’ ‘‘അതല്ല പ്രശ്നം, അവന്റമ്മ ഓർഗാനിക്കാ.’’ ‘‘അതൊന്നും സാരമില്ല, ഞാനുമൊരോർഗാനിക്കാ.’’ ശ്രീമതി പറഞ്ഞു. കിട്ടാനുള്ളത് കിട്ടിയാലേ കുട്ടനുറക്കം വരൂ. ഞാൻ മനസ്സിലോർത്തു.

അമ്മച്ചിക്കുളള ആഹാരോം കെട്ടി പൊതിഞ്ഞ് സെക്യൂരിറ്റീടെ കണ്ണും വെട്ടിച്ച് അകത്ത് കടന്ന എന്റെ സന്തോഷത്തിന്റെ ആയുസ്സ് അമ്മച്ചി ആഹാരം കഴിക്കുന്നത് വരെയേ നീണ്ടു നിന്നുള്ളൂ. ‘‘നീയൊക്കെ എന്തിനാടാ മീശയും വെച്ച് നടക്കുന്നത്. ചെപ്പ നോക്കി പൊട്ടിച്ചിട്ട് ഇവളെയൊക്കെ വെക്കാൻ പഠിപ്പിക്കണം.’’ അമ്മച്ചീടെ കൊല മാസ്സ് ഡയലോഗ്. പലപ്പോഴും ഇങ്ങനൊക്കെ ഓർക്കാറുള്ളതാണെങ്കിലും ഇപ്പോ വെറുതേ ഒന്ന് കൂടി ഓർത്തു.

അല്ലെങ്കിലും ‘‘യെവളെയൊക്കെ എന്തിന് പറയണം. നിന്നെയൊക്കെ തന്നെ പറഞ്ഞാ മതി. മണകൊണാഞ്ചൻമാർ!’’ അങ്ങനെ നാനാതരത്തിലുള്ള വാക്കുകൾ മിക്സ് ചെയ്ത് അമ്മച്ചി ഒരു പാരായണം തന്നെ നടത്തി. ഫ്യൂസായ ബൾബ് പോലെ കറുത്ത് പോയ എന്നേയും, വിളറി വെളുത്ത് വെള്ള പാറ്റയുടെ കൂട്ട് നിൽക്കുന്ന കെട്ടിയോനേയും മാറി മാറി നോക്കിയ മരുമോളുടെ മോന്തായം ഇഞ്ചി കടിച്ച പോലെ ഇരുന്നു. ഏതായാലും പാരായണം തീർന്നപ്പോ ആഹാരവും ഏതാണ്ടൊക്കെ തീർന്നു.

പാത്രവുമെടുത്ത് തിരിച്ചിറങ്ങുമ്പോൾ എന്റെ ആലോചന മുഴുവൻ നാളത്തെ അന്നം എങ്ങനെ മുടക്കാം എന്നതായിരുന്നു. ഓർഗാനിക്ക് അമ്മമാർ മക്കൾക്ക് മാത്രമല്ല കൂട്ടുകാർക്കും കൂടിയുള്ള ഒരു കെണിയാണ്. നല്ല യമണ്ടൻ ഓർഗാനിക് കെണി.

പിറ്റേന്ന് ശ്രീമതിയുമൊത്താണ് ആശുപത്രിയിലേക്ക് പോയത്. കിട്ടുന്നത് വീതിച്ചെടുക്കാം എന്ന് വിചാരിച്ചു. കൂട്ടുകാരികൾ തമ്മിൽ കണ്ടപാടെ പരസ്പരം കുറച്ച് കൈ കണ്ണ് ക്രിയകൾ നടത്തി.

‘‘ആ... നീ വന്നോ? ഇതാണോടാ നിന്റെ പെണ്ണുമ്പിളള.’’ ‘‘അതേ അമ്മച്ചി.’’ ‘‘നിനക്കത് വേണം!’’ അമ്മച്ചി പറഞ്ഞു. അത് കേട്ട ശ്രീമതിയുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായത് നാക്കിന്റെ തുമ്പത്ത് വരെ വന്ന അക്ഷരങ്ങളെ വിഴുങ്ങാൻ ശ്രമിക്കുകയാണെന്നാണ്.

‘‘വിശന്നിട്ട് കണ്ണ് കാണാൻ മേല.’’ ഇനി വിശന്നിട്ടായാലും കുറച്ച് നേരത്തേക്ക് കണ്ണിന്റെ വെട്ടം പോയാൽ നന്നായിരുന്നു, ഞാനോർത്തു. പക്ഷേ പൊതി തുറന്നു നോക്കിയ അമ്മച്ചീടെ മുഖം മുപ്പത് വാട്ട്സ് എൽ.ഇ.ഡി ബൾബ് പോലെ തിളങ്ങി.

കുത്തരിച്ചോറ്, അച്ചാർ, അവിയൽ, തീയൽ, തോരൻ, പച്ചടി ഇതിന് പുറമേ വേറെ രണ്ട് പാത്രങ്ങളിലായി സാമ്പാറും, മോരുകാച്ചിയതും. അത് കണ്ടപാടെ മോനും, മരുമോൾക്കും പിന്നെന്റെ കെട്ടിയോനും എന്റെ ആത്മവിശ്വാസത്തിന്റെ കാരണം പിടി കിട്ടി. തൊട്ടടുത്ത മലയാളി റെസ്റ്റോറന്റായ കുട്ടനാടിന്റെ സ്വന്തം വിഭവങ്ങൾ. അത് വെട്ടി വിഴുങ്ങി കൊണ്ടിരിക്കുന്ന അമ്മച്ചിയെ ഞെട്ടലോടെ നോക്കിയിരിക്കുന്ന മോനും മരുമോളും. എന്നാലും എന്റെ കാശ് എന്ന് തോന്നിക്കുന്ന രീതിയിലുള്ള കെട്ടിയോന്റെ നോട്ടം ഞാൻ കണ്ടില്ലെന്ന് നടിച്ചു.

‘‘അപ്പോ നിനക്ക് വെക്കാനറിയാം. ഇതൊക്കെ കണ്ട് പഠിച്ചൂടെ നിനക്ക്.’’ മരുമോളോടാണ്. 

എന്നാലും എന്നോടീ ചതി വേണമായിരുന്നോ എന്ന നോട്ടം മരുമോളുടെ മുഖത്ത്. ആഹാരം കഴിച്ച് ഏമ്പക്കം വിട്ട് അമ്മച്ചി എഴുന്നേറ്റപ്പോൾ ചിരി അടക്കാൻ ഞങ്ങൾ നാലുപേരും പാടുപെടുന്നുണ്ടായിരുന്നു. അമ്മച്ചീടെ സംതൃപ്തമായ മുഖവും, മോന്റേം, മരുമോളുടേയും എന്നാലും ചേച്ചീ എന്നുള്ള മുഖഭാവവും കണ്ട് ഞങ്ങൾ തിരിച്ചിറങ്ങി.

‘‘അമ്മച്ചിക്ക് എന്റെ വക ഒരു ഓർഗാനിക് പണി!’’