‘തുരുത്തിൽ നിന്നു മാഞ്ഞു പോയ മനുഷ്യരെക്കുറിച്ച് അറിഞ്ഞപ്പോൾ ബാലു അമ്പരന്നു പോയി. മാഞ്ഞൂരാൻ, കുഞ്ഞിപ്പാത്തു, സുപ്രൻ... ബാലുവിന്റെ അന്വേഷണത്തിനു പിന്നിൽ കെട്ടുകൾ മുറുകിക്കൊണ്ടിരുന്നു. ഈ മനുഷ്യരെല്ലാവരും എവിടേക്കാണ് മറഞ്ഞു പോയത് ? ഭൂമിക്കും വെള്ളത്തിനും മാനത്തിനും കാണാത്തുരുത്തുകൾ ഉണ്ടോ ? ഒരു മായാവിനിയെപ്പോലെ കാണായ്‌മയിലേക്ക് എന്നേക്കുമായി അവരെ മറച്ചുകളയുന്നത് ആരാണ്? ഒരേ ഉടലിൽ ആണായും പെണ്ണായും പകർന്നാടുന്ന സുന്ദരിയെപ്പോലും പൊതിയുന്ന അന്തിമങ്ങൂഴം ജീവിതത്തിന്റെ നിഗൂഢത തന്നെയല്ലേ ? തുരുത്തിൽ നിന്ന് നഗരത്തിലേക്കു സഞ്ചരിച്ച ബാലുവിന് പിന്നെയും മനുഷ്യർ മറഞ്ഞു പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. മരിച്ചവർക്കിടയിൽ തുല്യത നടപ്പാക്കാൻ ശ്രമിച്ച മരപ്പാഴ്, എഴുത്തുകാരനായ പോൾ ഡേവിഡ്, ഇവരൊക്കെ ജീവിതത്തിന്റെ ആഴമേറിയ പ്രതലങ്ങളിലേക്കുള്ള വാതിലുകളായിരുന്നു. ഒടുവിൽ അനിവാര്യമായ ആ സത്യത്തിലേക്ക് ബാലു തന്റെ തോണി തുഴഞ്ഞു’. – മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ പി.എഫ്. മാത്യൂസിന്റെ പുതിയ നോവൽ ‘കാണായ്മ’യിലേക്ക് പ്രസാധകർ തുറക്കുന്ന വാതിലാണിത്.
തന്റെ രചനാസവിശേഷതകളാൽ എക്കാലവും വായനക്കാർക്ക് വിസ്മയങ്ങള്‍ കരുതി വയ്ക്കാറുണ്ട് മാത്യൂസ്. എക്കാലവും തന്റെതായ രചനാവഴികളിലൂടെ വേറിട്ട സഞ്ചാരങ്ങൾ ശീലമാക്കിയ മാത്യൂസിന്റെ ആദ്യ നോവൽ ‘ചാവുനിലം’ മലയാളത്തിലെ നോവൽ ഭാവുകത്വങ്ങളെ പുതുക്കിപ്പണിത രചകളിലൊന്നാണ്. തുടർന്ന്, ‘ഇരുട്ടിൽ ഒരു പുണ്യാളൻ’, കേരള സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ ‘അടിയാളപ്രേതം’, ‘കടലിന്റെ മണം’ എന്നിവയിലും അദ്ദേഹം പുതിയ ഭാവനാ ലോകങ്ങളെയാണ് അവതരിപ്പിച്ചത്. ‘കാണായ്മ’യിലും ആ ‘സർഗാത്മക ഫ്രെഷ്നസ്സ്’ വായനക്കാർക്ക് ലഭിക്കുന്നു. ‘മനോരമ’ ബുക്സ് ആണ് ‘കാണായ്മ’ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാണായ്മ: നഷ്ടപ്പെട്ടുപോയ ശരീരങ്ങളുടെ ലോകം
(കാണായ്മയുടെ രചനാ പശ്ചാത്തലത്തെക്കുറിച്ച് പി.എഫ്. മാത്യൂസ് എഴുതുന്നു)
‘കാണായ്മ’ എന്ന നോവൽ എഴുതിത്തീർന്നപ്പോൾ എന്റെ മനസ്സിലൊരു വാചകം തോന്നി.
‘ജനനത്തിനും മരണത്തിനുമിടയിൽ മൂന്നാമത് ഒരിടമുണ്ട്. ആ നിഗൂഢതയുടെ പേരാണ് കാണായ്മ’.
‘കാണ്മാനില്ല’ എന്ന ഒരു കൊച്ചു തലക്കെട്ടിനുള്ളിൽ എത്രമാത്രം വ്യസനമുണ്ടെന്ന് അത് വായിക്കുന്നവർ തിരിച്ചറിയാറില്ല. പതിനാറു വർഷമായി കാണാതായ മകൻ ഇപ്പോഴെങ്ങനെയിരിക്കും എന്നു വ്യാകുലപ്പെട്ട് ആ കുട്ടിയുടെ പഴയ ചിത്രത്തിൽ ചെറിയ മീശവരച്ചു നോക്കിയ ഒരമ്മയെ കഴിഞ്ഞ ദിവസം പത്രത്താളിൽ കണ്ടു. ആ അമ്മയുടെ തീവ്രവ്യസനത്തേക്കുറിച്ച് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരിക്കും. പക്ഷെ ആ അനുഭവത്തിന്റെ വക്കിലൊന്നു തൊടാൻ പോലുമാകില്ല.
തോമസ് ചെറിയാൻ എന്ന സൈനികനെ കാണാതായിട്ട് അരനൂറ്റാണ്ട് കഴിഞ്ഞപ്പോഴാണ് ഹിമാചൽ പ്രദേശിലെ മഞ്ഞുപാളികൾക്കിടയിൽ നിന്നു ജഡം കണ്ടെത്തിയത്. 1968ലെ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചിരുന്നു എന്ന് തീർച്ചയാക്കിയത് ആ ജഡം കണ്ടെത്തിയതിനു ശേഷം മാത്രമാണ്. അത്രയും കാലം അദ്ദേഹം നമുക്ക് അദൃശ്യനായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിലെ മൂന്നാമത്തെ അവസ്ഥയിൽ കുടുങ്ങിപ്പോയ ഒരാൾ. അടിയന്തിരാവസ്ഥയിൽ കാണാതെ പോയ രാജന്റെ അവസ്ഥയും ഇതുതന്നെയായിരുന്നില്ലേ ? അതുകൊണ്ടാണല്ലോ ദുഖിതനായ ഈച്ചരവാര്യർ പ്രിയ മകനെ അന്വേഷിച്ചലഞ്ഞതും ഹേബിയസ് കോർപ്പസ് ഹർജി കൊടുത്തതും. ജഡം കാണാതെ എങ്ങനെയാണ് ഉറ്റവർക്ക് മരണം തീർച്ചയാക്കാനാകുക ?
ശരീരം പോലും ശേഷിപ്പിക്കാതെ ഒരാൾ മറഞ്ഞിരിക്കുമ്പോഴോ...? ആ അവസ്ഥയെ എന്തു പേരിട്ടാണ് വിളിക്കുക… അതാണ് എനിക്ക് കാണായ്മ.
അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങിയ കുട്ടിക്കാലം തൊട്ടുതന്നെ ‘കാണ്മാനില്ല’ എന്ന വാർത്ത കാണാറുണ്ട്. അതെന്നെ ബാധിക്കാൻ തുടങ്ങിയത് അകന്ന ബന്ധുക്കളായ രണ്ടുപേരെ കാണാതായപ്പോഴാണ്. ഒരു വീട്ടിൽ നിന്നുതന്നെ രണ്ടുപേർ. ഈ മനുഷ്യർ എവിടേക്കാണ് പോകുന്നത് എന്നറിയാനുള്ള ആകാംക്ഷ ശമിക്കുന്നില്ലായിരുന്നു. ഒരുപക്ഷേ അതായിരിക്കാം ഈ നോവലെഴുതാനുള്ള പ്രേരണാശക്തി.
മൺറോ തുരുത്തിനെ ഓർമ്മപ്പെടുത്തുന്ന ഒരിടത്തു നിന്ന് കാണാതായ ചില മനുഷ്യരെ കുറിച്ച് അന്വേഷിക്കുന്ന പ്രാദേശിക പത്രപ്രവർത്തകൻ ബാലുവിൽ നിന്നാണ് നോവൽ തുടങ്ങുന്നത്. കാണായ്മയിലേക്ക് മറഞ്ഞുപോകുന്ന ഈ മനുഷ്യരുടെ പിന്നാലെ സഞ്ചരിച്ച അയാൾ വിചിത്രമായ ചില കടുംകെട്ടുകളിൽ ചെന്നു പെടുന്നു. എഴുത്തിനിടയിൽ പഴയ ഒരു ബിനാലെയിൽ കണ്ട വിഡിയോ ആർട്ട് കയറിവന്നു. സമൂഹത്തിൽ നിന്ന് മാഞ്ഞുപോയ ഒരു മധ്യവയസ്ക്കനെ മനുഷ്യവാസമില്ലാത്ത മരത്തോപ്പിൽ സംവിധായകൻ കണ്ടെത്തുന്നു. ചെറുമരങ്ങളുടെ ശാഖകൾ വലയം ചെയ്ത ഒരു തീവണ്ടി ബോഗിയിൽ അയാൾ തനിയെ ജീവിക്കുകയാണ്. ആ മധ്യവയസ്ക്കൻ കാണായ്മ എന്ന ഒരിടം സ്വയം സൃഷ്ടിച്ചെടുക്കുകയായിരുന്നു. എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ പിന്നെയും ചിലർ കൂടി കടന്നുവന്നു. മനസ്സും ശരീരവും ആവശ്യപ്പെടുമ്പോൾ മാത്രം കഥകളെഴുതിയിരുന്ന, അതച്ചടിക്കാൻ പോലും മടിച്ച ഒരു എഴുത്തുകാരൻ, ആണിന്റേയും പെണ്ണിന്റേയും ആത്മാവുകൾ ഒരുടലിൽ വഹിച്ച സുന്ദരി, ചരിത്രം സ്വന്തം ശരീരത്തിൽ ആവാഹിച്ച ജ്ഞാനവൃദ്ധനായ പത്രപ്രവർത്തകൻ…പലപ്പോഴായി എഴുതിപ്പൂർത്തിയാക്കിയ കഥകളിൽ നിന്ന് പോലും ചിലർ ഇറങ്ങിവന്നു.
പത്രലേഖകനായ ബാലുവിന്റെ ഓഫീസു മുറിയിൽ രാത്രി അപരിചിതയായ ഒരു സ്ത്രീ പാതി മയക്കത്തിൽ വന്നു കിടന്നുറങ്ങുന്നുണ്ട്. പറഞ്ഞു വിടാൻ അയാൾ ശ്രമിച്ചപ്പോൾ വല്ലാത്തൊരു പേടിസ്വപ്നത്തിലകപ്പെട്ടതുപോലെ അവൾ പിറുപിറുത്തു, ഈ രാത്രി കുറേപ്പേർ മരിക്കും എന്ന്. ബാലു പുറത്തുപോയി മടങ്ങിവന്നപ്പോഴേക്കും അവൾ മറഞ്ഞു പോയിരുന്നു. അന്നു രാത്രി ശ്രീപെരുംപുതൂരിൽ ബോംബു പൊട്ടി രാജീവ് ഗാന്ധിയടക്കം കുറേപ്പേർ മരിച്ചു. ആ സ്ത്രീയെ തേടി അലയുമ്പോഴാണ് ബാലു കാണായ്മയുടെ ആഴം കണ്ട് പകച്ചുപോകുന്നത്. കാണായ്മയുടെ ആഴവും പരപ്പും തിരിച്ചറിയണമെങ്കിൽ അനുഭവിക്കുകയല്ലാതെ മറ്റു വഴികളില്ല.