Wednesday 07 December 2022 02:25 PM IST : By സ്വന്തം ലേഖകൻ

ഇപ്പോഴും ഈ വണ്ടിയോടിക്കുമ്പോൾ സുരേഷിന്റെ ഇടംകയ്യിൽ ഒരു ഭാരം അനുഭപ്പെടും: 15 വർഷം റീ – ടെസ്റ്റ് പൂർത്തിയാക്കി അഴീക്കോടിന്റെ കാർ

sukumar-azhikode

മലയാള സാംസ്ക്കാരിക ലോകത്തെ സൂര്യശോഭയാണ് ഡോ.സുകുമാർ അഴീക്കോട്. വിട പറഞ്ഞു കാലങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ബൗദ്ധിക സാന്നിധ്യം ഇപ്പോഴും കേരളത്തിനൊപ്പമുണ്ട്.

അദ്ദേഹത്തിന്റെ സാരഥിയായിരുന്ന സുരേഷിനു പലപ്പോഴും തോന്നാറുണ്ട്, സാർ പോയിട്ടില്ല. അദ്ദേഹം ഉപയോഗിച്ചിരുന്ന കെഎൽ 08 എഎൻ 2820 ഗ്രാൻഡ് വിറ്റാരയിൽ കയറുമ്പോൾ, ഇപ്പോഴും അഴീക്കോട് സാർ വണ്ടിയിലിരിപ്പുണ്ടെന്നു സുരേഷിനു തോന്നും. അദ്ദേഹത്തിന്റെ മണം പോലും കാറിൽ നിന്നു പോയിട്ടില്ല.

അവസാനകാലത്ത് അഴീക്കോട് ഉപയോഗിച്ചിരുന്ന ഇഷ്ട വാഹനം കെഎൽ 08 എഎൻ 2820 ഗ്രാൻഡ് വിറ്റാര 15–ാം വർഷം റീ–ടെസ്റ്റ് പൂർത്തിയാക്കി റോഡിലിറങ്ങി. അത്താണി മൈതാനത്തായിരുന്നു re-test. 2012–ൽ മരിക്കുന്ന സമയത്ത്, അഴീക്കോട് കാർ സുരേഷിന് സമ്മാനിക്കുകയായിരുന്നു.

കാർ ഇപ്പോഴും അഴീക്കോട് സാറിന്റേതാണെന്ന തോന്നലാണുള്ളതിനാൽ, അഴീക്കോട് മരിച്ച ശേഷമുള്ള 11 വർഷം കൊണ്ട് സുരേഷ് ആകെ ഓടിച്ചത് 5000 കിലോമീറ്ററിൽ താഴെ. പുത്തൻ മായാതെ, പൊടിയും പോറലും പറ്റാതെയുള്ള ഉപയോഗം. ഇപ്പോൾ ഒന്നേകാൽ ലക്ഷം കിലോമീറ്ററിലെത്തിയ കാറിൽ ആദ്യ നാലു കൊല്ലം കൊണ്ട് 1.20 ലക്ഷം കിലോമീറ്റർ ദൂരം പിന്നിട്ടതും അഴീക്കോടായിരുന്നു.

ജപ്പാനിൽ നിന്ന് ഈ കാർ എത്തിച്ചപ്പോൾ ‘ആനയുടെ തലയെടുപ്പുണ്ട്’ എന്നായിരുന്നു അഴീക്കോടിന്റെ അഭിപ്രായം. മുൻപ് ഉപയോഗിച്ചിരുന്ന സീലോ കാർ അഴീക്കോട് കമലാ സുരയ്യയ്ക്ക് സമ്മാനിച്ചിരുന്നു. അഴീക്കോട് ഉപയോഗിച്ചിരുന്ന കാലത്ത് ‘കറുത്ത സുന്ദരി’ എന്നാണ് കമലസുരയ്യ ആ കാറിനു ചെല്ലപ്പേരിട്ടിരുന്നത്.

പകൽ യാത്രകളിൽ പിൻ സീറ്റിലും രാത്രിയാത്രകളിൽ മുൻ സീറ്റിലും ഇരിക്കുന്നതായിരുന്നു അഴീക്കോടിന്റെ ശീലം. രാത്രി യാത്രകളിൽ സുരേഷ് ഉറങ്ങാതിരിക്കാനാണു മുന്നിലിരിക്കുക. എന്നാൽ, യാത്ര തുടങ്ങിയാലുടൻ അഴീക്കോട് ഉറക്കം തുടങ്ങും. യാത്ര അവസാനിക്കുമ്പോൾ സുരേഷിന്റെ ഇടംകയ്യിലേക്കു തലചാരി ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങുകയാകും അദ്ദേഹം.

ഇപ്പോഴും ഈ വണ്ടിയോടിക്കുമ്പോൾ ഇടംകയ്യിൽ ഒരു ഭാരം അനുഭപ്പെടുന്നതു പോലെ തോന്നും സുരേഷിന്...