മുഖ്താർ ഉദരംപൊയിലിന്റെ ‘ഉസ്താദ് എംബാപ്പെ’ എന്ന കഥാസമാഹാരം നജീബ് മൂടാടി വായിക്കുന്നു –
നിസ്സഹായരും നിസ്സാരരുമായ മനുഷ്യ ജീവിതങ്ങളാണ് എപ്പോഴും മുഖ്താർ ഉദരംപൊയിലിന്റെ അക്ഷരക്കൂട്ടുകള്‍. തനിക്ക് ചുറ്റുമുള്ള സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ നിന്നാണ് അദ്ദേഹം കഥകൾ കണ്ടെടുക്കുന്നത്. ‘ഉസ്താദ് എംബാപ്പെ’ എന്ന പുതിയ പുസ്തകത്തിലെ കഥകളും വ്യത്യസ്തമല്ല. ഒരുപാട് പഠിപ്പും വിദ്യാഭ്യാസവും പരിഷ്‌കാരവും ഉള്ള മനുഷ്യരല്ല, അന്നന്നത്തെ ജീവിതം ഉന്തിക്കൊണ്ടുപോകാന്‍ പ്രയാസപ്പെടുന്ന ഏറ്റവും സാധാരണ മനുഷ്യർ. അവരുടെ നോവുകളാണ് ഈ കഥകളിലത്രയും.
കണ്ണു നനയിക്കുന്ന, ഉള്ള് നോവിക്കുന്ന ആഖ്യാനങ്ങള്‍. കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ രണ്ടാം പതിപ്പിലേക്ക് ഈ പുസ്തകം എത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം വായനക്കാരെ പിടിച്ചുലക്കുന്ന കഥകളായതുകൊണ്ട് തന്നെയാണ്.
എട്ടു കഥകളുടെ സമാഹാരമാണ് ‘ഉസ്താദ് എംബാപ്പെ’. ഏറനാടന്‍ ഭൂമികയിലാണ് മുഖ്താറിന്റെ കഥകൾ മുളക്കുന്നത്.
ഹൈവേയുടെ വശങ്ങളിലെ കണ്ണഞ്ചുന്ന കാഴ്ചകള്‍ക്ക് പിറകിലായി പഴമയുടെ ഇടവഴികളും പള്ളിക്കുളങ്ങളും ഓത്തുപള്ളികളും നമ്മുടെ സാഹിത്യങ്ങളില്‍ നിന്ന് പോലും അന്യമാവുന്നു. സമൃദ്ധിയുടെ കാഴ്ചകള്‍ക്കു താഴെ കാണാതെ പോവുന്ന ഏറ്റവും സാധാരണക്കാരായ ഒരുപാട് മനുഷ്യരുണ്ട്, എല്ലാ സമൂഹത്തിലും. നിത്യജീവിതം കഴിഞ്ഞുപോകാൻ അവർ അനുഭവിക്കുന്ന പ്രയാസങ്ങളും അവരുടെ ജീവിത സംഘർഷങ്ങളും നമ്മുടെ സാഹിത്യത്തിനും സിനിമകള്‍ക്കും അന്യമായി തുടങ്ങിയിരിക്കുന്നു. അങ്ങനെ നമുക്ക് മുന്നില്‍ അദൃശ്യരായി നില്‍ക്കുന്ന, അക്ഷരങ്ങളില്‍ നിന്നും മാഞ്ഞു തുടങ്ങിയ മനുഷ്യരെയാണ് മുഖ്താർ തന്റെ കഥകളിലൂടെ നമുക്ക് മുന്നിൽ നിര്‍ത്തുന്നത്. എന്നാല്‍ അത് കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ദൈന്യക്കാഴ്ചകളായല്ല. മറിച്ച് ഏറ്റവും സാധാരണക്കാരായ, നിസ്സാരരായി ഒതുക്കപ്പെട്ടു പോയ, അപരവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ഉള്ളിലെ വേവുകളുടെയും നോവുകളുടെയും ചിത്രപ്പെടുത്തലായി നിറക്കൂട്ടോടെ ചിത്രകാരന്‍ കൂടിയായ കഥാകൃത്ത് പറഞ്ഞു വെക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഈ കഥകള്‍ വായിച്ചു കഴിഞ്ഞാലും നമ്മുടെ ഹൃദയം വിങ്ങിക്കൊണ്ടിരിക്കുന്നതും ഈ കഥകളിലെ കഥാപാത്രങ്ങള്‍ നമ്മുടെ ഉള്ളില്‍ നോവായി നിറഞ്ഞുനില്‍ക്കുന്നതും.
പുസ്തകത്തിലെ ‘ഉസ്താദ് എംബാപ്പെ’ എന്ന കഥ മദ്രസാ അധ്യാപകനായ സാദിഖ് ഉസ്താദിന്റെ കഥയാണ്. കറുത്ത ശരീരമുള്ള സാദിഖ് ഉസ്താദ് അതിന്റെ പേരില്‍ നാട്ടുകരില്‍ നിന്ന് മാത്രമല്ല തന്റെ വിദ്യാര്‍ഥികളില്‍ നിന്ന് പോലും പരിഹാസം നേരിടേണ്ടി വരുന്നുണ്ട്. മദ്രസയിലെ ഉസ്താദ് ആണെങ്കിലും അയാള്‍ മികച്ച ഫുട്‌ബോൾ കളിക്കാരനായിരുന്നു. അയാളുടെ ബാപ്പയും നല്ല ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ലോഡിങ് തൊഴിലിനിടെ അപകടം പറ്റി കിടപ്പിലായാണ് ബാപ്പ മരിക്കുന്നത്. പിന്നീട് ഉമ്മ ജോലിക്ക് പോയാണ് കുടുംബം നോക്കുന്നത്. വിശപ്പുതീരെ ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് സാദിഖ് ദർസില്‍ ചേരുന്നതും പിന്നീട് കുട്ടികൾക്ക് പ്രിയങ്കരനായ മദ്രസാധ്യാപകനായി മാറുന്നതും. നിറത്തെ ചൊല്ലി അയാളെ കളിയാക്കുന്നവരൊന്നും അയാളുടെ ഉള്ളിലെ നോവുകള്‍ അറിയുന്നുണ്ടായിരുന്നില്ല, മദ്രസയിലെ ആലി മുസ്ലിയാരല്ലാതെ. മക്കളില്ലാത്ത മുസ്ലിയാര്‍ക്കും ഭാര്യക്കും സാദിഖ് സ്വന്തം മോനെ പോലെയായിരുന്നു. മദ്രസയിലെ കുട്ടികള്‍ പോലും എംബാപ്പെ എന്ന് വിളിച്ചു കളിയാക്കിയ ദിവസമാണ് അയാള്‍ ആകെ തകര്‍ന്നു പോകുന്നത്. തന്റെ കറുത്ത നിറത്തെയും രൂപത്തെയും ആക്ഷേപിച്ചു കൊണ്ടാണ് കുട്ടികള്‍ പോലും അങ്ങനെ വിളിക്കുന്നത് എന്ന് വേദനയില്‍ അയാള്‍ ഇടറിപ്പോവുന്നുണ്ട്. പക്ഷേ എംബാപ്പെ എന്ന മികച്ച കളിക്കാരന്റെ കളിയുമായി തന്റെ കളിക്ക് സാമ്യമുണ്ട് എന്നതുകൊണ്ടാണ് ആളുകള്‍ അങ്ങനെ വിളിക്കുന്നത് എന്ന് തിരിച്ചറിയുന്നതോടെ സാദിഖ് ഉസ്താദില്‍ വരുന്ന വലിയ ഒരു മാറ്റമുണ്ട്. നിറത്തെ ചൊല്ലിയുള്ള സങ്കുചിതമായ ആക്ഷേപത്തിനുമപ്പുറം ലോകം കണ്ട മികച്ച ഒരു കളിക്കാനോടുള്ള ആദരവാണ് തനിക്ക് കൂടി ലഭിക്കുന്നത് എന്ന് അറിയുമ്പോള്‍ വേദനകളെയൊക്കെ മറക്കാനും കൂടുതല്‍ നന്നായി കളിക്കാനും അയാൾക്ക് സാധിക്കുന്നു. ആ അട്ടിമറി കഥ പറച്ചിലിലെ വല്ലാത്തൊരു മുഹൂര്‍ത്തമാണ്. എന്നിട്ടും അയാളുടെ ജീവിതം...
‘ജിന്നെളാപ്പ’ എന്ന കഥയില്‍ കുട്ടികളുടെ വളരെ നിഷ്‌കളങ്കമായ ഒരു ലോകം തീര്‍ക്കുന്നുണ്ട്. സൈറാബിയും സെയ്താലിക്കുട്ടിയും അതോടൊപ്പം ജിന്നെളാപ്പ അടക്കമുള്ള സ്ഥലത്തെ മറ്റുള്ളവരുടെ കണ്ണില്‍ ഭ്രാന്തന്മാർ എന്ന് മുദ്ര കുത്തപ്പെട്ടവരും. ‘മരുദ്വീപ്’ ഗള്‍ഫ് പ്രവാസത്തിന്റെ കഥയാണ്. മരുഭൂമിയിലെ മസറകളില്‍ ആരും അറിയാതെ ഒടുങ്ങിപ്പോകുന്ന പ്രവാസികളുടെ കഥ.
‘മാമു’ എന്ന കഥയിലെ മാളു എന്ന പെണ്‍കുട്ടിയും അവളുടെ ഉമ്മയും അനാഥമായ അവരുടെ ജീവിതവും മാളുവിലേക്ക് സ്‌നേഹമായി വന്നെത്തുന്ന ആട്ടിന്‍കുട്ടിയും നമ്മുടെ മുന്നില്‍ തീര്‍ക്കുന്ന ഒരു ലോകമുണ്ട്. നിഷ്‌കളങ്കതയുടെ, സ്‌നേഹത്തിന്റെ, അതോടൊപ്പം ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും ഇടയിലുള്ള ഇങ്ങനെയുള്ള പാവം ജീവിതങ്ങളുടെ കണ്ണുനനയിക്കുന്ന ചിത്രം. അവളുടെ കൂട്ടുകാരനായി എത്തുന്ന ബംഗാളിയും അവളിലേക്ക് കാമക്കണ്ണുമായി എത്തുന്ന മനുഷ്യമൃഗങ്ങളും. വല്ലാത്തൊരു ശ്വാസംമുട്ടലോടെ അല്ലാതെ ഈ കഥ വായിച്ചുതീർക്കാനാവുകയില്ല. ഹൃദയം കനത്തു പോകുന്ന, കണ്ണുനിറഞ്ഞു പോകുന്ന ഒരു അനുഭവമാണ് ഈ കഥ. ഈ കഥയില്‍ കുറഞ്ഞ ഭാഗത്ത് മാത്രം വന്നു പോകുന്ന ബാപ്പയുണ്ട്. ഉമ്മ അയാളെ സംശയിക്കുകപോലും ചെയ്യുന്നുണ്ട്. വളരെ തീവ്രമാണ് ആ പാത്രസൃഷ്ടി. ‘ഉരുള്‍’ ഒരു പ്രവാസിയുടെ നോവിന്റെ കഥയാണ്. പെരുമഴയിൽ ഉരുള്‍ പൊട്ടലില്‍ തകര്‍ന്നു പോകുന്ന അയാളുടെ ജീവിതത്തെ ഗംഭീരമായി ഈ കഥയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.
‘മു-മാപ്ര’ വര്‍ത്തമാന ഇന്ത്യയുടെ കഥയാണ്. തങ്ങളുടെ കണ്‍മുമ്പില്‍ വെച്ച് നഷ്ടപ്പെട്ടുപോയ പത്രപ്രവര്‍ത്തകനായ സഹപ്രവര്‍ത്തകനെ കുറിച്ച്. പേരിലെ മതം ചികഞ്ഞ് മനുഷ്യരെ ദ്രോഹിക്കുന്ന, ഇല്ലാതാക്കുന്ന ക്രൂരതയെ കുറിച്ച്. വളരെ ഒതുക്കത്തോടെ ഭീതിയോടെ അനുഭവിപ്പിക്കുന്ന കഥ. ‘ബ്ലാക്ക് മാന്‍’ എന്ന കഥയിലും പറയുന്നത് മനുഷ്യരിൽ പടര്‍ന്ന് പിടിക്കുന്ന വര്‍ഗീയതയെ കുറിച്ച് തന്നെ. സ്‌നേഹത്തോടെ, സാഹോദര്യത്തോടെ ജീവിച്ചിരുന്ന മനുഷ്യർക്കിടയിലേക്ക് വർഗീയത കലക്കി നേട്ടം കൊയ്യുന്നവരെ വേദനയോടെ തുറന്നുകാട്ടുകയാണ് ഈ കഥകളിലൂടെ.
പ്രമേയം പോലെ തന്നെ ആഖ്യാനത്തിന്റെയും മനോഹാരിതയാണ് മുഖ്താറിന്റെ കഥകളിലേക്ക് വായനക്കാരനെ ആകർഷിക്കുന്നത്. ‘ഉസ്താദ് എംബാപ്പെ’, ‘ജിന്നെളാപ്പ’, ‘മാമു’ എന്നീ കഥകള്‍ ക്രാഫ്റ്റിന്റെ മികവിലൂടെ കഥയുടെ സാഹിത്യസൗന്ദര്യം കൊണ്ട് ആഹ്ലാദിപ്പിക്കുന്നു. ഒരുപാട് പരത്തി പറയാതെ ഒതുക്കത്തോടെ ഓരോ കഥകളും നമ്മെ അനുഭവിപ്പിക്കുകയാണ്. കഥകളെന്ന് തോന്നിക്കാതെ നമുക്ക് സുപരിചിതമായ ജീവിതങ്ങളെ കാണുന്ന പോലെയാണ് വായനക്കാരൻ ഈ കഥകളിലൂടെ കടന്നുപോകുന്നത്. ക്ലിഷ്ടതകളില്ലാത്ത തെളിമയുള്ള ഭാഷയും മനുഷ്യപ്പറ്റുമാണ് ഈ കഥകളുടെ മേന്മ. ആർദ്രമായ ഹൃദയത്തോടെയും നിറഞ്ഞ കണ്ണുകളോടെയും അല്ലാതെ നമുക്ക് ഈ കഥാസമാഹാരം വായിച്ചുതീർക്കാന്‍ കഴിയില്ല. വായിച്ചു ദിവസങ്ങള്‍ കഴിഞ്ഞാലും ഈ കഥകളും കഥാപാത്രങ്ങളും നമ്മെ വിട്ടുപോകാതെ പിന്തുടർന്നുകൊണ്ടിരിക്കും.