Wednesday 01 August 2018 04:58 PM IST : By സ്വന്തം ലേഖകൻ

ഓൺലൈൻ ധമാക്കകൾ ഇനി അധിക കാലമുണ്ടാകില്ല: ഡിസ്കൗണ്ടുകൾക്കും ഓഫറുകൾക്കും പൂട്ടിടാൻ വ്യാപാരനയം വരുന്നു

offres

ന്യൂഡൽഹി ∙ ഓൺലൈനിൽപ്പോയി വാങ്ങാം; കിടിലൻ ഡിസ്കൗണ്ട് കിട്ടും എന്ന മോഹം ഇനി അധിക കാലം വച്ചുപുലർത്തേണ്ട. വമ്പൻ ഡിസ്കൗണ്ടുകൾ നൽകി ഉൽപന്ന വിലയെ സ്വാധീനിക്കാൻ ഇ–കൊമേഴ്സ് കമ്പനികൾക്കുള്ള സ്വാതന്ത്യ്രത്തിനു കടിഞ്ഞാണിടുന്ന നിയമം പണിപ്പുരയിൽ. ദേശീയ ഓൺലൈൻ വ്യാപാര നയത്തിന്റെ കരടുരൂപത്തിന്മേൽ സർക്കാർ അഭിപ്രായം തേടി.

വിപണിയിലെ മത്സരാന്തരീക്ഷം ഉറപ്പാക്കാൻ ഇ–വ്യാപാര മേഖലയിൽ എന്തൊക്കെ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന കാര്യത്തിലും ഈ രംഗത്തെ വിദേശ നിക്ഷേപം, ആഭ്യന്തര സംരംഭകരെ പ്രോൽസാഹിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിലും നിയമത്തിൽ വ്യവസ്ഥകളുണ്ടാകും. ഓൺലൈൻ സൈറ്റുകളിൽ വമ്പൻ ഡിസ്കൗണ്ട് അടക്കമുള്ള വില നിർണയ രീതികൾക്ക് നിശ്ചിത ദിവസം സമയപരിധി ഏർപ്പെടുത്തണമെന്ന വ്യവസ്ഥയും സർക്കാർ ചർച്ചയ്ക്കു വച്ചിട്ടുണ്ട്.ഇന്ത്യയുടെ പേയ്മെന്റ് പ്ലാറ്റ്ഫോമായ ‘റൂപേ’ ഓൺലൈൻ ഇടപാടുകളിൽ വ്യാപകമാക്കാൻ പ്രോൽസാഹനമേകും.

ഉൽപന്നങ്ങളുടെയോ സേവനങ്ങളുടെയോ ഇ–മ്യൂസിക്, ഇ–ബുക്ക്, സോഫ്റ്റ്‌വെയർ തുടങ്ങിയ ഡിജിറ്റൽ ഉൽപന്നങ്ങളുടെയോ വാങ്ങൽ, വിൽപന, മാർക്കറ്റിങ്, വിതരണം, ഡെലിവറി എന്നിവ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ നടക്കുന്നതിനെ ‘ഇ–കൊമേഴ്സ്’ എന്നു കരടുനിയമം നിർവചിക്കുന്നു.