Tuesday 05 July 2022 11:40 AM IST : By സ്വന്തം ലേഖകൻ

ടൈപ്പ് ചെയ്ത് മുഷിയേണ്ട, ഒറ്റ ടച്ചില്‍ ഓപ്പണാകും: ക്രോമിൽ ഒളിഞ്ഞിരിക്കുന്ന ട്രിക്കുകൾ

chrome-google

ഗൂഗിൾ ക്രോമിനെ കുറിച്ചാണ് കഴിഞ്ഞ ലക്കത്തിൽ പറഞ്ഞത്. നമ്മള്‍ ഏറ്റവുമധികം ഓ പൺ ആക്കുന്ന വെബ് സൈറ്റുകളുടെ അഡ്രസ്സ് മുഴുവനും എന്നും ടൈപ്പ് ചെയ്യാതെ ഒരൊറ്റ ടച്ചില്‍ സൈറ്റ് ഓപ്പണാക്കാന്‍ രണ്ടു സൗകര്യങ്ങള്‍ ഗൂഗിള്‍ ക്രോമിലുണ്ട്. അതറിയാം.

ഒറ്റ ടച്ചിൽ ഓപൺ

ക്രോമിന്റെ അഡ്രസ്സ് ബാറിന് ഇടതുവശത്ത് ഒരു വീടിന്റെ ഐക്കണ്‍ കാണാം. അതില്‍ ടാപ് ചെയ്ത് ഹോള്‍ഡ് ചെയ്താല്‍ എഡിറ്റ് ഹോം പേജ് (Edit Home Page) എന്നു തെളിഞ്ഞുവരും. അത് സെലക്ട് ചെയ്ത ശേഷം വരുന്ന വിൻഡോയില്‍ ഓണ്‍ (ON) എന്നതിനു നേരെയുള്ള ബട്ടന്‍ എനേബിൾ (Enable) ആക്കിയ ശേഷം, താഴെയായി എന്റര്‍ കസ്റ്റം വെബ് അഡ്രസ്സ് (Enter Custom Web Address) എന്ന ഭാഗത്ത് നിങ്ങള്‍ ഏറ്റവുമധികം ഓപ്പണാക്കുന്ന വെബ്സൈറ്റ് അഡ്രസ്സ് ടൈപ് ചെയ്ത് കൊടുക്കുക. ഇനി തിരികെ വന്ന് ആ വീടിന്റെ ഐക്കണിൽ ടച്ച് ചെയ്ത് നോക്കൂ. ഒരൊറ്റ ടച്ചില്‍ ആ വെബ്‌സൈറ്റ് ഓപ്പണാകുന്നത് കാണാം.

ഇതുകൂടാതെ നമ്മള്‍ ഏറ്റവും അധികം ഓപ്പണാക്കുന്ന ഓരോ വെബ് സൈറ്റും ഹോം സ്ക്രീനില്‍ ഐക്കണുകള്‍ അഥവാ ഷോര്‍ട്ട് കട്ടാക്കി സേവ് ചെയ്ത് ഒരൊറ്റ ടച്ചില്‍ ഓപ്പണാക്കാനും സാധിക്കും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ക്രോമില്‍ വെബ് സൈറ്റ് ഓപ്പണായിരിക്കുന്ന സമയത്ത് വലതുവശത്ത് മുകളിലെ മൂന്നു ഡോട്ടുകളില്‍ അമര്‍ത്തി, മെനുവില്‍ നിന്ന് ആഡ് ടു ഹോം സ്ക്രീന്‍ (Add to home screen) സെലക്ട് ചെയ്യാം. അപ്പോള്‍ വരുന്ന ബോക്സില്‍ കാണിക്കുന്ന വെബ് അഡ്രസ്സിനു പകരം ആ സൈറ്റിന് ഒരു പേരു നൽകാം.

ഉദാഹരണമായി എന്റെ വെബ്സൈറ്റിന്റെ അഡ്രസ്സി നു മലയാളത്തില്‍ രതീഷ് എന്നു ടൈപ് ചെയ്തതായി കരുതുക. അതിനു ശേഷം ആഡ് അമര്‍ത്തിയിട്ട് വരുന്ന ബോക്സില്‍ ഒരിക്കല്‍ കൂടി ആഡ് കൊടുക്കുക. ഇനി ഹോം സ്ക്രീനില്‍ നോക്കിയാല്‍ ‘രതീഷ്’ എന്ന പേരില്‍ ഒരു ഐക്കണ്‍ കാണാൻ സാധിക്കും. അതില്‍ ടച്ച് ചെയ്താല്‍ ഓപ്പണാകുന്നത് എന്റെ സ്വന്തം വെബ്‌സൈറ്റ് ആകും. ഇതുപോലെ ഇഷ്ടമുള്ള അത്രയും വെബ്‌സൈറ്റുകളുടെ ഷോര്‍ട്ട് കട്ട്സ് നിര്‍മിക്കാനാകും.

ഫോം ഫിൽ ചെയ്യാം

വെബ് സൈറ്റുകളിലെ അപേക്ഷാ ഫോമുകള്‍ ഫില്‍ ചെയ്യുമ്പോൾ ഓരോ തവണയും മുഴുവനും കുത്തിപ്പിടിച്ചിരുന്ന് പൂരിപ്പിക്കുന്നത് ഒഴിവാക്കാനും ഗൂഗിള്‍ ക്രോമില്‍ സൗകര്യമുണ്ട്.

ക്രോമിന്റെ സെറ്റിങ്സില്‍ അഡ്രസ്സ് ആൻഡ് മോര്‍ (Address and more ) എന്നതു സെലക്ട് ചെയ്ത് ആഡ് അഡ്രസ്സ് (Add address) എന്നതില്‍ ടച്ച് ചെയ്താല്‍ വരുന്ന ഫോമില്‍ വിവരങ്ങള്‍ എല്ലാം പൂരിപ്പിച്ച ശേഷം ‘ഡണ്‍’ എന്നത് അമര്‍ത്തുക. ഇനി എപ്പോഴെങ്കിലും വെബ് സൈറ്റുകളിലെ അപേക്ഷ പൂരിപ്പിക്കേണ്ട സമയത്ത് ആദ്യ കോളം മുതൽ തന്നെ നമ്മള്‍ സേവ് ചെയ്തിട്ടിരിക്കുന്ന വിവരം ഏതാണു ഫില്‍ ആവേണ്ടത് എന്നു സെലക്ട് ചെയ്തു നൽകാനാകും. ഒരൊറ്റ ക്ലിക്കില്‍ തന്നെ ഈ വിവരങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട ഫോമുകളില്‍ ഫില്‍ ആയിക്കോളും. അപേക്ഷ സബ്മിറ്റ് ചെയ്യും മുൻപ് ഒന്നുകൂടി വായിച്ച് ഉറപ്പാക്കിയാൽ മാത്രം മതി.

ലോഗ് ഔട്ട് ആകാം

ഒരു വെബ്‌സൈറ്റിന്റെ ഹിസ്റ്ററി മാത്രം ക്ലിയര്‍ ചെയ്യുന്നത് എങ്ങനെ എന്നു കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിരുന്നു. ചിലര്‍ക്ക് മൊത്തം ബ്രൗസിങ് ഹിസ്റ്ററിയും, ലോഗിന്‍ ചെയ്ത സൈറ്റുകളിൽ നിന്ന് ലോഗ് ഔട്ടാകുക തുടങ്ങി ആവശ്യങ്ങൾ പലതുണ്ടാകും. അതിനായി സെറ്റിങ്സില്‍ പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്നത് സെലക്ട് ചെയ്ത് ക്ലിയര്‍ ബ്രൗസിങ് ഡാറ്റ ഓപൺ ചെയ്യണം. അവിടെ സമയവും ദിവസവും അനുസരിച്ചോ, എല്ലാ സമയത്തെയും ഒന്നിച്ചോ ഒക്കെ ഹിസ്റ്ററി ക്ലിയര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ∙