Friday 06 May 2022 12:51 PM IST

ലെവൂപ് സ്പൂണിൽ അളവ് കിറുകൃത്യം, സിങ്കിലെ മാലിന്യങ്ങൾ വേർതിരിക്കും സിലിക്കൺ സിങ്ക് ഡ്രെയ്നർ: അടുക്കള ഇനി സ്മാർട്

Delna Sathyaretna

Sub Editor

smart-kitchen-44

അടുക്കളജോലികൾ വേഗം തീർത്തു മിടുക്കിയും മിടുക്കനുമായി മറ്റു ക്രിയാത്മക ജോലികൾക്കും നേരമ്പോക്കുകൾക്കും നേരം കണ്ടെത്താന്‍ സഹായിക്കുന്ന സ്മാർട്ട് അടുക്കള ഉപകരണങ്ങൾ പരിചയപ്പെടാം.

1. Cut Proof Gloves

ഈ ഗ്ലവ്സ് ഉണ്ടെങ്കിൽ കണ്ണുംപൂട്ടി പച്ചക്കറിയും പഴങ്ങളും മുറിക്കാം. കൈ മുറിയുമെന്നോ കൈയിൽ കറ പുരളുമെന്നോ ആധി വേണ്ട. കത്തി കൊണ്ടുമുറിക്കാൻ നോക്കിയാൽപ്പോലും ഈ ഗ്ലവ്സ് മുറിയില്ലെന്നേ. പിന്നെയല്ലേ അറിയാതെ കയ്യിൽ കത്തികൊണ്ടു മുറിയുന്നത്. 300 രൂപയിൽ താഴെയാണ് വില.

glove

2. Egg Boiler

മുട്ട പുഴുങ്ങിയെടുക്കാൻ എളുപ്പമാണ്.

പ്രഷർകുക്കറിൽ മുട്ട മുങ്ങിക്കിടക്കാൻ പാകത്തിനു വെള്ളമെടുത്ത് ഒറ്റ വിസിലടിച്ചെടുത്താൽ സംഗതി റെഡി. അല്ലെങ്കിൽ തിളച്ച വെള്ളത്തിൽ കൃത്യം ഏഴു മിനിറ്റ് വേവിച്ചെടുക്കാം. പക്ഷേ, ചിലപ്പോൾ തോടു പൊട്ടി ‘കുളം കലങ്ങി’ മുട്ട വേസ്റ്റ് ബാസ്കറ്റിലേക്കൊഴുകും. തിരക്കുകൾക്കിടയിൽ മുട്ടയുടെ വിസിൽ ശ്രദ്ധിക്കാൻ മറന്നു പോകുന്നവരുമുണ്ട്. ഈ വിധ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് എഗ് ബോയിലർ. മുട്ട പാകത്തിനു വെന്തു കഴിയുമ്പോൾ ആശാൻ താനേ ഓഫ് ആകും. ഉരുളക്കിഴങ്ങോ ചേനയോ എന്നു വേണ്ട എന്തും പുഴുങ്ങിയെടുക്കാൻ ഈ ഉപകരണം മതി. 400 രൂപ മുതൽ 1000 വരെയാണു വില. 15,000 രൂപയോളം വരുന്ന ലക്ഷ്വറി മോഡലുകളുമുണ്ട്.

egg

3. Punch Tap

ഇളനീരു പൊട്ടിച്ചു വെള്ളം കുടിക്കാൻ ഇനി വളരെയളുപ്പം. ലൈറ്റർ പോലെ തോന്നിക്കുന്ന ചെറിയ ഒരു മെഷീൻ മതി, സ്ട്രോ കടത്താനുള്ള ദ്വാരം എളുപ്പത്തിലിടാൻ. ഈ കുഞ്ഞൻ ടൂൾ ഇളനീരിനോടു ചേർത്ത് ഒറ്റ പഞ്ച്. ആര്‍ക്കും എളുപ്പത്തിൽ കരിക്കിൻ വെള്ളം കുടിക്കാം. 200 രൂപയിൽ താഴെ വിലയുള്ള ഈ ഉപകരണം തുരുമ്പിക്കാത്ത സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

karikku

4. Fish Scale Scraper

കത്തിയുപയോഗിച്ചു മീനിന്റെ ചെതുമ്പൽ ചെത്തിക്കളഞ്ഞാൽ ചെതുമ്പൽ എവിടെയൊക്കെ പറന്നെത്തുമെന്നു മഷിയിട്ടു കണ്ടു പിടിക്കേണ്ടി വരും. നിലത്തും തലയിലും എന്നു വേണ്ട, കത്തിയിലും ചട്ടിയിലുമൊക്കെ പറ്റിപ്പിടിച്ച് ആകെ അലമ്പാകുമെന്നു പ്രത്യേകം പറയേണ്ടല്ലോ. ഫിഷ് സ്കേൽ സ്ക്രേപ്പർ ഉപയോഗിക്കുമ്പോൾ, പെൻസിൽ മുന വെട്ടി ഷാർപ്നറിൽ ശേഖരിക്കുന്നതു പോലെ ചെതുമ്പൽ അടങ്ങിയൊതുങ്ങി ഒരു ചേമ്പറിൽ കയറിയിരിക്കും. ഇതു വെയ്സ്റ്റ് ബിന്നിലേക്ക് ഇട്ടാൽ മതി. 200 രൂപയോളമാണ് ഈ ഉപകരണത്തിനു വില.

fish-

5. Cutting Board with Containers

പ്ലാസ്റ്റിക് കട്ടിങ് ബോർഡ് മാറി വുഡൻ കട്ടിങ് ബോർഡും സ്റ്റീൽ കട്ടിങ് ബോർഡുമാണ് മിക്ക അടുക്കളകളിലുമിപ്പോൾ. അതിനൊപ്പം മുറിച്ചെടുത്ത പച്ചക്കറികൾ ശേഖരിക്കാനുള്ള കണ്ടെയ്നറും ചേർന്ന ഉപകരണങ്ങളാണ് പുതിയ ട്രെൻഡ്. ബോക്സ് രൂപത്തിലുള്ള കട്ടിങ് ബോർഡിന്റെ ഉള്ളിലായി ക്രമീകരിച്ച പ്ലാസ്റ്റിക് അറകളോ സ്റ്റീൽ ട്രേയോ ചേർന്ന സംവിധാനം വൃത്തിയാക്കാനും ഉപയോഗിക്കാനും ഏറെ എളുപ്പവുമാണ്. വില അൽപം കൂടുമെങ്കിലും അതു നഷ്ടമേയല്ലെന്നാണ് ഉപയോഗിച്ചവരുടേയും അഭിപ്രായം. ഗുണനിലവാരമുള്ള വുഡൻ ബോർഡിന് ആയിരത്തിനു മുകളിലാണ് വില.

cutting-board

6.Silicone Sink Drainer
എത്രയൊക്കെ സൂക്ഷിച്ചു പാത്രം കഴുകിയാലും അടുക്കള സിങ്കിൽ വേസ്റ്റ് അടിയും. സിങ്ക് ബ്ലോക് ആകുകയും ചെയ്യും. അൽപം അലസമായി പെരുമാറുന്നവരുടെ കാര്യത്തിൽ ഒന്നും പറയാനുമില്ല. സിങ്കിന്റെ ഡ്രെയ്നേജ് ഭാഗത്തായി  സിലിക്കൺ സിങ്ക് ഡ്രെയ്നർ ഘടിപ്പിച്ചാൽ ബ്ലോക് ഉണ്ടാക്കാവുന്ന ഖരമാലിന്യങ്ങൾ എളുപ്പത്തിൽ വേർതിരിച്ചെടുക്കാം.   200–300 രൂപയിൽ വലിയ അടുക്കള പ്രശ്നത്തിനുള്ള ചെറിയ പരിഹാരം.

silicone
scissor

 7. Multi Layer Scissors

നാലോ അഞ്ചോ കത്രികകൾ ഒരുമിച്ചു ചേർത്തു മുറിക്കുന്ന അതേ ഐഡിയയാണ് ഈ കട്ടിങ് ഉപകരണത്തിനു പിന്നിൽ. ഉള്ളിത്തണ്ടും ചീരയും പോലുള്ള ഇലക്കറികൾ വേഗത്തിൽ അരിഞ്ഞെടുക്കാൻ ഇതു സഹായിക്കും. ക്ലീനിങ് എളുപ്പമാക്കാൻ പ്രത്യേക ബ്രഷ് ഒപ്പം കിട്ടും.

8. Meat Ball Spoon

മീഡിയം വലുപ്പമുള്ള സ്പൂണിന്റെ നടുക്കായി വലിയ ദ്വാരമുള്ള ഡിസൈനാണിതിന്. മീറ്റ് ബോളും വെജ് ബോളുമൊക്കെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ ഈ സഹായി മതി. കുഴച്ചു പരുവപ്പെടുത്തിയ മാവിനു മുകളിൽ ഈ സ്പൂൺ കൊണ്ട് അമർത്തി നാരങ്ങാവലുപ്പമുള്ള ബോൾ രൂപത്തിൽ വേർതിരിച്ചെടുക്കാം. 200 രൂപയിൽ താഴെയാണു വില.

meat-ball-fry-basket

9. Fry Basket

പാസ്തയും നൂഡിൽസുമൊക്കെ വേവിച്ചു വേഗത്തിൽ ഊറ്റിയെടുക്കാനും ഫ്രൈയിങ് പാനിൽ മുക്കിപ്പൊരിച്ചെടുക്കാനും  പച്ചക്കറികളും പഴങ്ങളും കഴുകിയെടുക്കാനുമെല്ലാം സഹായിക്കും  ഓൾ ഇൻ വൺ മെഷ് ബാസ്കറ്റ്. തുരുമ്പിക്കാത്ത സ്റ്റീൽ  കൊണ്ടാണിത്  ഉണ്ടാക്കിയിരിക്കുന്നത്. 500 രൂപയിൽ താഴെയാണ് വില.  

10.Spice Infuser

ബിരിയാണിയിലൊക്കെ ചെറിയ കിഴികെട്ടിയിട്ട് ചിലപ്പോൾ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കാറില്ലേ. സ്പൈസ് ഇ ൻഫ്യൂസറുണ്ടെങ്കിൽ മസാലക്കൂട്ട് ഇതിലാക്കി വിഭവത്തിലിടാം. വേവിച്ച/തിളപ്പിച്ച ശേഷം ഇൻഫ്യൂസർ എടുത്തു മാറ്റിയാൽ മതി. അരിപ്പയ്ക്കുള്ളിൽ കിടന്നു തന്നെ സ്പൈസ് വെന്തു ചേരുമെന്നർഥം. ചായയിട്ടശേഷം അരിച്ചെടുക്കുന്നതിനു പകരം ചായപ്പാടി സ്പൈസ് ഇൻഫ്യൂസറിലാക്കി തിളപ്പിക്കാം. 200 രൂപയിൽ താഴെ മാത്രമാണ് വില.

infuser

15.Levoop

അൽപം പോലും അളവിൽ വ്യത്യാസം വരാതെ അളന്നെടുക്കാൻ സഹായിക്കുന്ന സ്മാർട്ട് സ്പൂണാണ് ലെവൂപ്. ബേക്കിങ് പൗഡറും മറ്റും അളന്നെടുക്കാനാണ് ഏറ്റവും ഉപകാരപ്പെടുക. പൊടി കോരിയെടുത്ത് ലിവർ വലിച്ചാൽ ഏറ്റവും മുകളിലെ ലെയർ, സ്പൂണിനു മുകളിലൂടെ നീങ്ങി അധികമുള്ള പൊടി നീക്കിക്കളയും.

l