Saturday 04 August 2018 03:06 PM IST : By സ്വന്തം ലേഖകൻ

ആധാർ നമ്പർ കോണ്‍ടാക്ട് ലിസ്റ്റില്‍ കടന്നു കൂടിയത് അബദ്ധം; ക്ഷമ ചോദിച്ച് ഗൂഗിൾ

uiadi

മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാർ നമ്പർ കടന്നു കൂടിയതിൽ ക്ഷമ ചോദിച്ച് ഗൂഗിൾ. സേവ് ചെയ്യാതെ തന്നെ ആധാർ നമ്പർ കോൺടാക്റ്റ് ലിസ്റ്റിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് ഗൂഗിൾ അധികൃതരുടെ ക്ഷമാപണം.

അതേസമയം ആധാര്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം നല്‍കിയതല്ലെന്നും ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറിലെ പ്രശ്‌നം കാരണമാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടേതായി പലരുടേയും ഫോണുകളില്‍ കാണുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ തങ്ങളുടേതല്ലെന്ന് ആധാര്‍ അതോറിറ്റിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 1800-300-1947 എന്ന നമ്പറാണ് ഫോണുകളില്‍ കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ 1947 ആണ് യുഐഡിഎഐയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറെന്നും ഇത് രണ്ടു വര്‍ഷത്തിലേറെയായി പ്രവര്‍ത്തനക്ഷമമാണെന്നും വിശദീകരണമുണ്ടായി.

2014ല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണുകളില്‍ ആധാര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ വന്ന് തുടങ്ങിയത്. അശ്രദ്ധമൂലമുണ്ടായ ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കില്ലെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫോണുകളില്‍ നിന്ന് ഈ നമ്പര്‍ മാനുവലായി നീക്കം ചെയ്യാന്‍ സാധിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.