Thursday 21 April 2022 12:46 PM IST : By സ്വന്തം ലേഖകൻ

പണമയക്കാൻ ഫോണിൽ ഡേറ്റ ഇല്ലേ...? ഇന്റർനെറ്റ് ഇല്ലാതെ ഇതാ ഈസി ബാങ്കിങ്

upi-payment

മറ്റൊരാൾക്ക് പണം കൈമാറ്റം ചെയ്യേണ്ട സാഹചര്യങ്ങളിൽ ഡേറ്റ ഇല്ലാതെ വിഷമിക്കാറുണ്ടോ?. ഡേറ്റ കണക്‌ഷൻ ഇല്ലാത്ത സ്ഥലത്തോ, ഡേറ്റ പായ്ക്ക് തീർന്നു പോയ അവസ്ഥയിലോ ആകുമ്പോൾ പണം കൈമാറ്റം ചെയ്യാൻ എന്താണു വഴി എന്ന് ആലോചിച്ചിട്ടുണ്ടോ. പണം അയയ്ക്കാനും സ്വീകരിക്കാനും ഡേറ്റ ഒരു തടസ്സമേ അല്ല.

ഫോണിൽ നിന്ന് *99# എന്ന നമ്പരിലേക്ക് ഡയൽ ചെയ്യുക. ഇനി സ്ക്രീനിൽ വരുന്ന ലളിതമായ നടപടിക്രമങ്ങൾ പിന്തുടർന്നാൽ നിങ്ങൾക്കു പണമിടപാട് നടത്താം. നാളിതു വരെ സ്മാർട് ഫോൺ ഉപയോഗിക്കാത്തവർക്കും അവരുടെ പക്കലുള്ള സാധാരണ ഫീച്ചർ ഫോൺ ഉപയോഗിച്ചും ഈ സേവനം തേടാവുന്നതാണ്. എല്ലാ ടെലികോം കമ്പനികളും ബാങ്കുകളും നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ USSD (*99#) സേവനത്തിനു കീഴിൽ വരുന്നതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്.

നിങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ നമ്പരിൽ നിന്ന് മാത്രമേ ഈ സേവനം ലഭ്യമാകൂ. ആദ്യമായി ചെയ്യുന്നവർ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. നിലവിൽ ഏതെങ്കിലും യുപിഐ ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇതു വേണ്ടിവരില്ല. നിലവിലെ അക്കൗണ്ട് ബാലൻസ്, ട്രാൻസാക്‌ഷൻ വിവരങ്ങൾ എന്നിവയും ഇതിലൂടെ അറിയാം. എല്ലാ ബാങ്കുകൾക്കും ഒരേ നമ്പർ (*99#) ആണെന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. മൊബൈൽ കവറേജ് ലഭ്യമായ എവിടെ നിന്നും ഇത്തരത്തിൽ ബാങ്കിങ് ഇടപാട് നടത്താം. യുപിഐ പിൻ എന്ന നാലക്ക രഹസ്യ കോഡാണ് ഇടപാടിന്റെയെല്ലാം താക്കോൽ. ഇത് ഒരു കാരണവശാലും പങ്കുവയ്ക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്:

വി.കെ. ആദർശ്
ചീഫ് മാനേജർ
ടെക്നിക്കൽ,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ