Friday 12 June 2020 11:47 AM IST : By സ്വന്തം ലേഖകൻ

ഫോട്ടോ പ്രേമികൾക്കായി ഒട്ടനവധി ഫില്‍റ്ററുകൾ; വിസ്മയിപ്പിച്ച് ‘അഡോബി ഫോട്ടോഷോപ്പ് ക്യാമറ’ ആപ്പ്!

adobe-photoshop-camera-app

സെൽഫി, ഫോട്ടോ പ്രേമികൾക്കായി പുതിയ ഫോട്ടോഷോപ്പ് ക്യാമറ ആപ്പ് പുറത്തിറക്കി അഡോബി. ‘അഡോബി ഫോട്ടോഷോപ്പ് ക്യാമറ’ എന്നാണ് ആപ്പിന്റെ പേര്. ഒട്ടനവധി ഫെയ്‌സ് ക്യാമറ ഫില്‍റ്ററുകളുമായാണ് ആപ്പ് രംഗത്തുവന്നിരിക്കുന്നത്. സൗജന്യമായി ലഭ്യമാക്കിയിരിക്കുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലൂടെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലൂടെയും ഇൻസ്റ്റാൾ ചെയ്യാം. 

അതേസമയം എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ‘അഡോബി ഫോട്ടോഷോപ്പ് ക്യാമറ’ ലഭ്യമല്ല. അടുത്തിടെ പുറത്തിറങ്ങിയ പിക്‌സല്‍, ഗാലക്‌സി, വണ്‍പ്ലസ് മോഡലുകളില്‍ മാത്രമാണ് ഈ ആപ്പ് ലഭ്യമാവുക. എന്നാല്‍ റിയല്‍മി എക്‌സ് ഫോണില്‍ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഉയര്‍ന്ന ഫീച്ചറുകളുള്ള പുതിയ ഫോണുകളില്‍ മാത്രമേ ഫോട്ടോഷോപ്പ് ക്യാമറ ലഭിക്കുകയുള്ളൂ. 

ആപ്പില്‍ ഫോട്ടോ എഡിറ്റിങ് സംവിധാനങ്ങളും ലഭ്യമാണ്. എന്നാൽ വിഡിയോ എടുക്കാനുള്ള സൗകര്യമില്ല. ഫോട്ടോഷോപ്പ് മാജിക് ഫോൺ ക്യാമറ വ്യൂഫൈന്ററിലേക്ക് സന്നിവേശിപ്പിച്ചിരിക്കുകയാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനുകൾക്കിടയിൽ കടുത്ത മത്സരമാണ് ഇപ്പോൾ നിലനിൽക്കുന്നത്.