Thursday 25 March 2021 11:14 AM IST : By സ്വന്തം ലേഖകൻ

നിങ്ങൾക്കും ആമസോണിന്റെ സന്ദേശം ലഭിച്ചോ? തലവച്ചാൽ നഷ്ടപ്പെടുക സ്വകാര്യ വിവരങ്ങൾ, സർവേയും സമ്മാനങ്ങളും ശുദ്ധതട്ടിപ്പ്

amazon

‘മുന്തിയ ഇനം സ്മാർട് ഫോൺ, അതും ഫൈവ് ജി! പതിനായിരങ്ങൾ ചെലവാകുന്ന ഫോർകെ സ്മാർട് എൽഇഡി ടിവി, ഹോം തീയറ്റർ, സ്മാർട് വാച്ച്... നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം...’

ഇത്രയും കാണുമ്പോഴേക്കും മലയാളി ഫ്ലാറ്റ്! പിന്നെ ഉറപ്പായും ലഭിക്കുമെന്ന് കരുതി ആ സമ്മാനങ്ങളുടെ പിന്നാലെ പോകും. ആ പോക്കിൽ മലയാളി പല രഹസ്യങ്ങളും നഷ്ടപ്പെടുത്തുന്നുണ്ടാകും.

പ്രമുഖ ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായ ആമസോണിന്റെ പേരിലാണ് ഈ വമ്പൻ തട്ടിപ്പ് കറങ്ങി നടക്കുന്നത്. വാട്സാപ്പ് വഴിയും മെസഞ്ചര്‍ വഴിയും പാറിനടക്കുന്ന ഈ വ്യാജ സന്ദേശം ആമസോണിന്റെ 30–ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് സമ്മാനം ലഭിക്കും എന്ന മട്ടിലാണ് കറങ്ങി നടക്കുന്നത്.

ഒരു സര്‍വേയില്‍ പങ്കെടുക്കാമോ എന്നതാണ് പ്രധാനമായും ഈ സന്ദേശത്തിന്റെ തുടക്കം. നമുക്ക് ലഭിക്ക് ലഭിക്കുന്ന യുആർഎല്ലില്‍ ക്ലിക്ക് ചെയ്ത് പേജിലേക്ക് പ്രവേശിച്ചാൽ സര്‍വേ പേജിലേക്ക് കടക്കും. . ഇവിടെ വിവിധ ചോദ്യങ്ങള്‍ നമ്മളെ കാത്തിരിക്കുന്നുണ്ടാകും. ശരിക്കും ആമസോണിന്റെ സൈറ്റിന്റെ ലേ ഔട്ടിലാണ് ഈ തട്ടിക്കൂട്ട് പേജ് തയ്യാറാക്കിയിരിക്കുന്നത്. 

ഇവിടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാല്‍, നിങ്ങള്‍ക്ക് മുന്‍പില്‍ വിവിധ ബോക്സുകള്‍ വരും. അതില്‍ ഒന്ന് സമ്മാനമായി ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഈ സര്‍വേയുടെ ചോദ്യം അഞ്ച് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യണമെന്നാണ് പിന്നീട് പറയുന്നത്. ഈ തട്ടിപ്പ് സന്ദേശം കൂടുതല്‍ ഗ്രൂപ്പുകളില്‍ എത്തിക്കാനുള്ള ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവസരം നല്‍കുന്നതാണ് ഈ രീതി. ഈ സന്ദേശം കണ്ട്, യെസ് എന്ന് ഉത്തരം നല്‍കിയാല്‍ പണവും സ്വകാര്യ വിവരങ്ങളും നഷ്ടപ്പെട്ടേക്കുമെന്നാണ് ടെക് വിദഗ്ധർ നൽകുന്ന റിപ്പോര്‍ട്ട്.

പ്രചരിക്കുന്ന സന്ദേശത്തിന്റെ യുആർഎൽ ശ്രദ്ധിച്ചാല്‍ തന്നെ അത് ശുദ്ധ തട്ടിപ്പാണെന്ന് മനസിലാകും. പുതിയ സംഭവത്തില്‍ https://ccweivip.xyz/amazonhz/tb.php?v=ss161651 എന്ന യുആര്‍എല്‍ ആണ് വൈറലാകുന്നത്.

നിരവധി വ്യാപാരികളുടെ അക്കൗണ്ടിൽ നിന്നാണ് ഹാക്കർമാർ പണം പിൻവലിച്ചത് വലിയ വാർത്തയായിരുന്നു. നൂറുകണക്കിന് വിൽപനക്കാരുടെ അക്കൗണ്ടുകളിലാണ് ഹാക്കർമാർ തട്ടിപ്പ് നടത്തിയിരിക്കുന്നത്.