Thursday 08 February 2018 09:58 AM IST : By സ്വന്തം ലേഖകൻ

ഫേസ് ഐഡിയുമായി ആപ്പിൾ ഐ ഫോൺ 10; ഞെട്ടിക്കുന്ന സവിശേഷതകൾ വായിക്കാം

apple

പുതിയ താരങ്ങളെ അവതരിപ്പിച്ച് പത്താം വാർഷികം ആപ്പിൾ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷൻ എക്സ് ഉൾപ്പെടെയുള്ളവയാണ് ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി പതിനൊന്നിനുശേഷം പ്രകാശനം ചെയ്തത്. ആപ്പിൾ സിഇഒ ടിം കുക്ക് ഉത്പന്നങ്ങൾ ലോകത്തിനു സമർപ്പിച്ചു.

പത്താംവർഷത്തിൽ ഐഫോൺ എക്സ്

ആകാംക്ഷകൾക്ക് വിരാമമിട്ട് ഐഫോൺ എക്സ് (ഐഫോൺ 10) അവതരിച്ചു. ഹോം ബട്ടൺ ഇല്ലാത്ത മൊബൈൽ ഫോൺ. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് മറ്റൊരു പ്രത്യേകത. നമ്പർ ലോക്കും പാറ്റേൺ ലോക്കും പഴങ്കഥ. ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് ഐഫോൺ എക്സിൽ. മുഖത്തിന് രൂപമാറ്റമുണ്ടായാലും തിരിച്ചറിയാനാകും. നിങ്ങളുടെ മുഖമാണ് ഇനി പാസ്‌വേഡ് എന്ന് ആപ്പിൾ. ടച്ച് ഐഡിക്കു പകരം മുഖം നോക്കി ലോക്ക് തുറക്കാം.

ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജിയും തരംഗമാകും. ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവർത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികൾ തയാറാക്കും. ഹൈ ഡെഫനിഷൻ 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ. താഴെനിന്നു മുകളിലേക്ക് സ്വൈപ് ചെയ്താൽ ഹോം സ്ക്രീൻ. ഇതിനായി ട്രൂ ഡെപ്ത് ക്യാമറ സെൻസറാണ് ഫോണിലുള്ളത്. പൊടിയും വെള്ളവും തട്ടിയാലും കേടാവില്ല. സ്പെയ്സ് ഗ്രേ, സിൽവർ നിറങ്ങളിൽ കിട്ടും.

മുൻപിലും പിന്നിലും 12 എംപി ക്യാമറ. ഡ്യുവൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ക്വാഡ് എൽഇഡി ടു ടൺ ഫ്ലാഷ്, എയർപവർ, വയർലസ് ചാർജിങ് തുടങ്ങി നിരവധി പുതുമകൾ. ഐഫോൺ ഏഴിനേക്കാൾ രണ്ട് മണിക്കൂർ അധികം ബാറ്ററി ചാർജ്. സൂപ്പർ റെറ്റിന ഡിസ്പ്ലേ, ത്രിഡി ടച്ച്, സിരി സംവിധാനം. വില 999 ഡോളർ (63,940 രൂപ). നവംബർ മൂന്നുമുതൽ ലഭ്യമാകും.

വയർലസ് ചാർജറുമായി ഐഫോൺ 8, 8 പ്ലസ്

ലോകം കൗതുകത്തോടെ കാത്തിരുന്ന ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവയും ആപ്പിൾ അവതരിപ്പിച്ചു. ആശയവിനിമയത്തിന്റെ നവീനതയിലും സുരക്ഷയും സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതിലും പുത്തൻ മാതൃകയാണ് ഐഫോണുകൾ സമ്മാനിച്ചെതന്നു ടിം കുക്ക് പറഞ്ഞു.

ഒട്ടേറെ പ്രത്യേകതകളാണ് പുതിയ ഐഫോണുകളിൽ കാത്തിരിക്കുന്നത്. ബയോ ചിപ്പിലാണ് പ്രവർത്തനം. ശരീര ചലനങ്ങളാൽ നിയന്ത്രിക്കാം. സ്വർണം ഉൾപ്പെടെ മൂന്ന് നിറങ്ങളിൽ ലഭ്യം. വയർലസ് ചാർജിങാണ് സവിശേഷത.

64 ജിബി, 256 ജിബി സ്റ്റോറേജ്. ഐഫോൺ 8ന് 699 ഡോളറും 8 പ്ലസിന് 799 ഡോളറുമാണ് വില. ഐഫോൺ 8ന് 12 എംപി റിയർ ക്യാമറയും 8 പ്ലസിൽ ഡ്യുവൽ ക്യാമറയും. പ്രകാശത്തിനും സമയത്തിനും അനുസരിച്ച് തനിയെ ഫിൽട്ടറുകൾ തിരഞ്ഞെടുക്കുന്ന ക്യാമറകളാണ് പുതിയ മോഡലിൽ സ്ഥാപിച്ചിട്ടുള്ളത്.

 

വിശദമായ വായനയ്ക്ക്