Friday 02 February 2018 09:55 AM IST : By സ്വന്തം ലേഖകൻ

ഇത് മാറ്റങ്ങളുടെ തുടക്കം; ചൈനയെ ഒഴിവാക്കി ആപ്പിൾ 6എസും ഇന്ത്യയിൽ നിർമിക്കും

apple_i

മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി പിടിമുറുക്കിയതോടെ കൂടുതൽ കമ്പനികൾ ഇന്ത്യയിൽ പ്ലാന്റ് തുടങ്ങുന്നു. മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിൽ ആപ്പിളിന്റെ ഐഫോൺ എസ്ഇ നേരത്തെ തന്നെ നിർമാണം തുടങ്ങിയിരുന്നു. വൈകാതെ ഐഫോൺ 6എസും ഇന്ത്യയിൽ നിർമിക്കുമെന്നാണ് അറിയുന്നത്.

ആപ്പിളിനു വേണ്ടി തയ്‌വാനില്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വിന്‍സ്ട്രണ്‍ ബെംഗളൂരുവിന് സമീപം സ്ഥലം വാങ്ങാന്‍ നീക്കം നടത്തുന്നതായി വാര്‍ത്തകളുണ്ട്. ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്‍സ്ട്രൺ 15.7 കോടി ഡോളര്‍ മുടക്കുമെന്നാണ് അറിയുന്നത്.

ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച ഐഫോണ്‍ SEയ്ക്കു പിന്നില്‍ വിന്‍സ്ട്രണ്‍ കമ്പനിയുടെ കീഴിലുള്ള ഐസിടി സര്‍വീസ് മാനേജ്‌മെന്റ് സൊലൂഷന്‍സ് (ICT Service Management Solutions) ആണ്. ഐസിറ്റിയാണ് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് 100 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ വര്‍ത്തകളോടു പ്രതികരിക്കാന്‍ ആപ്പിളും വിന്‍സ്ട്രണും വിസമ്മതിച്ചു. വിന്‍സ്ട്രണ്‍ന്റെ പ്രതിനിധികള്‍ കര്‍ണ്ണാടക വ്യവസായ വകുപ്പു മന്ത്രിയുമായി ഇക്കാര്യത്തില്‍ ആഴ്ചകള്‍ക്കു മുൻപ് ചര്‍ച്ച നടത്തിയിരുന്നതായും ഒരു പക്ഷേ, സ്ഥലം ദീര്‍ഘ കാലത്തേക്ക് വാടകയ്‌ക്കെടുക്കാന്‍ കരാർ ഒപ്പിട്ടു കഴിഞ്ഞെന്നുമാണ് പറയുന്നത്.
 
ഇങ്ങനെ കിട്ടുന്ന ഭൂമിയില്‍ ആപ്പിളിനായി ഫോണുകള്‍ അസംബിൾ ചെയ്യാൻ യൂണിറ്റ് നിര്‍മിക്കുകയാകും ചെയ്യുക. ഇവിടെ ആദ്യം നിര്‍മിക്കുന്നത് ഐഫോണ്‍ 6s ആയിരിക്കുമെന്നും പറയുന്നു. 6s/6s പ്ലസ് മോഡലുകള്‍ ഇറക്കിയത് 2015ല്‍ ആണ്. ഇവ നിലവിലുള്ള ഐഫോണ്‍ X, ഐഫോണ്‍ 8/8 പ്ലസ് മോഡലുകളെക്കാള്‍ വില കുറച്ചാണ് വില്‍ക്കുന്നത്. എന്നാല്‍ ടാക്‌സും മറ്റും കുറച്ചു വില്‍ക്കാനായാല്‍ ഇന്ത്യയില്‍ പുതിയ ഉപയോക്താക്കളെ കണ്ടെത്താനാകുമെന്നാണ് കമ്പനി കരുതുന്നത്. ഈ ഉദ്യമത്തിലൂടെ ചൈനയിലേക്കാള്‍ ചിലവു കുറച്ച് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ സാധ്യമാകുമോ എന്നതും പഠിക്കാന്‍ ആപ്പിള്‍ ശ്രമിക്കും.

ഐസിറ്റി അടുത്ത കാലത്ത് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് യന്ത്രസാമഗ്രികള്‍ കൊണ്ടുവരാനുള്ള അനുവാദം വാങ്ങിയിരുന്നു. ഇവയായിരിക്കും ഐഫോണ്‍ നിര്‍മാണത്തിന് ഉപയോഗിക്കുക. ഇന്ത്യയില്‍ നിര്‍മിച്ചാല്‍ നികുതിയിനത്തില്‍ ആപ്പിളിന് ആനുകൂല്യങ്ങള്‍ കിട്ടുകയും അങ്ങനെ ഫോണ്‍ വില കുറച്ചു വില്‍ക്കുകയും ചെയ്യാമെന്നാതാണ് ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കുന്നതിന്റെ കാരണം. ഇപ്പോള്‍ ആപ്പിളിന്റെ ഇന്ത്യയിലെ സാന്നിധ്യം ഏകദേശം മൂന്നു ശതമാനത്തില്‍ താഴെയാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നായ ഇന്ത്യയെ അവഗണിക്കാതിരിക്കാനുള്ള ശ്രമമാണിത്.
 
ഇന്ത്യയിലെ ടാക്‌സ് വര്‍ധന മൂലം ഐഫോണ്‍ SE ഒഴികെ എല്ലാ മോഡലുകള്‍ക്കും ആപ്പിളിന് വില വര്‍ധിപ്പിക്കേണ്ടി വന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫോണുകളുടെയും ഇറക്കുമതിച്ചുങ്കം കൂട്ടുകയാണ്. ഇതാണ് കമ്പനികളെ ഇന്ത്യയില്‍ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുന്നത്. ചൈനയില്‍ പണിക്കൂലി കുതിച്ചു കയറുന്നുവെന്നതും ആപ്പിളിനെ പുതിയ സ്ഥലങ്ങളില്‍ നിര്‍മാണ സാധ്യതകള്‍ ആരായാന്‍ പ്രേരിപ്പിക്കുന്നു.

ഇന്ത്യയില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ വില്‍ക്കാന്‍ ടാക്‌സ് ഇളവിനായി കമ്പനി സർക്കാരുമായി മാസങ്ങളോളം ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ ഇതുവരെ ആപ്പിളിന് അനുകൂലമായി ഒരു തീരുമാനവും എടുത്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍