Saturday 27 March 2021 03:20 PM IST : By സ്വന്തം ലേഖകൻ

ബാങ്ക് അക്കൗണ്ടിലെ നോമിനിയുടെ അവകാശങ്ങൾ എന്തെല്ലാമാണ്? അക്കൗണ്ട് ഹോൾഡറിന്റെ മരണശേഷം നോമിനിയ്ക്ക് പണം കിട്ടുമോ?

bbffmonneeyygghgf

1. ബാങ്ക് അക്കൗണ്ടിലെ നോമിനിയുടെ അവകാശങ്ങൾ എന്തെല്ലാമാണ്?

ബാങ്ക് അക്കൗണ്ടിൽ നോമിനിയെ വയ്ക്കേണ്ടത് അപേക്ഷകനു മരണം സംഭവിച്ചാൽ നിയമത്തിന്റെ നൂലാമാലകൾ ഇല്ലാതെ നിക്ഷേപം അവകാശികൾക്കു തന്നെ ലഭിക്കാനുള്ള ലളിതമായ മാർഗമാണ്. അക്കൗണ്ട് ഹോൾഡറിന്റെ മരണശേഷം ബാങ്ക് ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിച്ച് പണം കൈപറ്റാനുള്ള അവകാശം നോമിനിക്ക് ഉണ്ടെങ്കിലും പണത്തിന്റെ യഥാർഥ അവകാശികൾ ‘ലീഗൽ ഹെയേഴ്സ്’ അഥവാ നിയമപരമായ അവകാശികളാണ്. ബാങ്ക് അക്കൗണ്ടിലെ നോമിനി, നിയമപരമായ അവകാശിയല്ലെങ്കിൽ, ഒരു ട്രസ്റ്റി മാത്രമാണ്.

പണം നിയമപരമായ അവകാശികൾക്ക് പങ്കുവച്ച് കൊടുക്കുക എന്നതു മാത്രമാണ് നോമിനിയുടെ ഉത്തരവാദിത്തം. നോമിനി അവകാശി ആണെങ്കിൽ മാത്രം ഒരു വിഹിതം അവർക്കും ലഭിക്കും. വിൽപത്രം എഴുതിയിട്ടുണ്ടെങ്കിൽ അതിൻ പ്രകാരമുള്ള വ്യക്തി/വ്യക്തികളാണ് നിയമപരമായ അവകാശി. ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളുടെ പിൻതുടർച്ചാവകാശ നിയമത്തിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ഹിന്ദു മതവിശ്വാസിയായ വിവാഹിതനായ ഒരാൾ മരിച്ചാൽ പങ്കാളിക്കും മക്കൾക്കും അമ്മയ്ക്കും അവകാശമുണ്ട്. എന്നാൽ ക്രിസ്തീയ മതവിശ്വാസികളിൽ പ ങ്കാളിക്കും മക്കൾക്കും മാത്രമാണ് അവകാശം.

-ഷെർ‌ലി മാത്യു, റിട്ടയേർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ, എസ്ബിഐ, കോട്ടയം

2. നോ പാർക്കിങ് ബോർഡില്ലാത്ത ഇടങ്ങളിൽ വാഹനം നിർത്തിയിട്ടാൽ പൊലീസോ മോട്ടോർ വാഹനവകുപ്പോ പിഴ ഈടാക്കുമോ?

1427131169-copy

വാഹന പാർക്കിങ് ആയി കണക്കാക്കുന്നത് എന്താണെന്ന് ആദ്യം പറയാം. യാത്രക്കാരെയോ മറ്റു സാധനസാമഗ്രികളോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങൾക്കായി ഒരു വാഹനം നിശ്ചലാവസ്ഥയിൽ കാത്തുകിടക്കുന്നതും മൂന്നു മിനിറ്റിൽ കൂടുതൽ സമയം നിർത്തിയിടുന്നതും പാർക്കിങ്ങായി കണക്കാക്കാം.

നോ പാർക്കിങ് ബോർഡ് ഇല്ലാത്ത, ഇനി പറയുന്ന സാഹചര്യങ്ങളില്‍/ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ പിഴ ഈടാക്കാൻ നിയമമുണ്ട്.

∙ അതിവേഗ ട്രാഫിക്കുള്ള റോഡിൽ (വേഗത 50 കിലോമീറ്ററോ അതിൽ അധികമോ നിശ്ചയിച്ചിട്ടുള്ള റോഡിന്റെ ഭാഗങ്ങളിൽ)

∙ ഫൂ‍ട്പാത്തുകളിലോ സൈക്കിൾ ട്രാക്കിലോ കാൽനട ക്രോസിങ്ങിനു സമീപമോ പാർക്കിങ് ഏരിയയിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്ന രീതിയിലോ

∙ ബസ് സ്റ്റോപ്പുകൾ, ആശുപത്രി, സ്കൂൾ എന്നിവയുടെ ഏതെങ്കിലും പ്രവേശന കവാടങ്ങൾക്കു സമീപം

∙ റോഡ് അടയാളങ്ങൾക്കു മുന്നിൽ അവ തടസ്സപ്പെടുത്തും വിധമോ റോഡിന്റെ വീതി കുറഞ്ഞതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ ഭാഗങ്ങളിലോ, മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാകുന്ന വിധത്തിലോ

∙ തുരങ്കത്തിൽ, ബസ് ലൈനിൽ, കൊടും വളവുകളിലോ, വളവിനു സമീപമോ, പാലത്തിനു സമീപമോ, ഉടമയുടെ സമ്മതില്ലാതെ സ്വകാര്യപ്രോപ്പർട്ടികളിലോ

∙ റോഡരികിലെ മഞ്ഞ ബോക്സിൽ/ വരയിൽ, നോ സ്റ്റോപ്പിങ്/ നോ പാർക്കിങ് സൈൻ ബോർഡുളള സ്ഥലങ്ങളിൽ തുടങ്ങിയ ഇടങ്ങളിലൊന്നും വാഹനം പാർക്ക് ചെയ്യരുത്.

-ടി. ജെ തങ്കച്ചൻ, റിട്ടയേർ‍‍ഡ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ചോറ്റാനിക്കര