Saturday 10 July 2021 03:43 PM IST : By സ്വന്തം ലേഖകൻ

ബാങ്ക് ലോക്കറിന്റെ താക്കോൽ നഷ്ടപ്പെട്ടാൽ, ആഭരണങ്ങൾ സൂക്ഷിക്കുമ്പോഴുള്ള മുൻകരുതലുകൾ?: അറിയേണ്ടതെല്ലാം

bank-locker

ഏറെ മൂല്യമുള്ള ആഭരണങ്ങളും രേഖകളുമൊക്കെ വീട്ടിൽ തന്നെ സൂക്ഷിക്കുന്നത് സുരക്ഷിതമാണോ? കള്ളന്മാരെ പേടിക്കാതെ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ പലരും തിരഞ്ഞെടുക്കുന്ന മാർഗമാണ് ബാങ്ക് ലോക്കർ.

ബാങ്ക്ശാഖകളിൽ ഇടപാടുകാരന്റെ വസ്തുക്കൾ സുരക്ഷിതമായി വയ്ക്കാൻ ബാങ്ക് അനുവദിക്കുന്ന അറയാണ് ലോക്കർ. ആർബിഐയുടെ നിർദേശപ്രകാരമുള്ള സുരക്ഷാമാനദണ്ഡം പാലിക്കുന്നതാകണം ബാങ്ക് ലോക്കറുകൾ. ബാങ്കിന്റെ സ്ട്രോങ് റൂമിലാണ് ലോക്കർ ഉണ്ടാകുക. ഉറപ്പുള്ള മെറ്റൽ നിർമിത ഡോറുകളുള്ള ഈ മുറിയിൽ ദൃഢതയുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് ലോക്കർ നിർമിച്ചിട്ടുണ്ടാകുക.

ഓരോ ലോക്കറിനും ഒരു നമ്പറുണ്ട്. ഇത് ഓർത്തുവയ്ക്കണം. ലോക്കറിന് രണ്ടു പൂട്ടുകളും രണ്ടു താക്കോലും ഉണ്ടാകും. ഒരു പൂട്ടിന്റെ താക്കോൽ ഇടപാടുകാരന് നൽകും. മറ്റേ പൂട്ടിന്റെ താക്കോൽ ബാങ്ക് സൂക്ഷിക്കും. ഈ രണ്ടു താക്കോലും ഉണ്ടെങ്കിൽ മാത്രമേ ലോക്കർ തുറക്കാനാകൂ. ഇടപാടുകാരന്റെ താക്കോൽ ഇല്ലാതെ ലോക്കർ തുറക്കാൻ പറ്റുകയുമില്ല.

ബാങ്കിലേതാണ് മാസ്റ്റർ കീ. ഈ കീ ഉപയോഗിച്ച് ലോക്കറിന്റെ ഒരു പൂട്ട് തുറന്ന ശേഷം ഇടപാടുകാരന്റെ താക്കോൽ അടുത്ത പൂട്ട് തുറക്കാൻ ഉപയോഗിക്കണം. ലോക്കർ പൂട്ടാന്‍ ഇടപാടുകാരന്റെ താക്കോൽ മാത്രം മതി. ലോക്കറിൽ എന്തെല്ലാം സൂക്ഷിക്കാമെന്നതിന് ബാങ്കിന് നിഷ്കർഷയൊന്നുമില്ല. നിയമപരമായി അനുവദിക്കപ്പെട്ട എന്തും വയ്ക്കാം. ഇടപാടുകാരന്റെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവുമാണ് അത്.

ലോക്കർ എടുക്കേണ്ടത് എങ്ങനെ?

ശാഖയിൽ അക്കൗണ്ട് ഉള്ള ആർക്കും ലോക്കറെടുക്കാം. അതല്ലെങ്കിൽ അക്കൗണ്ട് ആരംഭിച്ചശേഷം ലോക്കർ തുടങ്ങാം. ഇ തിനായി ഒരു ചെറിയ തുക അടയ്ക്കേണ്ടി വരും. പിന്നീട് വാർഷിക ചാർജും നൽകണം. KYC (Know Your Customer) രേഖകൾ പരിശോധിച്ച ശേഷമാണ് ബാങ്കിൽ അക്കൗണ്ടും ലോക്കറും നൽകുന്നത്. തിരിച്ചറിയൽ കാർഡ്, അഡ്രസ് പ്രൂഫ് തുടങ്ങിയ രേഖകളെല്ലാം തന്നെ വേണം.

മിക്ക ബാങ്കുകളും മൂന്നു വർഷത്തെ വാടക ആദ്യമേ തന്നെ ഇടപാടുകാരനിൽ നിന്നു വാങ്ങുന്നുണ്ട്. ചില ബാങ്കുകൾ പിന്നീട് ആവശ്യം വന്നാൽ ലോക്കർ പൊളിക്കുന്നതിനും നന്നാക്കുന്നതിനുമുള്ള തുകയും ഇടപാടുകാരനിൽ നിന്ന് മുൻകൂറായി വാങ്ങുന്നുണ്ട്. ഇതിനു ഫിക്സഡ് ഡിപ്പോസിറ്റായി ഇടുകയും പലിശ നൽകുകയും ചെയ്യും.

ലോക്കർ വാടക അക്കൗണ്ടിൽ നിന്നെടുക്കണമെങ്കിൽ അത് ബാങ്കിനെ അറിയിച്ചാൽ മതി. ബാങ്ക് പ്രവർത്തന സമയത്ത് എപ്പോൾ വേണമെങ്കിലും ലോക്കർ ഉപയോഗിക്കാനാകും.

ആർക്കെല്ലാം ലോക്കർ തുടങ്ങാം?

18 വയസ്സു പൂർത്തിയായ, മാനസിക വൈകല്യങ്ങൾ ഇല്ലാത്ത ആർക്കും ലോക്കർ തുടങ്ങാം. ഒരു വ്യക്തിക്കോ, പല വ്യക്തികൾ ഒന്നിച്ചോ, ട്രസ്റ്റിനോ, പ്രപ്പറേറ്റി പാർട്ണർഷിപ് സ്ഥാപനങ്ങൾക്കോ, ഗവൺമെന്റ് ഡിപ്പാർട്സ്മെന്റിനോ ഒക്കെ ലോക്കർ എടുക്കാം. ഒരു വ്യക്തിക്ക് എത്ര ലോക്കറുകൾ വേണമെങ്കിലും തുടങ്ങാനാകും.

ജോയിന്റ് അക്കൗണ്ടുകളിൽ വ്യക്തികൾ ഒന്നിച്ചു വന്നാലെ ലോക്കർ തുറക്കാനാകൂ. അതല്ല, സർവൈവർഷിപ് കാറ്റഗറിയിലാണെങ്കിൽ ഒരാൾ വന്നാൽ മതിയാകും. ആരൊക്കെയാണ് ലോക്കർ ഉപയോഗിക്കുന്നതെന്ന് ആദ്യമേ തന്നെ ബാങ്കിനെ രേഖാമൂലം അറിയിക്കണം. ഒന്നിലേറെ പേരുണ്ടെങ്കിൽ ആരെങ്കിലും ഒരാൾ ചെന്നാൽ ലോക്കർ തുറക്കാമോ, എല്ലാവരുടെയും സാന്നിധ്യം വേണോ തുടങ്ങിയ കാര്യങ്ങൾ ബോധിപ്പിച്ചാൽ ആ തരത്തിലുള്ള ലോക്കർ സൗകര്യം ബാങ്ക് നൽകും. ഇക്കാര്യങ്ങൾ എഴുതിയിട്ടുള്ള എഗ്രിമെന്റിന്റെ കോപ്പി ഇടപാടുകാരനും സൂക്ഷിക്കുക.

ലോക്കറിന് നോമിനിയെ ചേർക്കാൻ മറക്കരുത്. ജോയിന്റ് ലോക്കറിൽ ഒരു വ്യക്തിക്ക് ഒരു നോമിനി എന്ന കണക്കിൽ എത്ര പേർ ചേർന്നാണോ ലോക്കർ തുറന്നിരിക്കുന്നത് അതനുസരിച്ച് ചേർക്കാം.

ലോക്കറിന്റെ വലുപ്പമനുസരിച്ച് വാടകയിൽ മാറ്റമുണ്ടോ?

ചെറുത്, ഇടത്തരം, വലുത്, വളരെ വലുത് എന്നിങ്ങനെയാണ് ലോക്കറിന്റെ പൊതുവായ നാലു സൈസുകൾ. ഇടപാടുകാരന്റെ ആവശ്യാനുസരണം ഇത് തിരഞ്ഞെടുക്കാം. വലുപ്പം കൂടുന്നതിനനുസരിച്ച് വാർഷിക വാടകയും കൂടും. മാത്രമല്ല, റൂറൽ, അർബൻ, മെട്രോ എന്നിങ്ങനെ പ്രാദേശിക അടിസ്ഥാനത്തിലും ലോക്കറിന്റെ വാടകതുകയിൽ വ്യത്യാസം വരും. ഒരു വർഷത്തേക്കുള്ള ചാർജാണ് അടയ്ക്കേണ്ടത്.

എത്ര നാൾ വാടക നൽകുന്നുവോ അത്രയും കാലം ലോക്കർ ഉപയോഗിക്കാനാകും. മിക്ക ബാങ്കുകളിലും ഒരു വർഷം 12 തവണയേ ലോക്കർ തുറക്കാവൂ എന്ന് വ്യവസ്ഥയുണ്ട്. അ തിൽ കൂടുതലായാൽ ചെറിയ തുക നൽകണം.

മറ്റൊരാൾക്ക് ഉപയോഗിക്കാൻ അനുവാദം നൽകാമോ?

ഇടപാടുകാരൻ നേരിട്ട് എത്തി മറ്റൊരാൾക്ക് ഉപയോഗിക്കാനുള്ള അനുമതി പത്രം ഒപ്പിട്ടു നൽകിയാൽ അനുവാദം നൽകാനാകും. അതല്ല രോഗം മൂലമോ, സ്ഥലത്ത് ഇല്ലാത്തതു കാരണമോ ഇടപാടുകാരന് ലോക്കർ ഓപറേറ്റ് ചെയ്യാൻ മറ്റൊരാളെ ചുമതലപ്പെടുത്തണമെങ്കിൽ ഒപ്പിട്ട ഓതറൈസേഷൻ ലെറ്റർ നൽകണം. ഇത് ഇടപാടുകാരന്റെ അനുവാദമാണെന്ന് ബാങ്കിനെ ബോധ്യപ്പെടുത്തണം. ഒന്നിലേറെ പേർ ചേർന്നു തുടങ്ങിയ ലോക്കർ തുറക്കാൻ ഒരാളെ മാത്രം അനുവദിക്കണമെങ്കിൽ ബാക്കിയുള്ളവരെല്ലാം ഓതറൈസേഷൻ ലെറ്റർ എഴുതി ഒപ്പിട്ടു നൽകണം.

താക്കോല്‍ നഷ്ടപ്പെട്ടാൽ ?

ഇടപാടുകാരന്റെ കയ്യിലെ താക്കോൽ അവരുടെ ഉത്തരവാദിത്തമാണ്. താക്കോൽ മോഷ്ടിക്കപ്പെട്ടാലും കളഞ്ഞു പോയാലും ഉടൻ ബാങ്കിനെ അറിയിക്കണം. ലോക്കർ നിർമിച്ചവർ തന്നെ ഇടപാടുകാരന്റെ സാന്നിധ്യത്തിൽ ലോക്കർ പൊളിച്ച് നന്നാക്കിയശേഷം പുതിയ താക്കോൽ നൽകും. ഇതിനു ചെലവായ തുക ഇടപാടുകാരൻ അടയ്ക്കണം.

ബാങ്ക് ലോക്കറിലുള്ളവ ഇൻഷുർ ചെയ്യുന്നത് എന്തിന് ?

ലോക്കർ സംരക്ഷിക്കാനുള്ള വഴികൾ ബാങ്ക് സ്വീകരിക്കും. എങ്കിലും മോഷണം മൂലമോ പ്രകൃതി ദുരന്തം മൂലമോ ഒക്കെ ലോക്കറിൽ സൂക്ഷിക്കുന്നവ നഷ്ടപ്പെടാം. ലോക്കറിൽ വച്ചിരിക്കുന്നവയുടെ വിവരങ്ങൾ ബാങ്കിന് അറിവുള്ളതല്ല. അതുകൊണ്ടുതന്നെ ഈ വസ്തുക്കൾ നഷ്ടമായാൽ നഷ്ടപരിഹാരം നൽകില്ലെന്നതാണ് ബാങ്കിന്റെ പൊതുനിലപാട്. അപേക്ഷയ്ക്കൊപ്പം ഈ വ്യവസ്ഥ ഇടപാടുകാരൻ അംഗീകരിക്കുന്നുണ്ട്. അതിനാൽ ലോക്കറിലെ വസ്തുക്കൾ പ്രൈവറ്റായി ഇൻഷുർ ചെയ്യുന്നത് നല്ലതാണ്.

ആഭരണങ്ങൾ സൂക്ഷിക്കുമ്പോൾ?

ലോക്കറിൽ സ്വർണാഭരണങ്ങൾ സൂക്ഷിക്കുമ്പോൾ തരം തിരിച്ച് എയർടൈറ്റ് ബോക്സുകളിലാക്കി വയ്ക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പരിശോധിക്കാനും തിളക്കം കുറയാതിരിക്കാനും ഇത് ഉപകരിക്കും. ആധാരം പോലുള്ള രേഖകൾ കവറിനുള്ളിലാക്കി പുറത്ത് പേരെഴുതി ലോക്കറിൽ വയ്ക്കാം. രേഖകളുടെയും മറ്റും ലിസ്റ്റ് തയാറാക്കി കൈവശം വച്ചാൽ പിന്നീട് പരിശോധിക്കാൻ എളുപ്പമാകും.

ലോക്കർ എടുത്തെങ്കിലും ഇടയ്ക്ക് ഉപയോഗിക്കുന്നില്ല. പ്രശ്നമുണ്ടോ?

വർഷത്തിൽ ഒരു തവണയെങ്കിലും ലോക്കർ ഉപയോഗിച്ചില്ലെങ്കിൽ ബാങ്കിന് അവ സീൽ ചെയ്യാം. അധികനാളത്തേക്ക് ലോക്കർ ഉപയോഗിക്കാതിരുന്നാൽ ലോക്കർ ഓപ്പറേറ്റ് ചെയ്യുകയോ സറണ്ടർ ചെയ്യുകയോ വേണമെന്ന് ബാങ്ക് ഇടപാടുകാരനെ അറിയിക്കും.

എന്തുകൊണ്ട് ഇത്രനാൾ ഉപയോഗിച്ചില്ല എന്ന് ബാങ്കിനെ അറിയിക്കണം. മൂന്നു നോട്ടീസ് അയച്ചിട്ടും മറുപടി വന്നില്ലെങ്കിൽ ഫോർമൽ നോട്ടീസ് അയച്ചശേഷം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബാങ്ക്, ലോക്കർ തുറക്കും.

വിവരങ്ങൾക്ക് കടപ്പാട്

ബി.ജി.രജിമോൾ,

ചീഫ് മാനേജർ,

ഇന്ത്യൻ ഓവർസീസ് ബാങ്ക്, തൃശ്ശൂർ