Monday 26 July 2021 02:32 PM IST : By സ്വന്തം ലേഖകൻ

കോവിഡ് പ്രതിരോധത്തിന് തുടങ്ങിയ ‘ബീറ്റ്’ ആപ്ലിക്കേഷൻ സൂപ്പർഹിറ്റ്; കയ്യടി നേടി ആനന്ദ് ബാലകൃഷ്ണൻ

beet-appmmmnbanad

കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് ആനന്ദ് ബാലകൃഷ്ണൻ വികസിപ്പിച്ച ‘ബീറ്റ്’ ആപ്ലിക്കേഷൻ ഹിറ്റായി. കോവിഡ് ബാധിതർ, രോഗമുക്തർ, മരിച്ചവർ എന്നിവരുടെ എണ്ണം കൃത്യമായി അറിയാനും കണ്ടെയ്ൻമെന്റ് സോണുകൾ മനസ്സിലാക്കാനും കോവിഡ് വാക്സീൻ സ്ലോട്ടുകൾ ലഭ്യമാകുമ്പോൾ തന്നെ മൊബൈലിൽ അറിയിപ്പു ലഭിക്കാനും ഈ ആപ്ലിക്കേഷൻ സഹായിക്കും.

അഹമ്മദാബാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിൽ പിജി വിദ്യാർഥിയായ കറുകപ്പിള്ളി അൻപാമറ്റത്തിൽ ആനന്ദ് ബാലകൃഷ്ണൻ പഠനത്തിന്റെ ഭാഗമായി നിർമിച്ചതാണ് ‘ബീറ്റ്’. ആപ്ലിക്കേഷനിൽ വിവരങ്ങൾ ടൈപ്പ് ചെയ്താൽ അതു പോസ്റ്ററായി മാറ്റാമെന്നതിനാൽ ആളുകളുമായി ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥരെയും ഇതു സഹായിക്കുന്നു. നവ മാധ്യമങ്ങളുടെ സവിശേഷതകൾ ഏറെയുണ്ടെങ്കിലും സ്വകാര്യതയ്ക്കും ആധികാരികതയ്ക്കും കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ടെന്ന് ആനന്ദ് പറയുന്നു.

ഗ്രൂപ്പിലെ അംഗങ്ങൾക്കു മറ്റുള്ളവരുടെ ഫോൺ നമ്പർ കാണാൻ കഴിയില്ല. എത്ര പേരെ വേണമെങ്കിലും അംഗങ്ങളായി ചേർക്കാം. 10 കിമീ ചുറ്റളവിൽ വിഡിയോ സംപ്രേഷണവും സാധിക്കും. പൂതൃക്ക പഞ്ചായത്തിൽ തുടക്കം കുറിച്ച ഈ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ സമീപ പഞ്ചായത്തുകളിലും ഉപയോഗിക്കാൻ തുടങ്ങി. മഴുവന്നൂർ, വടവുകോട്– പുത്തൻകുരിശ്, അശമന്നൂർ പഞ്ചായത്തുകളിലായി 12,000 പേർ ബീറ്റ് ആപ് ഉപയോഗിക്കുന്നുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗ്രാമസഭകൾ വീട്ടിലിരുന്നു നടത്താൻ കഴിയുന്ന തരത്തിലുള്ള ആപ്ലിക്കേഷൻ വികസിപ്പിക്കുകയാണ് ആനന്ദിന്റെ അടുത്ത ലക്ഷ്യം.