Wednesday 02 June 2021 05:04 PM IST : By സ്വന്തം ലേഖകൻ

മലയാളികൾ ആഘോഷമാക്കിയ ക്ലബ് ഹൗസിന്റെ മുഖം ആരാണെന്നറിയാമോ? ലോകം ആദരിക്കുന്ന ആ വനിത ഇവരാണ്...

druubbb4566vf

ഗൗരവകരമായ ചർച്ചകളും തമാശയുമൊക്കെയായി മലയാളികൾക്കിടയിൽ ക്ലബ് ഹൗസ് തരംഗം സൃഷ്ടിക്കുകയാണ്. ക്ലബ് ഹൗസിന്റെ മുഖമായി മാറിയ ആ വനിത ആരാണെന്നറിയാമോ? പ്രശസ്ത വിഷ്വൽ ആർട്ടിസ്റ്റ്, ടെക്നോളജിസ്റ്റ്, സോഷ്യൽ ആക്ടിവിസ്റ്റായ ഡ്രൂ കറ്റോകയെയാണ് ക്ലബ് ഹൗസിന്റെ പുതിയ മുഖം. ക്ലബ് ഹൗസിന്റെ തുടക്കകാലം തൊട്ടുള്ള ഉപഭോക്താവാണ് കറ്റോഗ. ഏറ്റവും പുതിയ ഐക്കണായി തിരഞ്ഞെടുത്തതും കറ്റോകയെ. 13 ദശലക്ഷം സ്മാർട്ട്‌ഫോണുകളിലെ ഐക്കണിക് അപ്ലിക്കേഷനെ പ്രതിനിധീകരിക്കുന്ന കറ്റോകയുടെ മുഖം ഇനി തൊട്ട് ക്ലൗഡ്ഹൗസ് ലോഗോയായി ദൃശ്യമാകും. ക്ലബ് ഹൗസ് ഈ റോളിനായി തിരഞ്ഞെടുത്ത എട്ടാമത്തെ വ്യക്തിയാണ് കറ്റോക, കൂടാതെ ആദ്യത്തെ വിഷ്വൽ ആർട്ടിസ്റ്റും ഏഷ്യൻ അമേരിക്കൻ വനിതയും.

അമേരിക്കയിലെ ഏഷ്യൻ അമേരിക്കൻ വംശജർക്ക് വേണ്ടി, അവര്‍ അനുഭവിക്കുന്ന വംശീയ അധിക്ഷേപത്തിനും ആക്രമങ്ങൾക്കുമെതിരെ നിരന്തരം വാദിക്കുന്ന വ്യക്തി കൂടിയാണ് കറ്റോഗ. ക്ലബ്ഹൗസ് വഴി സ്റ്റോപ്പ് ഏഷ്യൻഹേറ്റ് (#StopAsianHate) എന്ന ക്യാമ്പയിന് കറ്റോഗ തുടക്കം കുറിച്ചു. 7 ലക്ഷം ഫോളോവേഴ്സിനെയാണ് കറ്റോഗ ക്ലബ്ഹൗസിൽ ഉണ്ടാക്കിയത്. ഏഷ്യൻ അമേരിക്കൻ വംശജർക്കായി വലിയ ഒരു തുക ശേഖരിക്കാനും കറ്റോഗയ്ക്ക് ഇതിലൂടെ സാധിച്ചു.

ടോക്കിയോയിൽ ജനിച്ച് വെസ്റ്റ് കോസ്റ്റിൽ വളർന്ന കറ്റോകയുടെ പിതാവ് ജാപ്പനീസുകാരനും, അമ്മ അമേരിക്കൻ വംശജയുമാണ്. ക്രിയാത്മകമായ സാമൂഹിക മാറ്റത്തിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം  ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ക്ലബ് ഹൗസിന്റെ ഏറ്റവും പുതിയ ഐക്കൺ എന്ന നിലയിൽ കറ്റോകയുടെ ഉദ്ദേശ്യലക്ഷ്യം.

“പതിനഞ്ച് വർഷം മുന്‍പ് സോഷ്യൽ മീഡിയയുടെ തുടക്കത്തിൽ ഞങ്ങൾ വളരെ നിഷ്കളങ്കരായിരുന്നു. എന്നാൽ ചില അപ്ലിക്കേഷനുകൾ ഞങ്ങളെ ഇരുണ്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. ക്ലബ്‌ ഹൗസ്   പോലുള്ള പുതിയതും ആവേശകരവുമായ, ഉയർന്നുവരുന്ന പ്ലാറ്റ്‌ഫോമുകൾ ക്രിയാത്മകമായ മാറ്റത്തിന് തുടക്കമാകും എന്നാണ് എന്റെ പ്രതീക്ഷ. ഈ മാറ്റം വരുത്താൻ ക്ലബ്‌ ഹൗസിനും സോഷ്യൽ ഓഡിയോയ്ക്കും സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”- കറ്റോക പറയുന്നു. 

club-house3344

എന്താണ് ക്ലബ് ഹൗസ്?

വർത്തമാന കാലഘട്ടത്തിൽ 'വർത്തമാന'ത്തിനായി ഒരു ആപ്പ്, അതാണ് ക്ലബ് ഹൗസ്. ഒരു മുറിയിൽ കുറച്ചാളുകൾ ചേർന്ന് ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള സംസാരമാണ് ക്ലബ് ഹൗസിൽ. 5000 പേരെ വരെ ഒരു റൂമിൽ ഉൾപ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് മോഡറേറ്റർ. സ്വീകരണം ലഭിച്ച് റൂമിൽ പ്രവേശിക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാം.

ക്ലോസ്ഡ് റൂമുകൾ ക്രിയേറ്റ് ചെയ്ത് സ്വകാര്യ സംഭാഷണങ്ങൾ നടത്താനുള്ള ഓപ്‌ഷൻ ക്ലബ് ഹൗസിൽ ഉണ്ട്. ഈ ആപ്പിൽ ക്യാമറ ഓണാക്കാനോ, വിഡിയോ പ്ലേ ചെയ്യാനോ, ടെക്സ്റ്റ് മെസേജ് അയക്കാനോ ഉള്ള സൗകര്യമില്ല. ചർച്ച ചെയ്യുന്ന വിഷയം ഇഷ്ടപ്പെട്ടില്ലെങ്കിൽ സൈലന്റായി റൂമിൽ നിന്ന് പുറത്തുകടക്കാനുള്ള ഓപ്‌ഷൻ ക്ലബ് ഹൗസിലുണ്ട്.