Thursday 18 July 2019 04:28 PM IST : By സ്വന്തം ലേഖകൻ

ഫെയ്സ് ആപ്പിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ ഇവയൊക്കെ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട

face-app

ജരാനരകൾ നിറഞ്ഞ ആ മുഖങ്ങള്‍ ചിലർക്ക് നേരമ്പോക്കായിരുന്നു. നാൽപ്പതും അമ്പതും വർഷത്തിനപ്പുറം ചുളിവു വീഴുന്ന തങ്ങളുടെ മുഖങ്ങളില്‍ സൗന്ദര്യം ലവലേശമെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ എന്നറിയാനുള്ള കൗതുകമായിരുന്നു ചിലർക്ക്. ഇതിലൊന്നും പെടാത്തവർ ഇങ്ങനെ പ്രതികരിച്ചു. ‘സോഷ്യൽ മീഡിയയുടെ പതിവ് നട്ടപ്പിരാന്ത്!’

സംഗതി എന്ത് കുന്തമായാലും ഫെയ്സ് ആപ്പ് എന്ന കോലം മാറ്റുന്ന ആപ്ലിക്കേഷൻ സോഷ്യൽ മീഡിയയിലങ്ങനെ പൂണ്ട് വിളയാടുകയാണ്. നമ്മുടെ ഇന്നത്തെ മുഖം പരിശോധിച്ച് പ്രായമാകുമ്പോൾ നമ്മൾ എങ്ങനെയായിരിക്കും ഉണ്ടാകുക എന്നതിന്റെ കൃത്യമായ ഒരു ചിത്രം തരികയാണ് ഫെയ്സ് ആപ്പ് ചെയ്യുന്നത്. സോഷ്യൽ മീഡിയകളിൽ സജീവമായ ഒരുവിധം എല്ലാവരും ഈ പരീക്ഷണം നടത്തിക്കഴിഞ്ഞു, അതിന്‍റെ ഫലം തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രായം കൂട്ടിയും കുറച്ചും ഗണിച്ചും സോഷ്യൽ മീഡിയയിൽ നിറ‍ഞ്ഞു നിൽക്കാൻ ഇതിഹാസ താരം ലിയോണല്‍ മെസി മുതൽ ഇങ്ങ് കൊച്ചു കേരളത്തിലെ ഹരീഷ് കണാരൻ വരെയുണ്ട് എന്നതാണ് സത്യം. കേന്ദ്ര മന്ത്രിമാർ, ഹോളിവുഡ്, ബോളിവുഡ്, മോളിവുഡ് താരങ്ങളെല്ലാം ഫെയ്സ്ആപ് ഉപയോഗിച്ച് വയസ്സൻമാരായി ഇതിനോടകം മാറിക്കഴിഞ്ഞു. സംഭവം മുതലെടുത്ത് ട്രോളൻമാരും രംഗത്തെത്തിയതോടെ ഫെയ്സ് ആപ് വേറെ ലെവലായി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഏറ്റവും പുതിയ വേർഷനാണ് ഈ ഫെയ്സ് ആപ്പും. ഫോൺ ഗാലറിയിലുള്ള നിങ്ങളുടെ എല്ലാ ഫോട്ടോകളും പരിശോധിച്ചാണ് നമ്മുടെടെ പ്രായത്തിന്റെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പ്രായമുള്ള ചിത്രം ലഭ്യമാക്കുന്നത്.

നരപ്പിച്ചും വെളുപ്പിച്ചും ആണായും പെണ്ണായും മാറുമ്പോൾ നമ്മളറിയുന്നുണ്ടോ ഫെയ്സ് ആപ്പിൽ ഒളിഞ്ഞിരിക്കുന്ന അപകട കെണികൾ. ഫെയ്സ് ആപ്പ് പരീക്ഷിക്കുന്നതു വഴി നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ഇരട്ടി വിവരങ്ങളാണ് നമ്മൾ ഈ ആപ്ലിക്കേഷന് നൽകുന്നത്. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ നമ്മൾ നൽകുന്നത് ഒരു ഫോട്ടോ മാത്രമല്ല, നിങ്ങളുടെ ഫോണിലുള്ള ഏതൊരു ഫോട്ടോയും അഡാപ്റ്റ് ചെയ്യാനും മോഡിഫൈ ചെയ്യാനുമുള്ള ആക്സസ് കൂടിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡിഫിക്കേഷൻ മാജിക്കിനാണ് ഫോട്ടോകൾ നൽകുന്നത്. നമ്മുടെ പേരും യൂസർ നെയിമും ഉപയോഗിക്കാൻ ഫെസ് ആപ്പിന് അനുമതി നൽകുന്നു.

ഫെയ്‌സ്ആപ്പിന്റെ ഭാഗമാവുന്നതോടെ ഇതിലെ വിവരങ്ങൾ ശാശ്വതമായ റോയൽറ്റി രഹിതമായി ലോകമെമ്പാടും പൂർണതോതിൽ ഉപയോഗിക്കാനും കൈമാറ്റം, പുനരുൽപ്പാദനം, പരിഷ്ക്കരണം പ്രസിദ്ധീകരണം, വിവർത്തനം, വിതരണം, ചെയ്യാനും പരസ്യ അവതരണം, പ്രദർശനം, എന്നിവയ്ക്ക് നമ്മൾ അനുമതി നൽകുന്നു. നിങ്ങൾക്ക് നഷ്ടപരിഹാരം നൽകാതെ ഉപയോക്തൃ ഉള്ളടക്കവും ഇപ്പോൾ അറിയപ്പെടുന്നതോ പിന്നീട് വികസിപ്പിച്ചതോ ആയ എല്ലാ മീഡിയ ഫോർമാറ്റുകളിലും ചാനലുകളിലും നിങ്ങളുടെ ഉപയോക്തൃ ഉള്ളടക്കവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പേര്, ഉപയോക്തൃനാമം എന്നിവ ഉപയോഗിക്കാനാവും. ഉപഭോക്താക്കളിൽ നിന്നും ‘ചുരണ്ടിയെടുക്കുന്ന’ ഈ ചിത്രങ്ങൾ ദീർഘകാലത്തേക്ക് ഉപയോഗപ്പെടുത്താനും ആപ്ലിക്കേഷൻ അധികൃതർക്ക് കഴിയുമെന്നും റിപ്പോർട്ട് പറയുന്നു.

ഫെയ്സ്ബുക്കിൽ നിന്നുൾപ്പെടെ വിവരങ്ങൾ ചോർത്തിയ കേംബ്രിഡ്ജ് അനലിറ്റിക സംഭവമുൾപ്പെടെ ഓർമ്മിപ്പിച്ചാണ് റിപ്പോർട്ട് ഫെയ്സ്ആപ്പിനെ വിലയിരുത്തുന്നത്. നിലവിൽ ഫെയ്സ് ആപ്പ് തട്ടിയെടുത്തു കൊണ്ടു പോയ വിവരങ്ങളുടെ കണക്ക് കേൾക്കുമ്പോൾ ഒന്നു കൂടി കണ്ണുതള്ളും. ലോകത്തെ കോടാനുകോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങളാണ് ഈ റഷ്യൻ ആപ് സ്വന്തമാക്കുന്നത്. ഏകദേശം 12 കോടി പേരുടെ ഡേറ്റ ഇതിനകം തന്നെ ഫെയ്സ്ആപ്പ് സ്വന്തമാക്കി കഴിഞ്ഞു.

മാത്രമല്ല, പ്രൊസസിംഗിനു വേണ്ടി ഫേസ് ആപ്പ് ചിത്രം അപ് ലോഡ് ചെയ്യുന്നത് ക്ലൗഡിലേക്കാണ്. മറ്റ് മിക്ക ആപ്പുകളിലും ഡിവൈസിൽ തന്നെ പ്രൊസസിംഗ് പൂർത്തിയാകുമ്പോൾ ഫേസ് ആപ്പിൽ അത് ക്ലൗഡിലാണ് പൂർത്തിയാകുന്നത്. ആപ്ലിക്കേഷൻ നമ്മൾ നമ്മുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താലും നമ്മൾ അപ് ലോഡ് ചെയ്ത ഫോട്ടോ ഫെയ്സ് ആപ്പിൽ തന്നെയുണ്ടാകും. എന്നാൽ, ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന മിക്കവർക്കും ഇതിനെക്കുറിച്ച് ധാരണയില്ല.

ആപ്പിളിന്റെ ഐഒഎസ് പ്ലാറ്റ്ഫോമിലും ഉപയോക്താവിന്‍റെ അനുമതിയില്ലാതെ ഫോട്ടോകൾ ആക്സസ് ചെയ്യാൻ ഫേസ് ആപ്പിന് കഴിയും. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ഡിജിറ്റൽ കാൽപ്പാടുകളാണ് വെബ് ലോകത്ത് പതിപ്പിക്കുന്നത്. അതിനാൽ തന്നെ, നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് മാത്രമല്ല നിങ്ങളെ പിന്തുടരുന്ന ഏതൊരാൾക്കും ഡിജിറ്റൽ ലോകത്ത് കൃത്യമായി നൽകാൻ കഴിയും.