Wednesday 17 January 2018 05:13 PM IST : By സ്വന്തം ലേഖകൻ

വാർത്തകള്‍ കുറയും, ഫെയ്സ്ബുക്ക് സൗഹൃദത്തിന്; സുക്കർബർഗിന്റെ പുതിയ തീരുമാനത്തിന് തിരിച്ചടി

zuckerberg

പ്രമുഖ ബ്രാന്‍ഡുകളെയും പരസ്യക്കമ്പനികളെയും മാധ്യമങ്ങളെയും എല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം സുക്കര്‍ ബര്‍ഗിന്റെ പോസ്റ്റ്.  വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ബ്രാന്‍ഡുകളില്‍ നിന്നുമെല്ലാമുള്ള പൊതുസ്വഭാവമുള്ള പോസ്റ്റുകളുടെ ആധിക്യം കുറയ്ക്കുമെന്നായിരുന്നു പോസ്റ്റ്. അത്തരം ന്യൂസ് ഫീഡുകളാണ്  ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ അധികം ഉള്ളത്. അത് ഉപയോക്താക്കള്‍ക്ക് പുരസ്പരം ബന്ധപ്പെടുന്നതിനുള്ള വ്യക്തിപരമായ നിമിഷങ്ങളെ തള്ളിക്കളയുകയാണെന്നും  ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റിയില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നതായും സുക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  

എന്നാല്‍ ന്യൂസ് ഫീഡില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഫെയ്‌സ്ബുക്കിന് 2300 കോടി ഡോളര്‍ ( ഏകദേശം 14,584 കോടി രൂപ) നഷ്ടം. സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരിവിപണിയില്‍ നാല് ശതമാനം ഇടിവാണ് ഫെയ്ബുക്കിനുണ്ടായത്. ഇത് തുടര്‍ന്നാല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മാസങ്ങള്‍ക്കുള്ളില്‍ ഫെയ്‌സ്ബുക്കിന്റെ സാമ്പത്തിക നിലയില്‍ വലിയ ഇടിവുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതുകൂടാതെ സക്കര്‍ ബര്‍ഗിന്റെ സ്വന്തം വരുമാനത്തില്‍ 330 കോടി ഡോളര്‍ ഇടിവുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  സോഷ്യല്‍ മീഡിയയില്‍ ഉപയോക്താക്കള്‍ ചിലവഴിക്കുന്ന സമയത്തില്‍ കുറവുണ്ടാക്കിയേക്കുമെന്ന ആശങ്ക ഉയര്‍ന്നതാണ് ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവിന്റെ കാരണമെന്നാണ് സൂചന.