Tuesday 13 March 2018 01:27 PM IST : By സ്വന്തം ലേഖകൻ

വാട്സാപ്പിന്റെ ഈ 5 സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ടോ? ഇല്ലെങ്കില്‍ വലിയ നഷ്ടമാണ്

whatsapp3

ഏറ്റവും അധികം നേരം നിങ്ങൾ സമയം ചെലവഴിക്കുന്ന സോഷ്യൽമീഡിയ എന്നു ചോദിച്ചാൽ ചിലപ്പോൾ വാട്സാപ്പ് എന്ന ഒറ്റ ഉത്തരമേ എല്ലാവർക്കും പറയാനുണ്ടാകൂ. അത് കൊണ്ട് തന്നെയാണ്  ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്പായി വാട്സ്ആപ്പ് മാറിയതും. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന് പ്രതിമാസം 1.5 ബില്യണ്‍ സജീവ ഉപയോക്താക്കളാണുള്ളത് എന്നാണ് റിപ്പോർട്ട്.  ഒരു ദിവസം മാത്രം 60 മില്യണ്‍ മെസേജുകളാണ് വാട്സാപ്പിലൂടെ എല്ലാവരും ചേർന്ന് അയയ്ക്കുന്നത്. പുതുവത്സര ദിനം പോലുള്ള ലോകത്താകമാനമുള്ള ആഘോഷങ്ങളിൽ ഇത് 80 മില്യണോട് അടുക്കുമത്രെ.  ഇതാ മുഴുവൻ സമയം ഉപയോഗിക്കുന്ന ആപ്ലിക്കേഷനായിട്ടും ഈ അഞ്ച് സവിശേഷതകൾ പലരും ഉപയോഗപ്പെടുത്തുന്നില്ല എന്നാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. 

1. യൂട്യൂബ് ആപ്പില്‍ പോകാതെ വീഡിയോ കാണാം?

മെസേജുകളോടൊപ്പം തന്നെ മിന്നൽ വേഗത്തിൽ ഷെയർ ചെയ്യപ്പെടുന്നവയാണ് വിഡിയോകൾ. വാട്സാപ്പ് വഴി യൂട്യൂബ് വീ‍ഡിയോകള്‍ ഷെയര്‍ ചെയ്യുന്നത് സാധരണമാണ്. എന്നാല്‍ വാട്സാപ്പില്‍ നിന്ന് പുറത്തുകടക്കാതെ തന്നെ യൂട്യൂബ് വീഡിയോ ആപ്പില്‍ നിന്ന് നേരിട്ട് കാണുന്നതിനുള്ള സൗകര്യം വാട്സാപ്പില്‍ ഇപ്പോൾ ലഭ്യമാണ്. വാട്സാപ്പിലെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന അപ്ഡേറ്റിലാണ് ഈ സൗകര്യം ഉള്ളത്. വാട്സാപ്പില്‍ അപ്ഡേറ്റ് ലഭിക്കുന്നതോടെ പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഫ്ലോട്ടിംഗ് വിന്‍ഡോയിലാണ് യൂട്യൂബ് വീഡിയോ പ്ലേ ആവുക. ആപ്പില്‍ ഒരു ചാറ്റില്‍ സംഭാഷണത്തില്‍ ആയിരിക്കുമ്പോഴും വീഡ‍ിയോ പ്ലേ ചെയ്യുന്നത് തടസ്സപ്പെടില്ലെന്ന പ്രത്യേകതയും ഇതിനുണ്ട്.  ഇനിയും ഇതുപയോഗപ്പെടുത്തിയില്ലേ, എങ്കിൽ വേഗം വാട്സാപ്പ് അപ്ഡേറ്റ് ചെയ്യൂ.

2. ഫോട്ടോയിലും വീഡിയോയിലും സ്റ്റിക്കര്‍


വാട്സാപ്പ് വഴി അയയ്ക്കുന്ന ഫോട്ടോകളിലും വീ‍ഡിയോകളിലും സ്റ്റിക്കറുകള്‍ ആഡ് ചെയ്യാനുള്ള സൗകര്യവും പുതിയ വാട്സാപ്പിലുണ്ട്. വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലൊക്കേഷന്‍, സമയം എന്നിവ ടാഗ് ചെയ്യാനുമുള്ള സൗകര്യവും ആപ്പിലുണ്ടായിരിക്കും. അടുത്ത കാലത്താണ് വാട്സാപ്പ് ഈ ഫീച്ചറുകള്‍ പ്രഖ്യാപിക്കുന്നത്. ഫോട്ടോകള്‍ക്ക് പുറമേ വീഡിയോകളിലും ഇവ ടാഗ് ചെയ്യാനും സാധിക്കും. പേഴ്സണല്‍ ചാറ്റിലേയ്ക്കും ഗ്രൂപ്പ് ചാറ്റുകളിലേയ്ക്കും ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്താനും ലൊക്കേഷനും സമയവും ടാഗ് ചെയ്യാന്‍ സാധിക്കും.

whatsapp1

ചെയ്യേണ്ടതിങ്ങനെ:

ചാറ്റ് തുറക്കുക + ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഫോട്ടോ & വീഡിയോ ലൈബ്രറി ക്ലിക്ക് ചെയ്യുക. അയയ്ക്കേണ്ട ഫോട്ടോ തിരഞ്ഞെടുത്ത് സ്റ്റിക്കറുകളും ടാഗും ഉള്‍പ്പെടുത്തി അയയ്ക്കാന്‍ സാധിക്കും. നേരിട്ട് ഇഷ്ടമുള്ള സ്റ്റിക്കറും ലൊക്കേഷനും ഫോട്ടോയ്ക്ക് മുകളില്‍ വയ്ക്കാന്‍ സാധിക്കും. പരീക്ഷിച്ചു നോക്കൂ.

3. വാട്സാപ്പിലൂടെ പണമയക്കാം

വാട്സാപ്പ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പേയ്മെന്റ് ഫീച്ചര്‍ ആരംഭിച്ചിട്ടുണ്ട്. ചാറ്റ് വിന്‍ഡോ ക്ലോസ് ചെയ്യാതെ തന്നെ വാട്സ്ആപ്പ് വഴി പണമയയ്ക്കുന്നതിനുള്ള സൗകര്യവും ആപ്പിലുണ്ട്.  ചുരുക്കം ഉപയോക്താക്കളില്‍ പരീക്ഷണാര്‍ത്ഥമാണ് വാട്സ്ആപ്പ് പിയര്‍- ടു പിയര്‍ പേയ്മെന്റ് സംവിധാനവും ആരംഭിക്കുന്നുണ്ട്.  ഇത് ലോകത്തെ കോടിക്കണത്തിന് വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും എത്തിക്കഴിഞ്ഞിട്ടുണ്ട്. 


4. അയച്ച മെസേജ് മെസേജ് ഡിലീറ്റ് ചെയ്യാം, വിഡിയോയും


അബദ്ധത്തില്‍ വാട്സ്ആപ്പ് വഴി അയയ്ക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഇന്ന് വാട്സ്ആപ്പിലുണ്ട്. ഡിലീറ്റ് ചെയ്യേണ്ട മെസേജില്‍ ക്ലിക്ക് ചെയ്ത് വയ്ക്കുന്നതോടെ ലഭിക്കുന്ന വിന്‍ഡോയിലാണ് ഡിലീറ്റ് ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിലീറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ഏഴ് മിനിറ്റിന് മുമ്പ് അയച്ച എല്ലാത്തരത്തിലുള്ള മെസേജുകളും ഉത്തരത്തില്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. വാട്സാപ്പിൽ അയച്ച സന്ദേശം മായ്ച്ചുകളയാനുള്ള സമയദൈർഘ്യം നീട്ടിയിട്ടുമുണ്ട്. നിലവിൽ സന്ദേശം അയച്ച് ഏഴു മിനിറ്റിനുള്ളിൽ മായ്ച്ചുകളായാനാകും. ഇത് ഒരു മണിക്കൂറാക്കി. കൃത്യമായി പറഞ്ഞാൽ 68 മിനിറ്റും 16 സെക്കൻഡും.

whatsapp2


∙ വാട്സാപ്പിൽ നിന്നു മായ്ച്ചുകളയേണ്ട സന്ദേശം തിരഞ്ഞെടുക്കുക

∙ചാറ്റിൽ അമർത്തുക, മെനുവിൽനിന്നു ഡിലീറ്റ് തിരഞ്ഞെടുക്കുക

∙‘ഡിലീറ്റ് ഫോർ എവരിവൺ’ അമർത്തുക. ഇതോടെ സന്ദേശം മാഞ്ഞുപോകും.

5. ഓണ്‍ലൈന്‍ ഹിഡന്‍ ഓപ്ഷന്‍


വാട്സാപ്പ് ഉപയോഗിക്കുന്ന പലര്‍ക്കും ഇഷ്ടമില്ലാത്ത കാര്യമാണ് തങ്ങള്‍ ഓണ്‍ലൈനിലുണ്ടായിരുന്നുവെന്ന്  മറ്റുള്ളവര്‍ അറിയുന്നത്. ലാസ്റ്റ് സീന്‍ ഓഫ് ചെയ്യുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യും. സെറ്റിംഗ്സ്- അക്കൗണ്ട് പ്രൈവസി- ലാസ്റ്റ് സീന്‍ എന്നിങ്ങനെയുള്ള ഓപ്ഷന്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ക്ക് ലാസ്റ്റ് സീന്‍ കാണാന്‍ കഴിയില്ല. നമ്മുടെ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് നമ്മുടെ ലാസ്റ്റ് സീന്‍ പ്രത്യക്ഷപ്പെടില്ല. എന്നാല്‍ അതേസമയം മറ്റുള്ളവുരുടെ ലാസ്റ്റ് സീനും കാണാന്‍ സാധിക്കില്ല.