Friday 28 January 2022 03:10 PM IST : By സ്വന്തം ലേഖകൻ

എത്ര ദൂരേക്ക് പോയാലും സാരമില്ല, ഫോണിലൂടെ ഈസിയായി ചെടി നനയ്ക്കാം: സിമ്പിളാണ് സംഗതി

smart-gardening

ചെടികളും പൂക്കളും അടുക്കളത്തോട്ടവും നിങ്ങളുടെ വീക്നെസ് ആണോ ? ചെടി ‍നനയ്ക്കാൻ സ്മാർട് ഫോൺ സഹായിക്കും

വീട്ടിൽ പൂച്ചെടികളും പച്ചക്കറിയുമുണ്ടെങ്കിൽ മിക്കവർക്കും യാത്ര പോകുമ്പോൾ ടെൻഷനാണ്. രണ്ടുനേരവും നനയ്ക്കുന്ന ചെടികൾക്ക് വെള്ളം കിട്ടാതിരുന്നാൽ വാടിത്തളരുന്നത് ചെടി മാത്രമല്ല, അവരുടെ മനസ്സ് കൂടിയാണ്.

ഇങ്ങനെ പൂക്കളെയും ചെടികളെയും സ്നേഹിക്കുന്നവർക്ക് ഒരു നേരം പോലും മുടങ്ങാതെ അവ നനയ്ക്കാനും ജലസേചനം ഒരുക്കാനും സഹായിക്കുന്ന ഉപകരണമാണ് ഓട്ടമാറ്റിക് വാട്ടര്‍ ടൈമര്‍ ആൻഡ് ഇറിഗേഷന്‍ കണ്‍ട്രോളര്‍. നമ്മുടെ കയ്യിലുള്ള സ്മാർട് ഫോൺ ഉപയോഗിച്ചാണ് ഇതിലൂടെ ചെടി നനയ്ക്കേണ്ട സമയവും ദൈർഘ്യവുമൊക്കെ തീരുമാനിക്കുന്നത്.

ചുരുക്കി പറഞ്ഞാൽ, എത്ര ദൂരേക്ക് യാത്ര പോയാലും സാരമില്ല ഫോണിലെ ഒരു ബട്ടൺ അമർത്തിയാൽ വീട്ടിലെ ചെടികളിലേക്ക് വെള്ളം ഒഴുകിയെത്തും.

ഇനി സ്മാർട് ഇറിഗേഷൻ

വീട്ടില്‍ നിന്നു കുറച്ചു ദിവസം മാറിനില്‍ക്കേണ്ടപ്പോൾ മാത്രമല്ല, വീട്ടിലുള്ളപ്പോഴും ഓരോ ചെടിയുടെയും അടുത്തു പോയി ബക്കറ്റിൽ നിന്ന് വെള്ളം കോരിയൊഴിച്ചു കൊടുക്കേണ്ട കഷ്ടപ്പാട് ഓട്ടമാറ്റിക് വാട്ടര്‍ ടൈമര്‍ ആൻഡ് ഇറിഗേഷന്‍ കണ്‍ട്രോളര്‍ ഉപയോഗിച്ചാൽ മാറും. ചെടിച്ചട്ടികളിലോ ഗ്രോബാഗിലോ വളര്‍ത്തുന്ന ചെടികള്‍ക്ക് ആഗ്രഹിക്കുന്ന സമയങ്ങളില്‍ ആവശ്യമുള്ളത്ര വെള്ളം നല്‍കി അവയെ സം‌രക്ഷിക്കുന്ന ഡിവൈസാണ് ഓട്ടമാറ്റിക് വാട്ടര്‍ ടൈമര്‍ ആൻഡ് ഇറിഗേഷന്‍ കണ്‍ട്രോളര്‍.

ഒരു ടിഫിന്‍ ബോക്സിന്റെയത്ര വലുപ്പമേ ചതുരാകൃതിയിലുള്ള ഈ കുഞ്ഞൻ ഡിവൈസിനുള്ളൂ. പവര്‍ ബാങ്കോ മൊബൈല്‍ ചാര്‍ജറോ ഉപയോഗിച്ചാണ് ഡിവൈസ് ചാർജ് ചെയ്യേണ്ടത്.

ചാർജ് ചെയ്തശേഷം ഇതിന്റെ ഇന്‍ലെറ്റ് ഭാഗം (ഉപകരണത്തിലേക്ക് വെള്ളം എത്താനുള്ള ഭാഗം) വാട്ടര്‍ ടാപ്പിലോ, വാട്ടര്‍ ടാങ്കില്‍ നിന്നുള്ള ഔട്‌ലെറ്റിലേക്കോ ഒക്കെ കണക്ട് ചെയ്യാം.

ഔട്‌ലെറ്റ് ഭാഗത്തു നിന്നും (ഉപകരണത്തിൽ നിന്ന് ചെടികളിലേക്ക് വെള്ളം എത്തിക്കുന്ന ഭാഗം) ഇതുപോലെ ത ന്നെ പൈപ്പുകള്‍ കണക്ട് ചെയ്ത് അത് ചെടിച്ചട്ടികളിലേക്ക് വച്ചുകൊടുക്കാം.

വൈഫൈ വഴി നിയന്ത്രിക്കാം

വീട്ടിലെ വൈഫൈയുമായി ഈ ഓട്ടമാറ്റിക് വാട്ടര്‍ ടൈമര്‍ ആൻഡ് ഇറിഗേഷന്‍ കണ്‍ട്രോളര്‍ കണക്ട് ചെയ്യുന്നതിന് പ്രത്യേക ആപ്ലിക്കേഷനുണ്ട്. ഇങ്ങനെ കണക്ട് ചെയ്താല്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും അലക്സാ, ഗൂഗിള്‍ സ്മാര്‍ട് സ്പീക്കറുകളിലൂടെ എവിടെ നിന്നും ഇത് പ്രവര്‍ത്തിപ്പിക്കാനും ഷെഡ്യൂള്‍ ചെയ്യാനും ആകും.

ഇങ്ങനെ വോയ്സ് കമാൻഡ് നല്‍കുന്ന സമയങ്ങളിലും നമ്മള്‍ ഷെഡ്യൂള്‍ ചെയ്തു വച്ചിരിക്കുന്ന സമയങ്ങളിലും ഡിവൈസ് ഓൺ ആകുകയും നിശ്ചിത സമയം വെള്ളം ചെടിച്ചട്ടികളിലേക്ക് നല്‍കിയ ശേഷം തനിയെ ഓഫ് ആകുകയും ചെയ്യും.

ആഴ്ചയില്‍ ഏതൊക്കെ ദിവസങ്ങളില്‍, ഏതൊക്കെ സമയങ്ങളില്‍ പ്രവര്‍ത്തിക്കണം എ ന്നു സെലക്ട് ചെയ്യാനും സെറ്റ് ചെയ്യാനും സാധിക്കും. ∙

കടപ്പാട്:

രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ