Thursday 27 September 2018 03:53 PM IST : By സ്വന്തം ലേഖകൻ

കൈവിട്ടു പോയ മെയിലുകളെ തിരിച്ചു പിടിക്കാം ; വാട്സ് ആപ്പിലെ സംവിധാനം ഇനി ജി മെയിലിലും

gmail

അയച്ച മെസേജുകൾ തിരിച്ചെടുക്കാനാകുമോ എന്ന വാട്സ് പ്രേമികളുടെ ഏറെ നാളത്തെ ആശങ്കയ്ക്ക് കമ്പനി പരിഹാരം കണ്ടത് അടുത്തിടെയാണ്. അബദ്ധത്തിൽ അയക്കുന്ന മെസേജുകൾ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ വാട്സ് ആപ്പിനെ നവീകരിച്ചത് ഏറെ ആശ്വാസം പകരുന്ന ഒന്നായിരുന്നു.

എന്നാൽ വാട്സ് ആപ്പ് പോലുള്ള ചാറ്റ് ആപ്ലിക്കേഷനുകൾ ഇത്തരത്തിൽ നവീകരിച്ചിട്ടും ഗൂഗിളിന്റെ മെയില്‍ സംവിധാനമായ ജി മെയിലിൽ ഈ സങ്കേതമില്ലാ എന്നുള്ള പരാതി മാത്രം ബാക്കിയായി. അയച്ച മെസേജുകൾ തിരികെയെടുക്കാനുള്ള സംവിധാനം ഡെസ്‌ക്‌ടോപുകളില്‍ ലഭ്യമായിരുന്നുവെങ്കിലും മൊബൈലുകളില്‍ ഇല്ലാത്തത് ഉപഭോക്താക്കള്‍ക്ക് തലവേദനയായിരുന്നു. എന്നാൽ ആ പ്രശ്നത്തിനിപ്പോൾ ജി മെയില്‍ പരിഹാരം കണ്ടിരിക്കുകയാണ്.

ഡെസ്‌ക്‌ടോപില്‍ അയച്ച് കഴിഞ്ഞ മെയില്‍ തിരിച്ചെടുക്കാന്‍ മെയില്‍ കംപോസ് ചെയ്ത ശേഷം സെന്റ് ബട്ടന്‍ അമര്‍ത്തിയാല്‍ സെന്ററിങ് യുവര്‍ മെസേജ് എന്ന് നോട്ടിഫിക്കേഷന്‍ മുകളിലായി കാണാം. അതിനടുത്തായി തന്നെ അണ്‍ഡു എന്നൊരു ബട്ടനും ലഭ്യമാണ്. അണ്‍ഡു ബട്ടന്‍ അമര്‍ത്തിയാല്‍ സ്വയമേ അത് ഡ്രാഫ്റ്റിലേക്ക് സേവ് അകും. അവിടെ നിന്ന് വേണ്ട മാറ്റങ്ങള്‍ വരുത്തി നമുക്ക് മെയില്‍ വീണ്ടും അയക്കാന്‍ സാധിക്കും.

ഈ സംവിധാനങ്ങള്‍ മൊബൈലില്‍ ലഭ്യമായിരുന്നില്ല. പക്ഷെ, ഗൂഗിള്‍ ഈ സംവിധാനം മൊബൈലിലേക്കും എത്തിയിട്ടുണ്ട്. ഡെസ്ക്ടോപ്പുകളിൽ നിന്ന് സ്മാർട്ട് ഫോണുകളിലേക്ക് പുതിയ തലമുറ കൂടുമാറുന്ന ഈ കാലത്ത് പുതിയ തീരുമാനം ഏറെ നന്നായി എന്നാണ് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നത്.

തിരക്കിട്ട് മെയിലുകള്‍ അയക്കുന്നവര്‍ക്കായി മറ്റൊരു സംവിധാനവും ജി മെയിലിലുണ്ട്. സെറ്റിങ്ങ്‌സില്‍ ജനറല്‍ സെറ്റിങ്ങ്‌സ് എന്ന ഓപ്ഷനില്‍ കണ്‍ഫേം ബിഫോര്‍ സെന്റിങ് എന്നത് ഓണ്‍ ആക്കുക. ഓരോ തവണ നമ്മള്‍ മെസേജ് അയക്കുമ്പോഴും അത് ഉറപ്പിക്കുന്നതിനായി നോട്ടിഫിക്കേഷന്‍ തരും.