Thursday 24 December 2020 03:45 PM IST : By Jayaraj G Nath

ഗൂഗിളിന്റെ കണ്ണിൽ പെടാൻ; സാധാരണക്കാർക്കും ഗൂഗിൾ സെർച്ചിന്റെ പരിധിയിൽ വരാൻ ‘പീപ്പിൾ കാർഡ്’

people-cardgoooo

എന്തെങ്കിലും അറിവ് ഉടൻ േവണമെങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ഗൂഗിൾ. വ്യക്തി വിവരങ്ങൾ മുതൽ രാജ്യങ്ങളുടെ വിശദാംശങ്ങളും ചരിത്രവും വരെ അന്വേഷിക്കാൻ ഗൂഗിൾ തന്നെ തുണ. ലോകത്തുള്ള വിവരങ്ങൾ എല്ലാം തിരക്കാൻ ഈ സെർച്ച് എൻജിനെയാണ് ഇന്റർനെറ്റിൽ ഭൂരിപക്ഷവും ആശ്രയിക്കുന്നത്. ഇതിനിടെ

സ്വന്തം പേരടിച്ചു കൊടുത്താൽ ഗൂഗിൾ എന്തു പറയുമെന്ന് ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടുണ്ടാകും പലരും. 

ഫെയ്സ്ബുക്ക് അക്കൗണ്ടിലെയോ ലിങ്ക്ഡ് ഇൻ അക്കൗണ്ടിലെയോ വിവരങ്ങൾക്കപ്പുറം അത്ര പ്രശസ്തർ അല്ലാത്തവരുടെ വിവരങ്ങൾ ഗൂഗിൾ നൽകാറില്ല. ഇനി അക്കാര്യത്തിൽ സങ്കടം വേണ്ട. അൽപമൊന്നു മെനക്കെട്ടാൽ നമുക്കും ഗൂഗിളിന്റെ ‘അന്വേഷണ പരിധിയിൽ’ വരാവുന്നതേയുള്ളൂ. അതിനുള്ള മാർഗമാണ് ഇനി പറയുന്നത്.

ഡിജിറ്റൽ വിസിറ്റിങ് കാർഡ്

പരിചയപ്പെടുമ്പോൾ വിസിറ്റിങ് കാർഡുകൾ പരസ്പരം കൈമാറുന്നതായിരുന്നു പഴയ രീതി. എന്നാൽ പ്രിന്റഡ് വിസിറ്റിങ് കാർഡ് പതുക്കെ അപ്രത്യക്ഷമാകുകയാണ്. പകരം ഡിജിറ്റൽ വിസിറ്റിങ് കാർഡാണ് പലരും കൈമാറുന്നത്. വിസിറ്റിങ് കാർഡിൽ നോക്കി ഫോൺ നമ്പർ ഡയൽ ചെയ്യുന്നതൊക്കെ ഔട്ട്ഡേറ്റഡ് ആയെന്നാണ് പലരുടെയും മനസ്സിലിരുപ്പ്. 

ഫോൺ വിളിക്കാനും സോഷ്യൽ മീ‍ഡിയ ലിങ്കുകളിലേക്ക് നാവിഗേറ്റ് ചെയ്തു പോകാനും മറ്റും ‍‍ഡിജിറ്റൽ വിസിറ്റിങ് കാർഡിൽ സിംപിളായി നടക്കും.

ഇതൊക്കെ തിരിച്ചറിഞ്ഞാകണം ഗൂഗിളിന്റെ ഈ പുതിയ കാർഡ്. ഒരു തരത്തിൽ പറഞ്ഞാൽ ഇതു ഡിജിറ്റൽ വിസിറ്റിങ് കാർഡ് തന്നെയാണ്. മറ്റുള്ളവർ നമ്മളെ സെർച്ച് ചെയ്താൽ എന്തൊക്കെ വിവരം കാണണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാവുന്നതേയുള്ളൂ. അതായാത് ഇനി ബിസിനസ് മീറ്റിങ്ങുകൾക്കും കോൺഫറൻസുകൾക്കും മറ്റും പോകുമ്പോൾ പീപ്പിൾ കാർഡിൽ അക്കൗണ്ട് ഉണ്ടെങ്കിൽ പരിചയപ്പെടുന്നവർക്ക് പേര് മാത്രം നൽകിയാൽ മതിയാകും. അവർക്ക് ഗൂഗിൾ സെർച് വഴി അറിയേണ്ട മുഴുവൻ വിശദാംശങ്ങളും നേരിട്ടു പരിശോധിക്കാൻ കഴിയും.

ചിത്രവും വ്യക്തിഗത വിവരങ്ങളും സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ട് വരെ ഇതിൽ ലഭ്യമാകും. തൽക്കാലം ഇന്ത്യയിൽ മാത്രമാണ് ഗൂഗിൾ ഈ സേവനം നൽകിത്തുടങ്ങിയിട്ടുള്ളത്. ഭാവിയിൽ മറ്റിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും.

അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ

ഫോൺ ഉപയോഗിച്ച് ആർക്കും ക്രിയേറ്റ് ചെയ്യാൻ തരത്തിൽ സിംപിൾ ആണ് പീപ്പിൾ കാർഡ്. ഡെസ്ക്ടോപ് വേർഷൻ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്തിരിക്കുന്ന ഫോണിലെ ഗൂഗിൾ സെർച്ച് ഉപയോഗിച്ചോ ക്രോം ഉപയോഗിച്ചോ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ കഴിയും. 

ആഡ് മീ ടൂ സെർച്ച് എന്ന് ഗൂഗിൾ ചെയ്താൽ ഇതിനുള്ള ലിങ്ക് പ്രത്യക്ഷപ്പെടും. ഇതിൽ ക്ലിക് ചെയ്ത് മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ചിത്രം, പേര്, വിദ്യാഭ്യാസ യോഗ്യതയും വിലാസവും ലൊക്കേഷനും അടക്കമുള്ള വിവരങ്ങളും ആഡ് ചെയ്യാനുള്ള കോളങ്ങളുണ്ട്. ഒടുവിലായി നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒന്നൊന്നായി ആഡ് െചയ്യാം. വിവരങ്ങൾ എല്ലാം നൽകിയ ശേഷം പ്രിവ്യൂ പരിശോധിച്ച് ഒന്നുകൂടി പരിശോധിച്ച് ക്രിയേറ്റ് ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ പീപ്പിൾ കാർഡ് ആക്ടീവ് ആകും

 നിങ്ങൾ നൽകിയിരിക്കുന്ന പേര് ഗൂഗിളിൽ സെർച്ച് ചെയ്താൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഗൂഗിൾ സെർച്ച് റിസൽറ്റിൽ ഡ‍ിസ്പ്ലേ ആകും. ഇത് പിന്നീട് എഡിറ്റ് ചെയ്തു വിവരങ്ങൾ ആഡ് ചെയ്യാനോ ഒഴിവാക്കാനോ ഒക്കെ സാധിക്കും.

പീപ്പിൾ കാർഡ് അക്കൗണ്ട് തയാറാക്കുന്ന മുറയ്ക്ക് നിങ്ങൾക്ക് അത് സെർച്ചിൽ വിസിബിൾ ആകണമെന്നില്ല. വിവരങ്ങൾ പരമാവധി അപ്ഡേറ്റ് ചെയ്യുകയും കൂടുതൽ സെർച്ച് വരികയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇത് പട്ടികയിൽ മുകളിലേക്ക് വരികയാണ് പതിവ്. അതുകൊണ്ടുതന്നെ ഫോട്ടോ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്. 

ഒരുകാര്യം കൂടി മനസ്സിൽ വയ്ക്കുക, ഇതിന്റെ മൊബൈ ൽ വേർഷൻ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഡെസ്ക്ടോപ് വേർഷനിൽ സെർച് ചെയ്താൽ ഇതു ലഭ്യമാകില്ല.