Saturday 20 January 2018 04:19 PM IST : By സ്വന്തം ലേഖകൻ

യുബര്‍ ടാക്സി പോലെ ഇനി കെഎസ്ആര്‍ടിസിയും ട്രാക്ക് ചെയ്യാം; ജിപിഎസ് സംവിധാനം വരുന്നു

gps

കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നും തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റില്‍ കയറിയപ്പോഴാണ് ബസിന്റെ മുന്‍ വശത്തെ ചില്ലില്‍ ജിപിഎസ് ട്രാക്കിങ് എന്ന സ്റ്റിക്കര്‍ കണ്ടത്. ഉന്തി തള്ളി പോകുന്ന ആനവണ്ടി ഇങ്ങനെയും തള്ളാന്‍ തുടങ്ങിയോ എന്നു കരുതുമ്പോള്‍ അതാ ഒന്നര മണിക്കൂറില്‍ ആലപ്പുഴ എത്തി. അപ്പോള്‍ തന്നെ ജിപിഎസില്‍ സന്ദേശം വന്നതായി കണ്ടക്ടറോട് ഡ്രൈവറിന്റെ തമാശ രീതിയിലുള്ള മറുപടിയും. സംഭവം സത്യമാണ്, കെഎസ്ആര്‍ടിയിയും യുബര്‍ പോലെ സ്മാര്‍ട്ട് ആകുകയാണ്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനങ്ങള്‍ക്ക് ജി.പി.എസ്. നടപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാനത്ത് സജീവമായി. ഏപ്രില്‍ മുതല്‍ ജി.പി.എസ്. സംവിധാനം നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ 6000 ബസുകള്‍  ഉള്‍പ്പടെ 16,000 ബസുകളില്‍ സ്ഥാപിക്കാനാണ് പദ്ധതി കൂടാതെയാണിത്. ലോക്കല്‍ ബസുകളില്‍ ഈ സൗകര്യ ഉണ്ടാകില്ല.

ജി.പി.എസ്. റോഡ് മാപ്പിലൂടെ വാഹനങ്ങള്‍ പോകുന്ന റൂട്ട്, സ്റ്റോപ്പ്, സമയം എന്നിവ ഉദ്യോഗസ്ഥര്‍ ക്രമപ്പെടുത്തി വരികയാണ്. ജില്ലാ ആര്‍.ടി.ഓഫീസുകളില്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ചുതുടങ്ങി. അതത് ജില്ലയിലൂടെ പോകുന്ന മുഴുവന്‍ വാഹനങ്ങളെയും ഇവിടെ നിരീക്ഷിക്കാം.

ചരക്കുവാഹനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കുമുള്ള ജി.പി.എസ്. താമസിയാതെ നിര്‍ബന്ധമാക്കും. വാഹന ഉടമകളാണ് ജി.പി.എസ്. ഘടിപ്പിക്കേണ്ടത്. മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശിക്കുന്ന കമ്പനികളുടെ ജി.പി.എസ്. ആണ് വാങ്ങേണ്ടത്. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതുമുതല്‍ ഓട്ടം അവസാനിക്കുന്നതുവരെയുള്ള മുഴുവന്‍ വിവരങ്ങളും ജില്ലകളിലെ ആര്‍.ടി. ഓഫീസുകളിലും മോട്ടോര്‍വാഹന വകുപ്പിന്റെ ആസ്ഥാനത്തും കാണാം. അനുവദനീയമായ വേഗത്തിനപ്പുറം പോയാല്‍ അപ്പോള്‍ തന്നെ അത് അറിയാനും ഇതു സഹായിക്കും.