Saturday 06 February 2021 03:45 PM IST : By Ratheesh R. Menon

ഒറ്റ ക്ലിക്കിൽ ലോൺ നൽകുന്ന ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ; പണത്തിനായി ആ ഒറ്റ ക്ലിക് ചെയ്യും മുൻപ് ഇക്കാര്യങ്ങൾ അറിയാം

rahhtt543vhhh

അത്യാവശ്യത്തിനു പണം കിട്ടാത്ത അവസ്ഥയില്‍ ക ടംവാങ്ങാന്‍ നമ്മള്‍ ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളേയും സമീപിക്കാറുണ്ട്. എന്നാൽ ഓൺലൈനിൽ ഒറ്റ ക്ലിക്കിൽ ലോൺ നൽകുന്ന ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ഉണ്ടെങ്കിലോ? പണത്തിനായി ആ ഒറ്റ ക്ലിക് ചെയ്യും മുൻപ് ഇക്കാര്യങ്ങൾ അറിയാം.

ആപ്പും പണവും

ലോൺ കിട്ടണമെങ്കിൽ സാലറി സര്‍ട്ടിഫിക്കറ്റും സിബില്‍ സ്കോറും വെരിഫിക്കേഷനും ഒക്കെയായി കുറേ കടമ്പകള്‍ കടക്കണം. എന്നാല്‍ ഇപ്പോൾ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇൻസ്റ്റന്റ് ലോൺ എന്നു സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന നൂറുകണക്കിന് ആപ്പുകള്‍ വെറും  അരമണിക്കൂര്‍ കൊണ്ട് ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും മാത്രം സ്വീകരിച്ച് പണം കടമായി നല്‍കും. പ ണം വാങ്ങിയാല്‍ തിരിച്ചടച്ചാല്‍ പോരേ എന്നാകും നമ്മുടെ ചിന്ത. എന്നാൽ ഈ ആപ്പുകളിലൂടെ അറിയാതെ തന്നെ നമ്മൾ ‘ആപ്പിലാകുകയാണ്.’

ഇത്തരം ചില ആപ്ലിക്കേഷനില്‍ നിന്നും 7000 രൂപ കടമെടുത്തു എന്നു കരുതുക. നിങ്ങളുടെ കയ്യിൽ കിട്ടുന്നത് 5198 രൂപ മാത്രം. 1120 രൂപ പ്രൊസസ്സിങ് ഫീ ആയും, 201 രൂപ ജിഎസ്ടി എന്നും, 480 രൂപ ഇന്ററസ്റ്റ് ഫീ ഇനത്തിലും കുറച്ച ശേഷമാണ് തുക കിട്ടുക. ഏഴു ദിവസം കൊണ്ട് തിരിച്ചടക്കേണ്ട തുക എത്രയെന്നോ, 7495 രൂപ. 2297 രൂപ പലിശയാകും എന്നർഥം.  

ചുമ്മാ പുലിവാലാക്കല്ലേ

ഏഴു ദിവസം, 15 ദിവസം എന്നിങ്ങനെ വളരെ കുറഞ്ഞ കാലാവധിയിലാണ് ആപ്പ് വഴി പണം കടമായി കിട്ടുക. അതിനുള്ളില്‍ പണം തിരികെ അടച്ചില്ലെങ്കില്‍ പിന്നെ, വരിക ഭീഷണി കോളുകളാണ്. അതും ഹരിയാന, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലെ നമ്പറുകളിൽ നിന്ന്. ചിലപ്പോൾ മലയാളം സംസാരിക്കുന്നവരും വിളിക്കാം. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആക്കും, സിബില്‍ സ്കോര്‍ സീറോ ആക്കിക്കളയും, എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യും എന്നൊക്കെയാകും ആദ്യഘട്ടത്തിലെ ഭീഷണികൾ.

ലോണ്‍ തരും മുൻപ് ആ ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ഫോണിലെ കോണ്ടാക്ട്, എസ്എംഎസ്, ഗ്യാലറി തുടങ്ങിയവയുടെ ആക്സസ് നിങ്ങൾ ഓപൺ ആക്കി കെടുത്തിട്ടുണ്ടാകും. അതിന് അവര്‍ പറയുന്ന കാരണം നിങ്ങള്‍ ലോണിനു അര്‍ഹനാണോ എന്നറിയാൻ വേണ്ടിയാണ് എന്നാകും. പക്ഷേ, ലോൺ തിരിച്ചടവു മുടങ്ങുന്ന ഘട്ടത്തിലാണ് ഇതിന്റെ കെണി മനസ്സിലാകുന്നത്.

നിങ്ങളുടെ വാട്സ്‌ആപ്പ് കോണ്ടാക്ടുകളെ ചേര്‍ത്ത് ഗ്രൂപ്പ് ഉണ്ടാക്കി അതിലേക്കു നിങ്ങളുടെ ഫോട്ടോ സഹിതം മെസേജ് അയയ്ക്കും. പണവുമായി നിങ്ങൾ മുങ്ങിയെന്നതു മുതൽ അശ്ലീല ഭാഷയിലുള്ള, അവഹേളിക്കുന്ന മെസേജുകൾ വരെ അതിൽ പെടും. കടമെടുത്തവര്‍ മാനഹാനി ഭയന്ന് ഒളിച്ചോടുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവങ്ങൾ വരെ ഇന്ത്യയില്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്.

അപകടം തിരിച്ചറിയണം

∙ ഭാരതത്തിലെ ഏതു ബാങ്കും ആര്‍ബിഐ ആക്റ്റ് Section 45- I A പ്രകാരം നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്തിരിക്കണം. ആര്‍ബിഐ നിർദേശിക്കുന്ന പരമാവധി പലിശ നിരക്കിനേക്കാള്‍ പത്തിരട്ടി വരെ പലിശ വാങ്ങുന്ന ഇത്തരം ആപ്പുകൾ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തവയല്ല.

∙ ഇത്തരം ആപ്ലിക്കേഷനുകള്‍ക്കെല്ലാം പുറകില്‍ ചൈനീസ് കമ്പനികളാണെന്നു സെര്‍വറും മറ്റും അന്വേഷിച്ചാല്‍ മനസ്സിലാകും. പക്ഷേ, ആരെയാണു പ്രശ്നപരിഹാരത്തിനു ബന്ധപ്പെടേണ്ടതെന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല.

∙ ആപ്ലിക്കേഷനുകളെ കുറിച്ച് വലിയ തോതിൽ പരാതികൾ ഉയരുമ്പോൾ ഗൂഗിള്‍ പ്ലേസ്റ്റൊറില്‍ നിന്നു നീക്കം ചെയ്യാറുണ്ട്. എന്നാല്‍ മറ്റൊരു പേരിൽ അതേ കമ്പനിക്കു തന്നെ ആപ്ലിക്കേഷൻ റജിസ്റ്റർ ചെയ്യാം.

∙ ലോണ്‍ എടുത്തുപോയവർ കരുതിയിരിക്കുക. സോഷ്യല്‍ മീഡിയയിലൂടെയോ മറ്റോ അപമാനിക്കും എന്നു ഭീഷണിപ്പെടുത്തിയാൽ പേടിക്കരുത്. ഇവരാരും  നിയമപ്രകാരം  പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ അല്ല. നിങ്ങള്‍ക്കെതിരെ കേസ് നൽകിയാൽ അവര്‍ക്കുതന്നെ പൊല്ലാപ്പാകുകയേ ഉള്ളൂ.