Saturday 28 March 2020 04:28 PM IST : By Jayaraj G Nath

കൊറോണക്കാലത്ത് പണമിടപാടുകൾ എല്ലാം ഡിജിറ്റൽ; ബാങ്കിങ് തട്ടിപ്പുകളിൽ പെടാതിരിക്കാൻ മുൻകരുതലെടുക്കാം!

mobile-banking664465

കുറച്ച് നാൾ മുൻപ് ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു 6.8 ലക്ഷം രൂ പ നഷ്ടപ്പെട്ടു. രണ്ടു മാസകാലയളവിൽ ഏഴു തവണയായി പണം പിൻവലിക്കപ്പെട്ടു എന്ന് ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ട് ഉടമ അറിഞ്ഞതു പോലും. വളരെ സുരക്ഷിതമെന്ന് കരുതുന്ന UPI payment ആപ്ലിക്കേഷൻ വഴിയാണ് പണം കവർന്നത്.

സത്യത്തിൽ ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ എന്താണ്? ‘യുപിഐ’ എന്നാൽ റിസർവ് ബാങ്കിന്റെ യൂണിഫൈഡ് പേയ്മെന്റെ ഇന്റർഫെയ്സ് ആണ്. പേടിഎം, ഗൂഗിൾ പേ, ഭീം, ഫോൺ പേ തുടങ്ങിയവയൊക്കെ യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്ലിക്കേഷനുകളാണ്. ഉത്തർപ്രദേശ് സ്വദേശിയുടെ സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് വച്ചാണ് തട്ടിപ്പുകാർ പണം കവർന്നത്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഈ നമ്പരിലേക്ക് വരുന്ന ഒടിപിയും പാസ്‌വേഡുകളുമൊക്കെ കവർച്ചക്കായി ഉപയോഗിച്ചു.

തട്ടിപ്പിന്റെ മറ്റൊരു മുഖം

കോടീശ്വരനായ മുതലാളി മരണപ്പെട്ടു, അദ്ദേഹത്തിന്റെ കണക്കിൽ പെടാത്ത സ്വത്തുകൾ ഏറ്റെടുക്കാൻ ഇടനിലക്കാരനാകാമോ എന്നൊക്കെ ചോദിച്ച് ഇമെയിൽ വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഇതൊക്കെ ശുദ്ധതട്ടിപ്പാണ്. ഇമെയിലിൽ പറയുന്ന കോടികളുടെ കണക്കു കണ്ട് ആവശ്യപ്പെടുന്ന പണം അയച്ചു കൊടുക്കുന്നവരുണ്ട്. ചെറിയ തുക വീതം കുറേ പേരിൽ നിന്നു കിട്ടുമ്പോൾ വൻലാഭമായില്ലേ. പലപ്പോഴും ഇത്തരം തട്ടിപ്പു സംഘങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ പരാതി നൽകിയാലും കണ്ടെത്തുക ബുദ്ധിമുട്ടാണ്. തട്ടിപ്പുകളിൽ ചെന്നു വീഴാതിരിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം

എങ്ങനെ തടയാം

∙ ഐഡികൾ ഒന്നുംതന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യരുത്. ചിലർ ഡ്രൈവിങ് ലൈസൻസ് കിട്ടിയ സന്തോഷത്തിൽ അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും. ഇത്തരം ഐഡി പ്രൂഫുകൾ തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കും.

∙ ബാങ്ക് ഇടപാടുകൾക്കായി ഫോണിലേക്ക് വരുന്ന ഒടിപി നമ്പരുകൾ ആരുമായും പങ്കുവയ്ക്കരുത്. ബാങ്കിൽ നിന്നാണ് വിളിക്കുന്നത് എന്നൊക്കെ തട്ടിപ്പുകാർ പറഞ്ഞേക്കും. ഓർക്കുക, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പാസ്‌വേഡ് അല്ലെങ്കിൽ ഇത്തരത്തിൽ വരുന്ന ഒടിപി നമ്പർ എന്നിവ ഒരിക്കലും ബാങ്ക് അധികൃതർ ആവശ്യപ്പെടില്ല.

∙ ഫോണിലേക്ക് വരുന്ന മെസേജുകളിലെ സംശയാസ്പദമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അങ്ങനെ അവർ ആവശ്യപ്പെടുന്നതു പോലെ ചെയ്താൽ നമ്മുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

∙ എടിഎം കാർഡുകൾക്ക് പാസ്‌വേഡ് നൽകുമ്പോൾ ആ ർക്കും നിഷ്പ്രയാസം കണ്ടെത്താവുന്നവ നൽകാതിരിക്കുക. ജനനവർഷം, 1 2 3 4 എന്നിങ്ങനെ എളുപ്പത്തിൽ ഓർത്തിരിക്കാവുന്നവയും ഒഴിവാക്കണം.

തട്ടിപ്പിൽ പെട്ടാൽ

നിങ്ങൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക. നമുക്ക് അക്കൗണ്ടുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് പരാതി നൽകുകയും വേണം. ഗൂഗിൾ പേ പോലെയുള്ള മണി ട്രാൻസ്ഫർ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പണം കവർച്ച ചെയ്യപ്പെടുന്നതെങ്കിൽ അത്തരം ട്രാൻസാക്‌ഷൻ റിവേഴ്സ് ചെയ്ത് പണം തിരികെ പിടിക്കാനാകും.