Wednesday 24 April 2019 12:54 PM IST : By സ്വന്തം ലേഖകൻ

കിടിലൻ ഓഫറുകളുമായി ജിയോ; 600 രൂപയ്ക്ക് ബ്രോഡ് ബാൻഡ്, ഡിടിഎച്ച്, ലാൻഡ്‌ ലൈൻ, ഒരു വര്‍ഷം ഫ്രീ!

jio

ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്ത് ടെലികോം വിപണി പിടിച്ചടക്കാൻ ഒരുങ്ങുകയാണ്. സെക്കൻഡുകൾ കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ഗിഗാഫൈബർ സർവീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എത്തുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുകേഷ് അംബാനി തന്നെ ഔദ്യോഗികമായി അവതരിപ്പിച്ച ഗിഗാഫൈബർ ഉടൻ തന്നെ വീടുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. 

ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സേവനത്തിന്റെ പരീക്ഷണങ്ങൾ വിവിധ നഗരങ്ങളിലായി നടക്കുകയാണ്. തുടക്കത്തിൽ 4,500 രൂപ നൽകിയാൽ ഗിഗാഫൈബർ കണക്ഷൻ ലഭിക്കും. തുടർന്ന് മാസം 600 രൂപ നൽകിയാൽ മതിയാകും. തുടക്കത്തിൽ വാങ്ങുന്ന 4,500 രൂപ പിന്നീട് കണക്ഷൻ ഒഴിവാക്കുമ്പോൾ തിരിച്ചുനൽകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഗിഗാ ഫൈബർ സബ്സ്ക്രിപ്ഷൻ താരീഫുകളെ കുറിച്ച് ജിയോ ഔദ്യോഗികമായി റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും ജിയോ ബ്രോഡ്ബാൻഡിന് ഈടാക്കുക എന്നാണ്. നിരക്കുകളെ കുറിച്ച് നേരത്തെയും ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ലൈവ് മിന്റ് വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ ഗിഗാ ഫൈബറിനു റിലയൻസ് ജിയോ പ്രതിമാസം ഈടാക്കുക 600 രൂപയായിരിക്കും എന്നാണ്.

600 രൂപയുടെ പ്രതിമാസ പ്ലാനിൽ 100 എംബിപിഎസ് വേഗമുള്ള 100 ജിബി ഡേറ്റയാണ് ബ്രോ‍ഡ്ബാൻഡ് വഴി ലഭിക്കുക. ഗിഗാ ഫൈബർ വരിക്കാർക്ക് ഡേറ്റയോടൊപ്പം ഫ്രീ ഡിടിഎച്ച്, ലാൻഡ് ലൈൻ സർവീസുകളും ലഭിക്കും. ഗിഗാ ഫൈബർ വഴിയുള്ള സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതു വരെ മൂന്ന് സർവീസുകളും ഒരു വർഷം ഫ്രീയായി ഉപയോഗിക്കാം.

ഗിഗാഫൈബറിന്റെ കൂടെ ലഭിക്കുന്ന ഒപിറ്റിക്കൽ നെറ്റ്‌വർക്ക് തെർമിനൽ (ഒഎൻടി) ബോക്സ് റൗട്ടർ വഴി നിരവധി ഡിവൈസുകളിലേക്ക് കണക്ട് ചെയ്യാനാകും. മൊബൈൽ ഫോണുകൾ, സ്മാർട് ടിവികൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട് ഡിവൈസുകൾ തുടങ്ങി 40 മുതൽ 45 ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ് ഒഎൻടി ബോക്സ് റൗട്ടർ. ഏകദേശം 600 ചാനലുകളാണ് ജിയോ ടിവി ഓഫർ ചെയ്യുന്നത്. മറ്റ് സ്മാർട് ഹോം സർവീസുകൾ കൂടി വേണ്ടവർക്ക് ഒരു മാസത്തേക്ക് ആയിരം രൂപ വരെ പ്രതിമാസം നൽകേണ്ടി വരും.

more...