Wednesday 08 July 2020 11:38 AM IST : By K. Sanjay Kumar IPS

‘സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന സ്വകാര്യ വിവരങ്ങൾ പൊസിറ്റീവായും നെഗറ്റീവായും പലരും ഉപയോഗിക്കുന്നു’; സൈബർ ലോകത്തെ അറിയാം

sanjaykumarips223 K. Sanjay Kumar IPS, 2005 ബാച്ചിലെ കേരള കാഡർ ഐപിഎസ് ഉദ്യോഗസ്ഥൻ. പുനലൂരിൽ അസിസ്റ്റന്റ് കമ്മിഷനർ, കൊല്ലം, പത്തനംതിട്ട, കാസർകോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജില്ലാ പൊലീസ് മോധാവി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ എസ്പി എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചു. ഇപ്പോൾ തിരുവനന്തപുരം റേഞ്ച് ഡിഐജി. കുട്ടികളുടെ സൈബർ സുരക്ഷ സംബന്ധിച്ച് എഴുതിയ ‘നിങ്ങളുടെ കുട്ടികൾ സുരക്ഷിതരോ’ എന്ന പുസ്തകം അറബിയിൽ അടക്കം നാലു ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്. സ്വദേശം: ലക്നൗ (ഉത്തർപ്രദേശ്)

‘ലക്നൗ ആണ് ജന്മനാട് എങ്കിലും അച്ഛൻ ഗുരുദിൻ മുംബൈയിലെ പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ജോലിസംബന്ധമായി അമ്മ ലഖുദേവിയും അച്ഛനും അവിടേക്ക് താമസം മാറി. ഞാനും രണ്ട് അനിയത്തിമാരും ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്.

മുംബൈയിലെ ബിപിഇഎസ് സ്കൂളിൽ നിന്നാണ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പാസായ ശേഷം മഹീന്ദ്ര ജീപ്സിൽ ജോലിക്ക് ചേർന്നു. അതിനു ശേഷം ഡൽഹി മെട്രോയിൽ. അവരുടെ ആദ്യബാച്ചിൽ മെട്രോമാൻ ഇ. ശ്രീധരനൊപ്പം ജോലി ചെയ്യാനായത് വലിയ അനുഭവമായിരുന്നു. മൂന്നു വർഷത്തിനു ശേഷമാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്. എന്നെ സിവിൽ സർവീസുകാരൻ ആക്കണമെന്ന് സ്വപ്നം കണ്ടത് അച്ഛനാണ്. എനിക്കും പൊലീസ് സിനിമകൾ വലിയ ഇഷ്ടമായിരുന്നു. സിവിൽ സർവീസിലേക്കുള്ള ആദ്യശ്രമത്തിൽ എനിക്ക് ക്വാളിഫൈ ചെയ്യാനായില്ല. പക്ഷേ, വീണ്ടും ശ്രമിക്കാനുള്ള മനസ്സുണ്ടായിരുന്നു. രണ്ടാം ശ്രമത്തിൽ ഐപിഎസ് കിട്ടി. ഭാര്യ സാധന യുപി ഗവൺമെന്റിൽ ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫിസറാണ്. ഞങ്ങൾക്ക് രണ്ടു പെൺമക്കളുമുണ്ട്.

സൈബർ ലോകത്തെ അറിയാം

ജോലിയുടെ ഭാഗമായി സൈബർ സുരക്ഷ സംബന്ധിച്ച് ക്ലാസുകൾ കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലും കൈകാര്യം ചെയ്തിട്ടുണ്ട്. ആ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ചില വിവരങ്ങൾ ശ്രദ്ധേയമായി തോന്നി. ഇന്റർനെറ്റും സാമൂഹമാധ്യമങ്ങളും കൈകാര്യം ചെയ്യുന്നവർ ഓരോ നിമിഷവും സ്വകാര്യമായ വിവരങ്ങൾ അവിടെ ഷെയർ ചെയ്യുന്നുണ്ട്. അത്തരം വിവരങ്ങളെ തരംതിരിച്ചെടുത്ത് പൊസിറ്റീവ് ആയും നെഗറ്റീവ് ആയും പലരും ഉപയോഗിക്കുന്നു.

ബിഗ് ഡേറ്റ അനലറ്റിക്സ് എന്നറിയപ്പെടുന്ന ഈ ജോലി മത്സരാധിഷ്ഠിത ബിസിനസിൽ വിജയം നിർണയിക്കുന്ന ഘടകമായി  മാറിയിട്ട് അധികകാലം ആയിട്ടില്ല. ദേശങ്ങളുടെ അതിരുകൾ ഇതിലൂടെ ഇല്ലാതാകും. ആവശ്യമുള്ളവരെ പ്രത്യേകമായി തരംതിരിച്ച് ബിസിനസ് വളർത്താനും വൻലാഭം നേടാൻ സ ഹായിക്കാനും ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ വിദഗ്ധരെ കാത്ത് അവസരങ്ങളുടെ പെരുമഴ തന്നെ കാത്തിരിക്കുന്നു.

ഡാറ്റ അത്ര ചെറുതല്ല

ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ നമ്മൾ ഏതെങ്കിലും ഒരു ഉല്‍പന്നം തിരഞ്ഞു എന്ന് കരുതുക. ആ ഉല്‍പന്നവുമായി ബന്ധപ്പെട്ട കുറെ അധികം നോട്ടിഫിക്കേഷനുകൾ നമുക്ക് പിന്നെയും ലഭിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. നമ്മൾ അടുത്തിടെ മൊബൈൽ ഫോണിൽ സംസാരിച്ച ചിലരുടെ ഫെയ്സ്ബുക് അക്കൗണ്ടുകൾ people you may know എന്ന ടാബിൽ വന്നു കിടക്കുന്നതും കണ്ടിട്ടില്ലേ. നമ്മുടെ ഫോണിൽ നിന്ന് നമ്മൾ ഇന്റർനെറ്റിൽ തിരഞ്ഞ വിവരങ്ങളും നമ്മൾ സംസാരിച്ച വ്യക്തികളുടെ വിവരങ്ങളും ഒക്കെ അനലൈസ് ചെയ്ത് ആണ് ഇവ സാധ്യമാകുന്നത്. ഇങ്ങനെ ഉള്ള വിവരങ്ങൾ അറിഞ്ഞാൽ നമ്മുടെ താൽപര്യം അറിഞ്ഞു കൂടുതൽ ഉല്‍പന്നങ്ങൾ ലഭ്യമാക്കി വിൽപന നടത്താൻ കമ്പനികൾക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം കമ്പനികൾക്കെല്ലാം ഡാറ്റ അനാലിസിസ് വിദഗ്ധരെ ആവശ്യമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും അതുമായി ബന്ധപ്പെട്ട തൊഴിലുകളും വലിയ ഭാവി ഉറപ്പാക്കുന്ന കാലമാണ് ഇത്.

അവസരങ്ങൾ നിരവധി

വിദേശ രാജ്യങ്ങളിൽ ഡ്രൈവറില്ലാ കാറും കാഷ്യറില്ലാ ക്യാഷ് കൗണ്ടറുമൊക്കെ വന്നിട്ട് കാലം കുറേയായി. റോബോട്ടുകൾ കടന്നു ചെല്ലാത്ത മേഖലകളില്ല. അച്ഛനെ നോക്കാൻ റോബോട്ടിനെ കൂട്ടുനിർത്തുന്ന കഥ ഇങ്ങു മലയാള സിനിമയിൽ വരെ വന്നില്ലേ. അതൊക്കെ ഡാറ്റ അനലറ്റിക്‌സ് പോലെയുള്ള പുതു മേഖലകളുടെ സാധ്യതയാണ് കാണിക്കുന്നത്. ലോകത്തുള്ള കോടിക്കണക്കിനു പേർ ദിവസവും ഇന്റർനെറ്റിൽ ഷെയർ ചെയ്യുന്ന വി വരങ്ങളെ വിവിധ ആവശ്യങ്ങൾക്കായി കൃത്യമായി വേർതിരിച്ചു എടുക്കാനും വേണ്ട രീതിയിൽ ഉപയോഗിക്കാനും കഴിയുന്നവർക്കുള്ളതാണ് നാളെയുടെ ലോകം.

ഓൺലൈൻ കമ്പനികൾ മാത്രമല്ല, ബാങ്കുകളും ഇൻഷുറൻസ്, ഐടി കമ്പനികളും സർക്കാർ ഏജൻസികളും വരെ അതിന്റെ നേട്ടം കൊയ്യും. ഡാറ്റ രൂപകൽപനയും പുതിയ ഡാറ്റ ബേസ് നിർമാണവും ഉൾപ്പെടെയുള്ള ചുമതലകൾ നിർവഹിക്കേണ്ട ഡാറ്റ ആർക്കിടെക്ട്, ഡാറ്റ വിശകലനം ചെയ്യാനും ആവശ്യമുള്ളവ തരംതിരിച്ചു കണ്ടെത്താനും കഴിയുന്ന ഡാറ്റ അനലിസ്‌റ്റ്, ഡാറ്റ കൃത്യമായി ബിസിനസ് ആവശ്യങ്ങൾക്കായി ലഭ്യമാക്കുന്ന സയ  ന്റിസ്‌റ്റ്, ഡാറ്റ അഡ്മിനിസ്ട്രേറ്റർ തുടങ്ങി പ ല തരത്തിൽ ഈ ജോലികൾ വേർതിരിക്കാം.

വലിയ തോതിലുള്ള വിവരശേഖരണം, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, പ്രോഗ്രാമിങ് തുടങ്ങിയ സഹായത്തോടെയാണു ഡാറ്റ വിശകലനം നടക്കുന്നത്. അതിനാൽ ഡാറ്റ അനാലിസിസ് വിദഗ്ധൻ ആകുക അത്ര എളുപ്പമല്ല. കംപ്യൂട്ടറിലും ഇന്റർനെറ്റിലും മിടുക്കും നല്ല പരിജ്ഞാനവും ഉള്ളവർക്ക് യോജിക്കുന്ന കരിയർ ആണിത്. കമ്പനികൾക്കോ സർക്കാർ ഏജൻസികൾക്കോ വേണ്ടി ജോലി ചെയ്യാനും ഫ്രീലാൻസ് ആയി പ്രവർത്തിക്കാനുമുള്ള അവസരം ഇതിനുണ്ട്. ബാങ്കുകളും ടെലികോം കമ്പനികളും മുതൽ മെഡിക്കൽ- ഫിറ്റ്നസ് ഉല്‍പന്നങ്ങളുടെ കമ്പനികളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വരെ ഡാറ്റ സയന്റിസ്റ്റുകളുടെയും അനലിസ്റ്റുകളുടെയും സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

അറിവ് പ്രധാനം

സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം ഉ ള്ളവരെയാണ് ഈ ജോലിക്കായി തേടുന്നത്. ഡാറ്റ ശേഖരണം, വിശകലനം, ഡാറ്റാ ബേസ് നിർമാണം തുടങ്ങിയവയിൽ പ്രാവീണ്യമുള്ള ഐടി പ്രഫഷനലുകൾക്കും ഈ മേഖലയിൽ തിളങ്ങാനാകും. ഡാറ്റ വിശകലനം ചെയ്യാനുള്ള R, SAS, SPSS, മാറ്റ് ലാബ് തുടങ്ങിയ ടൂളുകളും സോഫ്റ്റ്‌വെയർ പാക്കേജുകളും അറിഞ്ഞിരിക്കണം. പ്രോഗ്രാമിങ് ലാംഗ്വേജുകളും അറിയണം. ഡാറ്റ സയൻസിലും അനാലിസിസിലും പ്രത്യേക കോഴ്സുകളും ചില വിദേശ സർവകലാശാലകൾ നടത്തുന്നുണ്ട്. കമ്പനികൾ തന്നെ സ്വന്തം നിലയിൽ ഡാറ്റ സയന്റിസ്റ്റുമാർക്ക് പരിശീലനം നൽകുന്നുമുണ്ട്.’

നൂറ്റാണ്ടിന്റെ ജോലി

ഡാറ്റ അനാലിസിസും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന കരിയറിനെ നൂറ്റാണ്ടിന്റെ ജോലിയെന്നാണ് ഹാർവഡ് ബിസിനസ് റിവ്യൂ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും പൊതുമേഖലയിലും അടക്കം ഇവരുടെ ജോലി സാധ്യത അത്രത്തോളം കൂടി വരികയാണ്. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ തന്നെ ഈ മേഖലയിലെ ബൂം പ്രകടമാകും. കോടിക്കണക്കിനു വരുന്ന ജനങ്ങൾ ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഉപയോഗിച്ച് കൈമാറുന്നതോ ഉൽപാദിപ്പിക്കുന്നതോ ആയ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്ത് വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്ന ഡാറ്റ അനാലിസിസ് കരിയറിന്റെ സാധ്യത അത്ര പെട്ടെന്നൊന്നും മങ്ങി പോകുകയുമില്ല.