Thursday 22 April 2021 02:55 PM IST : By സ്വന്തം ലേഖകൻ

കാവലിനൊപ്പം കരുതലും; അടിയന്തര ഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പാക്കാൻ ‘പോല്‍-ആപ്പു’മായി കേരളാ പൊലീസ്

pol-app88876

അടിയന്തരഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പുവരുത്തുന്നതിന് കേരളാ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. രക്തദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് പോല്‍-ആപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം. 

രക്തം ആവശ്യമുളളവരും ബ്ലഡ്ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ് ബാങ്ക്, തീയതി എന്നീ വിവരങ്ങള്‍ നല്‍കി പോല്‍-ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്യണം. രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നവരെ പൊലീസ് ബന്ധപ്പെട്ട് രക്തലഭ്യത ഉറപ്പാക്കും. രക്തദാതാവിനെയും സ്വീകര്‍ത്താവിനെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായാണ് പോല്‍-ആപ്പ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ പോല്‍-ആപ്പ് കണ്‍ട്രോള്‍ റൂമാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. 

രാജ്യത്ത് ആദ്യമായാണ് ഒരു പൊലീസ് സേന രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കാവലിനൊപ്പം കരുതലും എന്ന ആശയം മുന്‍നിര്‍ത്തിയാണ് പൊതുജനസേവനാര്‍ത്ഥം പൊലീസിന്റെ ഈ പുതിയ സംവിധാനം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 10ന് പ്രവര്‍ത്തനം ആരംഭിച്ച പോല്‍-ആപ്പ് രാജ്യത്തെ ഏറ്റവും പ്രചാരമുളള പൊലീസ് ആപ്പാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പൊലീസിന്റെ മുപ്പതോളം സേവനങ്ങള്‍ ഈ ആപ്പ് മുഖേന ലഭിക്കും. നിലവില്‍ പോല്‍-ആപ്പിന് മൂന്ന് ലക്ഷത്തോളം ഉപയോക്താക്കളുണ്ട്.