Thursday 17 February 2022 03:31 PM IST : By സ്വന്തം ലേഖകൻ

മക്കളുടെ മൊബൈലിലെ അശ്ലീല കമന്റുകൾ! നാണം കെടുകയും കുടുങ്ങുകയും ചെയ്യുന്നത് അച്ഛനമ്മമാരാകും

ratheesh-r-menon-mobile-kids

യൂടൂബും ഇൻസ്റ്റഗ്രാമുമൊക്കെ കുട്ടികൾക്ക് വലിയ ഹരമായത് ലോക്ഡൗണ്‍ കാലത്താണ്. ചുമ്മാ രസത്തിനെങ്കിലും യുട്യൂബിലും ഇന്‍സ്റ്റയിലും അവർ അക്കൗണ്ട് എടുത്തിട്ടുമുണ്ടാകും. സെലിബ്രിറ്റിയോടായാലും മതത്തോടായാലും രാഷ്ട്രീയത്തോടായാലും ആരാധന എങ്ങനെ നിയന്ത്രിക്കണം എന്നറിയാത്തവരാണ് കുട്ടികൾ. അധികമായാൽ ആരാധനയും സമൂഹത്തിനും വ്യക്തിക്കും ദോഷമാണ്.

മറ്റുള്ളവരെ അധിക്ഷേപിക്കുന്ന വിഡിയോകളാണു റീച്ച് കിട്ടാന്‍ നല്ലതെന്നു പൊതുവേ ധാരണയുണ്ട്. കുട്ടികൾക്കും ഈ ചിന്ത വരാം. പല വിഷയത്തിലും ഇങ്ങനെ വൈകാരികമായി പ്രതികരിക്കുന്ന വിഡിയോകൾക്ക് മാസ് അപ്പീൽ ലഭിക്കാറുമുണ്ട്. അത്തരത്തിലുള്ള വിഡിയോകളുടെ ആരാധകരാണ് മിക്ക കുട്ടികളും. അവരുടെ ചാനലിൽ പോസ്റ്റ് ചെയ്യുന്നതും അത്തരം വിഡിയോകളാകും. മറ്റു യൂടൂബര്‍മാരുടെ ചാനലുകളിലും ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലും അധിക്ഷേപ, അശ്ലീല കമന്റുകൾ എഴുതാനും ഇവർ രണ്ടു വട്ടം ചിന്തിച്ചെന്നു വരില്ല. മാതാപിതാക്കൾ ഇതൊന്നും അറിയുന്നു പോലുമുണ്ടാകില്ല.

ഈ പ്രവണതയ്ക്കു പിന്നിലെ കെണി ഇനിയാണ് പ്രവർത്തിക്കുന്നത്. അമ്മമാരുടെ മൊബൈല്‍ ഫോണാണ് പഠിക്കാനും മറ്റുമായി കുട്ടികളുടെ കയ്യിൽ കിട്ടുന്നത്. അതു വച്ചാണ് യുട്യൂബ് വിഡിയോ നിർമാണവും മറ്റും അവർ നടത്തുക. ഇതിനായി കുട്ടികൾ ഉപയോഗിക്കുന്നത് അമ്മയുടെ ഗൂഗിള്‍ ഐഡി തന്നെയാകും. ഇത്തരത്തിൽ അധിക്ഷേപ കമന്റുകളിടുന്ന കുട്ടികളുടെ ചാനൽ പരിശോധിച്ചതിൽ നിന്ന് നേരിട്ട് അറിഞ്ഞ വസ്തുതയാണത്. പ്രൊഫൈൽ ഫോട്ടോയ്ക്കൊപ്പം പേരും കാണാം.

അപകടം ഇങ്ങനെ

സൈബർ മീഡിയയിലൂടെയുള്ള ആക്രമണത്തെ വെട്ടുകിളി ആക്രമണമെന്നാണ് പേരിട്ടു വിളിക്കുന്നത്. ഇങ്ങനെ ആക്രമണമുണ്ടായാൽ അതു മറ്റൊരു കണ്ടന്റ് ആക്കി വ്യൂസ് കൂട്ടുകയാണു മിക്ക യൂടൂബര്‍മാരും ചെയ്യുക. അത്തരത്തിൽ വിഡിയോ ഉണ്ടാക്കുമ്പോൾ അശ്ലീല, അധിക്ഷേപ കമന്റുകളുടെ സ്ക്രീന്‍ഷോട്ടും ഉപയോഗിക്കാറുണ്ട്.

ഇങ്ങനെ വിഡിയോയിൽ വരികയോ അതിന്റെ പേരിൽ സൈബര്‍ ക്രൈം റജിസ്റ്റര്‍ ചെയ്യുകയോ ചെയ്താല്‍ നാണം കെടുകയും കുടുങ്ങുകയും ചെയ്യുന്നത് ഗൂഗിള്‍ അക്കൗണ്ടിന്റെ ഉടമയായ മാതാപിതാക്കളാകും. ഇത്തരത്തിലൊരു വിഡിയോ വന്നാല്‍ മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ക്ക് അതു താങ്ങാനാകണമെന്നില്ല. മാനസിക സമ്മര്‍ദ്ദത്തിലാകുന്ന അവർ ആത്മഹത്യയെ കുറിച്ചു പോലും ചിന്തിക്കാം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കുട്ടികള്‍ക്ക് കൊടുക്കുന്ന മൊബൈല്‍ ഫോണിൽ ഗൂഗിൾ ഐഡി ചേർത്തിട്ടുണ്ടെങ്കിൽ അതിനു പേരന്റൽ കൺട്രോൾ നിർബന്ധമായും വേണം. അതല്ലെങ്കിൽ കുട്ടികളുടെ പ്രായം കൃത്യമായി നല്‍കി പുതിയ ഐഡി ഉണ്ടാക്കി സെറ്റ് ചെയ്തുകൊടുക്കുക. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഈ ഐഡി ഉപയോഗിച്ച് യൂടൂബില്‍ കമന്റിടാനോ വിഡിയോ അപ്‌ലോഡ് ചെയ്യാനോ സാധിക്കില്ല. കുട്ടികളുടെ ചാനലും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമൊക്കെ മാതാപിതാക്കള്‍ തന്നെ മാനേജ് ചെയ്യുന്നതാണു നല്ലത്.

ഹോട്ട്സ്പോട്ട് വഴി ഇന്റർനെറ്റ് ഷെയര്‍ ചെയ്യുമ്പോള്‍ ആര്‍ക്കൊക്കെ എന്ന് നോട്ട് ചെയ്ത് വയ്ക്കുന്നത് നന്നായിരിക്കും. ഹോട്ട്സ്പോട്ട് പോലുള്ളവ എനേബിളാക്കാന്‍ പറ്റാത്ത വിധത്തില്‍ കിഡ്സ് മോഡ് ആക്റ്റിവേറ്റ് ചെയ്തും ഗൂഗിള്‍ ഫാമിലി ലിങ്ക് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തും കുട്ടികളുടെ മൊബൈല്‍ അഡിക്ഷന്‍ നിയന്ത്രിക്കാം.

കടപ്പാട്:

രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ